News Desk

സംസ്ഥാനത്ത് ഇന്ന് 4169 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;52 മരണം;4357 പേർക്ക് രോഗമുക്തി

keralanews 4169 corona cases confirmed in the state today 52 deaths 4357 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4169 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂർ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂർ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസർകോട് 94 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 173 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,239 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4357 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 863, കൊല്ലം 111, പത്തനംതിട്ട 214, ആലപ്പുഴ 147, കോട്ടയം 318, ഇടുക്കി 126, എറണാകുളം 563, തൃശൂർ 344, പാലക്കാട് 184, മലപ്പുറം 249, കോഴിക്കോട് 638, വയനാട് 182, കണ്ണൂർ 337, കാസർകോട് 81 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി

keralanews bird flu confirmed in alappuzha district ducks killed

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.തുടർന്ന്  താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പുറക്കാട് താറാവുകള്‍ കൂട്ടത്തോടെ ചത്തത്.തുടർന്ന് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവയെ കൊന്ന് സംസ്കരിക്കുകയായിരുന്നു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന്‍റെ ഉടമസ്ഥതയിലുള്ള 3000 ഓളം താറാവുകളെയാണ് വ്യാഴാഴ്ച വൈകിട്ടോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന കൊന്ന് സംസ്ക്കരിച്ചത്.സ്വകാര്യ ഹാര്‍ച്ചറിയില്‍നിന്നും ഒരു ദിവസം പ്രായമായ 13500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ 10000 ത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു. ബാക്കി ഉണ്ടായിരുന്ന താറാവുകളെയാണ് കൊന്ന് സംസ്ക്കരിച്ചത്.മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കൃഷ്ണ കിഷോര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആര്‍.ആര്‍.ടി സംഘമാണ് നടപടി സ്വീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താറാവുകള്‍ കൂട്ടമായി ചാവുന്ന സാഹചര്യത്തില്‍ വിശദ പരിശോധനക്ക് ഭോപാലിലേക്ക് അയച്ച സാമിലുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളും പരിശോധനക്ക് കൈമാറിയിട്ടുണ്ട്.

കര്‍ഷകസമരം പിന്‍വലിച്ചു;കർഷകരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കി കേന്ദ്രം

keralanews farmers strike called off center given written assurances on the needs of the farmers

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെയായി തുടരുന്ന കർഷകസമരം പിൻവലിച്ചു.കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ചു. കിസാൻ സംയുക്ത മോർച്ചയ്‌ക്ക് ഉറപ്പുകൾ രേഖാമൂലം നൽകി. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് കർഷക നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിംഘുവിലെ ടെന്റുകളും കർഷകർ പൊളിച്ചു തുടങ്ങി.കർഷസമരം അവസാനിപ്പിക്കാനായി അഞ്ച് വാഗ്ദാനങ്ങളുമായി സംയുക്ത കിസാൻ മോർച്ചയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ കത്തയച്ചിരുന്നു. കൊല്ലപ്പെട്ട കുടുംബങ്ങൾക്ക് സംസ്ഥാനങ്ങൾ വഴി നഷ്ടപരിഹാരം, പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങിയാൽ കേസുകൾ പിൻവലിക്കാം, താങ്ങുവില പരിശോധിക്കാൻ കർഷക പ്രതിനിധികൾ ഉൾപ്പെട്ട സമിതി, വൈദ്യുത ഭേദഗതി ബില്ലിൽ കർഷകർക്ക് എതിർപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കും, മലിനീകരണ നിയന്ത്രണ നിയമത്തിൽ കർഷകർക്കെതിരെ ക്രിമിനൽ കുറ്റവും പിഴയും ചുമത്താനുള്ള വ്യവസ്ഥ ഒഴിവാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കേന്ദ്രം നൽകിയത്. ഇതിൽ രേഖാമൂലം ഉറപ്പ് നൽകണമെന്ന് ഇന്നലെ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കർഷകരുടെ നിലപാട്.

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് മരണം

keralanews two killed when vehicle of sabarimala pilgrims accident

പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു.പെരുവന്താനത്തിന് സമീപം അമലഗിരിയിൽ വെച്ചാണ് വാഹനം അപകടത്തിൽപെട്ടത്. ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മൂന്നു തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു.ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44), ഈശ്വര്‍ (42) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പെട്ടത്.അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച്‌ ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച്‌ കയറുകയായിരുന്നു.ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയില്‍പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്.എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കർഷക സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്;സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് കർഷക സംഘടനകൾ

keralanews decision to end farmers strike today farmers organizations demand that the government provide written assurances

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം ഇന്ന്.ഉച്ചക്ക് 12 ന് സിംഗുവില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുക്കുക. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ ധാരണ.കർഷകർക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഹരിയാന, യു പി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ രേഖാമൂലം നല്‍കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

ഹെലികോപ്റ്റർ അപകടം;ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ

keralanews helicopter crash dead body of bipin rawat and others brought to delhi funeral tomorrow

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരങ്ങൾ ഇന്ന് ഡൽഹിയിലെത്തിയ്‌ക്കും. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ചയാകും സംസ്‌കാരം. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക.രാവിലെ എട്ട് മണിയോടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന സൈനിക ആശുപത്രിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിക്കും. തുടർന്ന് 13 വാഹനങ്ങളിലായി മൃതശരീരങ്ങൾ കോയമ്പത്തൂരിലെത്തിയ്‌ക്കും. ഇവിടെ നിന്നും വിമാനമാർഗ്ഗമാകും മൃതദേഹങ്ങൾ ഡൽഹിയിലെത്തിയ്‌ക്കുക.ഡൽഹിയിലെ കാമാരാജ് മാർഗിലാണ് അദ്ദേഹത്തിന്റെ വസതി. പ്രത്യേക വിമാനത്തിൽ ഇവിടേക്കാകും ഇന്ന് വൈകിട്ട് ഭൗതിക ദേഹങ്ങൾ കൊണ്ടുവരിക. വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ പൊതുദർശനത്തിന് വെയ്‌ക്കും. ശേഷം സൈനിക വാഹനത്തിൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ബ്രാർ സ്‌ക്വയറിൽ എത്തിക്കും. ഇവിടെയും പൊതുദർശനത്തിന് വെച്ച ശേഷമാകും ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹങ്ങൾ സംസ്‌കരിക്കുക.ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ക്യാപ്റ്റൻ വരുൺ സിംഗ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ക്യാപ്റ്റൻ വരുൺ സിംഗാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്.മാരകമായി പരിക്കേറ്റ അദ്ദേഹം നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹെലികോപ്റ്റർ അപകടം;മരിച്ചവരിൽ മലയാളി സൈനികനും;മരിച്ചത് തൃശൂർ സ്വദേശി എ. പ്രദീപ്

keralanews helicopter crash malayalee soldier from thrissur died

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും.തൃശൂർ സ്വദേശി എ പ്രദീപാണ് മരിച്ചത്.എംഐ 17വി5 ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.അപകടം സംഭവിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മലയാളിയും ഉൾപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് വിവരങ്ങൾ ലഭ്യമായിരുന്നില്ല. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തൃശൂർ മരത്താക്കര സ്വദേശിയായ സൈനികൻ എ. പ്രദീപും ഉണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ജൂനിയർ വാറന്റ് ഓഫീസറാണ് എ. പ്രദീപ്.ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.ഗ്രൂപ്പ് ക്യാപ്റ്റർ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കുകളോടെ ഇദ്ദേഹം വെല്ലിംഗ്ടൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്‌ക്ക് 12.20ഓടെയായിരുന്നു ഊട്ടിക്കടുത്ത് കുനൂരിൽ 14 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കത്തി തകർന്ന് വീണത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരും മരിച്ചിരുന്നു.

ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം;ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; അന്വേഷണത്തിൽ നിർണായകമാകും

keralanews helicopter crash kills 13 including bipin rawat black box found will be crucial in the investigation

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്തി.ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 വി5 എന്ന ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സാണ് കണ്ടെത്തിയിരിക്കുന്നത്. ഊട്ടി കൂനൂരിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകട കാരണം ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാൽ അറിയാൻ സാധിക്കും. ബ്ലാക്ക് ബോക്‌സിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകട കാരണം വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.എംഐ 17 v5 ഹെലികോപ്റ്റർ ആധുനികവും ഏറ്റവും സുരക്ഷിതവുമായ ഹെലികോപ്ടറുകളിലൊന്നാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ സാങ്കേതിക തകരാർ ഉണ്ടാകാൻ സാദ്ധ്യതയില്ല. അങ്ങനെയെങ്കിൽ അപകടം എങ്ങനെ സംഭവിച്ചു എന്ന് അറിയാനുള്ള ഏകമാർഗ്ഗം ബ്ലാക്ക് ബോക്‌സ് മാത്രമാണ്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു.കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്.

സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;35 മരണം;4039 പേർക്ക് രോഗമുക്തി

keralanews 5038 corona cases confirmed in the state today 35 deaths 4039 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂർ 425, കണ്ണൂർ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 77 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,014 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 921, കൊല്ലം 369, പത്തനംതിട്ട 186, ആലപ്പുഴ 188, കോട്ടയം 44, ഇടുക്കി 173, എറണാകുളം 559, തൃശൂർ 343, പാലക്കാട് 189, മലപ്പുറം 195, കോഴിക്കോട് 431, വയനാട് 136, കണ്ണൂർ 231, കാസർഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,959 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഹെലികോപ്റ്റർ അപകടം;സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മരിച്ചു

keralanews helicopter crash joint chiefs of staff bipin rawat were also killed

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും മരിച്ചു.വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതായി വ്യോമസേന അറിയിച്ചു. 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.ബിപിന്‍ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തില്‍ മരിച്ചു.അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ് ചികിത്സയിലുള്ളത്.കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.