News Desk

കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട;രണ്ടുപേർ അറസ്റ്റിൽ

keralanews black money seized in kannur two arrested

ഇരിട്ടി:കർണാടകയിൽ നിന്നും രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ കുഴല്പണവുമായി രണ്ടുപേർ പിടിയിൽ.ഇന്ന് പുലർച്ചെ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കുന്നോത്ത് വെച്ചാണ് ഇവർ പിടിയിലാകുന്നത്.സംഭവത്തിൽ കെ.സി സോണി,മുഹമ്മദ് അൻഷാദ് എന്നിവരെ അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും ഒരു കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്.കർണാടകയിൽ നിന്നും കണ്ണൂരിലേക്ക് രണ്ടു ബസ്സുകളിലായിട്ടാണ് ഇവർ വന്നത്.പ്ലാസ്റ്റിക്ക് കവറിലാക്കി ബസ്സിൽ അലക്ഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പണം.ഇവരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു

keralanews the famous scientist stephen hawkings passed away

വാഷിങ്ടൺ:വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്‌സ് അന്തരിച്ചു.മോട്ടോർ ന്യൂറോൺ എന്ന രോഗബാധയെ തുർന്ന് വീൽചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ബുധനാഴ്ച പുലർച്ചെയായിരുന്നു ഹോക്കിങ്സിന്റെ അന്ത്യം.മക്കളാണ് മരണ വിവരം പുറത്തുവിട്ടത്. നിലവിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചുവരികയായിരുന്നു.1942 ജനുവരി എട്ടിന് ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിംഗ് ജനിച്ചത്.ഭൗതിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഹോക്കിങ്സിന്റെ ജീവിതം പുസ്തകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. പതിനേഴാം വയസ്സിൽ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നിന്നാണ് അദ്ദേഹം ഭൌതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കുന്നത്.കേംബ്രിഡ്ജ് യുണിവേസിറ്റിയിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ കൈകാലുകൾ തളർന്നു പോയത്.പിന്നീട് വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രലോകത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും അദ്ദേഹം ലോകത്തോടു പങ്കുവെച്ചു.തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള ഹോക്കിങിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ചത് അദ്ദേഹമാണ്.

ആധാർ ബന്ധിപ്പിക്കൽ;സമയപരിധി നീട്ടി

keralanews aadhaar linking time limit extended

ന്യൂഡൽഹി:വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.ആധാറിന്റെ നിയമസാധുത സംബന്ധിച്ച അന്തിമ വിധി വരുന്നത് വരെ വിവിധ സേവനങ്ങൾക്ക് ആധാർ ബന്ധിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബാങ്ക് അക്കൗണ്ടുമായും ഫോൺ നമ്പറുമായും മറ്റു സേവനങ്ങളുമായും ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.ഇതുവരെ ആധാറും സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധിപ്പിക്കാത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്നതാണ് വിധി. ആധാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നതുവരെ അനിശ്ചിതകാലത്തേക്കാണ് സമയം നീട്ടിയിട്ടുള്ളത്.

ഡൽഹിയിൽ കോളേജ് വിദ്യാർത്ഥി അധ്യാപകനെ വെടിവെച്ചു കൊന്നു

keralanews teacher shot dead by the college student in delhi

ന്യൂഡൽഹി:കോളേജ് സ്റ്റാഫ് റൂമിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ഖാർക്കോട ഷഹീദ് ദൽബീർ സിംഗ് ഗവണ്മെന്റ് കോളേജിലെ അദ്ധ്യാപകനായ രാജേഷ് മാലിക്ക് ആണ് കൊല്ലപ്പെട്ടത്.രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് രാജേഷിന് നേരെ വെടിയുതിര്‍ത്തതെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാജേഷിന് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ ഓടിരക്ഷപെടുകയായിരുന്നു.രാജേഷ് മാലിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച്‌ വിവരമൊന്നും ഇത് വരെ ലഭ്യമായിട്ടില്ല.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിരപ്പള്ളി വനമേഖലയിൽ വൻ കാട്ടുതീ

keralanews big fire in athirappilli forest range

ചാലക്കുടി: അതിരപ്പള്ളി വനമേഖലയിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പൻകല്ല് എന്നിവടങ്ങളിൽ വൻ കാട്ടുതീ പടർന്നു പിടിച്ചു.നാട്ടുകാരും,വനപാലകരും സന്നദ്ധപ്രവർത്തകരും ചേർന്ന് തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.പലസംഘങ്ങളായി തിരിഞ്ഞ് നൂറോളം പേരാണ് തീയണയ്ക്കാൻ കാടിനുള്ളിൽ കയറിയിരിക്കുന്നത്. അടിക്കാടുകൾക്ക് തീപിടിക്കുന്നതാണ് വൻതോതിൽ തീപടരാൻ കാരണമാകുന്നത്.അതിനാൽ തീപിടിക്കാൻ സാധ്യതയുള്ള മേഖലകളിലെ അടിക്കാടുകൾ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ വെട്ടിക്കളയുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം വാടാമുറിയിലുണ്ടായ കാട്ടുതീയിൽ 30 ഹെക്ടർ വനം കത്തിനശിച്ചിരുന്നു.ഇതിന് പിന്നാലെ വീണ്ടും കാട്ടുതീയുണ്ടായതിൽ അട്ടിമറി സാധ്യതയുള്ളതായി  വനംവകുപ്പ് സംശയിക്കുന്നുണ്ട്.

തേനിയിലെ കാട്ടുതീ;റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

 

keralanews fire in theni forest the range officer was suspended

തേനി:തേനിയിലെ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തേനി റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയതായി കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ തമിഴ്നാട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രെക്കിംഗ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്പി വ്യക്തമാക്കി. കാട്ടുതീയില്‍ മരിച്ചവര്‍ക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും അന്‍പതിനായിരവും രൂപ വീതവും ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ നല്‍കും.അപകടമുണ്ടാകുന്നതിന് മുൻപുള്ള ദിവസങ്ങളില്‍ കൊളുക്കുമലയിലും, കുരങ്ങണിയിലും പലയിടങ്ങളിലും കാട്ടുതീയുണ്ടായിട്ടും പാസ് നല്‍കി കയറ്റിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായെന്ന് കണ്ടെത്തി.ഇതേ തുടർന്ന് തേനി റേഞ്ച് ഓഫീസര്‍ ജയ്സിങിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.അപകടത്തെ തുടർന്ന് മധുര മെഡിക്കല്‍ കോളജിലും, സ്വകാര്യ ആശുപത്രികളിലും പൊള്ളലേറ്റ് കഴിയുന്ന 27 പേരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. മധുര മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന ചെന്നൈ സ്വദേശിനി നിഷയും മരിച്ചതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പത്തായി.

തീവ്ര ന്യൂനമർദം;ശക്തമായ കാറ്റിന് സാധ്യത;തീരത്ത് കനത്ത ജാഗ്രത നിർദേശം

keralanews cyclone alert in kerala coast chance of strong wind

തിരുവനന്തപുരം:ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്ന് കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുമെന്നാണ് പ്രവചനം.തിരമാല രണ്ടര മുതൽ മൂന്നര വരെ മീറ്റർ ഉയരാനും സാധ്യതയുണ്ട്. കടൽ അത്യന്തം പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും മാലിദ്വീപിന് സമീപവും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ 14 വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.കേരളാതീരത്ത് കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.കന്യാകുമാരിക്കു തെക്ക് ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മാലി തീരത്തേക്കു നീങ്ങുകയയാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോഴത് കേരളാതീരത്ത് ശക്തമാകുന്നതായാണ് വിവരം. സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.റവന്യൂ സെക്രട്ടറി,ഫിഷറീസ് സെക്രട്ടറി, ദുരന്തനിവാരണ സേനാംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

keralanews increase pension age is not in consideration says cheif minister

തിരുവനന്തപുരം:കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടൽ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.കെഎസ്ആർടിസി പെൻഷൻ പ്രായം കൂട്ടുന്നകാര്യത്തിൽ ചർച്ച നടക്കുകയാണെന്നും എന്നാൽ പെൻഷൻ പ്രായം ഉയർത്തുകയെന്നുള്ളത് നിർദേശം മാത്രമാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.സുശീൽ ഖന്ന സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചർച്ചയായത്. ചെറുപ്പക്കാർക്ക് ആശങ്കവേണ്ട. തൊഴിൽ അവസരങ്ങളും തൊഴിൽ സാധ്യതകളും കൂട്ടും. സർക്കാർ-പൊതുമേഖലകളിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോയമ്പത്തൂരിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

keralanews three persons were killed in an ambulance and a lorry collision in coimbatore

കോയമ്പത്തൂർ:കോയമ്പത്തൂരിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.ആംബുലൻസ് ഡ്രൈവർ പശുപതി (30), സുഹൃത്തുക്കളായ തിരുപ്പൂർ രാജേഷ് (35), ഒണ്ടിപുതൂർ ശക്തിവേൽ (38) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. രാവിലെ ഏഴുമണിയോടുകൂടി എ.ജി. പുതൂരിൽനിന്നും വന്ന ആംബുലൻസ് എതിരേ വന്ന മീൻലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പശുപതിയും രാജേഷും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ശക്തിവേൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിൽ

keralanews two arrested in kannur while trying to sell kerosene in black market

കണ്ണൂർ:റേഷൻ കടകളിൽ വിതരണത്തിനായി കൊണ്ടുവന്ന മണ്ണെണ്ണ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിൽ രണ്ടുപേർ പോലീസ് പിടിയിലായി.തിങ്കളാഴ്ച്ച വൈകുന്നേരം കണ്ണോത്തുംചാലിലെ സ്വകാര്യ ഗോഡൗണിൽ മണ്ണെണ്ണ വിൽക്കുന്നതിനിടെയാണ് അറസ്റ്റ്.മുഴപ്പാല സ്വദേശി ഇ.കെ സുധീർ,പള്ളിപ്രം സ്വദേശി കെ.രാജീവൻ എന്നിവരാണ് അറസ്റ്റിലായത്.മണ്ണെണ്ണ കൊണ്ടുവന്ന ടാങ്കർ ലോറിയുടെ ഡ്രൈവറും ക്ലീനറുമാണിവർ.കണ്ണൂർ ടൌൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.കോഴിക്കോട് സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്നും തളിപ്പറമ്പിലേക്ക് കൊണ്ടുവരികയായിരുന്നു മണ്ണെണ്ണ.ഇതാണ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചത്.1200 ലിറ്റർ മണ്ണെണ്ണ നിറച്ച ടാങ്കർ ലോറിയും 200 ലിറ്ററിന്റെ ബാരലുകളുമാണ് പോലീസ് പിടികൂടിയത്. പോലീസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളായി ഈ ഗോഡൗൺ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഗോഡൗണിന്റെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനാണെന്ന വ്യാജേനയാണ് മണ്ണെണ്ണക്കടത്തു നടത്തിയിരുന്നത്.ടാങ്കറിൽ നിന്നും ഇവിടുത്തെ ബാരലുകളിലേക്ക് മണ്ണെണ്ണ മാറ്റുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്.ഇത് കരിഞ്ചന്തയിൽ ഇടനിലക്കാർ വഴി പുറത്ത് വിൽക്കുകയും ചെയ്യും.ഈ തട്ടിപ്പിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.അവശ്യവസ്തു സംരക്ഷണ നിയമപ്രകാരമാണ് പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.