കണ്ണൂർ:കണ്ണൂർ അഴീക്കലിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മത്സ്യബന്ധനത്തിന് പോയി മടങ്ങുന്നതിനിടെ കർണാടകയിലെ മാൽപയിൽ കടൽക്ഷോഭത്തിൽ കാണാതായ മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു.കന്യാകുമാരി സ്വദേശികളായ അരുൾ രാജ്(21),പുഷ്പ്പരാജ്(27) എന്നിവർക്കായുള്ള തിരച്ചിലാണ് തുടരുന്നത്.പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്.ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ സെബാസ്റ്റ്യൻ, ആന്റണി,ശ്രീജൻ, തിരുവനന്തപുരം സ്വദേശിയായ തദേയൂസ് എന്നിവരെ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.തമിഴ്‌നാട്ടിൽ നിന്നുള്ള എയ്ഞ്ചൽ ഫസ്റ്റ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.കണ്ണൂർ മറൈൻ എൻഫോഴ്‌സ്‌മെന്റാണ് അപകട വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചത്.എയ്ഞ്ചൽ ഫസ്റ്റ് എന്ന ബോട്ടിനൊപ്പം മത്സ്യബന്ധനത്തിന് പോയ എയ്ഞ്ചൽ സെക്കന്റ് എന്ന ബോട്ടിലെ ഒൻപതു ജീവനക്കാരും സുരക്ഷിതരായി കരയ്ക്കണഞ്ഞു.മാൽപ തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.കർണാടകയിൽ മെയ് 30 ന് ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനാൽ അതിനു മുന്പായി കർണാടക സമുദ്രാതിർത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു മൽസ്യത്തൊഴിലാളികൾ.
നിപ്പ വൈറസ് കോഴിയിറച്ചിയിലൂടെ പകരുന്നുവെന്ന് വ്യാജപ്രചരണം;വ്യാപാര മേഖല തകരുന്നുവെന്ന് ചിക്കൻ വ്യാപാരികൾ
കോഴിക്കോട്: ജനങ്ങളില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് കോഴിയിറച്ചിയിലൂടെ പകരുന്നുവെന്ന വ്യാജപ്രചാരണം വ്യാപാര മേഖലയെ തകര്‍ക്കുന്നുവെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി. വ്യാജപ്രചാരണത്തോടെ 40 മുതല്‍ 60 ശതമാനം വരെ വ്യാപാരം ഇല്ലാതായെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആരോഗ്യ രംഗത്തുണ്ടാവുന്ന പ്രശ്‌നങ്ങളെ ചിക്കന്‍ വ്യാപാര മേഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രചരണം കോഴി വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.പ്രചാരണം കാരണം കോഴി വ്യാപാരമേഖല ഏറെ പ്രതിസന്ധിയില്‍ എത്തിനില്‍ക്കുകയാണ്.അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി തെറ്റായ പ്രചാരണം നടത്തുന്നവരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചെങ്ങന്നൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് വ്യക്തമായ ലീഡ്
ചെങ്ങന്നൂർ:ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു.ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി ചെറിയാന്‍ മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള മാന്നാര്‍ പഞ്ചായത്തിലും യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് മുന്നേറിയത്. 4628 വോട്ടിനാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.തപാൽ,സർവീസ് വോട്ടുകളാണ് ആദ്യം എണ്ണിയത്.ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുന്തോറും സജി ചെറിയാന്‍ ലീഡ് വര്‍ധിപ്പിച്ച് മുന്നേറുകയാണ്. വിജയം ഉറപ്പിച്ചെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിനും എന്‍ഡിഎയ്ക്കും കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. അത്ഭുത വിജയം അവകാശപ്പെട്ട ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മാന്നാറിൽ കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. എന്നാൽ പാണ്ടനാട് എൽഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോൾപോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാൻ മുന്നേറി. ഇവിടെയും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ലഭിച്ചില്ല.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുൻപിൽ
ചെങ്ങന്നൂർ:ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നുര്‍ ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോൾ എല്‍ഡിഎഫ് ആണ് മുന്നില്‍.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 13 റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാക്കും. 799 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ഇതുവരെ റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. ഇതാണ് ആദ്യം എണ്ണുന്നത്.ആദ്യം മാന്നാര്‍ പഞ്ചായത്തിലെ 1 മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടാണ് എണ്ണുക. അതിന് ശേഷം പാണ്ടനാടും തിരുവന്‍വണ്ടൂരും ഉള്‍പ്പെടെ പതിമൂന്ന് റൗണ്ടായിട്ടായിരിക്കും എണ്ണല്‍ പൂര്‍ത്തിയാകുക. ഏറ്റവും അവസാനം വെണ്മണി പഞ്ചായത്താണ് എണ്ണുക. ചെങ്ങന്നൂര്‍ നഗരസഭ നാലാം റൗണ്ടിലാണ് എണ്ണുക.ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ 1591 വോട്ടുകൾക്ക് മുൻപിലാണ്. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വയനാട് ജില്ലയിൽ യുഡിഎഫും ബിജെപിയും ഇന്ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
സുൽത്താൻ ബത്തേരി:വയനാട് ജില്ലയിൽ യുഡിഎഫും ബിജെപിയും ഇന്ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു.ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച കൊമ്പനാനയെ മയക്കുവെടി വെച്ച് പിടിച്ച് ആനപ്പന്തിയിലേക്ക് മാറ്റാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചത്.വടക്കനാട് മേഖലയിലെ മൂന്നു വാർഡുകളെയാണ് കാട്ടാന ശല്യം രൂക്ഷമായി ബാധിച്ചത്.ഈ മൂന്നു വാർഡുകളിലുമായി 1400 ഓളം വീടുകളാണുള്ളത്. വയലുകളിലെ നെല്ലുകൾ തിന്നുതീർക്കുന്നതുൾപ്പെടെ നിരവധി നാശനഷ്ടങ്ങളാണ് കാട്ടാനകൾ ഇവിടെ വരുത്തുന്നത്.ബത്തേരിക്ക് സമീപം വടക്കാനാട് നാട്ടുകാര്‍ക്ക് ഭീഷണിയായ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒമ്ബതു ദിവസമായ് പ്രദേശവാസികള്‍ നിരാഹാര സമരത്തിലാണ്. ഈ സാഹചര്യത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്.
വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ
സുൽത്താൻ ബത്തേരി:വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ.ഇന്ന് പുലർച്ചെ ബത്തേരിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നിരുന്നു.ഈ മേഖലയിൽ ആനകളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.മുതുമല പുലിയാരം കാട്ടുനായ്ക്ക കോളനിയിലെ ചന്ദ്രന്റെ മകൻ മഹേഷ്(11) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പൊൻകുഴിയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മഹേഷ്. ഇന്ന് പുലർച്ചെ കോളനിക്ക് 150 മീറ്റർ അകലെവെച്ചാണ് കുട്ടിയെ കാട്ടാന കുത്തുന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാതെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു.
കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയിൽ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്തു

ചെറുപുഴ പാടിയോട്ടുചാലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
ചെറുപുഴ:ചെറുപുഴ പാടിയോട്ടുചാലിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന കരിയാക്കരയിലെ അഴകത്ത് ചാക്കോയുടെ മകൻ ടോണി(18),ചെറുപുഴ കാക്കയംചാലിലെ കേഴപ്ലാക്കൽ സജിയുടെ മകൻ അഭിഷേക്(18) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മച്ചിയിൽ ജുമാ മസ്ജിദിനു മുന്നിലായിരുന്ന അപകടം.പാടിയോട്ടു ചാലിൽ നിന്നും ചെറുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും ചെറുപുഴ ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപ്പെട്ട യുവാക്കളെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ടോണി മരിക്കുകയായിരുന്നു.അഭിഷേകിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.ഇരുവരും ചിറ്റാരിക്കാൽ തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം പ്ലസ് ടു പാസ്സായവരാണ്.
പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ ഇളവ് വരുത്താൻ തീരുമാനം;സംസ്ഥാനത്ത് ഇന്ധന വില കുറയും
തിരുവനന്തപുരം:പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായകമായ തീരുമാനം.എന്നാൽ എത്ര രൂപ കുറയ്ക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രം വിലകുറയ്ക്കല്‍ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ ആ ഘട്ടത്തില്‍ ഈ ഇളവ് പിന്‍വലിക്കും.പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാറ് ദിവസത്തിന് ശേഷം പെട്രോള്‍ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്.ഇന്ധന വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും വന്‍ വര്‍ദ്ധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇത്തരത്തിൽ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കനത്ത കാറ്റിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം
കണ്ണൂർ:ഇന്നലെ പുലർച്ചെ ഉണ്ടായ കനത്ത കാറ്റിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം.കണ്ണൂർ കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിലെ കട മരം വീണ് തകർന്നു. മാങ്ങാട് സ്വദേശി അനൂപിന്‍റെ ഉടമസ്ഥതയിലുള്ള ലഘുഭക്ഷണ ശാലയാണ് തകർന്നത്.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പുതുതായി വാങ്ങിയ ഫ്രീസർ ഉൾപ്പെടെ കടയിലെ സാധനങ്ങളെല്ലാം നശിച്ചു.കനത്ത കാറ്റിൽ കണ്ണൂർ ഐജി ഓഫീസിനു സമീപത്തെ റോഡരികിലുള്ള കൂറ്റൻ മരത്തിന്‍റെ ശിഖരവും മുറിഞ്ഞു വീണു.റോഡരികിൽ നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരക്കൊമ്പ് പൊട്ടി വീണത്. ആർക്കും പരിക്കില്ല. ഇതിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പികളും മുറിഞ്ഞുവീണു. ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. അഗ്നിശമനസേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസിന്‍റെ ജനൽചില്ലുകളും ഇന്നലെ രാത്രി വീശിയ കാറ്റിൽ തകർന്നിട്ടുണ്ട്.
കാറ്റിൽ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വാപക നാശനഷ്ടം ഉണ്ടായി.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ മഞ്ഞോടിയിലുള്ള കെട്ടിടത്തിന്റെ അഞ്ചാംനിലയുടെ മേൽക്കൂര ഭാഗികമായി തകർന്നു.ആശുപത്രി ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.തിങ്കഴാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ ധർമടത്ത് തെങ്ങ് വീണ് വീട് തകർന്നു. ബ്രണ്ണൻ കോളജ് അംബേദ്കർ കോളനിക്കടുത്ത് കടുമ്പേരി ജയന്‍റെ ഇരു നില തറവാട് വീടാണ് തകർന്നത്.മഞ്ഞോടിയിൽ കമലാലയത്തിൽ രഞ്ജിത്തിന്റെ കാറിന്റെ ചില്ലുകൾ തകർന്നു.മഞ്ഞോടിയിലെ ആർ.പി രമേശിന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പാറിപ്പോയി.പട്ടൻ നാരായണന്റെ കടയുടെ മേൽക്കൂരയുടെ ഇരുമ്പ് ഷീറ്റ് ഇളകി അടുത്ത വീട്ടിലെത്തി.പുല്ലമ്പിൽ റോഡിൽ കെ.സി.എസ് വാടകസാധനങ്ങൾ സൂക്ഷിക്കുന്ന താൽക്കാലിക ഷെഡ്ഡ് നിലംപൊത്തി.ഇവിടെ മരം പൊട്ടിവീണ് ട്രാൻസ്ഫോർമറിന് കേടുപാട് സംഭവിച്ചതിനാൽ പലയിടത്തും വൈദ്യുതി ബന്ധവും താറുമാറായി.