തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ-ടാക്‌സി പണിമുടക്ക് പിൻവലിച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. എന്നാൽ, ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാകുന്നത് വരെ സമരം തുടരാനാണ് ബിഎംഎസ് നേതാക്കളുടെ തീരുമാനം.നിരക്കു വര്‍ധന വേണമെന്ന ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ ചാർജ്ജ് വർദ്ധന സർക്കാരിന്റെ പരിഗണനയിലാണ്.ചാർജ്ജ് വർദ്ധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ്ജ് വർദ്ധനവിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുക. തൊഴിലാളികളുടെ എല്ലാ തർക്കങ്ങളും പരിഗണിക്കും എന്നും മന്ത്രി ഉറപ്പ് നൽകി.തൊഴിലാളികളുടെ ആവശ്യം സർക്കാർ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സംയുക്ത ഓട്ടോ-ടാക്‌സി യൂണിയൻ അറിയിച്ചു.വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചെലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.