
ഇരിട്ടി:ഉരുൾപൊട്ടലിൽ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ച മാക്കൂട്ടം ചുരം റോഡിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം മൂന്നു ദിവസം കൂടി തുടരും.അടിയന്തിര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ ചെറുവാഹനങ്ങൾക്കുള്ള ഗതാഗത നിയന്ത്രണം പിൻവലിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ റോഡിൽ വീണ മരങ്ങളെല്ലാം മുറിച്ചുമാറ്റിയിരുന്നെങ്കിലും അപകടാവസ്ഥയിൽ റോഡിലേക്ക് ചെരിഞ്ഞു കിടക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയിട്ടില്ല.ഇവ മൂന്നു ദിവസത്തിനുള്ളിൽ മുറിച്ചുമാറ്റി ചെറുവാഹനങ്ങൾക്കുള്ള നിരോധനം നീക്കുമെന്ന് കുടക് അസിസ്റ്റന്റ് കമ്മീഷണർ ശ്രീദേവി പറഞ്ഞു.മാക്കൂട്ടം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ചുരം റോഡിൽ നാലിടങ്ങളിൽ വൻ വിള്ളൽ ഉണ്ടായിരുന്നു.ഇതേ തുടർന്നാണ് കുടക് ജില്ലാ ഭരണകൂടം ഈ വഴിയുള്ള ഗതാഗതം ജൂലായ് 12 വരെ നിരോധിച്ചത്.








