News Desk

ബസ് ചാർജ് വർദ്ധന മകരവിളക്കിന് ശേഷം; വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി ആന്റണി രാജു

keralanews bus fare hike after makaravilakku students concession rate also increase

തിരുവനന്തപുരം:ശബരിമല മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ഇന്ന് ഗതാഗതമന്ത്രി ചർച്ച നടത്തും.ബസുടമകളുടെ ആവശ്യവും, വിദ്യാർത്ഥി സംഘടനകളുടെ ആവശ്യങ്ങളും ചർച്ച ചെയ്യും. മികച്ച രീതിയിലുള്ള ഗൃഹപാഠം നടത്തിയേ തീരുമാനം എടുക്കാനാകു. അന്തിമ തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി അറിയിച്ചു.ബസുടമകളുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാനാവില്ല. ചാർജ് വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ തീരുമാനം എടുത്തതാണ്. ഇത് സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും എന്ന് മന്ത്രി അറിയിച്ചു. അതേസമയം അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ 21 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ പറഞ്ഞിരുന്നു.ബസ് ചാർജ് വർദ്ധിപ്പാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന നിലപാടാണ് ബസുടമകൾ എടുത്തിരിക്കുന്നത്. നിലവിലെ നിരക്കായ 8 രൂപ മാറ്റി 12 രൂപയാക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്രയും തുക വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കൂടാതെ, വിദ്യാർത്ഥികളുടെ കൺസഷനുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്.നിലവിൽ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക്. എന്നാൽ ഇത് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ കൺസെഷൻ നിരക്ക് ഒന്നര രൂപയാക്കാം എന്നാണ് സർക്കാർ നിലപാട്.ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

കാഞ്ഞിരക്കൊല്ലി റിസോർട്ടിലെ അതിക്രമം;പ്രതികൾ സൈനികർ അടക്കം ആറുപേർ അറസ്റ്റിൽ

Handcuffed hands of arrested criminal man in black shirt and handcuffs

കണ്ണൂർ:ശ്രീകണ്ഠപുരം കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ അക്രമം നടത്തിയ സംഭവത്തിൽ സൈനികരടക്കം ആറുപേർ അറസ്റ്റിലായി.മയ്യില്‍ വേളം സ്വദേശികളായ ശ്രീവത്സത്തില്‍ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടില്‍ അഭിലാഷ് (29), ഊരാട ലിതിന്‍ (31), ഊരാട പ്രണവ് (29), ഊരാട ലിഷ്ണു (27), പുത്തന്‍പുരയില്‍ അനൂപ് (30) എന്നിവരാണ് അറസ്റ്റിലായത്. രൂപേഷും അഭിലാഷും ലിതിനും പ്രണവും സൈനികരാണ്. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. കാഞ്ഞിരക്കൊല്ലിയിലെ റിസോര്‍ട്ടിലായിരുന്നു അതിക്രമം.റിസോര്‍ട്ടില്‍ രാത്രിയില്‍ അടുത്ത മുറിയിലുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ഇതില്‍ ഇടപെട്ട റിസോര്‍ട്ട് ജീവനക്കാരെ ആക്രമിക്കുകയും ഫര്‍ണിച്ചറുള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. ഏകദേശം കാല്‍ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ നശിപ്പിച്ചുവെന്നാണ് പറയുന്നത്. ഇതോടെ ജീവനക്കാര്‍ പയ്യാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യാവൂര്‍ എസ്‌ഐ. കെ.കെ.രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ്, സിവില്‍ പൊലീസ് ഓഫീസര്‍ പി.ദീപു എന്നിവരെ മുറിയില്‍ പൂട്ടിയിടുകയും വടിയും മറ്റുമുപയോഗിച്ച്‌ മര്‍ദിക്കുകയുമായിരുന്നു.ജീവനക്കാര്‍ ശ്രീകണ്ഠപുരം പൊലീസില്‍ വിവരമറിയിച്ചതോടെ ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തിലെത്തിയ സംഘം പൊലീസുകാരെ മോചിപ്പിച്ചു. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവമറിഞ്ഞ് പയ്യാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് രാത്രിതന്നെ ആറുപേരെയും അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടില്‍ പരാക്രമം നടത്തിയതിന് ഉടമ സന്തോഷ് ജോര്‍ജിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെയും കേസെടുത്തു. ഇതുകൂടാതെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിന് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.അതേസമയം സംഭവത്തിൽ പ്രതികളായ സൈനികർക്ക് ജോലി നഷ്ടപ്പെടും.കേസുമായി ബന്ധപ്പെട്ട് പൊലീസ് സൈന്യത്തിന് റിപ്പോര്‍ട്ടും നല്‍കി.

ഒ​മി​ക്രോ​ണ്‍;സംസ്ഥാനത്ത് സ്കൂ​ളു​ക​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ തു​റ​ക്കു​ന്ന കാ​ര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി

keralanews omicron opening of schools in the state is not under consideration at present says chief minister

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം  ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച്‌ അധ്യാപകരില്‍ പൊതുധാരണ ഉണ്ടാക്കണം. സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്താന്‍ പരിശോധനകളും നിരീക്ഷണവും വ്യപകമാക്കും. ഇത്തരം ക്ലസ്റ്ററുകളില്‍ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കും.മാസ്ക് ധരിക്കുന്ന കാര്യത്തില്‍ കര്‍ശന നിലപാട് തുടരണം. മൂന്ന് പാളി മാസ്ക്കോ എന്‍ 95 മാസ്ക്കോ ആയിരിക്കണം. ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു;ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്

keralanews strike of p g doctors continues in the state meeting with health minister today

തിരുവനന്തപുരം:സംസ്ഥാനത്തെ പി ജി ഡോക്ടർമാരുടെ സമരം 14 ദിവസം കടന്നു.എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം അഞ്ചാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച.പിജി ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട് അത് അവരെ ബോധ്യപ്പെടുത്തും. എന്നാല്‍ 4 ശതമാനം സ്റ്റൈപെന്‍ഡ് വര്‍ധനയടക്കം മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടര്‍മാര്‍.അതേസമയം തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും. 24 മണിക്കൂറായിരുന്നു ഹൗസ് സർജന്മാരുടെ സൂചനാ പണിമുടക്ക്.കൊറോണ കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി കൂടുതൽ ഭാരമാകുകയാണ്. പകരം ഡോക്ടർമാരെ നിയമിക്കുകയോ പിജി പ്രവേശനം നടത്തുകയോ ചെയ്യണം. പിജി ഡോക്ടർമാർക്ക് നൽകുന്ന സ്‌റ്റൈപ്പൻഡും വർദ്ധിപ്പിക്കണം. തീരുമാനം വൈകുകയാണെങ്കിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമരത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്.

ഒമിക്രോൺ;സംസ്ഥാനത്ത് കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

keralanews omicron test result o more in the state today

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ മാതാവിനും ഭാര്യക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് ഒമിക്രോൺ വകഭേദം ആണോ എന്ന് കണ്ടെത്തുന്നതിനായി സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലവും ഇന്ന് ലഭിച്ചേക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതില്‍ 10 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാള്‍ ഒമിക്രോണ്‍ പൊസിറ്റീവായപ്പോള്‍ രണ്ടാമത്തെയാള്‍ക്ക് നെഗറ്റീവായത് ആശ്വാസമായി.രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കൊച്ചിയിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും കൊറോണ പരിശോധന കർശമാക്കി. യാത്രാക്കപ്പലുകൾ അധികം എത്തുന്നില്ലെങ്കിലും, ചരക്ക് കപ്പലിൽ എത്തുന്നവർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്.

സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;38 മരണം;4308 പേർക്ക് രോഗമുക്തി

keralanews 2434 corona cases confirmed in the state today 38 deaths 4308 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2434 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂർ 224, കൊല്ലം 163, കോട്ടയം 147, തൃശൂർ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസർഗോഡ് 54, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 50,446 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 165 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2266 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 712, കൊല്ലം 230, പത്തനംതിട്ട 192, ആലപ്പുഴ 171, കോട്ടയം 456, ഇടുക്കി 146, എറണാകുളം 704, തൃശൂർ 242, പാലക്കാട് 60, മലപ്പുറം 101, കോഴിക്കോട് 824, വയനാട് 153, കണ്ണൂർ 276, കാസർഗോഡ് 41 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

കണ്ണൂർ സെന്റ് മൈക്കിള്‍സ് സ്കൂളിലേക്കുള്ള വഴി കന്റോണ്‍മെന്റ് അധികൃതര്‍ വീണ്ടും അടച്ചു

keralanews cantonment authorities closed the road to st michaels school in kannur again

കണ്ണൂർ:സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കുള്ള വഴി കന്റോണ്‍മെന്റ് അധികൃതര്‍ വീണ്ടും അടച്ചു.സ്കൂളിനു മുന്‍പില്‍‌ ഡിഎസ്‌സി ഉടമസ്ഥതയിലുള്ള മൈതാനം പൂര്‍ണമായും കമ്പിവേലി കൊണ്ട് പട്ടാളം അടച്ചിരുന്നു. മൈതാനത്തിന് കിഴക്കു ഭാഗത്ത് നിന്ന് മാത്രം വാഹനങ്ങള്‍ക്ക് സ്കൂളിനു മുന്നിലേക്ക് വരാന്‍ സ്കൂള്‍ മതിലിനോട് ചേര്‍ന്ന് വഴി അനുവദിച്ചിരുന്നു.ഈ വഴിയാണ് ഇന്നലെ രാവിലെ അടച്ച നിലയില്‍ കണ്ടത്. രണ്ട് കോണ്‍ക്രീറ്റ് തൂണുകള്‍, ഇവയ്ക്ക് മധ്യത്തിലായി മൈതാനത്തിലേക്ക് പ്രവേശിക്കരുത് എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പട്ടാളം വഴി അടച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്ക് നടന്നു പോകാന്‍ മാത്രമുള്ള വഴിയാണ് നിലവില്‍ ഉള്ളത്. ഇനി സ്കൂള്‍ വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തി കുട്ടികളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.ഇത് തിരക്കേറിയ പ്രഭാത് ജംക്‌ഷന്‍-പയ്യാമ്പലം റോഡില്‍ ഗതാഗതക്കുരുക്കും അപകട ഭീഷണിയും ഉണ്ടാക്കും.

ഡോക്ടര്‍മാരുടെ സമരം; ഹൗസ് സര്‍ജന്മാരുമായി ആരോ​ഗ്യമന്ത്രി ചര്‍ച്ച നടത്തും

keralanews strike of doctors health minister will hold discussions with house surgeons

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ചര്‍ച്ചയ്ക്ക് വിളിച്ചതായി ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഇന്ന് ഹൗസ് സര്‍ജന്‍മാരും അധ്യാപക സംഘടനകളും പങ്കെടുത്തിരുന്നു ഇതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലെ പ്രവര്‍ത്തനം അവതാളത്തിലാകുകയും ചെയ്തിരുന്നു. ഒപിയും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയും ഉള്‍പ്പെടെ ബഹിഷ്കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. എന്നാല്‍ കോവിഡ് ഡ്യൂട്ടിക്ക് മുടക്കം വരില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാകരു‌ടെ എണ്ണം ആവശ്യത്തിനില്ല എന്നാണ് സമരം ചെയ്യുന്നവര്‍ പറയുന്നത്. സമരത്തിലെ പ്രധാന ആവശ്യമായ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ ഇപ്പോഴും തുടരുകയാണ്.രാവിലെ എട്ട് മണിയോടെ പണിമുടക്ക് ആരംഭിച്ച് ഹൗസ് സർജന്മാർ 24 മണിക്കൂർ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൂചനാ പണിമുടക്ക് തുടങ്ങിയതിന് പിന്നാലെ ഹൗസ് സർജന്മാരെ ചർച്ചയ്‌ക്ക് വിളിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായി. അതേസമയം കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്‌ക്കുക, സ്റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടർമാരുടെ സമരം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ചർച്ചയ്‌ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കിലായതോടെ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ളത്. ശസ്ത്രക്രിയകൾ പലതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

keralanews youth congress workers black flag protest against the chief minister in kannur

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.തലശേരി റോഡിലെ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്.മുഖ്യമന്ത്രി പിണറായിയിലെ വീട്ടില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമോഴായിരുന്നു പ്രതിഷേധം.മുഖ്യമന്ത്രിക്ക് അകമ്പടിയായി പൊലിസുണ്ടായിരുന്നെങ്കിലും വാഹനം നിര്‍ത്തുകയോ അരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല.സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു.

ഹർനാസ് സന്ധു വിശ്വസുന്ദരി; രണ്ട് പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം

keralanews harnas sandhu miss universe after two decades miss world title to india

എയ്‌ലാറ്റ്: 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്.21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.പഞ്ചാബ് സ്വദേശിനിയാണ് 21 കാരിയായ ഹർനാസ് സന്ധു.ഇസ്രയേലിലെ എയ്‌ലെറ്റിലായിരുന്നു 70ാമത് വിശ്വസുന്ദരി മത്സരം നടന്നത്.ഫൈനലിൽ പരാഗ്വയുടേയും ദക്ഷിണാഫ്രിക്കയുടേയും സുന്ദരികളെ പിന്തള്ളിയാണ് ഹർനാസിന്റെ കിരീടനേട്ടം. 2020തിലെ മുൻ വിശ്വസുന്ദരിയായ ആൻഡ്രിയ മെസ ഹർനാസിനെ കിരീടം ചൂടിച്ചു. 2000ത്തിൽ ലാറ ദത്തയാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്. 1994ൽ സുസ്മിത സെന്നിനാണ് ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി പട്ടം ആദ്യമായി ലഭിക്കുന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.2017-ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഹർനാസ്. 2019ലെ മിസ് ഇന്ത്യ വിജയിയാണ്. രണ്ട് പഞ്ചാബ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

രണ്ട് ചോദ്യങ്ങളാണ് മത്സരത്തിൽ ഹർനാസിന് നേരിടേണ്ടി വന്നത്.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. ‘അവനവനിൽ തന്നെ വിശ്വസിക്കാനാണ് ഓരോ സ്ത്രീയും പഠിക്കേണ്ടത്. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ്.അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ഒഴിവാക്കുക.നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും.ലോകത്തിൽ നടക്കുന്ന കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.നമുക്ക് വേണ്ടി ശബ്ദിക്കാൻ നാം മാത്രമാണ് ഉള്ളതെന്ന് മനസിലാക്കണം. നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രമാവുക.ഞാൻ എന്നിൽ വിശ്വസിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ വേദിയിൽ നിൽക്കുന്നത്’ എന്നായിരുന്നു ഹർനാസിന്റെ ഉത്തരം.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു വ്യാജവാദമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്താണ് നിങ്ങളുടെ പ്രതികരണം എന്നതായിരുന്നു ചോദ്യം. വാചകമടിയെക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താൻ ചെയ്യുമെന്നുമായിരുന്നു ഹർനാസിന്റെ മറുപടി.