News Desk

രാജ്യത്ത് കനത്ത മഴയും ഇടിമിന്നലും;42 മരണം

keralanews heavy rain and thunderstorm in the country 42 died

ന്യൂഡൽഹി:രാജ്യത്ത് കനത്ത മഴയിലും ഇടിമിന്നലിലും 42 പേർ മരിച്ചു.യു.പി,ഡൽഹി, തെലങ്കാന,ആന്ധ്രാപ്രദേശ്,ബംഗാൾ എന്നിവിടങ്ങളുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരണം.മരങ്ങളും വൈദ്യുതി തൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍,വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു.ശക്തമായ കാറ്റിനെ തുടർന്ന് ഉത്തർപ്രദേശിൽ പതിനെട്ടും ഡൽഹിയിൽ രണ്ടും പേർ മരിച്ചു.മിന്നലേറ്റ് ബംഗാളിൽ 12 പേരും ആന്ധ്രായിൽ ഒൻപതുപേരും തെലങ്കാനയിൽ മൂന്നുപേരും മരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.ഉത്തർപ്രദേശിലെ ഖാസ്ഗഞ്ച്, ആഗ്ര, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും കൂടുതൽ നാശം വിതച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും ഡൽഹിയിൽ മരങ്ങൾ കടപുഴകി, ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.70 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്.50-70 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റു വീശിയത്. ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളായ ശ്രീകാകുളം, വിശാഖപട്ടണം,എന്നിവിടങ്ങളിലും അന്തപുരമു,ചിറ്റൂർ,കഡപ്പ,റായലസീമ എന്നിവിടങ്ങളിലും കനത്ത മിന്നലും മഴയുമുണ്ടായി.ശ്രീകാകുളത്ത് മിന്നലേറ്റ് ഏഴുപേരും കഡപ്പയിൽ രണ്ടുപേരും മരിച്ചു.ബംഗാളിൽ ശക്തമായ മിന്നലിലും മഴയിലും 12 പേർ മരിച്ചു.അടുത്ത 72 മണിക്കൂറിൽ ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.ഈ മുന്നറിയിപ്പ് മേഖലയിൽ ഉള്ളവർ അടിയന്തിര സാഹചര്യം നേരിടാൻ ഇപ്പോഴും സജ്ജരായിരിക്കണം എന്നതാണ് ഓറഞ്ച് മുന്നറിയിപ്പ്കൊണ്ട് അർഥമാക്കുന്നത്.

ഭർത്താവ് മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അത് മനസ്സിലാകാതെ മൃതദേഹത്തിന് കാവലിരുന്ന് ഒരു ഭാര്യ

Dead body in a mortuary

തളിപ്പറമ്പ്:ഭര്‍ത്താവ് മരിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും അത് മനസ്സിലാക്കാന്‍ കഴിയാതെ ഭാര്യ മൃതദേഹത്തിന് കാവലിരുന്നു.ഒരാഴ്ചയോളം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ മൃതദേഹത്തിനരികിൽ അന്തിയുറങ്ങുകയും ചെയ്തു.തുടർന്ന് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.തളിപ്പറമ്പ് പൂക്കോത്ത്‌തെരുവിലെ പുതിയോന്നന്‍ ബാലനാ(65)ണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന ഭാര്യ തോലന്‍ കമലാക്ഷി മൃതദേഹത്തോടൊപ്പം കഴിയുകയായിരുന്നു. ഇരുവര്‍ക്കും മക്കളില്ല. അയല്‍പക്കവുമായി വലിയ സഹകരണമില്ലാത്തതിനാല്‍ ആരും മരണ വിവരം അറിഞ്ഞതുമില്ല. ബാലന്‍ മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ എല്ലാ ദിവസവും കമലാക്ഷി സമീപത്തെ ക്ഷേത്രത്തില്‍ ഭക്ഷണം കഴിക്കാനും മറ്റുമായി എത്തിയിരുന്നു. സമീപത്തുള്ളവരുമായി ഇവര്‍ക്ക് അടുപ്പമില്ലാത്തതിനാല്‍ ആരും ബാലനെ പുറത്ത് കാണാത്തതില്‍ അന്വേഷിച്ചതുമില്ല.ദിവസവും അലക്കിയ തുണി മാറ്റി കമലാക്ഷി ഭര്‍ത്താവിനെ പുതപ്പിക്കുകയും ചെയ്തിരുന്നു. .കഴിഞ്ഞ ദിവസം അസഹ്യമായ ദുര്‍ഗന്ധം പരന്ന് തുടങ്ങിയതിനെ തുടര്‍ന്ന് ഉറവിടം അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ നിലത്ത് തുണികള്‍ കൊണ്ടു മൂടിവച്ച നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിഐ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. വീട് അടച്ചുപൂട്ടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കമലാക്ഷിയെ ഇവിടെ നിന്ന് മാറ്റുവാന്‍ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചെങ്കിലും ഇവര്‍ പോകാതെ വീടിനു പുറത്ത് ഇരിക്കുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മോറാഴ കൂളിച്ചാല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.

മലപ്പുറത്ത് തീയേറ്ററിൽ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്‌ഐക്ക് സസ്‌പെൻഷൻ

keralanews minor girl sexually abused in theater changaramkulam si suspended

മലപ്പുറം:മലപ്പുറത്ത് തീയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത്‌ അന്വേഷണം നടത്തുന്നതില്‍ കാലതാമസം വരുത്തിയതിന്‌ ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ സസ്‌പെന്‍ഡ്‌ ചെയ്‌തു.ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. എടപ്പാളിലെ തീയറ്ററില്‍ ഫസ്റ്റ് ഷോക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന‌് മധ്യവയസ്‌കന്‍ ബാലികയെ പീഡിപ്പിക്കുകയായിരുന്നു.തീയറ്റര്‍ ഉടമ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത‌്.തീയേറ്റർ ഉടമ വിവരം നൽകിയതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി സിസിടിവി ദൃശ്യം പരിശോധിച്ചു.തീയറ്ററിലേക്ക് ഇയാള്‍ വന്ന ബെന്‍സ് കാറിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. കാറിന്റെ നമ്ബറും അറിയിച്ചു. എന്നിട്ടും കേസെടുത്ത്‌ അന്വേഷണം നടത്തുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ് എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ബാബുവിന്റെ വീട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി

keralanews cm visited the house of the cpm activist who killed in mahe

കണ്ണൂർ:മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ വീട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി.ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. അഞ്ച്‌മിനിറ്റോളം ഇവിടെ ചിലവഴിച്ച മുഖ്യമന്ത്രി ബാബുവിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചശേഷമാണ് മടങ്ങിയത്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, മത്സ്യഫെഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, നേതാക്കളായ എം.സുരേന്ദ്രൻ, എം.സി. പവിത്രൻ, തലശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം ബാബുവിന്റെ വീട് സന്ദർശിച്ചിരുന്നു.

മലപ്പുറം എടപ്പാളിൽ തീയേറ്ററിൽ ബാലികയ്ക്ക് പീഡനം;പ്രതി അറസ്റ്റിൽ

keralanews Minor girl sexually abused inside cinema hall in Malappuram

മലപ്പുറം:എടപ്പാളിൽ തീയേറ്ററിൽ ബാലികയ്ക്ക് പീഡനം.അമ്മയുടെ മൗനാനുവാദത്തോടെ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിലായി.തൃത്താല സ്വദേശിയായ പ്രമുഖ വ്യാപാരി കൺകുന്നത്ത് മൊയിദീൻകുട്ടി(60) പിടിയിലായത്.തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ പീഡന ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്. ഏപ്രിൽ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തീയേറ്റർ ഉടമകൾ  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചൈൽഡ്‌ലൈൻ മുഖേന പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല എന്നാരോപണമുണ്ട്.തുടർന്ന് ചാനൽ വാർത്തനല്കിയതിനെ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയ പ്രതി കുട്ടിയുടെ അമ്മയുടെ മൗനാനുവാദത്തോടെ കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.പതിനെട്ടാം തീയതി ഫസ്റ്റ് ഷോയ്ക്കാണ് യുവതിയും അവരുടെ പത്തുവയസ്സുകാരിയായ മകളും മൊയിദീൻകുട്ടിയോടൊപ്പം ബെൻസ് കാറിൽ തീയേറ്ററിൽ എത്തിയത്.സിനിമ തുടങ്ങിയപ്പോൾ മുതൽ ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. കുട്ടിയുടെ സമീപം തന്നെ അമ്മയിരിക്കുന്നുണ്ടെങ്കിലും ഇയാളുടെ ലൈംഗീക ചേഷ്ടകൾ തടയാൻ മാതാവ് ശ്രമിച്ചിട്ടില്ല എന്നുള്ളതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടമകൾ വിവരം മലപ്പുറം ചൈൽഡ്‌ലൈനിൽ അറിയിച്ചു.ഏപ്രിൽ 26 ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ തെളിവുകൾ അടക്കം പോലീസിൽ പരാതി നൽകി.എന്നിട്ടും ഇത്ര ദിവസമായിട്ടും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല.തുടർന്ന് ചൈൽഡ് ലൈൻ ദൃശ്യങ്ങൾ ചാനലിന് കൈമാറുകയായിരുന്നു.ചാനലിൽ വാർത്ത വന്ന് അരമണിക്കൂറിനുള്ളിൽ പോലീസ് കേസെടുത്തു.വാർത്ത വന്നതോടെ തൃത്താലയിൽ നിന്നും മുങ്ങിയ പ്രതിയെ വൈകുന്നേരത്തോടെ ഷൊർണൂരിൽ വെച്ചാണ് പോലീസ് പിടികൂടിയത്.ദുബായിയിലും ഷൊർണൂരിലും വെള്ളി ആഭരണ ജ്വല്ലറി നടത്തുകയാണ് ഇയാൾ.ഇയാളുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുമായി ഇയാൾക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് പൂർത്തിയായി

keralanews karnataka assembly election polling completed

ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി.അഞ്ച് മണി വരെ 64 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടിങ്ങ് മെഷീനില്‍ തകരാറുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിങ് വൈകി. ബംഗളൂരുവിെല അഞ്ചു ബൂത്തുകളിലെ വോട്ടിങ്ങ് മെഷീനില്‍ രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം ബിജെപിക്കാണ് വീഴുന്നതെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. പിന്നീട് പ്രശ്നം പരിഹരിച്ച്‌ കുറച്ച്‌ സമയം കഴിഞ്ഞാണ് പലയിടത്തും പോളിങ് പുനരാരംഭിച്ചത്.ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് െയദിയുരപ്പ രാവിെല തന്നെ വോട്ട് ചെയ്തിരുന്നു. ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്.പുത്തുരില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സദാനന്ദ ഗൗഡയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി. ദേവഗൗഡ പുതുവലൈപ്പില്‍ വോട്ട് രേഖപ്പെടുത്തി. പൂര്‍ണമായും ഇലക്േട്രാണിക് വോട്ടിങ് യന്ത്രത്തോടൊപ്പം വിവിപാറ്റ് ഉപയോഗിച്ചുള്ള വോെട്ടടുപ്പിനായി 58,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ് സമയം.ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. 2655 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി 224 സീറ്റിലും കോണ്‍ഗ്രസ് 222 സീറ്റിലും ജെ.ഡി-എസ് 201 സീറ്റിലുമാണ് മത്സരിക്കുന്നത്.പി.ആര്‍ നഗറില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നും ജയനഗരത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ്ങ് എം.എല്‍.എയുമായ ബി.എന്‍ വിജയകുമാറിെന്‍റ മരണത്തെ തുടര്‍ന്നും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

മാഹിയിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്;ബിജെപി സംസ്ഥാന സമിതി അംഗം കസ്റ്റഡിയില്‍

keralanews bjp state committee member arrested in connction with the murder of cpm activist in mahe

മാഹി:മാഹി പള്ളൂരിൽ സിപിഎം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം പോലീസ് കസ്റ്റഡിയില്‍. ആര്‍എസ്‌എസ് നേതാവും ബിജെപി പുതുച്ചേരി സംസ്ഥാന കമ്മറ്റി അംഗവുമായ വിജയന്‍ പൂവച്ചേരിയാണ് പിടിയിലായത്.പുതുച്ചേരി സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ബാബുവിനെ ആര്‍എസ്‌എസ് ബിജെപി സംഘം വെട്ടിക്കൊന്നത്.വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായിരുന്നു ബാബു.

കർണാടക തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു;മൂന്നു മണി വരെ രേഖപ്പെടുത്തിയത് 56 ശതമാനം വോട്ട്

keralanews karnataka elections are in progress 56 percent votes recorded till 3 pm

ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ചെറിയ ചില സംഘർഷങ്ങൾ ഒഴിവാക്കിയാൽ വോട്ടിങ് സമാധാനപരമാണ്. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയിരുന്നു.ഹംപി നഗറിലെ ബൂത്തിൽ ബിജെപി പ്രവർത്തകനെ മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.ബെലഗവിയിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീകളെ വോട്ടു ചെയ്യുന്നതിൽനിന്നു തടഞ്ഞതും വാക്കേറ്റത്തിനിടയാക്കി.പിന്നീട് വനിത ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചശേഷമാണ് ഇവരെ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചത്. ബെംഗളൂരുവിലെ അഞ്ചു ബൂത്തുകളിലെ വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം ബിജെപിക്കാണ് വീഴുന്നതെന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. കാരാടിഗുഡയിൽ പോളിങ് ഉദ്യോഗസ്ഥൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ പോളിങ് ബൂത്തിന് മുൻപിൽ പ്രതിഷേധം നടത്തി.56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്.

ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കും

keralanews bank employees will strike for 48 hours across the country

മുംബൈ:ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഈ മാസം 30,31 തീയതികളിൽ പണിമുടക്കും.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്‌ബിയു)ആണ് സമര പ്രഖ്യാപനം നടത്തിയത്.ഈ മാസം മൂന്നിന് നടന്ന ശമ്പള പരിഷ്‌ക്കരണ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.2017 ഇൽ ആയിരുന്നു ശമ്പള പരിഷ്‌ക്കരണം നടക്കേണ്ടിയിരുന്നത്.രണ്ടു ശതമാനം വർധനവാണ് ബാങ്കിങ് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഓഫർ  ചെയ്യുന്നത്. എന്നാൽ 2012 ഇൽ നിലവിൽ വന്ന ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ നിർദേശപ്രകാരം 15 ശതമാനം വർധന അംഗീകരിച്ചിരുന്നു.

പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിംനേഷ്യം ഒരുങ്ങുന്നു;നിർമാണം അവസാന ഘട്ടത്തിലേക്ക്

keralanews open gymnasium at payyambalam beach construction is in last stage

കണ്ണൂർ:പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിംനേഷ്യം ഒരുങ്ങുന്നു.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ്‌ ജിംനേഷ്യം ഒരുക്കുന്നത്.ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ജിംനേഷ്യം സഞ്ചാരികൾക്ക് തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി.ജിംനേഷ്യം പ്രവർത്തനമാരംഭിക്കുന്നതോടെ വിദേശ വിനോദസഞ്ചാരികളും യുവാക്കളും കൂടുതലായി ബീച്ചിലേക്ക് എത്തിത്തുടങ്ങുമെന്നാണ്  പ്രതീക്ഷ.പുല്ല് അപ്പ് ബാർ,പുഷ് അപ്പ് ബാർ,പാരലൽ ബാർ,ബാർ ക്ലൈമ്പർ,സ്‌ട്രെച്ചർ,സൈക്കിൾ,സിറ്റ് അപ്പ് ബെഞ്ച്,സ്പിന്നർ അബ്‌ഡോമിനൽ ബോർഡ് എന്നീ ഉപകരണങ്ങളാണ് ജിംനേഷ്യത്തിൽ ഒരുക്കുക.ജിംനേഷ്യം സൗജന്യമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഡിടിപിസി ബീച്ചിൽ സ്ഥാപിച്ച ഹൈമാസ്സ്‌ ലൈറ്റുകളുടെ വെളിച്ചത്തിൽ രാത്രി പത്തുമണിവരെ ജനങ്ങൾക്ക് ജിം ഉപയോഗിക്കാം.26 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.വാപ്‌കോസ് എന്ന കമ്പനിക്കാണ് ഉപകരണങ്ങളുടെ മേൽനോട്ടവും അറ്റകുറ്റപണികളുടെ ചുമതലയും.ജിമ്മിനോട് ചേർന്ന് ബാംബൂ കഫെയുടെ നിർമാണവും പുരോഗമിക്കുകയാണ്.