കോഴിക്കോട്:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്,മലപ്പുറം ജില്ലകളിൽ സ്കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി.ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ , കോളജുകള്‍ , മറ്റു പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.
ചെങ്ങന്നൂരിൽ റെക്കോർഡ് പോളിങ്
ചെങ്ങന്നൂർ:ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്.74.36 ആണ് പോളിങ് ശതമാനം.ചില ബൂത്തുകളിൽ ചില്ലറ തർക്കങ്ങൾ നടന്നതൊഴിച്ചാൽ മണ്ഡലത്തിലെ പോളിംഗ് പൊതുവെ ശാന്തമായിരുന്നു.കഴിഞ്ഞ തവണത്തെക്കാള്‍ 2.04 ശതമാനം കൂടുതൽ പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്.സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡി. വിജയകുമാർ (യുഡിഎഫ്), സജി ചെറിയാൻ (എൽഡിഎഫ്), പി.എസ്. ശ്രീധരൻ പിള്ള (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.ഈ മാസം 31 നാണ് വോട്ടെണ്ണൽ.
കെവിന്റെ കൊലപാതകം;മൂന്നുപേർ അറസ്റ്റിൽ;ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകൻ
കോട്ടയം: കോട്ടയത്ത് നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ ബന്ധുക്കളായ റിയാസ്, ഇഷാന്‍,ഡിവൈഎഫ്ഐ പ്രവർത്തകൻ നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മാന്നാനത്ത് നിന്ന് ഇന്നലെ ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെന്‍മലയ്ക്ക് സമീപം ചാലിയക്കര തോട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.അതേസമയം, കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്ത് എത്തിച്ചു. നേരത്തേ കെവിന്റെ മൃതശരീരം ഇന്‍ക്വസ്റ്റ് ചെയ്ത ചാലിയേക്കരയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കെവിന്റെ ബന്ധുക്കള്‍ ഡി.എം.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക. അതേസമയം കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.കെവിനൊപ്പം അനീഷിനെയും ഇന്നലെ സംഘം തട്ടിക്കൊണ്ടു പോയിരുന്നു.
തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടത് ക്രൂരമർദനത്തിന് ഇരയായ ശേഷമെന്ന് റിപ്പോർട്ട്;കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ ക്രൂരമര്‍ദനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് സൂചന. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നും ലഭിച്ച മൃതദേഹത്തിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലാണ്. തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്‍റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകള്‍ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. അര്‍ധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചിരുന്നു.പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവിട്ടിലുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളില്‍ എത്തിയാണ് വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്.
നിപ വൈറസ്;കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതിക്ക് ഗൾഫിൽ വിലക്ക്
യുഎഇ:നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുമുള്ള പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്‌റൈനിലും വിലക്ക്. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടണ്‍ പഴവും പച്ചക്കറിയുമാണ് ഗള്‍ഫിലേക്ക് കയറ്റിഅയക്കുന്നത്. നെടുമ്ബാശ്ശേരി വഴി 40 ടണ്ണും കോഴിക്കോടുനിന്നും 20 ടണ്ണുമാണ് പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. നിപ്പ കണ്ടെത്തിയത് കോഴിക്കോട് മാത്രമാണെങ്കിലും മൊത്തത്തിലാണ് വിലക്ക്. വിലക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടമുണ്ടാക്കുമെന്നും പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കയറ്റുമതി വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ആദ്യം ബഹ്‌റൈനിലും പിന്നാലെ യുഎഇയുമാണ് വിലക്കേര്‍പ്പെടുത്തിയത്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാറിനെയാണ് അറിയിച്ചത്. കേന്ദ്രത്തിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികള്‍ക്കും ലഭിച്ചു.
ഐപിഎൽ കിരീടം ചെന്നൈ സൂപ്പർകിങ്സിന്
മുംബൈ:ഐപിഎല്‍ കലാശപ്പോരില്‍ സണ്‍റൈസേഴ്‍സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം.ഹൈദരാബാദിനെതിരെ എട്ട് വിക്കറ്റിന്റെ രാജകീയ വിജയവുമായാണ് ചെന്നൈ ഒരിടവേളക്ക് ശേഷം ഐപിഎൽ കിരീടം ചൂടിയത്. ഷെയ്‍ന്‍ വാട്സന്റെ തിളക്കമേറിയ സെഞ്ച്വറിയാണ് ചെന്നൈക്ക് കിരീടം സമ്മാനിച്ചത്.ഹൈദരാബാദ് ഉയർത്തിയ 179 റൺസ് എന്ന വിജയലക്ഷ്യം ഒൻപതു ബോൾ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.10 റണ്‍സെടുത്ത ഡുപ്ലിസിസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വാട്സനും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. 12 ഓവറില്‍ ഒരു വിക്കറ്റിന് 104 റണ്‍സ് എന്ന നിലയിലായിരുന്ന ചെന്നൈയുടെ കുതിപ്പിന് സന്ദീപ് ശര്‍മ എറിഞ്ഞ പതിമൂന്നാം ഓവർ ബോണസായി. സന്ദീപിന്റെ ഓവറില്‍ വാട്സ്ണ്‍ പറത്തിയ ഹാട്രിക് സിക്സര്‍ അടക്കം മൊത്തം 27 റണ്‍സാണ് പിറന്നത്.57 പന്തില്‍ നിന്ന് 8 സിക്സറിന്റെയും 11 ബൌണ്ടറികളുടെയും അകമ്പടിയോടെ 117 റണ്‍സാണ് വാട്സന്‍ അടിച്ചുകൂട്ടിയത്. 205.26 ആയിരുന്നു വാട്സന്‍റെ സ്ട്രൈക്ക് റേറ്റ്. സീസണിൽ വാട്സണ്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയായിരുന്നു ഇത്.റെയ്ന 32 റണ്‍സെടുത്തു.ഡുപ്ലസിസിന്‍റെയും (10 റണ്‍സ്), സുരേഷ് റെയ്നയുടെയും (32 റണ്‍സ്) വിക്കറ്റ് മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.ഒത്തുകളി വിവാദത്തിൽപ്പെട്ട് രണ്ടുവർഷം സസ്പെൻഷനിലായിരുന്ന ചെന്നെയുടെ മടങ്ങിവരവ് മൂന്നാം കിരീടത്തിലേക്കായിരുന്നു.2010,11 വർഷങ്ങളിലും ചെന്നൈ ആയിരുന്നു ഐപിഎൽ ചാമ്പ്യന്മാർ.ഈ സീസണിൽ ഹൈദരാബാദുമായി കളിച്ച നാലുകളികളിൽ നാലും ജയിച്ചാണ് ചെന്നൈ ചാമ്പ്യന്മാരായത്.
നിപ വൈറസ്;ചികിത്സയിലുള്ള നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട്:നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ മെച്ചപ്പെട്ട പുരോഗതി.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.നിപ വൈറസ് പ്രതിരോധ ഗുളികയായ റിബാവൈറിനാണ് ഇപ്പോൾ ചികിത്സയിലുള്ളവർക്ക് നൽകുന്നത്.ഈ ഗുളികകൊണ്ട് 40 ശതമാനം വരെ ഗുണമുണ്ടാകും. അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നിപ വൈറസിനെതിരെ ഓസ്‌ട്രേലിയയിൽ നിന്നും മരുന്ന് ഇറക്കുമതി ചെയ്യാൻ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഇതിന്റെ ചികിത്സാമാര്‍ഗരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ചികിത്സ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.എന്നാൽ ഈ മരുന്ന് എത്രത്തോളം ഫലം ചെയ്യുമെന്ന് ഉറപ്പില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു;ഒരാൾക്ക് പരിക്കേറ്റു
ആറളം:ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയുടെ വീട് തകർന്നു.ഫാം 9 ബ്ലോക്കിലെ വലയംചാലിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് അംഗപരിമിതനായ ആദിവാസി യുവാവ് രാജുവിന് പരിക്കേൽക്കുകയും ചെയ്തു.ഞായറാഴ്ച പുലർച്ചെയാണ് സംഭവം.ടാർപോളിൻ കൊണ്ട് മേൽക്കൂരയുള്ള വീട്ടിൽ രാജു ഒറ്റയ്ക്കാണ് താമസം.പുലർച്ചെ മൂന്നു മണിയോട് കൂടി വീടിന്റെ ഷീറ്റ് വലിക്കുന്ന ഒച്ച കേട്ടാണ് രാജു ഉണർന്നത്.മുറ്റത്ത് രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ട് വീടിന്റെ പിറകുവശത്തേക്ക് ഓടുന്നതിനിടെ വീണാണ് രാജുവിന് പരിക്കേറ്റത്.ഉടൻ തന്നെ രാജു വനം വകുപ്പ് അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.അതേസമയം പരിക്കേറ്റ രാജുവുനെ ആശുപത്രിയിൽ എത്തിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല എന്ന് ആദിവാസികൾ പരാതിപ്പെട്ടു.വനം വകുപ്പിന്റെ ജീപ്പ് രാവിലെ പത്തുമണിയോടെ സ്ഥലത്തെത്തിയപ്പോൾ പ്രതിഷേധവുമായി ആദിവാസികൾ രംഗത്തെത്തി.ഇവർ വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞുവെച്ചു.തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് വനം വകുപ്പിന്റെ വാഹനത്തിൽ രാജുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിൽ കനത്ത പോളിംഗ്;ആദ്യ മൂന്നു മണിക്കൂറിൽ 18 ശതമാനം പോളിങ് രേഖപ്പെടുത്തി
ചെങ്ങന്നൂർ:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ മികച്ച പോളിങ് പുരോഗമിക്കുന്നു.ആദ്യ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 18 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യം ഏഴ് മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നീണ്ട ക്യൂവാണ് പോളിങ് ബൂത്തുകളിലെല്ലാം ഉള്ളത്. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്‍ കൊഴുവല്ലൂര്‍ എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലെ 77ആം നമ്പർ ബൂത്തിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ സകുടുംബം പുലിയൂര്‍ ഗവ. ഹൈസ്കൂളിലെ 97ആം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ചെങ്ങന്നൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. തൃപ്പെരുന്തുറ യു.പി സ്കൂളില്‍ 130ആം നമ്പർ ബൂത്തില്‍ കുടുംബസമേതമാണ് രമേശ് ചെന്നിത്തല വോട്ട് ചെയ്യാനെത്തിയത്.വോട്ടിംഗ് ആദ്യ ഏതാനും മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആലപ്പുഴ എസ്.പി സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണമാണ് മണ്ഡലത്തിലുടനീളം സജ്ജമാക്കിയിട്ടുള്ളത്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 17 സഹായ ബൂത്തുകളിലുമായാണ് പോളിംഗ് പുരോഗമിക്കുന്നത്. ഓരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ വീതമുണ്ട്. 31നാണ് വോട്ടെണ്ണല്‍.
കർണാടകത്തിൽ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു:കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ കാര്‍ അപകടത്തില്‍ മരിച്ചു. ജാമഖണ്ടി എംഎല്‍എ സിദ്ധു ബി ന്യാമഗൗഡയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഗോവയില്‍ നിന്നുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഗോവയില്‍ നിന്ന് തന്റെ മണ്ഡലമായ ജാമഖണ്ടിയിലേക്ക് വരികയായിരുന്നു. തുളസിഗെരിക്കടുത്ത് വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായതെന്ന് കരുതുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. 67 കാരനായ ന്യാമഗൗഡ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന വ്യക്തിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് അദ്ദേഹം.