Kerala, News

ശബരിമലയിൽ കെ.പി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാർക്ക് അവാർഡ്

keralanews award for women police officers who arrested kp sasikala

ശബരിമല:ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്ക് ഡിജിപി അവാർഡ് പ്രഖ്യാപിച്ചു.10 വനിതാ പോലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നൽകുക.സിഐമാരായ കെഎ എലിസബത്ത്, രാധാമണി, എസ്‌ഐ മാരായ വി അനില്‍കുമാരി, സി.ടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെഎസ് അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍.സിഐ മാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍  സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.ശബരിമലയിലെത്താതെ മടങ്ങിപ്പോവില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യം. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ മാത്രമേ മലകയറാന്‍ അനുവദിക്കൂ എന്നായിരുന്നു പോലീസിന്റെ നിലപാട്.അര്‍ധരാത്രിയില്‍ ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ച ശശികലയെ മരക്കൂട്ടത്തുവെച്ച് പുലര്‍ച്ചെ രണ്ട് മണിക്ക് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം പോലീസുകാർക്ക് പാരിതോഷികം നല്‍കിയതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. കേട്ട്‌കേള്‍വി പോലുമില്ലാത്ത നടപടിയാണ് സംസ്ഥാന പോലീസ് മേധാവിയുടെ അവാര്‍ഡ് പ്രഖ്യാപനം. പിടികിട്ടാപ്പുള്ളികളെയും ഭീകരപ്രവര്‍ത്തരേയും കീഴടക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം അവാര്‍ഡുകള്‍ നല്‍കാറുള്ളതെന്നും ഹിന്ദുസംഘടനകള്‍ വിമര്‍ശിക്കുന്നു.

Previous ArticleNext Article