Kerala, News

അവിനാശി അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ലോറി ഡ്രൈവർക്ക്;ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം;പ്രതികരണവുമായി ഗതാഗത മന്ത്രി

keralanews avinashi accident transport minister said that lorry driver is resposible for the accident

തിരുവനന്തപുരം:കോയമ്പത്തൂർ അവിനാശിയിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിച്ചുകയറി 19 പേര്‍ മരിച്ച അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ടെന്നും, എന്നാല്‍ അപകട കാരണം അതല്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്നയര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെയാണ് 19 പേര്‍ മരിച്ചത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസിന്റെ മുന്‍ഭാഗത്തേക്ക്, എതിര്‍ഭാഗത്തുന്നിന്ന് വണ്‍വേ തെറ്റിച്ച്‌, ഡിവൈഡർ മറികടന്നുവന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.കൊച്ചി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നു ടൈല്‍ നിറച്ചു പോയതായിരുന്നു ലോറി.

Previous ArticleNext Article