ബാങ്കോക്ക്: പതിനഞ്ചു ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ നാല് കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെയാണ് കുട്ടികളെ പുറത്തെത്തിച്ചിരിക്കുന്നത്. ഇപ്പോഴും 10 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക. കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികള്‍ക്ക് കയറില്‍ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാന്‍ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പുറത്ത് സജ്ജമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു.മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻറെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച മട്ടന്നൂർ സ്വദേശി അറസ്റ്റിൽ
തലശ്ശേരി: പോലീസ് സ്റ്റേഷന്‍ ഉദ്ഘാടന ദിവസം സ്റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പിടുന്ന ചിത്രം മോര്‍ഫ് ചെയ്ത് മാറ്റി മേശമേല്‍ ഇലയിട്ട് ഭക്ഷണം കഴിക്കുന്നതും അത് പോലിസ് മേധാവികള്‍ നോക്കി നിൽക്കുന്ന ചിത്രമാക്കി മാറ്റി നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വാട്‌സ് അപ് ഗ്രൂപ് അഡ്മിന്‍ കസ്റ്റഡിയിലായി. മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശിയായ ഇയാളെ പിണറായി പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് പിണറായി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുറിയില്‍ ഇരിക്കുകയും, സ്റ്റേഷന്‍ രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ഉത്തരമേഖലാ ഐ ജി അനില്‍ കാന്ത്, ജില്ലാ പോലീസ് മേധാവി ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോലീസ് സ്റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പ് രേഖപ്പെടുത്തിയിരുന്നത്.ഈ ചിത്രമാണ് മോര്‍ഫ് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചത്. ഈ ചിത്രത്തിൽ പോലീസ് രെജിസ്റ്ററിന്റെ സ്ഥാനത്ത് വിഭവങ്ങളടങ്ങിയ ഇലയാണ് ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് വച്ചിരുന്നത്.ഐ പി സി 469 ഉം കേരള പോലിസ് ആക്‌ട് 120 ബി വകുപ്പിലുമാണ് പ്രമുഖ വ്യക്തികള്‍ക്ക് നേരെ അപവാദം പ്രചരിപ്പിച്ചുവെന്നതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന എംഎം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെതുടര്‍ന്ന് അവശതയിലായിരുന്ന അദ്ദേഹത്തെ ഇന്നു രാവിലെ സ്ഥിതി മോശമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അദ്ദേഹം രണ്ട് തവണ മേഘാലയ ഗവര്‍ണറായും ചുമതല വഹിച്ചിട്ടുണ്ട്.ഇടക്കാലത്ത് അരുണാചല്‍ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും കേരള സേവാ ദള്‍ ബോര്‍ഡിന്റെ ചെയര്‍മാനായും കോണ്‍ഗ്രസിന്റെ താത്വിക സെല്ലിന്റെ കണ്‍വീനറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ലും 1988ലും രാജ്യസഭാംഗമായ ജേക്കബ് രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ്.പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു. രാജ്യസഭയില്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര അസംബ്ലിയില്‍ 1985-ലും 1993-ലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഈ നമ്പറുകളിൽ നിന്നും വരുന്ന ഫോൺ കോളുകൾ എടുക്കരുതെന്ന് പോലീസ്
തിരുവനന്തപുരം: ഈ നമ്പറുകളിൽ നിന്നും വരുന്ന കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരളപോലീസ്. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്ബറുകളില്‍ നിന്നുവന്ന മിസ്ഡ് കോള്‍ കണ്ടു തിരികെ വിളിച്ചവരുടെ ഫോണില്‍ നിന്നു പണം നഷ്ട്ടപ്പെട്ടതായി പോലീസ് അറിയിച്ചു.കോള്‍ അറ്റന്‍ഡു ചെയ്തവര്‍ക്കാകട്ടെ ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു.സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.വിദേശത്തു നിന്ന് വ്യാജ കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പറിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്ബറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും, ഈ വ്യാജ നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഈ സന്ദേശം പരമാവധി എല്ലാവരിലേക്കും എത്തിക്കണമെന്നും ഏതെങ്കിലും കാരണവശാല്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടല്‍ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.
ലോകകപ്പ് ഫുട്ബോൾ ബ്രസീലിനെ തകർത്ത് ബെൽജിയം സെമിയിൽ
കസാൻ:ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ബെൽജിയം സെമിയിൽ കടന്നു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം.ഫെർണാണ്ടീഞ്ഞോയുടെ സെല്ഫ് ഗോളിൽ പതിമൂന്നാം മിനിറ്റിൽ മുൻപിലെത്തിയ ബെൽജിയത്തിനായി മുപ്പത്തിയൊന്നാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ലീഡ് ഉയർത്തി. കളിയിലെ ആധിപത്യം നിലനിര്‍ത്താനായിരുന്നു രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന്റെ ശ്രമം. എന്നാല്‍ ഗോള്‍ മടക്കാനുള്ള തത്രപ്പാടിലായിരുന്നു ബ്രസീല്‍. മുന്നേറ്റങ്ങളും ഷോട്ടുകളും അനവധി ബെല്‍ജിയത്തിന് നേര്‍ക്ക് ബ്രസീലിയന്‍ പട തൊടുത്തെങ്കിലും നിര്‍ഭാഗ്യവും കുര്‍ട്ടോയ്സിന്റെ മിന്നല്‍ സേവുകളും കാനറികള്‍ക്ക് ഗോള്‍ നിഷേധിച്ചുകൊണ്ടേയിരുന്നു. 76 ആം മിനിറ്റില്‍ അഗസ്റ്റോ ബ്രസീലിന്റെ രക്ഷകനായെത്തി. കുട്ടീന്യോ ബോക്സിനുള്ളില്‍ നിന്ന് ഉയര്‍ത്തിയിട്ട് നല്‍കിയ പാസില്‍ നിന്ന് നെല്ലിട തെറ്റാതെ റെനാറ്റോ ആഗസ്റ്റോ പന്ത് ബെല്‍ജിയത്തിന്റെ വലയിലേക്ക് കുത്തിയിട്ടു. പൌളീഞ്ഞോയുടെ പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിലാണ് അഗസ്റ്റോയുടെ ഗോള്‍.അവസാന മിനിറ്റ് വരെ സമനില ഗോളിനായി ബ്രസീല്‍ പൊരുതിയെങ്കിലും ജീവൻ രക്ഷിക്കാൻ ബ്രസീലിനായില്ല. 93 ആം മിനിറ്റില്‍ നെയ്മര്‍ ക്രോസ് ബാറിന് തൊട്ടുരുമി നല്‍കിയ ഷോട്ട് കുര്‍ട്ടോയ്സ് വിരല്‍ കൊണ്ട് പുറത്തേക്ക് തള്ളിയകറ്റിയതോടെ കാനറികളുടെ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. ഒടുവില്‍ മൂന്നു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ബെല്‍ജിയം ലോകകപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.
നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് ആരോഗ്യ സര്‍വകലാശാല നീക്കി
തിരുവനന്തപുരം:മെഡിക്കൽ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകൾക്ക് ആരോഗ്യ സർവകലാശാല ഏർപ്പെടുത്തിയ വിലക്ക് നീക്കി. കണ്ണൂര്‍, അസീസിയ, കാരക്കോണം, എസ്.യു.ടി എന്നീ മെഡിക്കല്‍ കോളേജുകളുടെ വിലക്കാണ് ആരോഗ്യ സര്‍വകലാശാല നീക്കിയത്. നാല് കോളേജുകളിലും ഈ വര്‍ഷം തന്നെ പ്രവേശനം നടത്താം.
അഭിമന്യുവിന്റെ കൊലപാതകം;ഒരാൾ കൂടി അറസ്റ്റിൽ; കൊലപ്പെടുത്താനായി വിളിച്ചുവരുത്തിയത് ഒന്നാം പ്രതി മുഹമ്മദെന്ന് സൂചന
കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.എസ്ഡിപിഐ നേതാവ് നവാസാണ് അറസ്റ്റിലായത്.അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതിനിടെ അഭിമന്യുവിന്റെ കൊലപാതകം അക്രമിസംഘം വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് മുന്‍പ് നാട്ടിലായിരുന്ന അഭിമന്യുവിന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതു കേസില്‍ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നു സൂചന.മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷം അറബിക് വിദ്യാര്‍ഥിയാണു മുഹമ്മദ്. ഇയാളും കുടുംബവും കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. സഹോദരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറി.
തായ് ഗുഹയിൽ നിന്നും കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പ് ചോദിച്ച് കോച്ചിന്റെ കത്ത്
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ടിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിശീലകന്റെ എഴുതിയ കത്ത് തായ് നേവി പുറത്ത് വിട്ടു.കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമചോദിച്ചുകൊണ്ടുള്ള 25കാരന്‍ പരിശീലകന്റെ കത്താണ് പുറത്തെത്തിയത്. ‘എല്ലാ മാതാപിതാക്കളോടും, എല്ലാ കുട്ടികളും ഇപ്പോഴും സുരക്ഷിതരാണ്. ഇവര്‍ക്ക് കഴിയുന്നതില്‍ ഏറ്റവും നല്ല സുരക്ഷ താന്‍ ഒരുക്കും.എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, മാത്രമല്ല മാതാപിതാക്കളോട് താന്‍ ക്ഷമ ചോദിക്കുന്നു’. പരിശീലകനായ എക്കപോള്‍ ഛന്ദവോംഗ് കത്തില്‍ കുറിച്ചു. 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടിളാണ് പരിശീലകനൊപ്പം ഗുഹയില്‍ അകപ്പെട്ടിരിക്കുന്നത്.ഇവരെ രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് തായ്‌ലണ്ട് സേന. ലോകം മുഴുവന്‍ ഇവര്‍ക്കായി പ്രാര്‍ത്ഥനയിലാണ്. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് പുതിയ വിവരം.കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗുഹയിലെ ഓക്സിജന്റെ അളവ് കുറയാനുള്ള സാധ്യതയും അതിശക്തമായ മഴക്കുള്ള സാധ്യതയും രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ഗുഹയിെല വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നതു മൂലം ജലനിലരപ്പ് വീണ്ടും ഉയരുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
ഈ വർഷത്തെ ഓണപരീക്ഷ ഓണത്തിന് ശേഷം നടത്തും

ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
കോട്ടയം:ചങ്ങനാശ്ശേരിയിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും മര്‍ദ്ദനത്തിന്‍റെ പാടുകളൊന്നും ശരീരത്തില്‍ ഇല്ലെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.ബുധനാഴ്ചയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചെന്ന പരാതിയിൽ പോലീസ് സുനിലിനെയും രേഷ്മയേയും ചോദ്യം ചെയ്തു വിട്ടയച്ചത്.വീട്ടിലെത്തിയ ദമ്പതികൾ ഉച്ചയോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യ്യുകയായിരുന്നു.മരിച്ച സുനിലും ഭാര്യയും എഴുതിയ ആത്മഹത്യ കുറിപ്പിൽ പോലീസ് തങ്ങളെ ക്രൂരമായി മർദിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.മരിച്ച സുനിലിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത രാജേഷും പൊലീസിന് അനുകൂലമായ മൊഴിയാണ് നൽകിയിരിക്കുന്നത്. രാജേഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും ആത്മഹത്യാ കുറിപ്പും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിക്കുമെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്.