പത്തനംതിട്ട:മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെകുറിച്ച് വിവരം നൽകുന്നവർക്കു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം. തിരുവല്ല ഡിവൈഎസ്പിക്കാണ് ഇതു സംബന്ധിച്ചു വിവരം നൽകേണ്ടത്. ജെസ്‌നയെ കണ്ടെത്തുന്നതിന് സഹായകരമാകുന്ന വിവരം നല്കുന്നവർക്കാണ് പാരിതോഷികമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.വിവരം ലഭിക്കുന്നവർ 9497990035 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.ഇതിനിടെ ജെസ്‌ന ബാംഗ്ലൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.ജെസ്നയെ ബംഗളൂരുവിലെ ആശ്വാസഭവനിൽ കണ്ടതായി പൂവരണി സ്വദേശിയായാണ് വിവരം നൽകിയത്.എന്നാൽ, ജെസ്ന അവിടങ്ങളിൽ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. അതേസമയം ജെസ്‌നയെ കണ്ടതായി മൊഴി നൽകിയ പൂവരണി സ്വദേശി ഇതിൽ ഉറച്ചു നിൽക്കുന്നതാണു പോലീസിനെ കുഴയ്ക്കുന്നത്. മുടി നീട്ടിവളർത്തിയ ഒരു യുവാവും ജെസ്നയ്ക്കൊപ്പമുണ്ടായിരുന്നതായാണ് പൂവരണി സ്വദേശി നൽകുന്ന വിവരം.എന്നാൽ ജെസ്‌ന എത്തിയതായി പറയപ്പെടുന്ന ആശ്വാസഭവനിലെയോ തൊട്ടടുത്ത നിംഹാൻസ് ആശുപത്രിയിലെയോ സിസിടിവികളിൽ ജെസ്നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്‍റെയോ ഒരു ദൃശ്യവും പോലീസിനു കണ്ടെത്താനായില്ല. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാർഥിനിയുമായ ജെസ്‌നയെ കഴിഞ്ഞ മാർച്ച് 22 മുതലാണ് കാണാതായത്.വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല.എരുമേലി ബസ് സ്റ്റാൻഡ് വരെ കുട്ടി എത്തിയിരുന്നത് കണ്ടവരുണ്ട്. മൊബൈൽ ഫോണോ എടിഎം കാർഡോ ജെസ്‌ന കൊണ്ടുപോയിരുന്നില്ല.
വരാപ്പുഴ കസ്റ്റഡി മരണം;എ.വി ജോർജിനെ സസ്‌പെൻഡ് ചെയ്തു
കൊച്ചി:വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ എറണാകുളം മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എ.വി. ജോര്‍ജിന് വീഴ്ച പറ്റിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി. ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്പിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർടിഎഫ് സ്‌ക്വാഡിന് നിർദേശം നൽകിയത് റൂറൽ എസ്പിയായിരുന്ന എ.വി ജോർജായിരുന്നുവെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു.എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാര്യങ്ങൾ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് മുതലുള്ള ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കുള്ളിൽ കൂടിയത് ഇരട്ടിയിലേറെ
കൊച്ചി:സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു.മൂന്നാഴ്ച മുൻപ് 65 രൂപയുണ്ടായിരുന്ന കോഴിയിറച്ചിയുടെ ഇപ്പോഴത്തെ വില 130 രൂപ വരെയാണ്.ഇത് ലൈവ് കോഴിയുടെ വിലയാണ്.എന്നാൽ കോഴിയിറച്ചിയുടെ വില 165 ല്‍ നിന്ന് 200 രൂപ കടന്നിട്ടുണ്ട്.കോഴി ഇറച്ചിയുടെ വില 100 രൂപ കടക്കാതെ നിലനിർത്തുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വില കുതിക്കുന്നത്.കനത്ത ചൂടും ജല ദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നു.അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കോഴിക്ക് നികുതിയുണ്ടായിരുന്ന മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
മിന്നൽ ബസ്സിടിച്ച് തട്ടുകട ഉടമ മരിച്ചു
കാസർകോഡ്:അമിത വേഗത്തിലെത്തിയ മിന്നൽ ബസ്സിടിച്ച് തട്ടുകടയുടമ മരിച്ചു.ചെർക്കള പാടി സ്വദേശിയായ മുഹമ്മദ്(54) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴുമണിയോടുകൂടിയാണ് അപകടം നടന്നത്.മുണ്ടാങ്കുളത്ത് തട്ടുകട നടത്തുകയായിരുന്ന മുഹമ്മദ് സമീപത്തെ കടയിൽ നിന്നും പാൽ വാങ്ങി തിരിച്ചു വരുമ്പോൾ അമിത വേഗതയിലെത്തിയ മിന്നൽ ബസ് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടം നടന്നയുടനെ ബസ്സിന്റെ ഡ്രൈവർ മറ്റൊരു ബസ്സിൽ കയറി രക്ഷപ്പെട്ടു.കൊട്ടാരക്കര-സുള്ള്യ റൂട്ടിലോടുന്ന ബസ്സാണ് അപകടമുണ്ടാക്കിയത്.
കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു;ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ എട്ടു ശതമാനം പോളിങ്
ബെംഗളൂരു:കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു.ആദ്യ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ എട്ടു ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ആർ നഗറിലെ വോട്ടെടുപ്പ് ഈ മാസം 28 ന് നടക്കും.സംസ്ഥാനത്തെ 5.12 കോടി ജനങ്ങളാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്.58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിതമായി കണ്ടെത്തിയ 12000 ബൂത്തുകളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് മാത്രമായി 450 പിങ്ക് പോളിങ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഈ മാസം 15 നാണ് വോട്ടെണ്ണൽ നടക്കുക. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്.
ഇരിട്ടി കീഴൂരിൽ നിന്നും ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ പിടികൂടി
ഇരിട്ടി:ഇരിട്ടിക്കടുത്ത് കീഴൂർ വള്ളിയാട് വൈരിഘാതകൻ ക്ഷേത്രത്തിനു സമീപത്തു നിന്നും സ്റ്റീൽ ബോംബുകളും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തു. ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ പി.സി സജ്ഞയ് കുമാര്‍, കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് എസ് ഐ. ശശിധരന്‍, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ ജയ്‌സണ്‍ ഫെര്‍ണാണ്ടസ്, ഇ.കെ ജയ്‌സണ്‍ എന്നിവർ ചേർന്ന് ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് ബോംബ് ശേഖരം പിടികൂടിയത്. കഴിഞ്ഞ ദിവസം മുഴക്കുന്ന് പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ തില്ലങ്കേരി, കാര്‍ക്കോട്, ഇയ്യം ബോഡ് മേഖലകളില്‍ നിന്നും സ്റ്റീല്‍ ബോബുകളും ഐസ്‌ക്രിം ബോംബുകളും പിടികൂടിയിരുന്നു മാഹി ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കലാപ സാധ്യതയുണ്ടെന്ന പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രശ്‌നസാധ്യതയുള്ള മേഖലയില്‍ റെയ്ഡും പരിശോധനയും ശക്തമാക്കിയത്.
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി നാലുപേർ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം:സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായി പി.ആർ. ശ്രീലത, സോമനാഥപിള്ള, കെ.വി. സുധാകരൻ, ഡോ.കെ.എൽ. വിവേകാനന്ദൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.ഇവരുടെ നിയമനശുപാർശ വ്യാഴാഴ്ച ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.രണ്ടര വർഷമായി മുഖ്യ വിവരാവകാശ കമ്മീഷണർ(വിൻസൻ എം. പോൾ) മാത്രമാണു സംസ്ഥാനത്തുള്ളത്.33 വർഷത്തെ അധ്യാപന പരിചയമുള്ള ഡോ.കെ.എൽ. വിവേകാനന്ദൻ തിരുവനന്തപുരം പേട്ട സ്വദേശിയാണ്. ദേശാഭിമാനിയിൽ പത്രപ്രവർത്തകനായിരുന്ന കെ.വി. സുധാകരൻ തിരുവനന്തപുരം പ്രസ്ക്ലബ്ബിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ഡയറക്ടറാണ്. തിരുവനന്തപുരം പാറ്റൂർ സ്വദേശിയായ സോമനാഥപിള്ളയെ മാനേജ്മെന്‍റ് വിഭാഗത്തിലും തിരുവനന്തപുരം സ്വദേശിനിയായ ശ്രീലതയെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുമാണു സർക്കാർ ശുപാർശ ചെയ്തത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന് കരുതി തമിഴ്‌നാട്ടിൽ വയോധികയെ തല്ലിക്കൊന്നു
ചെന്നൈ:തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ വയോധികയെ നാട്ടുകാർ തല്ലിക്കൊന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന് സംശയിച്ചാണ് ഇവരെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നത്.ആക്രമണത്തിൽ സ്ത്രീയുടെ ബന്ധുവിനും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബക്ഷേത്രം സന്ദർശിക്കുന്നതിനായി മലേഷ്യയിൽനിന്നും ബന്ധുവിനോടൊപ്പം തമിഴ്‌നാട്ടിലെത്തിയതായിരുന്നു സ്ത്രീ.ക്ഷേത്രത്തിനു സമീപം കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് സ്ത്രീ ചോക്ലേറ്റ് നൽകിയത് പ്രദേശവാസികൾ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇവരെ ആക്രമിക്കുകയായിരുന്നു.പിന്നീട് പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.ചികിത്സയിൽ കഴിയവെയാണ് ഇവർ മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം;സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ
കൊച്ചി:വാരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ശ്രീജിത്തിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.കേസിൽ ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ചു സർക്കാരിന്‍റെ അഭിപ്രായം വ്യക്തമാക്കാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു. പോലീസുകാർ പ്രതിയായ കേസ് പോലീസുകാർ തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.അഖിലയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 22ലേക്ക് മാറ്റി.
മുംബൈ എ ഡി ജി പിയും എ ടി എസ് മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) മുൻ തലവനുമായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു.രാജ്യം ശ്രദ്ധിച്ച നിരവധി കേസന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് എഡിജിപി റാങ്കിലുള്ള ഹിമാൻഷു റോയ്.മുംബയിലെ സ്വന്തം വസതിയില്‍ ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം.സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. അർബുദരോഗത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി അദ്ദേഹം സർവീസിൽ നിന്നും അവധിയിലായിരുന്നു.രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വീട്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷം മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹിമാന്‍ഷു കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. ഐപിഎൽ കോഴക്കേസ്, മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ വധക്കേസ്, യുവ അഭിഭാഷക പല്ലവി പുർകയാസ്ഥ വധക്കേസ് തുടങ്ങി നിരവധി പ്രധാന കേസുകൾ അന്വേഷിച്ചതും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതും ഹിമാൻഷു റോയിയുടെ നേതൃത്വത്തിലാണ്.