തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സമരം തുടരുന്നു.ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാരും സമരത്തിലേക്ക് നീങ്ങിയതോടെ ആശുപത്രി പ്രവർത്തനങ്ങൾ സ്‌തംഭിച്ചിരിക്കുകയാണ്.രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്നും പിജി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് കഴിഞ്ഞ ദിവസം ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരുന്നു.4 ശതമാനം സ്‌റ്റൈപൻഡ് വർധന, പി.ജി ഡോക്ടർമാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് മെഡിക്കൽ കോളേജുകളിലെ ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്. ആലപ്പുഴയിൽ ഹൗസ് സർജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അധിക്ഷേപിക്കുകയും ചെയ്ത സംഭവം, ഒരാഴ്ച 60ലധികം മണിക്കൂർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ എന്നിവയിൽ പ്രതിഷേധിച്ച് കേരള ഗവ. പി.ജി. മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും സംസ്ഥാന വ്യാപകമായി ഒ.പി. ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ 11 മണി വരെയാണ് ഒപി ബഹിഷ്‌കരണം. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജുകളില്‍ എത്തിയ രോഗികള്‍ വലഞ്ഞു. ഒ.പികളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രോഗികളെ തിരിച്ചയച്ചു. പി.ജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. കൊവിഡ് ഡ്യൂട്ടിയൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കരിച്ചാണ് ഹൗസ് സര്‍ജന്‍മാരും സൂചനാപണിമുടക്ക് നടത്തുന്നത്. ഒ.പിയിലും, എമര്‍ജന്‍സി വിഭാഗത്തിലും, വാര്‍ഡ് ഡ്യൂട്ടിയിലുമടക്കം നിരവധി പി.ജി ഡോക്ടര്‍മാരാണ് ജോലി ചെയ്യുന്നത്.അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിച്ചതോടെ രോഗികള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്.അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ഐസിയു, കാഷ്വാലിറ്റി, ലേബര്‍ റൂം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെ ജോലികളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ മാറി നില്‍ക്കുന്നത്.അതേസമയം വിഷയത്തിൽ രണ്ട് തവണ ചർച്ച നടത്തിയതായും ആവശ്യങ്ങൾ അംഗീകരിച്ചതായുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിലപാട്. എന്നാൽ ആവശ്യങ്ങളിൽ ചില കാര്യങ്ങൾ മാത്രമാണ് അംഗീകരിച്ചതെന്നും മറ്റുള്ളവ സംബന്ധിച്ച് ഒരു മറുപടിയും വ്യക്തതയുമില്ലെന്നാണ് സമരക്കാർ പറയുന്നത്.
സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്;ഹൈ റിസ്‌ക് പട്ടികയിൽപ്പെടുന്നവരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും
കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു.യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ ഭാര്യയും മാതാവും കൊറോണ പോസിറ്റീവ് ആയി.യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം ആറാം തീയ്യതിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷം നടത്തിയ പരിശോധയിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടേയും, ഭാര്യയുടേയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഒരാഴ്ചയ്‌ക്ക് ശേഷം കൊറോണ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അദ്ദേഹം പരിശോധ നടത്തുകയായിരുന്നു. ഇതിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിൽ ഒമിക്രോണും സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.എത്തിഹാത്ത് ഇ.വൈ 280 വിമാനത്തിലാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്.വിമാനത്തിൽ ഉണ്ടായിരുന്ന 149 പേരെയും ഇക്കാര്യം അറിയിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി വർദ്ധിച്ചു.അതേസമയം ഇയാൾക്കൊപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുന്ന ആറ് പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുക. വിമാനത്തിൽ 26 മുതൽ 32 വരെ സീറ്റുകളിൽ യാത്ര ചെയ്തവരാണ് ഇവർ.നിലവിൽ ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണ കാലാവധി ഇന്നോടെ ഒരാഴ്ച പിന്നിടും. ഈ സാഹചര്യത്തിലാണ് ഇവരെ പരിശോധനയ്‌ക്ക് വിധേയരാക്കുന്നത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ മൂന്നര വയസുള്ള കുഞ്ഞും; മുംബൈയിൽ കൂട്ടംകൂടലുകൾ നിരോധിച്ചു
മുംബൈ: മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളിൽ മൂന്നര വയസുള്ള കുഞ്ഞും ഉൾപ്പെട്ടതായി വിവരം. കഴിഞ്ഞ ദിവസം ഏഴ് പുതിയ ഒമിക്രോൺ രോഗികളായിരുന്നു സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ചിരുന്നത്. ഇതിൽ മൂന്നും മുംബൈയിലാണ്. രോഗം ബാധിച്ച കുഞ്ഞുള്ളതും ഇവിടെയാണ്. ആകെ 17 രോഗികളാണ് മഹാരാഷ്‌ട്രയിൽ മാത്രം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 32 ആയി. വളരെ ചെറിയ തോതിൽ മാത്രം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവർക്കും ഒട്ടുമേ ലക്ഷണങ്ങൾ കാണിക്കാതിരുന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ രണ്ട് ദിവസത്തേക്ക് ജനങ്ങൾ കൂട്ടം കൂടുന്നതും വലിയ ഒത്തുകൂടലുകളും നിരോധിച്ചിട്ടുണ്ട്. ടാൻസാനിയ, യുകെ, നെയ്‌റോബി എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം ബാധിച്ചത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ പടർന്ന് തുടങ്ങിയ സാഹചര്യത്തിൽ മാസ്‌ക് ധാരണത്തിൽ ജനങ്ങൾ അശ്രദ്ധ ചെലുത്തുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അപകടകരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ലോകം കടന്നുപോകുന്നതെന്നും ചെറിയ പിഴവ് വലിയ ആഘാതം സൃഷ്ടിക്കാമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന്;യാത്രാമൊഴി നല്‍കാന്‍ ഒരുങ്ങി ജന്മനാട്; ഉച്ചയോടെ മൃതദേഹം കേരളത്തിലെത്തിക്കും
തൃശ്ശൂർ: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളിയായ ജൂനിയർ വാറൻഡ് ഓഫീസർ പ്രദീപിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ജന്മനാട്ടിലെത്തിക്കും.ഡൽഹിയിൽ നിന്ന് വിമാനം രാവിലെ ഏഴ് മണിയോടെ പുറപ്പെട്ടു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മൃതദേഹത്തെ അനുഗമിക്കും. 11 മണിയോടെ സൂലൂർ വ്യോമതാവളത്തിൽ എത്തുന്ന മൃതദേഹം റോഡ് മാർഗമാണ് തൃശ്ശൂരിലെത്തിക്കുക.പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തും.ഇന്നലെയാണ് വിദഗ്ധ പരിശോധനകൾക്ക് ശേഷം പ്രദീപിന്റെ മൃതദേഹം തിരിച്ചറിഞ്ഞ്. പിന്നാലെ ബന്ധുക്കൾക്ക് വിട്ട് നൽകുകയും ചെയ്തിരുന്നു.അതേസമയം തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു.രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പ്രദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്.
കണ്ണൂർ മട്ടന്നൂരില്‍ ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
കണ്ണൂർ: മട്ടന്നൂരില്‍ ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.ഇരിട്ടി വിളമന സ്വദേശികളായ ഡ്രൈവര്‍ അരുണ്‍ വിജയന്‍(38) ലോഡിങ് തൊഴിലാളി രവീന്ദ്രന്‍ (57) എന്നിവരാണ് മരണപ്പെട്ടത്. വടകരയിലേക്ക് ചെങ്കല്‍ കയറ്റി പോകുന്നതിടെയായിരുന്നു അപകടം. ഇന്ന് പുലര്‍ച്ച 4.30 ഓടെ ആണ് അപകടം നടന്നത്.ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന എയ്ച്ചര്‍ ലോറി കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം.ലോറിയില്‍ നിന്ന് അഗ്‌നി -രക്ഷാസേനയും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മട്ടന്നൂരിലെ ഒരുസ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് 3972 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;31 മരണം;4836 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3972 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂർ 352, കോട്ടയം 332, കണ്ണൂർ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസർഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 309 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,579 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3736 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 200 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4836 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 958, കൊല്ലം 275, പത്തനംതിട്ട 172, ആലപ്പുഴ 172, കോട്ടയം 419, ഇടുക്കി 201, എറണാകുളം 760, തൃശൂർ 491, പാലക്കാട് 150, മലപ്പുറം 105, കോഴിക്കോട് 759, വയനാട് 76, കണ്ണൂർ 236, കാസർഗോഡ് 62 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ പ്രദീപിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിക്കും
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിക്കും.സുലൂർ വ്യോമതാവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പ്രദീപിന്റെ കുടുംബത്തെ അറിയിച്ചത്. ഇന്ന് വൈകുന്നേരത്തോടു കൂടി ഭൗതികദേഹം സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിക്കും. വ്യോമകേന്ദ്രത്തിൽ നിന്നും വിലാപയാത്രയായി ഭൗതിക ദേഹം നാളെ നാട്ടിലേയ്‌ക്ക് എത്തിക്കും. തുടർന്ന് പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളിൽ പൊതു ദർശനത്തിന് വെയ്‌ക്കും.പിന്നാലെ വീട്ടുവളപ്പില്‍ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.അപകടത്തിൽ പെട്ട എംഐ 17വി5 ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. തൃശ്ശൂർ മരത്താക്കര സ്വദേശിയാണ് വീരമൃത്യൂ വരിച്ച സൈനികൻ പ്രദീപ്. സൈന്യത്തിലെ ജൂനിയർ വാറന്റ് ഓഫീസറാണ് അദ്ദേഹം.2004ലാണ് പ്രദീപ് വ്യോമ സേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ, കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്ടർ സംഘത്തിൽ പ്രദീപ് ഉണ്ടായിരുന്നു.
സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു.അർഹരായ വിദ്യാർത്ഥികൾക്ക് ഇഷ്ടബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 20 സയൻസ് ബാച്ചുകളും അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് 20 സയൻസ് ബാച്ചുകൾ അനുവദിച്ചത്. മിടുക്കരായ നിരവധി വിദ്യാർത്ഥികൾക്ക് നിസാര മാർക്ക് വ്യത്യാസത്തിന്റെ പേരിൽ സയൻസ് ബാച്ചുകളിൽ പ്രവേശനം നഷ്ടമായിരുന്നു.താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്തതിന് ശേഷം സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എല്ലാം പരിശോധിച്ചാണ് 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്റ്റർമാരുടെ സമരം തുടരും ;അത്യാഹിത വിഭാഗ സേവനങ്ങൾ നിർത്തിവെയ്‌ക്കും
തിരുവനന്തപുരം: സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച് സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തി വെയ്‌ക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.ജോലിഭാരം കുറയ്‌ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി പുറത്തിറങ്ങിയത്. എന്നാൽ സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.നീറ്റ്-പിജി പ്രവേശനം നീളുന്നത് മൂലം ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയുമില്ലെന്ന് ഡോക്ടർമാർ പറയുന്നു.നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് ഡോക്ടര്‍മാര്‍ ഇന്നും മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. വാഗ്ദാനങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും ഒന്നും നടപ്പിലാക്കുന്നില്ലെന്നും ആരോപിച്ച ഡോക്ടർമാർ സമരത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്താലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്കാരം ഇന്ന്
ന്യൂഡൽഹി:ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരം ഇന്ന്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹി കന്റോൺമെന്റിലെ ബ്രാർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മറ്റ് സൈനികരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷം ജന്മനാട്ടിലേക്ക് അയക്കും.രാവിലെ ഒൻപത് മണിയോടെ സൈനിക ആശുപത്രിയിൽ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹമെത്തിക്കുക. 11 മണി മുതൽ പൊതുജനങ്ങൾക്കും 12.30 മുതൽ ജനറൽ ബിപിൻ റാവത്തിന്‍റെ സഹപ്രവർത്തകർക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ലഭിക്കും. 1.30ന് വിലാപയാത്രയായി മൃതദേഹം ഡൽഹി കന്‍റോണിലെത്തിക്കും. ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.ബ്രിഗേഡിയർ എൽ എസ് ലിഡറിന്‍റെ സംസ്കാരവും ഡൽഹി കാന്‍റിൽ നടക്കും. അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപ് ഉൾപ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കൂ.