Kerala, News

പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പ്;38 ദിവസം നീണ്ടുനിന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു

keralanews bachavo uppala railway station strike ended

കാസർകോട്:പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് റെയില്‍വേ അധികൃതരുടെ ഉറപ്പിനെ തുടർന്ന് 38 ദിവസം നീണ്ടുനിന്ന ബച്ചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സമരം അവസാനിപ്പിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷനിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന സമരം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് ആരംഭിച്ചത്. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം.മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള റെയിൽവേ സ്റ്റേഷൻ. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേൽപാലം നിര്‍മ്മിക്കുക, റിസർവേഷൻ കൗണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം നടത്തിയത്.സമരം ഔദ്യോഗികമായി പിന്‍വലിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം ഉപ്പളയില്‍ നടന്നു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ കെ എഫ് ഇഖ്ബാല്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ഗാന്ധിയന്‍ ഗുരുവപ്പ, മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസ്, ലത്വീഫ് ഉപ്പള, മഹ് മൂദ് കൈക്കമ്ബ, കോസ്‌മോസ് ഹമീദ്, കൊട്ടാരം അബൂബക്കര്‍, ബദ്റുദ്ദീന്‍ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Previous ArticleNext Article