ഡല്‍ഹി:രാജ്യത്ത് ഇനി മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ നടത്താം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ.എന്‍.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടിയ ശേഷം ശസ്ത്രക്രിയ നടത്താം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സാങ്കേതിക അനുമതി നല്കി.വര്‍ഷങ്ങളായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ഇവയ്ക്ക് നിയമപരമായി സാധുത നല്‍കുക മാത്രമാണ് ഇപ്പോഴത്തെ വിജ്ഞാപനത്തിലൂടെ ചെയ്തതെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് വ്യക്തമാക്കി.ശസ്ത്രക്രിയകള്‍ക്കുള്ള പരിശീലന മൊഡ്യൂളുകള്‍ ഇനി മുതല്‍ ആയുര്‍വേദ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. ആയുര്‍വേദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ശസ്ത്രക്രിയാ പഠനവും ഉള്‍പ്പെടുത്തിയ വിജ്ഞാപനം ഈ മാസം 19നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.
ആയുര്‍വേദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ശല്യതന്ത്ര (ജനറല്‍ സര്‍ജറി) ശാലക്യതന്ത്ര (കണ്ണ്, ചെവി,മൂക്ക്, തൊണ്ട, തല, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗം) പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഇതിലൂടെ പരിശീലനം ലഭിക്കും. ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവര്‍ക്ക് നടപടിക്രമങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ അധികാരമുണ്ടായിരിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.എന്നാല്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് നിയമപരമായ അംഗീകാരം നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് രംഗത്തെത്തി. ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ അറിയിച്ചു.ആരും സ്വന്തം ശസ്ത്രക്രിയാ രീതി വികസിപ്പിക്കുന്നതിന് ഐഎംഎ എതിരല്ല. എന്നാല്‍ ചികിത്സാവിധികള്‍ കൂട്ടിക്കുഴയ്ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന് വ്യക്തത വരുത്തണമെന്നും ഐഎംഎ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ആര്.വി.അശോകന് പറഞ്ഞു. സിസിഐഎം തയാറാക്കിയ വിജ്ഞാപനത്തില്‍ ആധുനിക ചികിത്സാവിധികള്‍ക്കുള്ള പദപ്രയോഗങ്ങള്‍ ആവര്‍ത്തിച്ചതാണ് ഐഎംഎയുടെ പ്രതിഷേധത്തിന് കാരണം.