News Desk

നിങ്ങൾ നിങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ,എങ്കിൽ അറിയാം നിയമവശങ്ങളെ പറ്റി

keralanews planning to get your vehicle modified know the law before that

നിങ്ങളുടെ വാഹനങ്ങൾ മോഡിഫൈ  ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെ നിയമവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.വാഹനത്തിന്റെ നിറത്തിലോ ഘടനയിലോ മാറ്റം വരുത്തുന്നത് നിയമപരമായി തെറ്റാണ്.വാഹനത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം അതിന്റെ ശക്തിയെ തന്നെ ബാധിക്കും.വാഹനം എപ്പോഴെങ്കിലും അപകടത്തിൽപെടുകയാണെങ്കിൽ വാഹനത്തിനും യാത്രക്കാർക്കും ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുണ്ട്.നിയമപ്രകാരം വാഹനങ്ങൾ പരിഷ്‌ക്കരിക്കണമെങ്കിൽ അതിനായി ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങൾ ഓട്ടോമോട്ടീവ് റിസർച്ച് അതോറിറ്റി ഓഫ് ഇന്ത്യ(ARAI) അംഗീകരിച്ചവയായിരിക്കണം. മാത്രമല്ല മോഡിഫൈ ചെയ്ത ശേഷം ARAI അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നേടുകയും വേണം.കേരള, കർണാടക പോലീസ് ഇത്തരത്തിൽ ഇത്തരത്തിൽ നിയമപരമല്ലാത്ത രീതിയിൽ പരിഷ്‌ക്കരിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള കർശന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.അമിതമായ ശബ്ദമുണ്ടാക്കുന്ന ബൈക്കുകൾക്ക് സർട്ടിഫിക്കറ്റു നൽകുന്നത് പോലീസ് നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഇവ ഉടമസ്ഥരുടെ മുന്നിൽവെച്ചു  തന്നെ എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.അതേസമയം വാഹനം നിയമപരമായി മോഡിഫൈ  ചെയ്യുക എന്നത് വളരെ ദൈർഘ്യമേറിയ പ്രവൃത്തിയാണ്.മോഡിഫൈ ചെയ്യാനായി ARAI അംഗീകരിച്ച യന്ത്രഭാഗങ്ങൾ ഉപയോഗിക്കുകയും ശേഷം ARAI നൽകുന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും വേണം. വിനൈൽ റാപ്പിങ് മെത്തേഡ് ഉപയോഗിച്ച് വാഹനത്തിന്റെ നിറം മാറ്റം.എന്നാൽ വാഹനത്തിന്റെ നിറം പെയിന്റ് ചെയ്ത് മറ്റൊരു നിറമാക്കുന്നത് നിയമപരമായി തെറ്റാണ്.

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മൂന്നു കുട്ടികളെ കൂടി പുറത്തെത്തിച്ചു;ഇനി ശേഷിക്കുന്നത് ഒരു കുട്ടിയും കോച്ചും മാത്രം

keralanews rescued three more children from thai cave there is only one child and a coach left

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ മൂന്ന് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെ മുങ്ങല്‍ വിദ്ഗദ്ധര്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇനി ഒരു കുട്ടിയും ഫു‌ട്ബോള്‍ പരിശീലകനും മാത്രമാണ് ഗുഹയിലുള്ളത്. ഇവരെയും ഉടന്‍ തന്നെ രക്ഷപ്പെടുത്തും. ഇന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ രക്ഷപ്പെടുത്തിയ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പേരുകളും ചിത്രങ്ങളും തായ് അധികൃതര്‍ പുറത്തുവിട്ടു.

വയനാട് ജില്ലയിൽ കനത്ത മഴ;താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ;വ്യാപക നാശനഷ്ടം

keralanews wide spread damage in heavy rain in waynad district

വയനാട്:കനത്ത മഴയിൽ വയനാട് ജില്ലയിൽ വ്യാപകമായ നാശനഷ്ടം.ശക്തമായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. മണിയങ്കോട് കെ എസ് ഇ ബി സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കുടുങ്ങി. കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.അതിനിടെ കനത്ത മഴയില്‍ മേപ്പാടിയില്‍ ലത്തീഫിന്റേയും മറ്റൊരാളുടേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്പിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല. മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്.ദുരിത ബാധിതരെ തിങ്കളാഴ്ച രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്ബുകളിലായി കഴിയുന്നത്. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മീനിലെ രാസവസ്തു;റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നൽ പരിശോധന നടത്തി

keralanews formalin content in fish food safety department conducted inspection in railway stations

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം കണ്ടെത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയിൽവേ സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്തി.തിരുവനന്തപുരം  തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്സ് മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണര്‍ മിനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ന് രാവിലെ 8 നാണ് പരിശോധന തുടങ്ങിയത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ മത്സ്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് പുലര്‍ച്ചെയെത്തിയ മംഗലപുരം തിരുവനന്തപുരം,മധുര പുനലൂര്‍ എക്സ് പ്രസ്, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ കൂറ്റന്‍ തെര്‍മോകോള്‍ ബോക്സലുകളിലാക്കി കൊണ്ടുവന്ന മത്സ്യങ്ങളാണ് പരിശോധിച്ചത്. ശേഖരിച്ച സാമ്പിളുകളിൽ  രാസവസ്തുക്കളൊന്നും പ്രയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.റെയില്‍വേ സ്റ്റേഷനിലെത്തിയ മുഴുവന്‍ മത്സ്യവും സാമ്പിൾ ശേഖരിച്ച്‌ പരിശോധിച്ചശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയാലേ വിട്ടുകൊടുക്കൂവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊല്ലം, കൊച്ചി, റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധന നടത്തി.കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ.അജിത്ത് കുമാര്‍ നേതൃത്വം നല്‍കി. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച കരിമീനില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച്‌ പരിശോധിച്ചെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് സാമ്പിൾ തിരുവനന്തപുരത്തെ റിജിയണല്‍ അനലറ്റിക് ലാബിലേക്ക് അയച്ചു. ട്രോളിംഗ് നിരോധനം ലാക്കാക്കി കേരളത്തിലേക്ക് രാസവസ്തുക്കളും ഫോര്‍മാലിനും പ്രയോഗിച്ച മത്സ്യം വന്‍തോതില്‍ കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തിയത്.

ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒന്നരമണിക്കൂർ മണ്ണിനടിയിൽ കിടന്ന യുവതി രക്ഷപ്പെട്ടു

keralanews land slides on the top of the hotel lady trapped in the soil for one and a half hours rescued

ഇടുക്കി:അടിമാലിയിലെ കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണു ജീവനക്കാരി ശ്വാസം കിട്ടാതെ കിടന്നത് ഒന്നരമണിക്കൂര്‍ മണ്ണിനടിയില്‍ കുടുങ്ങി.അടിമാലി വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത(30)യാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.മണ്ണ് വീണതോടെ ഭിത്തിക്കും സ്ലാബിനുമിടയിലായി പ്രമീത അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പ്രമീതയെ രക്ഷപ്പെടുത്തിയത്. ഹോട്ടലിനോട് ചേര്‍ന്നുണ്ടായിരുന്ന ശുചിമുറിയുടെ മുകളിലേക്കാണ് രാവിലെ 9.05-ന് കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞുവീണത്. പ്രമീതയുടെ കാലിലേക്ക് സ്‌ളാബ് വീണതോടെ ഇവര്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ശ്വാസം കിട്ടാതായതോടെ പ്രമീത അവശനിലയിലായിരുന്നു. മണ്ണുനീക്കിയ ഉടന്‍ പ്രമീതയ്ക്ക് പ്രാഥമിക ശിശ്രൂഷ നല്‍കി. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ മാറ്റിയ പ്രമീത അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചു.

ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു

keralanews free food distribution project hridayapoorvam launched by d y f i rosses 100th day

കണ്ണൂർ:ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു.സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ദിവസം തോറും നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയാണ് ഇത്.പദ്ധതിയുടെ നൂറാം ദിവസമായിരുന്നു ഇന്നലെ ഡിവൈഎഫ്ഐ കക്കറ മേഖല കമ്മിറ്റിയാണ് ഭക്ഷണ വിതരണം നടത്തിയത്.ജില്ലയിലെ 262 മേഖലകമ്മിറ്റികളും ഉൾപ്പെട്ടതാണ് പദ്ധതി.ഒരു ദിവസവും ഓരോ കമ്മിറ്റികൾക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല.കണ്ണൂർ ജില്ലാ ആശുപത്രിക്ക് പുറമെ പേരാവൂർ ആശുപത്രിയിലും നൂറു ദിവസത്തെ ഭക്ഷണ വിതരണം പൂർത്തിയായി.മേഖലയിലെ വീടുകളിൽ ആദ്യം കത്തുനൽകുകയാണ് ചെയ്യുക.തങ്ങൾക്ക് സാധിക്കുന്ന അളവിൽ ഭക്ഷണപ്പൊതി നൽകാനാണ് വീട്ടുകാരോട് പറയുക.ചിലർ അഞ്ചുപൊതികൾ നൽകുമ്പോൾ മറ്റു ചിലർ ഇരുപത് പൊതി വരെയൊക്കെ നൽകും.ഇവയൊക്കെ ശേഖരിച്ച് ശരാശരി ആയിരം പൊതിച്ചോറുകൾ പ്രത്യേകം വാഹനത്തിൽ ഉച്ചയോടെ ആശുപത്രി പടിക്കൽ എത്തിക്കും.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വരിയിൽ നിന്ന് പൊതിച്ചോറ് വാങ്ങാം.1300 വരെ പൊതിച്ചോറുകൾ വിതരണം ചെയ്ത ദിവസങ്ങളും ഉണ്ടെന്ന് പ്രവർത്തകർ പറയുന്നു.പദ്ധതി ജില്ലയിലെ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ഡിവൈഎഫ്ഐ ജില്ലാ സെക്രെട്ടറി വി.കെ സനോജ് പറഞ്ഞു.ദിനംതോറുമുള്ള രക്തദാന പദ്ധതിക്കും പേരാവൂരിൽ തിങ്കളാഴ്ച  ഡിവൈഎഫ്ഐ തുടക്കം കുറിച്ചിട്ടുണ്ട്.ഭക്ഷണ വിതരണത്തിനെത്തുന്ന വോളന്റിയർമാർക്കൊപ്പം രക്തദാനം ചെയ്യാൻ സന്നദ്ധരായവരും ആശുപത്രിയിൽ എത്തും.

ലോകകപ്പ് ഫുട്ബോളിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ന് ഫ്രാൻസ്-ബെൽജിയം പോരാട്ടം

keralanews france and belgium fight in the first semi finals of the world cup football

മോസ്‌കോ:ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ നിർണയിക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ഫ്രാൻസും ഇതുവരെ ഫൈനൽ കളിച്ചിട്ടില്ലാത്ത ബെൽജിയവും നേർക്കുനേർ വരുന്നു.ഫൈനലിന് മുൻപുള്ള ഫൈനൽ എന്ന് ഇവർ തമ്മിലുള്ള പോരാട്ടത്തെ വിശേഷിപ്പിക്കാം.പരിചയ സമ്പത്താണ് ബെൽജിയത്തിലെ ശക്തി.യുവത്വമാണ് ഫ്രാൻസിന്റെ കരുത്ത്.ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു സംഘങ്ങളും മൈതാനത്തിറങ്ങുക. സസ്പെന്‍ഷനിലായിരുന്ന മാറ്റ്യൂഡി ഫ്രാന്‍സ് നിരയില്‍ തിരിച്ചെത്തിയേക്കും. ടോളീസോ പകരക്കാരനാകും. ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങളെ മുളയിലേ നുള്ളിയ ഫെല്ലെയ്നി ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കരാസ്കോ തിരിച്ചെത്തും. സസ്പെന്‍ഷനിലായ മുന്യീറിന് കളിക്കാനാകില്ല. പകരം തോമസ് വെര്‍മെയ്‌ലന്‍ പ്രതിരോധത്തില്‍ ഇറങ്ങും.മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങുമ്പോൾ വിജയത്തില്‍ കുറഞ്ഞൊന്നും ഇരു സംഘങ്ങള്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. രാത്രി പതിനൊന്നരക്കാണ് മത്സരം നടക്കുക.

നിർഭയ കൊലക്കേസ്;പ്രതികൾക്ക് തൂക്കുമരം തന്നെ;പുനഃപരിശോധനാ ഹർജികൾ തള്ളി

keralanews nirbhaya murder case revision petition of accused rejected

ന്യൂഡൽഹി:ഡൽഹിയിൽ നിർഭയ കൂട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് തൂക്കുമരം തന്നെ ലഭിക്കും.കേസിലെ നാല് പ്രതികളിൽ മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി.പ്രതികളായ മുകേഷ്(29),പവൻ ഗുപ്ത(22),വിനയ് ശർമ്മ(23) എന്നിവർ സമർപ്പിച്ച പുനഃ പരിശോധന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.ഈ വിധിക്കെതിരെ തിരുത്തൽ ഹർജി നൽകുമെന്ന് പ്രതികളുടെ അഭിഭാഷകൻ പറഞ്ഞു.നാലാമത്തെ പ്രതിയായ അക്ഷയ് കുമാർ സിങ്ങും(31) പുനഃപരിശോധ ഹർജി നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു. അതേസമയം സുപ്രീം കോടതി ഹർജി തള്ളിയതോടെ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് മുൻപിൽ രക്ഷപ്പെടാനുള്ള സാധ്യത മങ്ങി.തിരുത്തൽ ഹർജി നൽകുകയാണ് ഇനി ആകെയുള്ള നടപടി.എന്നാൽ ഇത് പരിഗണിക്കാൻ സാധ്യത കുറവാണ്.രാഷ്ട്രപതിക്ക് ദയാഹർജി നൽകുകയാണ് പിന്നീടുള്ള ഏക മാർഗം.വിധി പുനഃപരിശോധിക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കാൻ പ്രതികൾക്ക് സാധിച്ചിട്ടില്ല എന്ന് കാണിച്ചാണ് ഹർജി തള്ളിയത്.കേസുമായി ബന്ധപ്പെട്ട സമർപ്പിച്ച രേഖകളിൽ വ്യക്തമായ പിഴവ് സംഭവിക്കുന്ന സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കുക.നിർഭയ കേസിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.കഴിഞ്ഞ വർഷം മെയ് അഞ്ചിനാണ് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരമായ അണുബാധ റിപ്പോർട്ട് ചെയ്തു

keralanews a seriuos infection has been reported in thiruvananthapuram medical college

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ ഗുരുതര അണുബാധ.കരള്‍,സന്ധികള്‍,വയര്‍ എന്നിവയെ ബാധിക്കുന്ന ബര്‍ക്കോള്‍ഡേറിയ എന്ന അണുബാധയാണ് സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് ഡയലാസിസ് യൂണിറ്റില്‍ അണുബാധ സ്ഥിരീകരിക്കുന്നത്.ഏപ്രിലിലും ജൂണിലുമായി നേരത്തെ ആറ് രോഗികളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.മണ്ണ്, വെള്ളം എന്നിവയില്‍ കൂടി പടരുന്ന ഈ ബാക്ടീരിയ ആശുപത്രിയിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് പടര്‍ന്നതെന്നാണ് കരുതുന്നത്.അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മിസ്ഡ്‌ കോൾ തട്ടിപ്പിന് പിന്നിൽ ബൊളീവിയൻ കമ്പനികൾ

keralanews bolivian companies behind missed call scams

തൃശ്ശൂര്‍: മിസ്ഡ് കോളിലൂടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികൾ  തന്നെയെന്ന്‌ വ്യക്തമായി. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച്‌ യതീഷ് ചന്ദ്ര ഇ-മെയില്‍ വഴിയും മറ്റും ബൊളീവിയന്‍ പോലീസുമായും ബന്ധപ്പെട്ട കമ്പനികളുമായും ബന്ധപ്പെട്ടു. ബൊളീവിയോ യിയോ, നിയുവെറ്റല്‍ എന്നീ കമ്പനികളുടെ  നമ്പറുകളിൽ നിന്നാണ് മിസ്ഡ് കോള്‍ വന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.കമ്ബനിയില്‍ റജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ നമ്ബറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ ഡയല്‍ ചെയ്യപ്പെടുന്നത്. ഒരു മിനിറ്റില്‍ ലഭിക്കുന്ന 16 രൂപയില്‍ പകുതി ടെലികോം കമ്പനിക്ക്  ലഭിക്കും. ബാക്കി തട്ടിപ്പുകാരനും.അതിനാല്‍ തന്നെ കമ്പനി ഉപഭോക്താവിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്ബറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകള്‍ പ്രവഹിക്കുന്നത്. ഈ നമ്ബറിലേക്കു തിരിച്ചു വിളിച്ചവര്‍ക്കെല്ലാം മിനിറ്റിന് 16 രൂപ കണക്കില്‍ പണം നഷ്ടപ്പെട്ടു.മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡു ചെയ്തവര്‍ക്ക് ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടമായി.പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുണ്ട്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിലും ജാഗ്രതാ നിര്‍ദേശമെത്തി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ ബൊളീവിയൻ കമ്പനി തന്നെയാണെന്ന് കണ്ടെത്തിയത്.