കോഴിക്കോട്:കോഴിക്കോട്ടെ നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ.നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചില്ല. റമ്പൂട്ടാൻ, അടയ്‌ക്ക എന്നിവയിലാണ് വിദഗ്ധ പരിശോധന നടത്തിയത്. നിപ്പ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ വീട്ടുവളപ്പിൽ നിന്നുമാണ് പഴങ്ങൾ ശേഖരിച്ചത്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്.മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഭോപ്പാലിലെ ലാബിലേക്ക് അയച്ച പന്നി, വവ്വാൽ എന്നിവയുടെ പരിശോധാ ഫലവും നെഗറ്റീവ് ആണ്. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് നിന്നാണ് വനം വകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് പന്നിയേയും വവ്വാലിനേയും പിടികൂടി പരീക്ഷണത്തിന് വിധേയമാക്കിയത്.നേരത്തെ ചാത്തമംഗലത്ത് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളുടേയും മരണമടഞ്ഞ കുട്ടിയുടെ വീട്ടിലെ ആടിന്റേയും സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇവയിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.