ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ 25 പേർ മരിച്ചു.ഫ്യൂഗോ അഗ്നി പർവ്വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെത്തുടർന്ന് രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചു.അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ചാരം വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമെല്ലാം പറന്നെത്തിയത് ജനജീവിതത്തെ ബാധിച്ചു. ജനങ്ങൾ ഭയന്ന് വീടിന് പുറത്തേക്ക് പോലുമിറങ്ങാൻ തയാറാകാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഏഴ് നഗരസഭാ പ്രദേശങ്ങളിലേക്കാണ് ഇത്തരത്തിൽ ചാരമെത്തിയത്. വാഹനങ്ങളുടെ ഗ്ലാസുകളിലടക്കം ചാരം പടർന്നതോടെ ചിലയിടങ്ങളിൽ ഗതാഗത തടസം വരെയുണ്ടായെന്നാണ് റിപ്പോർട്ട്.സംഭവത്തെ തുടര്‍ന്ന് സമീപ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും രാജ്യത്തുടനീളം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ദുരിത ബാധിത മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ അന്വേഷിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 12,346 അടി ഉയരത്തിലാണ് ഇത്തവണ പൊട്ടിത്തെറി ഉണ്ടായത്.
മാസ്ക്കും ഗ്ലൗസും ധരിച്ച് നിയമസഭയിൽ; കുറ്റ്യാടി എംഎൽഎക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം:നിപ രോഗികളെ അപമാനിക്കുന്ന തരത്തില്‍ നിയമസഭയില്‍ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും.എംഎല്‍എയുടെ പ്രവര്‍ത്തി തീര്‍ത്തും അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശമുണ്ട്.ഒന്നുകില്‍ അദ്ദേഹത്തിന് നിപാ ബാധയുണ്ടാകണം. അല്ലെങ്കില്‍ അത്തരത്തിലുള്ളവരുമായി അടുത്തിടപെഴക്കിയിട്ടുണ്ടാവണം.ഈ അവസരത്തില്‍ ഇത്തരത്തിൽ അദ്ദേഹം നിയമസഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗൗരവമായ വിഷയത്തെ അപഹസിക്കുന്നതായിപ്പോയി എംഎല്‍എയുടെ ചെയ്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെയാണ് നടക്കുന്നത് എന്നും ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് അബ്ദുള്ള ചെയ്തതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കെവിന്റെ കൊലപാതകം;കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ ഭാര്യ വീട്ടുക്കാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.കെവിൻ കൊലക്കേസിൽ രാഷ്ട്രീയം നോക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 14 പ്രതികള്‍ കസ്റ്റഡിയിലും റിമാന്‍ഡിലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളമൊട്ടാകെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസ് സിബിഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബുവിനെ രക്ഷിക്കാനാണ് ഇപ്പോള്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും ശ്രമം. അതിനാൽ കേസ് സിബിഐയ്ക്ക് വിടണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.കെവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.കെവിന്റെ മരണം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. കെവിന്റെ ഭാര്യ നീനു പരാതിയുമായി വന്നപ്പോള്‍ പോലീസ് ആവശ്യമായ നടപടി എടുത്തില്ല. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേസിലെ 14 പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കെവിൻ കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഇതിൽ രാഷ്ട്രീയം നോക്കേണ്ടെന്നും പോലീസിന്‍റെ വീഴ്ചയിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെവിന്റേത് ദുരഭിമാനക്കൊല;സാമ്പത്തിക സ്ഥിതിയും ജാതിയുമാണ് എതിർപ്പിന് കാരണമെന്ന് നീനുവിന്റെ മൊഴി
കോട്ടയം:കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് നീനുവിന്റെ മൊഴി.കെവിന്റെ സാമ്പത്തിക സ്ഥിതിയും ജാതിയുമാണ് എതിര്‍പ്പിനു കാരണമായത്.ഈ രണ്ടു കാരണങ്ങളുയർത്തി വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും പിന്മാറാത്തതായിരിക്കാം കൊലപാതകത്തിന് കാരണമെന്നും നീനു സംശയിക്കുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ നീനുവിനെ അറിയിച്ചതായി രണ്ടാംപ്രതി നിയാസ് പൊലീസിന് മൊഴി നൽകിയിരുന്നു.എന്നാല്‍ നീനു ഇക്കാര്യം തള്ളി. തട്ടിക്കൊണ്ടുപോയ കാര്യം അറിയുന്നത് പോലീസ് സ്‌റ്റേഷനിലെത്തിയ ശേഷമാണെന്ന് നീനു മൊഴി നല്‍കി. സ്‌റ്റേഷനിലെത്തിയ ശേഷം കെവിന്റെ ബന്ധു അനീഷിന്റെ ഫോണില്‍ നിന്ന് നിയാസിനെ വിളിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും കെവിനെ വിട്ടയക്കണമെന്നും നീനു നിയാസിനോട് ഫോണില്‍ പറഞ്ഞു. അനീഷിന്റെ നിര്‍ദേശ പ്രകാരമാണ് നീനു ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ലാഘവത്തോടെയാണ് നിയാസ് പ്രതികരിച്ചതെന്ന് നീനു മൊഴി നല്‍കി. അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവരാത്തതിനെ തുടര്‍ന്നു നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് കെവിന്റെ മരണം മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നത്.അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണ്ണായകമാകും.
അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുന്ന നീനുവിന്റെ മാതാവ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലായ പശ്ചാത്തലത്തിലാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.കേസിൽ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കണ്ണൂര്‍ പോലീസില്‍ കീഴടങ്ങും മുമ്പ് രഹ്നയെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.കൊല്ലം പുനലൂരില്‍ തന്നെ രഹ്ന ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് നിഗമനം. ഈ ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.മുന്‍കൂര്‍ ജാമ്യം നേടുന്നതിന് മുമ്പ് തന്നെ ഇവരെ പിടികൂടാനാണ് പോലീസ് നീക്കം.
നിപ്പ;മൂന്നാം ഘട്ടത്തിൽ വൈറസ് പടരാൻ സാധ്യതയില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അരുണ്‍കുമാര്‍
കോഴിക്കോട്:നിപ്പ വൈറസിന് രണ്ടാം ഘട്ടത്തിൽ ശക്തി കുറയുമെന്നും അതിനാൽ മൂന്നാം ഘട്ടത്തിൽ വൈറസ് പടരാൻ സാധ്യതയില്ലെന്നും മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അരുണ്‍കുമാര്‍.വൈറസിന്റെ ഉറവിടത്തിൽ നിന്നും നേരിട്ട് രോഗബാധയേറ്റവരാണ് ആദ്യഘട്ടത്തില്‍ നിപ്പാ വൈറസ് മൂലം മരിച്ചത്. ഇവരില്‍ നിന്ന് രോഗം പകര്‍ന്നവരാണ് രണ്ടാംഘട്ടത്തില്‍ മരിച്ചത്. ഈ ഘട്ടത്തില്‍ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.രണ്ടാം ഘട്ടത്തിൽ വൈറസ് ബാധയേറ്റവരെയെല്ലാം ഐസൊലേഷൻ വാർഡുകളിലാണ് പ്രവേശിപ്പിച്ചിരുന്നത്. അതിനാൽ രോഗം കടുത്തുനില്‍ക്കുന്ന സമയത്ത് രോഗിയുമായി മറ്റുളളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാനുളള അവസരം കുറവായിരുന്നു.രോഗം മൂര്‍ഛിച്ചു നിൽക്കുമ്പോഴാണ് നിപ്പാ വൈറസ് രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.അതുകൊണ്ട് രണ്ടാംഘട്ടത്തിലെ രോഗികളില്‍ നിന്ന് രോഗം പടരാനുളള സാധ്യത തീരെയില്ല. രണ്ടാംഘട്ടത്തില്‍ നിപ്പാ ബാധിച്ച എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവന്നതായി ഉറപ്പിച്ചാല്‍ ആശങ്കകള്‍ അവസാനിക്കുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
നിപ്പ വൈറസ്;മരുന്നും ചികിത്സയും ഉണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്റ്റർമാർ
കോഴിക്കോട്:ജനങ്ങളെ ആശങ്കയിലാഴ്ത്തി നിപ്പ വൈറസിന്റെ രണ്ടാം ഘട്ടം പിടിമുറുക്കുന്നതിനിടെ നിപ്പയ്‌ക്കെതിരെ മരുന്നും ചികിത്സയുമുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്റ്റർമാർ.നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.നിലവില്‍ വിവിധ തരം പനികള്‍ക്കെതിരെ പ്രതിരോധ മരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഹോമിയോപതിയില്‍ ചികിത്സയും മരുന്നുമുണ്ടെന്നും നിപ രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെടുമെന്നും അസോസിയേഷന്‍ പറയുന്നു.
കണ്ണൂരിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തി രണ്ടുപേർ മരിച്ചു
കണ്ണൂർ:പയ്യാവൂർ ചതുരമ്പുഴയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് കത്തി രണ്ടുപേർ മരിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.അപകടത്തില്‍ വൈദ്യുത ലൈന്‍ പൊട്ടി കാറിന് മുകളിലേക്ക് വീണതിനെത്തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ രണ്ടു പേര്‍ വെന്തുമരിക്കുകയായിരുന്നു. കാര്‍ രണ്ട് കഷ്ണമായി മുറിയുകയും ചെയ്തു.ഒരാളുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിലാണുള്ളത്.ചന്ദനക്കാംപാറ വെട്ടത്ത് ജോയിയുടെ മകന്‍ റിജുല്‍ (19 ), കരിവിലങ്ങാട്ടു ജോയിയുടെ മകന്‍ അനൂപ് (19 ) എന്നിവരാണ് മരിച്ചത്. മച്ചുകാട്ടു തോമസിന്റെ മകന്‍ അഖില്‍, ഷാജിയുടെ മകന്‍ സില്‍ജോ എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പയ്യാവൂര്‍ പോലീസ് സ്ഥലത്തുണ്ട്. അപകടം നടന്ന ഭാഗത്തേക്ക് ആള്‍ക്കാരെ കടത്തിവിടുന്നില്ല.
പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് പരിശോധന ഫലം
കോഴിക്കോട്:പരിശോധനക്കയച്ച പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം.ഭോപാലിലെ ലാബില്‍ നിന്നുള്ളതാണ് ഫലം.പരിശോധിച്ച 13 വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും നിന്നുള്ള വവ്വാലുകളിലായിരുന്നു പരിശോധന.പഴങ്ങള്‍ തിന്നുന്ന വവ്വാലുകളാണ് നിപ വൈറസ് വാഹകര്‍. അതുകൊണ്ടാണ് പഴംതീനി വവ്വാലുകളെ പിടികൂടി പരിശോധനക്കയച്ചത്.നിപ രോഗബാധയെത്തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്തെ സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പുതിയ വീട്ടിലെ കിണറിനകത്തുള്ള ചെറുപ്രാണികളെ തിന്നുന്ന വവ്വാലുകളെ നേരത്തെ പിടികൂടി സാമ്പിളുകള്‍ ഭോപാലിലെയും പുണെയിലെയും ലാബുകളിലേക്ക് അയച്ചിരുന്നു.എന്നാല്‍ ഈ പരിശോധനയിലും നിപ വൈറസിനെ കണ്ടെത്താനായില്ല. ഇപ്പോഴും വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ല. പരിശോധനക്കയച്ച 13 വവ്വാലുകളില്‍ നിപയില്ല എന്നു മാത്രമേ ഉറപ്പിക്കാനായുള്ളൂ.
നിപ വൈറസ്;വ്യാജ പ്രചാരണം നടത്തിയ അഞ്ചുപേർ അറസ്റ്റിൽ
കോഴിക്കോട്: നിപ്പാ വൈറസ് ബാധ ജനങ്ങളില്‍ ആശങ്കയുണ്ടാക്കവേ ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഫറോക്ക് സ്വദേശികളായ നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ്, വൈഷ്ണവ്, വിവിജ് എന്നിവരാണ് അറസ്റ്റിലായത്.നിപ്പാ വൈറസ് പടരുന്നതിനെ സംബന്ധിച്ച് വാട്സ്ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ ഇവർ അശാസ്ത്രീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.നിപ്പാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. അസത്യപ്രചാരണത്തിന്റെ ഉറവിടം സൈബര്‍സെല്‍ പരിശോധിക്കും.
പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു.കോഴിക്കോട് ചേളന്നൂരിലെ ജയരാജിന്റെ മകള്‍ ശ്രീലയ (19) ആണ് മരിച്ചത്.ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ പനിയാണെന്ന് പറഞ്ഞ് ശ്രീലയ ഇന്ന് ക്ലാസ്സിൽ പോയിരുന്നില്ല.ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.ഒന്നാം വര്‍ഷ ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. പരിയാരം പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അത്മഹത്യ ചെയ്യാനുള്ള സാഹചര്യം വ്യക്തമല്ല.