ന്യൂഡൽഹി:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു.ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.നിലവിലെ ഗവർണർ നിർഭയ് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിർഭയ് ശർമയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം ആർഎസ്എസിന്‍റെ മുഴുവൻ സമയ പ്രവർത്തകനായി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്‍റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.
ചെങ്ങന്നൂരിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും
ചെങ്ങന്നൂർ:രണ്ടുമാസമായി ചെങ്ങന്നൂരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറുമണിയോടെ പരസ്യപ്രചരണം അവസാനിക്കും.നോട്ട് നിരോധനം,ജി എസ് ടി,ഇന്ധന വിലവർധന,കത്വ പീഡനം തുടങ്ങിയവയൊക്കെ പ്രചാരണത്തിൽ ചർച്ചാ വിഷയമായി.നേരത്തെ ചെങ്ങന്നൂരിൽ നിലനിന്നിരുന്ന വികസന മുരടിപ്പും പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ പിന്നീടുണ്ടായ വികസനവുമൊക്കെയാണ് എൽഡിഎഫ് പ്രധാനമായും മുന്നോട്ടുവെച്ചത്.ഒരു വിഭാഗത്തിന്റെ വോട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.എല്‍ഡിഎഫിന്റെ സജി ചെറിയാനും യുഡിഎഫിന്റെ ഡി വിജയകുമാറും എന്‍ഡിഎയുടെ പിഎസ് ശ്രീധരന്‍പിള്ളയും ശക്തമായ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. പരസ്യപ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.മുഖ്യമന്ത്രി പിണറായി വിജയൻ,പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്,സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ,സിപിഐ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സിപിഎമ്മിനായി പ്രചാരണത്തിനിറങ്ങി.യുഡിഎഫിന് വേണ്ടി പ്രവർത്തക സമിതി അംഗം എ.കെ ആന്റണി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഉമ്മൻ ചാണ്ടി എന്നിവരും ബിജെപിക്ക് വേണ്ടി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും പ്രചാരണത്തിനിറങ്ങി.മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായേക്കാവുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും.ഫലപ്രഖ്യാപനം 31നാണ്.
നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം
കോഴിക്കോട്:നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് മാരകമായ പകർച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.നിപ്പ ബാധയെ തുടർന്ന് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച വവ്വാലുകളുടേതുൾപ്പെടെ 21 വവ്വാലുകളുടെ സാമ്പിളുകളാണ് ഭോപ്പാലിലെ നാഷണൽ ഇസ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ പരിശോധിച്ചത്.ഈ ഫലങ്ങളെല്ലാം നെഗറ്റിവാണെന്ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്റ്റർ ഡോ.എൻ.എൻ ശശി പറഞ്ഞു.ഇതോടെ വൈറസ് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടി വരും.വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ട സാബിത്തിനു രോഗബാധ എങ്ങനെ ഉണ്ടായി എന്നതിലേക്കാണ് അന്വേഷണം നീളുന്നത്.മെയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരണമടഞ്ഞത്.നിപ്പ ബാധയെ തുടർന്നാണ് മരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനമെങ്കിലും സാബിത്തിന്റെ രക്ത സാമ്പിളുകൾ പരിശോധിച്ചിരുന്നില്ല.പിന്നീടാണ് സാബിത്തിന്റെ സഹോദരൻ സാലിഹും പിതാവ് മൂസയും നിപ ബാധിച്ച് മരിച്ചത്. ഇവരുടെ താമസ സ്ഥലത്തുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ശേഷമാണ് മൂവർക്കും പനി ബാധിച്ചതെന്നാണ് കരുതിയിരുന്നത്.ഇതിനാലാണ് ഇവരുടെ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചത്.വവ്വാലുകളുടെ തൊണ്ടയിൽ നിന്നുള്ള സ്രവം,രക്തം,കാഷ്ടം എന്നിവയാണ് പരിശോധനയ്ക്കായി അയച്ചത്.പന്നികളുടെ മൂക്കിൽ നിന്നുള്ള സ്രവം,രക്തം എന്നിവയും ആടിന്റേയും പശുവിനെയും രക്തസാമ്പിളുകൾ എന്നിവയും പരിശോധനയ്ക്കായി അയച്ചിരുന്നു.ഇതും നെഗറ്റിവാണ്.വളർത്തുമൃഗങ്ങളിൽ നിന്നല്ല നിപ ബാധിച്ചതെന്ന് തെളിയിക്കുന്നതാണ് പരിശോധന ഫലം.ഇതോടെ മരിച്ച സാബിത്തിന്റെ യാത്ര വിവരവും പൂർവ്വസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി;നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള വവ്വാലിന്റെ രക്തപരിശോധന ഫലം വൈകും
കോഴിക്കോട്:സംസ്ഥാനത്ത് നിപ വൈറസ്ബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഇതുവരെ 12 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും സ്ഥിതീകരിച്ചു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നിപയെ ഒറ്റക്കെട്ടായി നേരിടാനാണ് യോഗത്തിന്റെ തീരുമാനം.അതേസമയം നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള വവ്വാലിനെ രക്തപരിശോധന ഫലം ഭോപ്പാലിലെ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.ഫലം ഇന്ന് ലഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.ഫലം ലഭിച്ചാൽ മാത്രമേ ഉറവിടം സംബന്ധിച്ച സ്ഥിതീകരണം നടത്താനാകൂ.നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനാ നല്ല രീതിയിലുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രണ്ടാമത്തെ മരണത്തോട് കൂടി തന്നെ രോഗകാരണം കണ്ടുപിടിക്കാൻ കഴിഞ്ഞതിൽ സർക്കാരിനെ അഭിനന്ദിച്ചുവെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പിൽ വാഹനാപകടം;ലോറിയുടെ ടയർ തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
തളിപ്പറമ്പ്:തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലില്‍ വാഹനാപകടം. ഏഴാം മൈല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറി തലയില്‍ കയറി ദാരുണമായി മരണപ്പെട്ടു.തളിപ്പറമ്പ് പൊയില്‍ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരണപെട്ടത്.കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ പിറകില്‍ വരികയായിരുന്ന ലോറി തട്ടുകയും റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു.യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമെത്തിയാണ് മൃതദേഹം മാറ്റിയത്.
കർണാടകയിൽ കുമാരസ്വാമി വിശ്വാസം നേടി; വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു
ബെംഗളൂരു:കർണാടക നിയമസഭയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേടി.117 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.സർക്കാർ വിശ്വാസ വോട്ട് നേടിയതായി സ്പീക്കർ കെ.ആർ രമേശ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു.പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങി പോയി.വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭയിൽ കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദ്യൂരപ്പ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.ബിജെപിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം.ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നു. അതിന് പിതാവിനോട് മാപ്പ് പറയുന്നുവെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. കുമാരസ്വാമിക്കു പിന്നാലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയും സഭയിൽ സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു.അതേസമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡി.കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദ്യൂരപ്പ ശിവകുമാർ ഭാവിയിൽ ദുഖിക്കേണ്ടി വരുമെന്നും പറഞ്ഞു.എന്നാൽ തനിക്കെതിരായ യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് ചിരിക്കുക മാത്രമാണ് ശിവകുമാർ ചെയ്തത്.
നിപ്പ വൈറസ്;പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരോട് വിവേചനമെന്ന് പരാതി
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരോട് വിവേചനമെന്ന് പരാതി.ഇവർ കൈകാണിച്ചാൽ ഓട്ടോയോ ബസ്സോ നിർത്തുന്നില്ല.ബസ്സിൽ കയറിയാൽ ഇവർ കാണുമ്പോഴാ സീറ്റിൽ നിന്നും മാറുന്നു.നിപ്പ വൈറസ് ബാധയേൽക്കുമെന്ന ഭയത്താൽ നാട്ടുകാരും വാഹനക്കാരും ഒറ്റപ്പെടുത്തുന്നതായി ഇവർ പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പതിനൊന്നു സ്ഥിരം നഴ്സുമാരും അഞ്ച് എൻ ആർ എച് എം നഴ്സുമാരും ആണ് ജോലി ചെയ്യുന്നത്.ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മൂന്നു കരാർ നഴ്സുമാർ നിപ്പ മരണങ്ങൾക്ക് ശേഷം വരാതായി.തെറ്റിദ്ധാരണ നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ-സാമൂഹ്യ പ്രവർത്തകർ.ആശുപത്രി സൂപ്രണ്ടിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും നഴ്സുമാരെ ഒറ്റപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
കർണാടകയിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്
ബെംഗളൂരു:കർണാടകയിൽ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും.117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. കോൺഗ്രസും ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ആർ. രമേശ്കുമാറാണു കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറാണു ബിജെപി സ്ഥാനാർഥി.വിശ്വാസ വോട്ടെടുപ്പിനു ശേഷം മാത്രമായിരിക്കും കോൺഗ്രസ്-ജനതാദൾ (എസ്) എംഎൽഎമാർ സ്വതന്ത്രരാവുക. കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത് നഗരത്തിലെ ഹില്‍ട്ടണ്‍ എംബസി ഗോള്‍ഫ് ലിങ്സിലാണ്. നഗരത്തിന് പുറത്തുള്ള ദേവനഹള്ളിയിലെ ഗോള്‍ഫ് ഷെയര്‍ റിസോര്‍ട്ടിലാണ് ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുന്‍പ് മാത്രമേ ഇവരെ വിധാന്‍ സൗധയില്‍ എത്തിക്കുള്ളു. ഇതിനിടെ എംഎല്‍എമാരെ സിദ്ധരാമയ്യയും കുമാരസ്വാമിയും നേരില്‍ സന്ദര്‍ശിച്ച് വീണ്ടും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നും 22 പേരും ജെഡിഎസില്‍ നിന്ന് 12 പേരുമാണ് മന്ത്രിസഭയില്‍ ഉണ്ടാകുക. കോണ്‍ഗ്രസിലെ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യത്തില്‍ ഇതുവരെ തിരുമാനം ആയിട്ടില്ല.
തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്
തൂത്തുക്കുടി:തൂത്തുക്കുടിയിലെ പോലീസ് വെടിവെയ്പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്.ഡി.എം.കെയും പ്രതിപക്ഷ പാർട്ടികളുമാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനുനേരെ ഉണ്ടായ പോലീസ് വെടിവെയ്പ്പിൽ പതിമൂന്നുപേരാണ് മരിച്ചത്.നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിമൂന്നുപേരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഇന്നലെ ഉപരോധവും സമരം നടത്തിയിരുന്നു.ഉപരോധ സമരം നടത്തിയ സ്റ്റാലിൻ അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.ഇതിനിടെ തൂത്തുക്കുടി, കന്യാകുമാരി,തിരുനെൽവേലി മേഖലകളിൽ ഇന്റർനെറ്റ് നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.വേതാന്ത കമ്പനിക്കെതിരെ ദിനംപ്രതി ജനപിന്തുണ കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പിൻവലിച്ചു. ലൈസൻസ് പുനഃസ്ഥാപിക്കുന്നതു വരെ ഉത്പാദനം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് നടപടി.
സ്കൂൾ ബസ്സുകളുടെ പരിശോധന പൂർത്തിയായി
കണ്ണൂർ:ജില്ലയിലെ സ്കൂൾ ബസ്സുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായി.തോട്ടട എം.വി.ഡി ടെസ്റ്റ് മൈതാനത്തും സെന്റ് മൈക്കിൾസ് സ്കൂൾ മൈതാനത്തുമായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.75 സ്കൂൾ വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്.പരിശോധനയിൽ ക്ഷമത പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു നൽകി.രണ്ടു വാഹനങ്ങൾ യാത്രയ്ക്ക് തീർത്തും സുരക്ഷിതമല്ലെന്ന് തെളിഞ്ഞതിനെ തുടർന്ന് സ്റ്റിക്കർ നൽകാതെ തിരിച്ചയച്ചു.12 വാഹനങ്ങൾക്ക് ഭാഗികമായി തകരാർ കണ്ടെത്തിയതിനാൽ അവയെ തിരിച്ചയച്ചിരുന്നു.ഇവ ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് എത്തിച്ചതിനാൽ സ്റ്റിക്കർ പതിച്ചു നൽകി.ജില്ലയിലെ സ്കൂളുകളിൽ രണ്ടു സ്ക്വാർഡുകൾ പരിശോധന നടത്തും പരിശോധനയിൽ സ്റ്റിക്കർ പതിക്കാതെ വാഹനങ്ങൾക്കെതിരെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.സ്കൂൾ തുറന്നാലും പരിശോധന തുടരും.സ്കൂൾ ബസ് ഡ്രൈവർമാർക്ക് ആഴ്ചയിൽ ഒരു ദിവസം മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ക്ലാസും നൽകും.