News Desk

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ;ഭാര്യക്ക് ജോലി

keralanews 10lakh rupees will be given to sreejiths family who was killed in police custody and govt job for his wife

തിരുവനന്തപുരം:വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും  പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ശ്രീജിത്തിന്റെ ഭാര്യക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് ത്രീ തസ്തികയിൽ സർക്കാർ ജോലിയും നൽകും. ധനസഹായമായി സർക്കാർ നൽകുന്ന പത്തുലക്ഷം രൂപ ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാരിൽ നിന്നുമാണ് ഈടാക്കുക. സർക്കാർ ജോലിയും ധനസഹായവും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖില പ്രതികരിച്ചു.അതേസമയം പോലീസുകാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ നിയമവശം കൂടി പരിഗണിക്കേണ്ടി വരും.പോലീസുകാർ കുറ്റക്കാരാണെന്ന് തെളിയിക്കണം. കുറ്റകൃത്യത്തിൽ ഓരോ പോലീസുകാർക്കുമുള്ള പങ്ക് വ്യത്യസ്തമായതിനാൽ ഓരോരുത്തരിൽ നിന്നും തുല്യമായി പത്തുലക്ഷം രൂപ പിരിച്ചെടുക്കണോ എന്നും പരിശോധിക്കണം.

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു;97.84 ശതമാനം വിജയം

keralanews sslc results announced 97.84 percentage students passed

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് വിജയം. 4,41,103 പേർ പരീക്ഷ എഴുതിയതിൽ 4,31,162 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.34,313 വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി.വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്,99.12 ശതമാനം. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 93.87 ശതമാനം.വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 517 സർക്കാർ സ്കൂളുകൾ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴയാണ്. പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും.

കീഴാറ്റൂർ ബൈപാസ്;വയൽക്കിളി പ്രവർത്തകരുമായി കേന്ദ്ര സംഘം ചർച്ച നടത്തും

keralanews keezhattor bypass the central team will hold discussion with vayalkkili workers

കണ്ണൂർ:കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരുമായി കേന്ദ്ര സംഘം നാളെ  ചർച്ച നടത്തും.വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ബെംഗളൂരു മേഖല ഓഫീസിലെ റിസേർച് ഓഫീസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഇന്ന് കീഴാറ്റൂരിലെത്തും.സ്ഥലം സന്ദർശിക്കുന്ന സംഘം നാളെ കീഴാറ്റൂരിലെ നാട്ടുകാരുമായും വയൽക്കിളി പ്രവർത്തകരുമായും ചർച്ച നടത്തും. റെവന്യൂ,കൃഷി വകുപ്പ്,ദേശീയപാത വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പരാതിയിലാണ് കേന്ദ്ര സംഘം പരിശോധനയ്ക്കായി എത്തുന്നത്. ഉദ്യോഗസ്ഥർക്ക് മുൻപാകെ കുമ്മനവും ഹാജരാകും.

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്

keralanews sslc results announced today

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്.രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കും.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരീക്ഷാബോർഡ് യോഗത്തിലാണ് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.ഫലപ്രഖ്യാപനത്തിനുശേഷം പിആർഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളിലും എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.

ലിഗയുടെ കൊലപാതകം മാനഭംഗത്തിന് ശേഷം; പ്രതികളുടെ അറസ്റ്റ് ഉടൻ

keralanews murder of liga was after rape accused will be arrested soon

തിരുവനന്തപുരം:കോവളത്ത് വിദേശ വനിതാ ലിഗ കൊല്ലപ്പെട്ടത് മാനഭംഗത്തിന് ശേഷമെന്ന് പോലീസ് റിപ്പോർട്ട്.കൊലപാതകവുമായി ബന്ധപ്പെട്ട്  പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവർ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും പൊലീസിന് ലഭിച്ചു കഴിഞ്ഞു.മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്നും കണ്ടെത്തിയ മുടിനാരുകളും പ്രതികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവരിൽ ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാൾ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിനു നേരത്തെ ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേന ലിഗയെ സമീപിച്ച ഇവർ കഞ്ചാവും കാഴ്ചകളും വാഗ്ദാനം നൽകി  ലിഗയെ വാഴമുട്ടത്ത് എത്തിക്കുകയായിരുന്നു.ഫൈബർ ബോട്ടിലാണ് ഇവരെ കണ്ടൽക്കാട്ടിലെത്തിച്ചത്.പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം.ആറുദിവസത്തിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ്‌ പ്രതികൾ കുറ്റം സമ്മതിച്ചിരിക്കുന്നു.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് യഥാസമയം നൽകുന്നുണ്ടെന്നും പോലീസ് അന്വേഷണത്തിൽ തൃപ്തയാണെന്നും ലീഗയുടെ സഹോദരി ഇലിസ് പറഞ്ഞു.

മൊബൈൽ കണക്ഷന് ഇനി മുതൽ ആധാർ നിർബന്ധമല്ല

keralanews aadhar not compulsory for mobile connection

ന്യൂഡൽഹി:മൊബൈല്‍ കണക്ഷന് ഇനി മുതൽ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം.ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.2017 ജൂണിലാണ് മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്. വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

പെരുമ്പടവിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു

keralanews the lorry that came with gas cylinder was overturned in perumbadav

പെരുമ്പടവ്:പെരുമ്പടവ് തലവിൽ റോഡിലെ വലിയ വളവിൽ പാചകവാതക സിലിണ്ടർ നിറച്ചുവന്ന ലോറി മറിഞ്ഞു.തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്.കോഴിക്കോട് ചേളാരിയിലെ ഇൻഡെയ്‌ൻ പ്ലാന്റിൽ നിന്നും പാചക വാതകവുമായി ചെറുപുഴ ഏജൻസിയുടെ തിമിരി കൂത്തമ്പലത്തെ സംഭരണ ശാലയിലേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണവിട്ട് മറിഞ്ഞത്.ലോറിയിലിണ്ടായിരുന്ന സിലിണ്ടറുകൾ റോഡിലും പരിസരങ്ങളിലും ചിതറി വീണു.ഇതറിഞ്ഞ നാട്ടുകാർ പരിഭ്രാന്തിയിലായി.അപകടം നടന്ന റോഡിലെ വലിയ ഇറക്കവും ഒരുഭാഗത്തെ ചെരിവുമാണ് അപരിചിതരായ ഡ്രൈവർമാർക്ക് അപകടമുണ്ടാക്കുന്നത്.സ്ഥിരം അപകടമേഖലയായ ഇവിടെ മെക്കാഡം ടാറിങ്ങിനു ശേഷം നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്.

പി.പി ലക്ഷ്മണന് അന്ത്യാഞ്ജലി;കണ്ണൂർ നഗരത്തിൽ നാളെ സർവകക്ഷി ഹർത്താൽ

keralanews an all party hartal will be observed in kannur in the afternoon on may 2 as a mark of respect during the funeral of p p lakshmanan

കണ്ണൂർ:സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനും ഫുട്ബോൾ സംഘടകനുമായ പി.പി ലക്ഷ്മണന് നാടിൻറെ അന്ത്യാഞ്ജലി.തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരമണിയോട് കൂടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം അന്തരിച്ചത്.അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ(ഫിഫ)അപ്പീൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനാണ് അദ്ദേഹം.അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ എക്സിക്യൂട്ടീവ് പ്രസിഡന്റ്,ഫെഡറേഷന്റെ ഓണററി സെക്രെട്ടറി,കേരള ഫുട് ബോൾ അസോസിയേഷൻ പ്രസിഡന്റ്,എഐഎഫ്എഫ് ജൂനിയർ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ,ഖജാൻജി, സെക്രെട്ടറി,സീനിയർ വൈസ് പ്രസിഡന്റ്,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം,ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ,ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ മത്സരകമ്മിറ്റി അംഗം,സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കണ്ണൂർ നഗരസഭാ ചെയർമാൻ,റെയ്ഡ്കോ ചെയർമാൻ,കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.ഭാര്യ ഡോ.പ്രസന്ന. മക്കൾ:ഡോ.സ്മിത,ലസിത്,നമിത, നവീൻ. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണ്ണൂർ ട്രെയിനിങ് കോളേജിന് സമീപത്തുള്ള വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും കായിക പ്രേമികളും അടക്കം നിരവധിപേരാണ് അന്തിമോപചാരം അർപ്പിക്കാനായി വീട്ടിലേക്ക് എത്തുന്നത്. ബുധനാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് മൃതദേഹം കണ്ണൂർ കോർപറേഷൻ ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിനു വെയ്ക്കും.ശേഷം വൈകുന്നേരം നാലുമണിക്ക് പയ്യാമ്പലത്തു സംസ്‌കരിക്കും.സംസ്ക്കാര ചടങ്ങുകൾ നടക്കുന്ന ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കണ്ണൂർ നഗരത്തിൽ സർവകകഷി ഹർത്താൽ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.ബുധനാഴ്ച വരെ കോൺഗ്രസ് ദുഃഖാചരണം നടത്തും.കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായും സതീശൻ പാച്ചേനി അറിയിച്ചു.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ

keralanews supreme court will consider the petition of shuhaib parents seeking cbi probe in shuhaib murder case

ന്യൂഡൽഹി:മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുബൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് ശുഹൈബിന്‍റെ മാതാപിതാക്കൾ  സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.കേസിലെ തെളിവ് നശിപ്പിക്കപ്പെടും മുൻപ് സ്വതന്ത്രമായ അന്വേഷണത്തിന് കേസ്  സിബിഐക്ക് കൈമാറണം എന്നാണ് ഹർജിയിലെ ആവശ്യം. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് ഇവർക്കുവേണ്ടി കോടതിയിൽ വേണ്ടി ഹാജരാകുന്നത്. ശുഹൈബ് വധക്കേസിൽ ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകുകയായിരുന്നു

ഇന്ന് സാർവദേശീയ തൊഴിലാളി ദിനം;ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലിയില്ല

keralanews international labour day today from today no nokkukooli in kerala

തിരുവനന്തപുരം:ഇന്ന് സാർവദേശീയ തൊഴിലാളി ദിനം.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്.1886 ഇൽ അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ തെരുവീഥികളിൽ മരിച്ചു വീണ നൂറുകണക്കിന് തൊഴിലാളികളുടെയും ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ ഏറേണ്ടിവന്ന തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്.തൊഴിലിനും തൊഴിൽ അവകാശങ്ങൾക്കും രാജ്യത്തിന്റെയോ ഭാഷയുടെയോ അതിവരമ്പുകളില്ലെന്നും എല്ലാ തൊഴിലാളികളുടെയും അടിസ്ഥാന പ്രശനം ഒന്ന് തന്നെയാണെന്നും ഈ ദിവസം ഓർമിപ്പിക്കുന്നു.എട്ടു മണിക്കൂർ ജോലി,എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന തൊഴിലാളികളുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ ഓർമ്മയാണ് മെയ് ദിനം പങ്കുവെയ്ക്കുന്നത്.ലോക തൊഴിലാളി ദിനമായ ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം നിർത്തലാക്കും.ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.ചുമട്ടു തൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലെ ഒന്ന്,രണ്ട് ഉപവകുപ്പുകളിൽ ഭേദഗതി വരുത്തിയാണ് നോക്കുകൂലി സമ്പ്രദായം നിർത്തലാക്കിയത്‌.ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടുന്നതുൾപ്പെടെ കേരളത്തിലെ ചുമട്ടുതൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴിൽ സംസ്ക്കാരം പ്രാവർത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്.തൊഴിൽ മേഖലകളിൽ യൂണിയനുകൾ തൊഴിലാളികളെ വിതരണം ചെയ്യന്നതിന് അവകാശമുന്നയിക്കുന്നതും നിരോധിച്ചു.ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും  നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.