ഇരിട്ടി:കർണാടകയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി.ഇരിട്ടി എക്‌സൈസ് സംഘമാണ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ തൃശൂർ സ്വദേശി കെ.ജെ. അഗസ്റ്റിന്‍ (32)നെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.പിന്നീട് ലോറിയും സ്‌ഫോടക വസ്തുക്കളും ഇരിട്ടി പൊലീസിന് കൈമാറി.ഇരിട്ടി എസ്‌ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കിളിയന്തറ ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് സ്ഫോടകശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജേന ലോറിയിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക്, 7 കിലോഗ്രാം വീതമുള്ള 9 പായ്ക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി ഹംസക്കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ബൈജേഷ്, പി.കെ മനീഷ്, കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് ഏജന്റുമാര്‍ മുഖേനയാണ് സ്‌ഫോടകവസ്തു കടത്തിയതെന്നും കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനായി ക്വാറി ഉടമകള്‍ക്ക് വില്‍പ്പന നടത്താനാണ് സ്‌ഫോടകവസ്തു ഉപയോഗിക്കുന്നതെന്നുമാണ് പിടിയിലായ അഗസ്റ്റിന്‍ നല്‍കിയ മൊഴി.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്നും ലോറിയിൽ നിരവധി ചെക്ക് പോസ്റ്റുകൾ കടന്ന് ഇത്രയും സ്ഫോടകവസ്തുക്കൾ യാതൊരു പരിശോധനയുമില്ലാതെ കേരളത്തിലെത്തിച്ചതിനു പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു.അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിനു പിന്നിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഹയർസെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ല;ചോർന്നത് വിദ്യാർഥികൾ തയ്യാറാക്കിയ ചോദ്യാവലിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം:ഹയർസെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ വാട്സാപ്പ് വഴി ചോർന്നെന്ന റിപ്പോർട് തെറ്റാണെന്ന് കണ്ടെത്തി.ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.മതിലകം സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ ചോദ്യാവലിയാണ് ചോർന്ന ചോദ്യപേപ്പറെന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ഈമാസം 21നു നടന്ന ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപിലൂടെ പ്രചരിച്ചുവെന്നതായിരുന്നു അന്വേഷണത്തിന് ആധാരം.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ൈസബര്‍സെല്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.തൃശൂര്‍ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പഠനത്തിെന്‍റ ഭാഗമായി തയാറാക്കിയ ചോദ്യാവലിയാണ് വാട്സ്‌ആപ് വഴി പ്രചരിച്ചത്. ആദ്യം 40 ചോദ്യങ്ങള്‍ എഴുതി തയാറാക്കിയ വിദ്യാര്‍ഥികള്‍ അധ്യാപരുടെ സഹായത്തോടെ പ്രധാനപ്പെട്ട 26 ചോദ്യങ്ങളാക്കി പിന്നീടതിനെ പരിഷ്കരിക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വാട്സ്ആപ് ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും മൊഴിയെടുത്ത സംഘം ശാസ്ത്രീയ പരിശോധനയും കൈയക്ഷര പരിശോധനയുമുള്‍പ്പെടെ നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം:ആറ്റിങ്ങലിൽ റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി.റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായ രാജേഷിനെയാണ് കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം രാജേഷിനെ സ്റ്റുഡിയോയിൽ കയറി വെട്ടുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി രാജേഷിനെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.അക്രമത്തിനുള്ള കാരണം വ്യക്തമല്ല.
കീഴാറ്റൂർ ബൈപാസ്;നിലപാട് മയപ്പെടുത്തി സർക്കാർ;മുഖ്യമന്ത്രി ബുധനാഴ്ച നിതിൻ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം:കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയുമായി ബുധനാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കീഴാറ്റൂർ ബൈപാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ പ്രക്ഷോഭം ശക്തമാക്കിയതോടെ ഇവിടെ ബദൽ മാർഗം കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് സർക്കാർ.വയൽ നികത്തി ബൈപാസ് നിർമിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണ് വയൽക്കിളികൾ. ബദൽ മാർഗം കണ്ടെത്തിയില്ലെങ്കിൽ ലോങ്ങ് മാർച്ച് അടക്കമുള്ള സമരം തുടങ്ങുമെന്നും വയൽക്കിളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരനും കീഴാറ്റൂരിൽ മേല്പാത നിർമാണത്തിന് സാധ്യത തേടി നിതിൻ ഗഡ്ക്കരിക്ക് കത്തയച്ചിരുന്നു.കീഴാറ്റൂർ ബൈപാസ് നിർമാണത്തിന്റെ കാര്യത്തിൽ അന്തിമ നിലപാടെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് സിപിഎം നേതാക്കളുടെ വാദം.പാതയുടെ അലൈൻമെന്റ് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ദേശീയപാത അതോറിറ്റിക്കാണ് ഇതിനുള്ള അധികാരമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു.അലൈൻമെന്റ് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്.
സൈബീരിയയിൽ ഷോപ്പിംഗ് മാളിലുണ്ടായ അഗ്നിബാധയിൽ 37 മരണം
മോസ്കൊ:സൈബീരിയയിൽ ഷോപ്പിംഗ് മാളിലുണ്ടായ അഗ്നിബാധയിൽ 37 പേർ മരിച്ചു. സൈബീരിയൻ നഗരമായ കേമറോവോയിലുള്ള ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. എന്നാൽ തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തീ ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല.69 പേർ കെട്ടിടത്തിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 40 പേർ കുട്ടികളാണ്. റഷ്യൻ ദുരന്തനിവാരണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.കെട്ടിടത്തിലെ സിനിമാഹാളിനും വിനോദ മേഖലയ്ക്കും സമീപത്താണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നു. ഇതാണ് അപകടത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെടാന്‍ കാരണം. കെട്ടിടത്തിനകത്ത് കുടുങ്ങിയ ഇരുനൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ഫോഴ്സ് പ്രതിനിധികള്‍ അറിയിച്ചു.അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദിലീപിനോട് ദൃശ്യങ്ങൾ എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. അങ്കമാലി കോടതിയിൽ വച്ച് നിങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടതല്ലേ എന്നും പിന്നെ എന്തിനാണ് പകർപ്പ് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ അത് പുറത്ത് പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കോടതിയുടെ സുപ്രധാന ചോദ്യം.കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. വിചാരണ വേളയിൽ തന്‍റെ വാദങ്ങൾ നിരത്താൻ പ്രതിക്ക് പ്രധാന തെളിവ് ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് പറയുന്നതെന്നും പ്രതിഭാഗം വാദിച്ചു.ദൃശ്യങ്ങൾ യാഥാർത്ഥമല്ലെന്നും എഡിറ്റിങ് നടന്നിട്ടുള്ളതായും സംശയിക്കുന്നു.ദൃശ്യത്തിൽ നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്.ഇതറിയുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പൊലീസ് വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.എന്നാൽ ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശം എത്തുന്നത് ഇരയ്ക്ക് അപകീർത്തിയുണ്ടാകാൻ കാരണമാകുമെന്നും ദൃശ്യങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
മുഴപ്പിലങ്ങാട് ബീച്ചിൽ പോലീസ് സഹായകേന്ദ്രം തുറന്നു
തലശ്ശേരി:മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്റര്‍ എന്ന പേരില്‍ പോലീസ് സഹായകേന്ദ്രം തുറന്നു.ബീച്ചിന്റെ തെക്കേയറ്റത്തെ പാര്‍ക്കിനടുത്തായാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.വിശാലമായ മൂന്നുമുറികളോടെയുള്ള കെട്ടിടം ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 1,63,935 രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം കേന്ദ്രം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹമീദ്, പഞ്ചായത്തംഗങ്ങളായ പി.ഹമീദ്, ടി.വി.റോജ, സി.ശാന്ത, കെ.കാര്‍ത്ത്യായനി, ഡിവൈ.എസ്.പി. എം.പി.വിനോദ്, സിറ്റി സി.ഐ. കെ.വി.പ്രമോദന്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ടമ്പേത്ത്, എസ്.ഐ. സുജിത്ത് എന്നിവരും കടല്‍ ജാഗ്രതാസമിതി അംഗങ്ങളും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.കല്‍സമയം പോലീസിന്റെ സേവനം കേന്ദ്രത്തില്‍ ലഭ്യമാവും.
കണ്ണൂരിൽ ബോംബേറിൽ കാലുനഷ്ട്ടപ്പെട്ട അസ്‌ന ഇനി മുതൽ ഡോക്റ്റർ അസ്‌ന
കണ്ണൂർ:കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായി കാലുനഷ്ട്ടപ്പെട്ട അസ്‌ന ഇനി മുതൽ ഡോക്റ്റർ അസ്‌ന.2000 സെപ്റ്റംബർ 27 ന് പഞ്ചായത്തു തിരഞ്ഞെടുപ്പ് ദിവസമാണ് അസ്‌നയ്ക്ക് ബോംബ് സ്ഫോടനത്തിൽ കാല് നഷപ്പെടുന്നത്.അന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അസ്‌ന.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ആർഎസ്എസ് അക്രമികൾ എറിഞ്ഞ ബോംബ് പൊട്ടി അസ്‌നയ്ക്കും അനിയൻ ആനന്ദിനും അമ്മ ശാന്തയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പരിക്കേറ്റ അസ്‌നയെ ആദ്യം തലശ്ശേരി ആശുപത്രിയിലും പിന്നീട് മൂന്നു മാസത്തോളം കൊച്ചിയിലെ ആശുപത്രിയിലും ചികിൽസിച്ചു.വലതുകാൽ മുട്ടിനു താഴെവെച്ച് മുറിച്ചുമാറ്റേണ്ടിയും വന്നു.പിന്നീട് കൃത്രിമക്കാൽ വെച്ചാണ് അസ്‌ന നടന്നത്. എസ്എസ്എൽസിക്കും പ്ലസ് ടുവിനും മികച്ച വിജയം നേടി.പിന്നീട് ഒരു വർഷം തൃശൂരിൽ എൻട്രൻസ് പരിശീലനവും നേടി.തുടർന്ന് വികലാംഗ കോട്ടയിൽ അസ്‌നയ്ക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചു.തളരാത്ത ആത്മവിശ്വാസവുമായി പഠിച്ച് അസ്‌ന ഇന്ന് ഡോക്റ്ററായിരിക്കുകയാണ്.കോൺഗ്രസ് അനുഭാവികളായിരുന്നു അസ്‌നയുടെ കുടുംബം.അസ്‌നയുടെ വിദ്യാഭ്യാസ ചിലവ് എൻജിഒ അസോസിയേഷൻ ഏറ്റെടുത്തിരുന്നു.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം അസ്‌നയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്തിരുന്നു.ശനിയാഴ്ച വൈകുന്നേതോടെയാണ് എംബിബിഎസ് പരീക്ഷ വിജയിച്ച കാര്യം അസ്‌ന അറിയുന്നത്. ഡോക്റ്റർ ആകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കാലത്ത് ഉടലെടുത്ത ആഗ്രഹമാണ് ഡോക്റ്ററാവുക എന്നുള്ളതെന്നും അസ്‌ന പറഞ്ഞു.
കണ്ണൂരിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതി പിടിയിൽ
കണ്ണൂർ:കാക്കയങ്ങാട് എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിൽ അഞ്ചാം പ്രതി പിടിയിൽ.കൂത്തുപറമ്പ് സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി ഫൈസൽ ആണ് പിടിയിലായത്. പേരാവൂർ സിഐ എം.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീരാജ്പേട്ടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.ജനുവരി 19 നാണ് പേരാവൂർ ഗവ.ഐടിഐ വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ കാറിൽ പിന്തുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ നാലുപ്രതികളെ സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് പിടികൂടിയിരുന്നു.കൊലപാതകം ആസൂത്രം ചെയ്തത് മുതൽ സംഭവ ദിവസം കാക്കയങ്ങാട് ഐടിഐയിൽ നിന്നും ശ്യാമപ്രസാദ് വീട്ടിലേക്ക് പുറപ്പെട്ട വിവരം മറ്റു പ്രതികൾക്ക് നൽകിയത് ഫൈസലാണെന്ന് പോലീസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്;ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പ്രതിയുടെ അവകാശത്തെ ഹനിക്കരുത് എന്ന് കാണിച്ചാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി അങ്കമാലി കോടതി തള്ളിയിരുന്നു. ദിലീപിന് കൈമാറിയാൽ ദൃശ്യങ്ങൾ പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്.എന്നാൽ നടി അക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് പ്രതിക്ക് കൈമാറിയിരുന്നില്ല.