ലക്‌നൗ:കനത്ത പൊടിക്കാറ്റിനെയും പേമാരിയെയും തുടർന്ന് ഉത്തരേന്ത്യയിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.അടുത്ത 48 മണിക്കൂർ കൂടി സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. പൊടിക്കാറ്റിലും പേമാരിയിലും ഉത്തർപ്രദേശ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ 115 പേർ മരിച്ചു.ഇരുനൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഉത്തർപ്രദേശ്, രാജസ്ഥാൻ,ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം.പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു.ചൂട് മൂലമുള്ള മരണത്തിനു പുറമെയാണ് അപ്രതീക്ഷിതമായി എത്തിയ മഴയും പൊടിക്കാറ്റും മരണം വിതച്ചത്.ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 15 വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വഴിതിരിച്ചു വിട്ടു.വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ സാധാരണ നിലയിലായെങ്കിലും ഇനിയും മഴയും പൊടിക്കാറ്റും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കൻ പാക്കിസ്ഥാനിൽ ജമ്മു-കാഷ്മീരിനോടു ചേർന്നു രൂപംകൊണ്ട ന്യൂനമർദപാത്തിയാണ് പഞ്ചാബ്-ഹരിയാനയിലൂടെ വന്ന് ഉത്തരേന്ത്യയിൽ നാശംവിതച്ച ചുഴലിക്കൊടുങ്കാറ്റായത്.
കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു
കോഴിക്കോട്:കോഴിക്കോട് റാം മനോഹർ റോഡിൽ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.ബീഹാർ സ്വദേശി കിസ്മത്ത്,ഹരിയാന സ്വദേശി ജബ്ബാർ എന്നിവരാണ് മരിച്ചത്.ഏഴുപേരാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടിയാണ് അപകടം നടന്നത്.എതിർപ്പ് അവഗണിച്ച് മണ്ണെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് തൊഴിലാളികൾ പറഞ്ഞു.മഴയത്ത് നനഞ്ഞ മണ്ണ് ജെസിബി ഉപയോഗിച്ച് മാറ്റരുതെന്ന് തൊഴിലാളികൾ അറിയിച്ചിരുന്നു.
ബീഹാറിൽ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേർ മരിച്ചു
പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചെമ്പാരൻ ജില്ലയിൽ ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 27 യാത്രക്കാർ മരിച്ചു.വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് മോത്തിഹാരിയിലെ ബെൽവയിൽ ദേശീയ പാത 28 ൽ ആയിരുന്നു അപകടം. മുസാഫർപുരിൽനിന്നും ഡൽഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ്സിന് മുന്നിലേക്ക് കയറിവന്ന ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റോഡിൽനിന്നും തെന്നിമാറിയ ബസ് കീഴ്‌മേല്‍മറിയുകയായിരുന്നു. ഉടൻതന്നെ തീപിടിച്ചു കത്തുകയും ചെയ്തു. ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം യാത്രക്കാരും മുസാഫർപുരിൽനിന്നുള്ളവരായിരുന്നു.പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മറിഞ്ഞ ഉടൻ തന്നെ ബസ്സിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്ക്കരമാക്കി.
ശക്തമായ പൊടിക്കാറ്റിൽ രാജസ്ഥാനിൽ 27 പേരും യുപിയിൽ 45 പേരും മരിച്ചു
ജയ്‌പൂർ:രാജസ്ഥാനിൽ ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽ 27 പേർ മരിച്ചു.100 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.അൽവാർ,ധോൽപൂർ,ഭരത്പൂർ എന്നെ ജില്ലകളിലാണ് കാറ്റ് വീശിയടിച്ചത്. ശക്തമായ പൊടിക്കാറ്റിന് തുടർന്ന് ഇവിടെ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾ തകർന്നു.ഭരത്പൂരിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇവിടെ 11 പേർ മരിക്കുകയും ചെയ്തു.ഉത്തർപ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 45 പേർ മരിച്ചു.അപകടത്തിൽ ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലകളിൽ എത്തിക്കാൻ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് കൂടുതൽ പേർ മരിച്ചത്, 36 പേർ. ബിജ്നൂറിൽ മൂന്ന് പേരും സഹാരൻപുരിൽ രണ്ട് പേരും മരിച്ചു. ബറേലി, മോറാദാബാദ് എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജേതാക്കൾ
ന്യൂഡൽഹി:അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണം പ്രതിസന്ധിയിൽ. പതിനൊന്നു പേർക്കൊഴികെ പ്രസിഡന്റ് നേരിട്ട് പുരസ്ക്കാരം സമ്മാനിക്കില്ല എന്ന സർക്കാർ നിലപാടാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.മന്ത്രി സ്മൃതി ഇറാനിയാണ് മറ്റു ജേതാക്കൾക്കു പുരസ്കാരം വിതരണം ചെയ്യുന്നത്. രാഷ്‌ട്രപതി പുരസ്ക്കാരം നൽകിയില്ലെങ്കിൽ തങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാർഡ് ജേതാക്കൾ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.അറുപതോളം കലാകാരന്‍മാര്‍ ഒപ്പിട്ട പരാതിയാണ് മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്.പുരസ്‌ക്കാര ജേതാക്കളെ അനുനയിപ്പിക്കാൻ സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിൽ രാവിലെ ചർച്ച നടത്തിയിരുന്നു.എന്നാൽ ചർച്ച പരാജയപ്പെട്ടു.ഉച്ചയ്ക്ക് ഒരിക്കൽ കൂടി മന്ത്രി ജേതാക്കളുമായി ചർച്ച നടത്തും. രാഷ്‌ട്രപതി അവാർഡ് നൽകുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നതെന്നും എന്നാൽ ഇതുകൊണ്ടാണ് അവസാന നിമിഷം ആ തീരുമാനം മാറ്റിയതെന്ന് തങ്ങൾക്ക് കൃത്യമായി അറിയണമെന്നും ജേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്നും വിവേചനം ഉണ്ടായാൽ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മലയാളി താരങ്ങളും അറിയിച്ചിട്ടുണ്ട്.14 പുരസ്‌കാരങ്ങളാണ് ഇക്കുറി കേരളത്തിന് ലഭിച്ചത്.
കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
മട്ടന്നൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചു
മട്ടന്നൂർ:അയ്യല്ലൂരിൽ ബിജെപി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചു. കെഎസ്ആർടിസിയിൽ ഡ്രൈവറായ സുധീറിന്റെ വീട്ടുവരാന്തയിലാണ് മുല്ലപ്പൂവും തുണിയും കൊണ്ട് ഉണ്ടാക്കിയ റീത്ത് കാണപ്പെട്ടത്.വാഴയിലയിലാണ് റീത്ത് വെച്ചത്.കഴിഞ്ഞ ദിവസം രാത്രി സുധീർ വീട്ടിലുണ്ടായിരുന്നില്ല.രാവിലെ വീട്ടുകാർ ഉണർന്നു നോക്കിയപ്പോഴാണ് വരാന്തയിൽ റീത്ത് കാണപ്പെട്ടത്.സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും ബിജെപി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി പറഞ്ഞു.
ബേക്കൽ കോട്ട കോർപറേറ്റുകൾക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധം ശക്തം
കാസർകോഡ്:ചരിത്ര സ്മാരകവും ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ബേക്കൽ കോട്ട കോർപറേറ്റുകൾക്ക് വിൽക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.’സേവ് ബേക്കൽ ഫോർട്ട്,സേവ് ഹെറിറ്റേജ്’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കാസർകോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് അഞ്ചിന് വൈകുന്നേരം നാലുമണിക്ക് ബേക്കൽ കോട്ടയ്ക്ക് മുൻപിൽ പ്രതിഷേധക്കോട്ട തീർക്കും.പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാന്സിലറുമായ ഡോ.കെ.കെ.എൻ കുറുപ്പ് പ്രതിഷേധസംഗമം ഉൽഘാടനം ചെയ്യും.ചടങ്ങിൽ പ്രമുഖ ചരിത്രകാരന്മാരും സാംസ്ക്കാരിക നായകരും പങ്കെടുക്കും.ബേക്കൽ കോട്ടയടക്കം പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള 95 ചരിത്ര സ്മാരകങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.കേരളത്തിന്റെ ടൂറിസം പെരുമയുടെ മുഖമുദ്രയായ ബേക്കൽ കോട്ട ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകവുമാണ്.ഈ ബേക്കൽ കോട്ടയെ വാണിജ്യ താല്പര്യത്തിനായി കൈമാറുന്ന നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; മാക്കൂട്ടത്ത് വാഹന പരിശോധന കർശനമാക്കി
ഇരിട്ടി:കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരള – കർണാടക അതിർത്തിയായ മാക്കൂട്ടത്ത് വാഹന പരിശോധന കർശനമാക്കി. കള്ളപ്പണത്തിന്‍റെയും, മദ്യം, മയക്കുമരുന്ന് എന്നിവയുടെയും ഒഴുക്കു തടയുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം പാരാമിലിട്ടറിയുടെ സാന്നിധ്യത്തില്‍ പോലീസിന്‍റെയും ഇലക്‌ഷൻ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തുന്നത്. മാക്കൂട്ടത്തും പെരുമ്പാടി ചെക്ക് പോസ്റ്റിലുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേരളത്തില്‍ നിന്നും പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശനപരിശോധനക്കു ശേഷം മാത്രമാണ് കര്‍ണാടകത്തിലേക്ക് കടത്തിവിടുന്നത്.50000 നു മുകളിൽ പണം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്.വ്യക്തമായ രേഖകളില്ലാതെ കൊണ്ടുപോകുന്ന പണം നിരീക്ഷണ സംഘം പിടിച്ചെടുക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് നടക്കുന്ന പന്ത്രണ്ടാം തീയതി വരെ പരിശോധന തുടരും. കുടക് ജില്ലാ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത എട്ടുകോടിയോളം രൂപ ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു.
മൈസൂരു വൃന്ദാവൻഗാർഡനിൽ കാറ്റിലും മഴയിലും മരംപൊട്ടിവീണ് പട്ടുവം സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
മൈസൂരു:മൈസൂരു വൃന്ദാവൻ ഗാർഡൻസിൽ കനത്ത മഴയിലും കാറ്റിലും മരംപൊട്ടിവീണ് പട്ടുവം സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.തളിപ്പറമ്പ് പട്ടുവം കാവുങ്കാലിലെ പരേതനായ നീലാങ്കോൽ കുഞ്ഞമ്പുവിന്റെ മകൻ കെ.വി വിനോദ്(43),പട്ടാമ്പി സ്വദേശി ഹിലർ(35), തമിഴ്‌നാട് സ്വദേശി രാജശേഖരൻ(35) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഏഴുമണിക്കുള്ള ലേസർ ഷോ കാണാനെത്തിയതായിരുന്നു ഇവർ.പെട്ടെന്ന് കാറ്റും മഴയും വന്നതോടെ മരങ്ങൾക്ക് കീഴിലേക്ക് മാറിനിന്നു.പെട്ടെന്ന് മരക്കൊമ്പ് ഇവരുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. പട്ടുവം ഗവണ്മെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ‘കാറ്റാടിത്തണലിലെ’അംഗമായ വിനോദ് മറ്റ് അംഗങ്ങൾക്കൊപ്പം മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു.മറ്റു സ്ഥലങ്ങൾ സന്ദർശിച്ച ശേഷം അവസാനത്തെയിടമായിരുന്നു വൃന്ദാവൻ ഗാർഡൻ.വൈകുന്നേരം നടന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാനായി എല്ലാവരും കൂടി ആ ഭാഗത്തേക്ക് നീങ്ങിയതായിരുന്നു.ശക്തമായ കാറ്റും മഴയും വന്നതോടെ സ്ത്രീകളും കുട്ടികളും പരസ്പ്പരം കെട്ടിപ്പിടിച്ചു നിന്നു.ഇതിനിടെ ഐസ് കട്ടകൾ ദേഹത്തുവീണ് പലർക്കും വേദനിച്ചു.ഇതോടെ എല്ലാവരും രക്ഷാസ്ഥാനം നോക്കി മാറി നിന്നു.ഇതിനിടെ വൈദ്യുതി ബന്ധവും താറുമാറായി.ഇതോടെ യാത്രാംഗങ്ങളെല്ലാം തങ്ങളുടെ വാഹനത്തിനു സമീപം എത്തിയിരുന്നു.എന്നാൽ ഏറെ കാത്തിരുന്നിട്ടും വിനോദ് മാത്രം എത്തിയില്ല.തുടർന്ന് ഇവർ പോലീസുമായി ബന്ധപ്പെട്ടു. പൊലീസാണ് മരം വീണ് ആളുകൾ അപകടത്തിൽപ്പെട്ട വിവരം ഇവരെ അറിയിച്ചത്.പിന്നീട് പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ആശുപത്രിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിച്ചതും വിനോദിന്റെ മരണം സ്ഥിതീകരിച്ചതും.ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം പട്ടുവത്തെ വീട്ടിലെത്തിച്ചു.സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന വിനോദ് അവിവാഹിതനാണ്.