കോയമ്പത്തൂർ:അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർ ഹേമരാജിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്നറുമായി പോവുകയായിരുന്ന ലോറി കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്റെ ആഘാതത്തില്‍ കണ്ടെയ്നര്‍ അമിത വേഗതയിൽ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 19 പേർ മരണപ്പെട്ടിരുന്നു. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും.പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.