ന്യൂഡൽഹി:രാജ്യത്ത് കത്തിപ്പടരുന്ന കര്‍ഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കി.പകരം കേരളത്തിൽ കരിദിനം ആചരിക്കും.ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ബന്ദിന് ആഹ്വാനം ചെയ്തത്.ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെയാണ് ബന്ദ് ഒഴിവാക്കിയതെന്ന് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ പി.ടി ജോണ്‍ വ്യക്തമാക്കി.
ജൂൺ 10 വരെ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ ലഭിച്ചാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രം അറിയിച്ചു.ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, ചാലുകളിലും,വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിർദേശം നല്കി. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കണം. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസിനു നിർദേശം നല്കി. ബീച്ചുകളിൽ വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കുവാൻ നടപടിയെടുക്കാൻ ഡിടിപിസിക്കു നിർദേശം നല്കി.
മാരക പാർശ്വഫലങ്ങളുള്ള മയക്കു ഗുളികകളുമായി മൂന്നുപേർ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: മാരക പാർശ്വഫലങ്ങളുള്ള ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളുമായി മൂന്നുപേർ കണ്ണൂരിൽ പിടിയിൽ.കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശികളായ അസ്കർ (22), ഷഫ് നാസ് (22)തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി വൈഷ്ണവ് ( 23) എന്നിവരാണ് ബുധനാഴ്ച വൈകുന്നേരം ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ് പെക്ടറുടെ പിടിയിലായത്.ഈ ഇനത്തിൽപ്പെട്ട മയക്കുമരുന്നുകൾ അനധികൃതമായി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിൽപ്പന നടത്താൻ അനുവാദമുള്ള ഇത്തരം മയക്കുമരുന്നുകൾ അയൽ സംസ്ഥാനമായ കർണ്ണാടകത്തിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും കൂടിയ വിലയ്ക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വിറ്റഴിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.ദിവസങ്ങൾ നീണ്ടു നില്ക്കുന്ന ലഹരി സമ്മാനിക്കുന്ന ഈ ഗുളികകൾ മറ്റു ലഹരി വസ്തുക്കളെ അപേക്ഷിച്ച് വിലക്കുറവുള്ളതും സൗകര്യപ്രദമായി ഉപയോഗിക്കാമെന്നുള്ളതും യുവാക്കളെ ആകർഷിക്കുന്നതിനു കാരണമായി പറയപ്പെടുന്നു .പ്രതികളെ വടകര NDPS കോടതി മുമ്പാകെ ഹാജരാക്കും .എക്സൈസ് ഇൻസ്പെക്ടർ പി.പി ജനാർദ്ദനനൊപ്പം പ്രിവന്റീവ് ഓഫീസർ പി.ടി യേശു ദാസ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ഉല്ലാസ് ജോസ് ,ഷിബു ,വിനോദ്, കേശവൻ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
ജൂൺ 18 മുതൽ കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിക്കും
തിരുവനന്തപുരം:ജൂൺ 18 മുതൽ കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും.ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. കര്‍ണാടക,ആന്ധ്ര,ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര,തെലുങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സര്‍വീസ് നടത്തുക. ഒരു ചാര്‍ജിങ്ങില്‍ 250 കിലോമീറ്റര്‍ വരെ ഓടാവുന്ന ബസുകളാണു നിലവില്‍ സര്‍വീസ് നടത്തുക.ഇലക്‌ട്രിക് ബസുകളുടെ വില വരുന്നത് 1.5 കോടി മുതലാണ്.വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്‌ട്രിക് ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി നേരത്തേ തീരുമാനിച്ചിരുന്നതാണ്.കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെ.എസ്.ആര്‍.ടി.സി നൽകും.ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയാണ് വഹിക്കേണ്ടത്.നേരത്തെ ഇലക്‌ട്രിക് ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സി ആലോചിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വന്‍ സാമ്പത്തിക ബാധ്യത വരുമെന്നതിനാല്‍ ഈ ശ്രമം മുന്നോട്ടുപോയില്ല.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയിൽനിന്നു പുറത്താക്കി
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളിയെ ജോലിയിൽനിന്നു പുറത്താക്കി. കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെയാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണക്കമ്പനി പിരിച്ചുവിട്ടത്. ഇയാൾ ഇവിടെ റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പ്രവർത്തകനാണെന്നു സ്വയം പരിചയപ്പെടുത്തിയ കൃഷ്ണകുമാർ മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.പിണറായിയുടെ കുടുംബത്തിനെതിരെയും ഇയാള്‍ മോശം പരാമർശം നടത്തിയിരുന്നു.സംഭവം വിവാദമായപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ജോലി പോയതോടെ മദ്യലഹരിയിലാണു താൻ അസഭ്യപ്രയോഗം നടത്തിയതെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് ഫേസ്ബുക്കിൽ രംഗത്തെത്തി.
കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം ആവശ്യമില്ല; കെവിന്റെ മാതാപിതാക്കൾ പറയും വരെ ഇവിടെ തുടരുമെന്നും നീനു
കോട്ടയം: തനിക്ക് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന പിതാവ് ചാക്കോക്കെതിരെ നീനു. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തന്നെ കെവിന്റെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കളെന്ന് നീനു ആരോപിച്ചു.കുറച്ചുനാളു മുൻപ് മാതാപിതാക്കള്‍ തന്നെ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു. അപ്പോള്‍ തനിക്ക് കൗണ്‍സിലിങ് തന്ന ഡോക്ടര്‍ പറഞ്ഞത് ചികിത്സ വേണ്ടത് തന്റെ മാതാപിതാക്കള്‍ക്കാണെന്നാണ്. എന്നിട്ടു തന്റെ മേല്‍ മാനസിക രോഗം കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും നീനു പറഞ്ഞു. കെവിനെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിനെ കൊന്ന ആള്‍ക്കാരുടെ ഇനി പോകില്ലെന്നും കെവിന്റെ വീട്ടുകാർ സമ്മതിക്കുന്നതുവരെ കെവിന്റെ വീട്ടിൽ തുടരുമെന്നും നീനു പറഞ്ഞു.നീനു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നും അതിനാല്‍ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം നീനുവിന്റെ അച്ഛന്‍ ഹരജി നല്‍കിയിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹര്‍ജിയില്‍ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം തനിക്ക് വേണ്ടെന്നും നീനു പറഞ്ഞു.കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോണ്‍.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. എടത്തല പോലീസ് മർദ്ദനത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.സംഭവത്തില്‍ ഉള്‍പ്പെട്ട ഉസ്മാനെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം തീവ്രസ്വഭാവമുള്ള ആളുകള്‍ പൊലീസിനെ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും അവിടെയുള്ള തീവ്രവാദ സ്വഭാവമുള്ളവര്‍ക്ക് പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ചെയ്യാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊലീസ് സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതൊന്നും അനുവദിക്കില്ല. തീവ്രവാദികളെ ആ നിലയ്‌ക്ക് തന്നെ കാണണം.സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.എടത്തല സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന തുരുത്തി കോളനിയിലെ വിദ്യാർഥികൾ പട്ടിണിസമരം നടത്തി
പാപ്പിനിശ്ശേരി:ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന തുരുത്തി കോളനിയിലെ വിദ്യാർഥികൾ ഇന്നലെ പഠനം മുടക്കി പട്ടിണി സമരം നടത്തി.രാവിലെ മുതൽ വൈകുന്നേരം വരെ പത്തു വിദ്യാർത്ഥികളാണ് സമരപന്തലിൽ പട്ടിണി സമരം നടത്തിയത്.അരോളി ഗവ.ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി പൂജ, കെ.അനുച്ചന്ദ്,ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിയ മാത്യൂസ്,ശോണിമ,പത്താം ക്ലാസ് വിദ്യാർഥിനികളായ പി.അഭിരാം, കെ.അശ്വതി,അനശ്വര,അമൽ,സ്നോവ്യ,പ്ലസ് ടു വിദ്യാർത്ഥിനി കെ.നിമ,കെ.എം.സി.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി അനുപമ അനിൽ കുമാർ എന്നിവരാണ് സമരത്തിൽ പങ്കാളികളായത്.എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രെട്ടറി കെ.കെ ജബ്ബാർ സമരം ഉൽഘാടനം ചെയ്തു.അനുപമ അനിൽകുമാർ അധ്യക്ഷത വഹിച്ചു.പദ്മനാഭൻ മൊറാഴ,പി.എസ് രമേശൻ,പനയൻ കുഞ്ഞിരാമൻ,സതീശൻ പള്ളിപ്രം,സണ്ണി അമ്പാട്ട്,ജെ.ആർ പ്രസീത എന്നിവർ പ്രസംഗിച്ചു.
എടപ്പാൾ തീയേറ്റർ പീഡനം;തീയേറ്റർ ഉടമയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ തീരുമാനം
മലപ്പുറം:എടപ്പാൾ തീയേറ്റർ പീഡനക്കേസിൽ തീയേറ്റർ ഉടമയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ തീരുമാനം.തിയറ്റര്‍ ഉടമ സതീശിനെതിരായ കേസ് പിന്‍വലിച്ചു മുഖ്യസാക്ഷിയാക്കുന്നതിനാണു നീക്കം. മലപ്പുറം എസ്‌പിക്ക് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു നിര്‍ദ്ദേശം നല്‍കി. കേസില്‍ പൊലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.പൊലീസിനെ വിവരം അറിയിക്കാന്‍ വൈകി,ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയേറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളിലേക്ക് സംസ്ഥാന പൊലീസ് കടക്കുന്നത്.
തപാൽ സമരം പിൻവലിച്ചു
ന്യൂഡൽഹി:തപാൽ ജീവനക്കാർ കഴിഞ്ഞ 16 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക്(ജി.ഡി.എസ്) ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കുന്നതിനു ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നിങ്ങനെ രണ്ടു തസ്തികകളാക്കി തിരിച്ചാണ് ശന്പള പരിഷ്കരണം നടപ്പാക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 രൂപയും അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000 രൂപയും ഇനി കുറഞ്ഞ ശമ്പളമായി ലഭിക്കും.റിസ്ക് ആന്‍റ് ഹാൻഡ്ഷിപ്പ് അലവൻസ് എന്ന നിലയിൽ അധിക ബത്തയും ഇനി ഇവർക്ക് ലഭിക്കും. രാജ്യത്തെ 3.07 ലക്ഷം തപാൽ ജീവനക്കാർക്കാണ് കേന്ദ്ര സർക്കാരിന്‍റെ ശമ്പള വർധനവ് വഴി ഗുണം ലഭിക്കുക.2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുക.കുടിശ്ശിക ഒറ്റതവണയായി നൽകും.ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി 2018-19 വർഷ കാലയളവിൽ 1,257.75 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് വരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.