തിരുവനന്തപുരം:കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തു.വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സംഘർഷത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജനറൽ സെക്രെട്ടറി നബീൽ കല്ലമ്പലം എന്നിവരടക്കമുള്ള പന്ത്രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.പരിയാരം മെഡിക്കൽ കോളേജ് ഫീസ് കുറയ്ക്കുക,ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്‌യു മാർച്ച് നടത്തിയത്.സംഘർഷത്തിൽ ഒരു പോലീസുകാരനും പരിക്കുണ്ട്. കെ.എസ്.യു മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും അപലപിച്ചു.
അഭിമന്യുവിന്റെ കൊലപാതകം;രണ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു
എറണാകുളം:എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.പൊലീസില്‍ നിന്ന് ആക്രമണത്തിലുള്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ പേര് ലഭിച്ചിട്ടുണ്ട്. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മഹരാജാസ് കോളജ് പ്രിന്‍സിപ്പലാണ് സസ്‌പെന്‍ഷന്‍ വിവരം അറിയിച്ചത്. നാളെ മുതല്‍ കോളേജ് തുറക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.കോളജിലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. സംഘര്‍ഷത്തില്‍ പരിക്കേറ്റ അര്‍ജുന് ചികിത്സാ സഹായം നല്‍കും. അഭിമന്യുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. നവാഗതരെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായാണ് ഞായറാഴ്ച രാത്രി തന്നെ അഭിമന്യു ഇടുക്കി വട്ടവടയിലെ വീട്ടില്‍ നിന്ന് ക്യാംപസിലെത്തിയത്. എന്നാല്‍, ചുവരെഴുത്ത് സംബന്ധിച്ച എസ്‌എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കം അഭിമന്യുവിന്റെ കൊലയില്‍ കലാശിക്കുകയായിരുന്നു.
മാനസസരോവർ;കുടുങ്ങിയ 104 പേരെ രക്ഷപ്പെടുത്തി;ഒരാൾ കൂടി മരിച്ചു
കാഠ്മണ്ഡു: കൈലാസ്- മാനസരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ കുടുങ്ങിയ 104 പേരെ രക്ഷപ്പെടുത്തി.സിമികോട്ടില്‍ നിന്നും നേപ്പാള്‍ ഗുഞ്ചിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. 7 വിമാനങ്ങളിലായാണ് ഇവരെ എത്തിച്ചത്. നേപ്പാള്‍ വ്യോമസേനയുടെ 11 വിമാനങ്ങളും ചെറു യാത്രാ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.സിമികോട്ട്, ഹില്‍സ, ടിബറ്റന്‍ മേഖല എന്നിവിടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നു പോയ 1575 തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നത്. സിമികോട്ടില്‍ 525 പേരും ഹില്‍സയില്‍ 500ഉം ടിബറ്റന്‍ മേഖലയില്‍ 550 പേരുമാണ് ഉള്ളത് ഇതില്‍ നാൽപ്പതോളം മലയാളികളുമുണ്ട്. എന്നാൽ ആന്ധ്ര സ്വദേശിയായ ഒരു തീർത്ഥാടകൻ ഇന്ന് ഹിൽസയിൽ വെച്ച് മരിച്ചു.ഒരു മലയാളി വനിത ഇന്നലെ മരിച്ചിരുന്നു.
കെഎസ്ആർടിസിയുടെ എയർപോർട്ട് സർവീസ് ‘ഫ്ലൈ ബസ്’ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് കർണാടക ആര്‍ടിസി ഫ്‌ളൈ ബസ് എന്ന പേരില്‍ വോള്‍വോ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതേ മാതൃകയിലാണ് കേരളാ ആര്‍.ടി.സിയും ‘ഫ്ലൈ ബസ്’ എന്ന പേരിൽ തന്നെ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.’ഫ്ലൈ ബസ്സ്’ കളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് ഇന്ന് വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തും.ഫ്ലൈ ബസ്സുകള്‍ പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ്സ്സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക്/ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെല്ലാം അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്ലൈ ബസ് സർവീസ് നടത്തും.കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ലൈ ബസ് സര്‍വ്വീസുകള്‍ ക്രമീകരിക്കും. എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ച്ചാര്‍ജ് ഈടാക്കാതെ സാധാരണ എസി ലോ ഫ്ലോര്‍ ബസുകളുടെ ചാര്‍ജുകള്‍ മാത്രമേ ഈ ബസ്സുകളിൽ ഈടാക്കുന്നുള്ളൂ.കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍,വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകൾ ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണ സംവിധാനം എന്നിവ ഈ സർവീസുകളുടെ പ്രത്യേകതകളാണ്.
അഭിമന്യുവിന്റെ കൊലപാതകം;പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയത് ഒറ്റകുത്തിനെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അഭിമന്യൂവിന്‍റെ ശരീരത്തില്‍ 4 സെ.മീ വീതിയിലും 7 സെ.മീ നീളത്തിലും ആഴത്തിലുള്ള മുറിവുണ്ടായതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരുതരത്തിലും രക്ഷപ്പെടുത്താനാവാത്ത മുറിവാണിതെന്നും വാരിയെല്ല് തകര്‍ത്ത് കത്തി ഹൃദയത്തിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.അതേസമയം അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്പേര്‍ അറസ്റ്റിലായിരുന്നു.ഇരപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കോളേജില്‍ കയറി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു നിന്നെത്തിയ ക്യാമ്ബസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കത്തിയടക്കമുള്ള മാരകായുധങ്ങള്‍ കരുതിയിരുന്നു. ഏറ്റുമുട്ടലിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. കോളജിന്റെ പിന്‍ഭാഗത്ത് ഐ.എം.എ ഗേറ്റിനു സമീപത്തുവച്ചാണ് കുത്തേല്‍ക്കുന്നത്. കുത്തേറ്റ് ഓടിയ അഭിമന്യു 50 മീറ്ററോളം ദൂരം പിന്നിട്ടതും നിലത്തുവീണു. തട്ടിവീണതാകും എന്നാണു കരുതിയതെന്നു സംഭവം നടക്കുമ്ബോള്‍ കൂടെയുണ്ടായിരുന്ന രണ്ടാംവര്‍ഷ മലയാളം വിദ്യാര്‍ഥി അരുണ്‍ പറഞ്ഞു. പിന്നീടാണ് നെഞ്ചില്‍നിന്നു ചോര ഒലിക്കുന്നത് കണ്ടത്. അഭിമന്യുവുമായി ഉടന്‍ ജനറല്‍ ആശുപത്രിയിലേക്കു പാഞ്ഞെങ്കിലും അവിടെ എത്തുന്നതിനു മുമ്ബേ മരണം സംഭവിച്ചു.
സുനന്ദ പുഷ്‌ക്കറിന്റെ മരണം;മുൻകൂർ ജാമ്യം തേടി ശശി തരൂർ കോടതിയിൽ
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം പി ശശിതരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി ഡല്‍ഹിയിലെ പാട്യാല കോടതിയെ സമീപിച്ചു ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ 10 ന് കോടതി പരിഗണിക്കും. തന്നെ അറസ്റ്റ് ചെയ്യാതെ ഡല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപ്രതം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം നിര്‍ബന്ധമായും നല്‍കേണ്ടതാണെന്നാണ് തരൂരിന്റെ വാദം.2014 ജനുവരി 17 നു ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി തരൂരിനെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുള്ളത്.
മാനസസരോവറിൽ ആയിരത്തിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു;സംഘത്തിൽ 40 മലയാളികളും
ന്യൂഡൽഹി:കൈലാഷ് മാനസസരോവർ യാത്രയ്‌ക്കെത്തിയ ആയിരത്തോളം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു.ഇവരിൽ 40 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 525 തീര്‍ഥാടകര്‍ സിമിക്കോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ ടിബറ്റര്‍ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ മഞ്ഞുമലയിൽ ഉരുൾപൊട്ടലുണ്ടായതാണ് യാത്രയ്ക്ക് തടസ്സമായത്.നേപ്പാളിന്റെ സഹായത്തോടെ തീർത്ഥാടകരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ 290 പേരും കര്‍ണാടകക്കാരാണ്. കര്‍ണാടകയില്‍ നിന്നുള്ള 290 തീര്‍ഥയാത്രികരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചൈന അതിര്‍ത്തിയിലും നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 മലയാളി തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. കേരള സര്‍ക്കാരിന് ലഭിച്ച വിവരമനുസരിച്ച് 36 പേര്‍ ചൈന അതിര്‍ത്തിയിലെ ഹില്‍സയിലും നാലുപേര്‍ നേപ്പാളിലെ സിമിക്കോട്ടിലുമാണ് കുടുങ്ങിയിരിക്കുന്നത്.
നിപ്പ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകൾ തന്നെയെന്ന് രണ്ടാംഘട്ട പരിശോധനാഫലം
കോഴിക്കോട്:നിപ്പ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകൾ തന്നെയെന്ന് രണ്ടാംഘട്ട പരിശോധനാഫലം.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്ബ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. നിപ്പ വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലുകളെയാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്.എന്നാൽ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ഇവയുടെ പരിശോധനാ ഫലമെല്ലാം പോസിറ്റീവായിരുന്നു. കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘത്തിന്റെ കണ്ടെത്തലിനെ സാധൂകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും പ്രതികരിച്ചിട്ടുണ്ട്. പേരാമ്ബ്ര മേഖലയില്‍ നിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ജെപി നഡ്ഡ പറഞ്ഞു.കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സംബന്ധിച്ച അവ്യക്തകള്‍ രോഗ വ്യാപനത്തിന് കാരണമാവുകയായിരുന്നു.
കണ്ണൂർ മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ പുരസ്ക്കാരം
കണ്ണൂർ:കണ്ണൂർ മൈതാനപ്പള്ളി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ദേശീയ പുരസ്ക്കാരം.ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ മികച്ച പദ്ധതികളുടെ വിഭാഗത്തിലാണ് മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദം പുരസ്ക്കാരം കരസ്ഥമാക്കിയത്.ഇതോടെ ഇന്ത്യയിൽ ആദ്യമായി സ്കോച്ച് അവാർഡ് നേടുന്ന പ്രാഥമികാരോഗ്യ കേന്ദ്രം എന്ന ബഹുമതിയും മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം സ്വന്തമാക്കി.ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.വി ലതീഷ്,മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ഷെഹീർ അബൂബക്കർ എന്നിവർ ചേർന്ന് പുരസ്ക്കാരം സ്വീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സംരംഭമാണ് കണ്ണൂർ കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന മൈതാനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം.ശിശുരോഗ വിഭാഗം,ഗൈനക്കോളജി,സൈക്യാട്രി, കൗമാര ആരോഗ്യം,ഡെന്റൽ,ആയുർവ്വേദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഓ.പി സേവനം ഇവിടെ ലഭ്യമാണ്.തിങ്കൾ മുതൽ ശനിവരെ രാവിലെ ഒൻപതുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഓ.പി സമയം.രണ്ടു മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ 16 ജീവനക്കാരാണ് ഇവിടെയുള്ളത്.
സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 9 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
മട്ടന്നൂർ:ഞായറാഴ്ച വൈകുന്നേരം മട്ടന്നൂർ നഗരമധ്യത്തിൽ സിപിഎം പ്രവർത്തകരെ കാർ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.അക്രമത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പുലിയങ്ങോട് ഇടവേലിക്കൽ സ്വദേശികളായ പി.ലെനീഷ്,സഹോദരൻ പി.ലതീഷ്, ആർ.സായുഷ്,എൻ.ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ബൈക്കിലെത്തിയ അക്രമി സംഘം കാർ തടഞ്ഞു നിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിനു ശേഷം ഇവർ ബൈക്കിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.അക്രമികൾ ഉപേക്ഷിച്ച ഒരു ബൈക്കും വാളും പോലീസ് കണ്ടെടുത്തു.ഇവ ഫോറൻസിക് വിഭാഗം പരിശോധിക്കും.