
ചരിത്രം കുറിച്ച് സംസ്ഥാനത്ത് പെട്രോൾ വില എൺപതു രൂപ കടന്നു

കണ്ണൂർ:മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.ഷെബിൻ രവീന്ദ്രൻ, വിജിൻ ചന്ദ്രൻ, എം.എം ഷാജി എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി വടകരയിലെ ഒരു ലോഡ്ജിൽ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.മാഹിയിൽ സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകനായ ഷമേജിനെയും കൊലപ്പെടുത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി പ്രവർത്തകരെ പുതുച്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ:കണ്ണൂരിൽ അക്രമികൾ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനങ്ങൾ തകർത്തു.തായത്തെരു റോഡിലെ യുക്തി ഡ്രൈവിങ് സ്‌കൂളിന്റെ എട്ടു വാഹനങ്ങളാണ് അജ്ഞാതരായ അക്രമികള്‍ തകര്‍ത്തിരിക്കുന്നത്.ഡ്രൈവിങ് സ്‌കൂളിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളെല്ലാം തന്നെ തല്ലിത്തകര്‍ത്ത നിലയിലാണ്.സ്‌കൂളിനു പിന്നിലെ മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ പൂര്‍ണമായും തകർത്തു. മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മറിച്ചിട്ട നിലയിലും ഒരു ഇരുചക്ര വാഹനം സമീപത്തെ കാട്ടില്‍ തള്ളിയ നിലയിലുമാണ്.മൂന്ന് ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ടാങ്കുകളില്‍ പെയിന്റും മണലും വാരിയിട്ടിട്ടുണ്ട്. ഓഫിസിനു പുറത്തുണ്ടായിരുന്ന മേശയും കുത്തിപ്പൊളിച്ച നിലയിലാണ്.രാവിലെ ഡ്രൈവിങ് പരിശീലനത്തിന് ഓഫിസ് തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് വാഹനങ്ങള്‍ തകര്‍ത്തിരിക്കുന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവർഷം മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മേയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങുമെന്നും പിന്നീട് കേരളത്തിലേയ്ക്കുമെത്തുമെന്നുമാണ് പ്രവചനം. സാധാരണ നിലയിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബെംഗളൂരു:കെ.ജി ബൊപ്പയ്യയെ കർണാടകയിൽ പ്രോടെം സ്പീക്കറായി നിയമിച്ചു.ഗവർണർ വാജുഭായ് വാലയാണ് ഇന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ബൊപ്പയ്യ ഗർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അതേസമയം ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗവർണർ പ്രോടെം സ്പീക്കറെ നിയമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടെം സ്പീക്കർക്ക് തീരുമാനിക്കാമെന്നും സഭയിലെ മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നും സുപ്രീംകോടതി നേരത്തെ വാക്കാൽ പരാമർശിച്ചിരുന്നു.ഇതോടെയാണ് ഗവർണർ ബൊപ്പയ്യയെ നിയമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ആര്‍.വി ദേശ്പാണ്ഡെയാണ് പുതിയ സഭയിലെ ഏറ്റവും പ്രായമുള്ള അംഗം. ഇദ്ദേഹത്തെയും ബി.ജെ.പി നിരയിലെ ഏറ്റവും പ്രായമുള്ള അംഗത്തേയും തഴഞ്ഞാണ് യെദ്യൂരപ്പയുടെ അടുപ്പക്കാരനായ ബൊപ്പയ്യയെ പ്രോംടേം സ്പീക്കറാക്കിയത്.വിശ്വാസ വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് പ്രോംടം സ്പീക്കര്‍ക്ക് തീരുമാനിക്കാം.വിരാജ്പേടിൽനിന്നുള്ള എംഎൽഎയാണ് ബൊപ്പയ്യ. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തൻകൂടിയാണ് ബൊപ്പയ്യ.2011ല്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 11 എം.എല്‍.എമാരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതി അന്ന് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ആര്‍.എസ്.എസിലൂടെയാണ് ബൊപ്പയ്യ ബി.ജെ.പിയില്‍ എത്തിയത്.
ബെംഗളൂരു:കർണാടക നിയമസഭയിൽ നാളെ വൈകുന്നേരം നാലുമണിക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപിയോട് സുപ്രീം കോടതി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എസ്.എ.ബോബ്ഡെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യം ശ്രദ്ധിച്ച വിധി പ്രസ്താവിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി യെദ്യൂരപ്പയ്ക്ക് അനുവദിച്ച് നല്‍കിയത്. എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. നാളെത്തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യവും കോടതി ചോദിച്ചു.ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം ഒന്നും കോടതിയിൽ വിലപ്പോയില്ല.ഭൂരിപക്ഷം ശനിയാഴ്ച തെളിയിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം ചോദിച്ചപ്പോൾ എതിർക്കാതിരുന്ന ബിജെപി, ഒടുവിൽ തിങ്കളാഴ്ച വരെയെങ്കിലും സമയം നൽകണമെന്ന് അപേക്ഷിച്ചു. എന്നാൽ കോടതി ഇക്കാര്യവും പരിഗണിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്നും നാളെ വൈകിട്ട് തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ 8 എംഎല്‍എമാരുടെ കുറവാണ് ബിജെപിക്കുള്ളത്.
ഇരിട്ടി:ഭാരനിയന്ത്രണ നിർദേശം ലംഘിച്ച് ഇരിട്ടി പാലത്തിൽ കയറിയ കണ്ടെയ്‌നർ ലോറി പാലത്തിൽ കുടുങ്ങി.ഇതേത്തുടർന്ന് തലശേരി-കുടക് സംസ്ഥാനാന്തര പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം.. ടൗണിൽനിന്നു പാലത്തിൽ കയറുന്ന കവാട ഭാഗത്തു തന്നെ പാലത്തിന്റെ മേൽക്കൂടിന്‍റെ ഭാഗമായുള്ള ഇരുമ്പു ഗർഡറുകളിൽ കണ്ടെയ്‌നറിന്‍റെ മുകൾഭാഗം കുടുങ്ങി.അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനാവാത്ത അവസ്ഥയിലായിരുന്നു ലോറി.തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറിയുടെ ടയറിന്‍റെ കാറ്റുകൾ അഴിച്ചുവിട്ട് ഉയരവിതാനം ക്രമീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് മേൽക്കൂടിന്‍റെ ഒരുഭാഗം മുറിച്ചുനീക്കി.ലോറി പിന്നോട്ടെടുത്തപ്പോൾ വീണ്ടും മേൽക്കൂടിന്‍റെ ഇരുമ്പ് ഗർഡറുകൾ ഉരഞ്ഞുപൊട്ടുകയും വലിയ ശബ്ദമുണ്ടാകുകയും ചെയ്തു. പാലം കുലുങ്ങുകയും ചെയ്തതോടെ കുറച്ചുനേരം ഭീതി പരത്തി. കാലപ്പഴക്കത്താൽ തകർച്ച നേരിടുന്ന ഇരിട്ടി പാലത്തിൽ 12 ടണ്ണിലധികം ഭാരമുള്ള വാഹനം കടന്നുപോകരുതെന്നാണ് ഉത്തരവുള്ളത്. ഇതുറപ്പാക്കാൻ ഇരുവശത്തും ഹോം ഗാർഡിനെയും നിയോഗിച്ചിരുന്നു. പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചതോടെ പഴയ പാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു ഗതാഗതം. അഞ്ചു ദിവസം മുന്പും സമാനമായ രീതിയിൽ പാലത്തിൽ ലോറി കുടുങ്ങിയിരുന്നു. അന്നും മേൽക്കൂട് മുറിച്ചുമാറ്റുകയായിരുന്നു.
മുഴപ്പിലങ്ങാട്:എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം.എസ്.ഡി.പി.ഐ. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അർഷാദ് മഠത്തിന് നേരെയാണ് ഇന്നലെ ഉച്ചയോടെ വധശ്രമം ഉണ്ടായത്.അർഷാദ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ അക്രമിസംഘം ഇരുമ്പ് പൈപ്പ് കൊണ്ട് അർഷാദിന്റെ തലക്കടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിന് നേരെ ബോംബെറിയുകയുമായിരുന്നു.സി.പി.ഐ.എം. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.ഗുരുതരമായി പരിക്കേറ്റ അർഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റി.ഇന്ന് പുലർച്ചെ ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്ക് യാത്ര തിരിച്ച എംഎൽഎമാർ രാവിലെയാണ് ഹൈദെരാബാദിലെത്തിയത്.എച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ റോഡുമാർഗം രണ്ടു ബസ്സുകളിലായാണ് ഇവർ ഹൈദരാബാദിലെ ബെഞ്ചര ഹിൽസ് റിസോർട്ടിലേക്ക് എത്തിയത്. എംഎൽഎമാരെ മാറ്റുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്നാണ് റോഡ് മാർഗം എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ചത്.സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ കർണാടകയിൽ കോണ്‍ഗ്രസ് എംഎൽഎമാരെ താമസിപ്പിച്ചിട്ടുള്ള റിസോർട്ടിന്‍റെ സുരക്ഷ യെദിയൂരപ്പ സർക്കാർ പിൻവലിച്ചു. റിസോർട്ടിനുമുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കാൻ യെദിയൂരപ്പ പോലീസ് മേധാവിക്കു നിർദേശം നൽകി. ഇതോടെയാണ് എംഎൽഎമാരെ റിസോർട്ടിൽനിന്നു നീക്കാൻ ശ്രമങ്ങൾ തുടങ്ങിയത്.
ന്യൂഡൽഹി: കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന് ദീർഘായുസ് ഉണ്ടോയെന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനം പറയും. ബി.എസ്.യെദിയൂരപ്പ സർക്കാരിനെതിരെ കോൺഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി എന്തുനിലപാട് എടുക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. മന്ത്രിസഭ ഉണ്ടാക്കാൻ അവകാശമുന്നയിച്ചു യെദിയൂരപ്പ ഗവർണർക്ക് നല്കിയ കത്തുകൾ രാവിലെ 10.30-ന് കോടതി പരിശോധിക്കും.യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചതു ശരിയായോ എന്ന് അതിനുശേഷം തീരുമാനിക്കും. ബി.എസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയെങ്കിലും കാതുകൾ ഹാജരാകാനുള്ള നിർദേശം വഴിത്തിരിവാകും. എന്നാൽ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയ കത്തിലെ ഉള്ളടക്കം എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പേരുകൾ യെദ്യൂരപ്പ ഗവർണ്ണർക്ക് കൈമാറിയില്ലെന്ന് ഉറപ്പുണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അവ്യക്തത മാറ്റാനും ഗവർണ്ണറുടെ വിവേചനാധികാരം കൃത്യമായാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് കോടതി കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചുകൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഇന്ന് ഹാജരാക്കണം.ഗവർണ്ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് നൂറ്റിപതിനേഴുപേരുടെ പിന്തുണയുണ്ടെന്നുമാണ് കോൺഗ്രസിന്റെ വാദം.ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് പതിനഞ്ചു ദിവസം നൽകിയത് കുതിരക്കച്ചവടത്തിനാണെന്നും കോൺഗ്രസ് കോടതിയിൽ ആരോപിച്ചു.ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നല്കിയതെന്തിനെന്നുള്ള ചോദ്യവും ശ്രദ്ധേയമാണ്.