News Desk

കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

keralanews tomorrow leave for schools in malappuram district

മലപ്പുറം:കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്റ്റർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനു പകരം മറ്റൊരു ദിവസം പ്രവൃത്തി ദിവസമായിരിക്കുമെന്നും കലക്റ്റർ അറിയിച്ചു.

അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ വാർത്ത സമ്മേളനം നിരാശാജനകമെന്ന് ഡബ്ള്യു സി സി

keralanews wcc official said the news conference of amma president mohanlal was disappointing

തിരുവനന്തപുരം:അമ്മ പ്രസിഡന്റ് മോഹൻലാൽ നടത്തിയ വാര്‍ത്താസമ്മേളത്തെയും അതിലെ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച്‌ സിനിമയില്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. മോഹന്‍ലാല്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് ഡബ്ല്യുസിസി ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോൾ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും സംഘടന ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കപ്പെടുന്നുണ്ടെന്ന് എന്ന് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞത് തെറ്റാണ്.നടി ഇക്കാര്യം കാര്യം ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോള്‍ തന്നെ ഫോണില്‍ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നല്‍ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെണ്‍കുട്ടി വീണ്ടും ബാബുവിനെ ഫോണില്‍ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്’ ‘എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാന്‍ ആവശ്യപ്പെട്ടതായി അറിവില്ല. സംഘടന ഫേസ്‌ബുക്ക് കുറിപ്പില്‍ കുറിച്ചു.അവളോടൊപ്പം രാജി വച്ച WCC അംഗങ്ങള്‍, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയില്‍ വഴി നാലുപേരും അമ്മയുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ്.അമ്മ ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തില്‍ പറഞ്ഞത്.അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു ഞങ്ങള്‍ക്കറിയാന്‍ സാധിച്ചത്.വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വരാനിരിക്കുന്ന ചര്‍ച്ചയെയും ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചര്‍ച്ചക്കുള്ള തിയതി ഞങ്ങളെ ഉടന്‍ അറിയിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഡബ്ള്യു സി സി ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

സ്വകാര്യ ബസ്സുകൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ഓടിക്കുവാൻ കെഎസ്ആർടിസി നീക്കം

keralanews k s r t c plan to take private bus for rent to service

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ പുതിയ നീക്കം. സ്വകാര്യ ബസുകള്‍ വന്‍തോതില്‍ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്‌ആര്‍ടിസി പരിഗണിക്കുന്നതായി എംഡി ടോമിന്‍ തച്ചങ്കരി.15000 ബസ്സുകൾ വാടകയ്‌ക്കെടുക്കാനാണ് പദ്ധതി.പദ്ധതിക്ക് അനുമതി കിട്ടിയാല്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കെഎസ്ആർടിസി ഇലക്‌ട്രിക് ബസ് ഉള്‍പ്പെടെ വാടകയ്ക്കെടുത്ത് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇലട്രിക് ബസുകള്‍ക്ക് ഒന്നര കോടിയിലധികമാണ് വില.ഈ തുകയ്ക്ക് ബസ് വാങ്ങാൻ കെഎസ്ആർടിസി ക്ക് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ സാധിക്കാത്തതിനാലാണ് ബസ്സുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചത്.

മൽസ്യത്തിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധന കിറ്റ് ജില്ലയ്ക്ക് സ്വന്തമായി ലഭിച്ചു

keralanews district get the kit to detect the chemical content in fish

കണ്ണൂർ:മൽസ്യത്തിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധന കിറ്റ് ജില്ലയ്ക്ക് സ്വന്തമായി ലഭിച്ചു.ഇതോടെ മായം കണ്ടെത്തുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കൂടുതൽ കർശനമാക്കി.പരിശോധന കിറ്റ് നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട് വിജിലൻസ് വിഭാഗത്തിന്റെ കൈവശം മാത്രമായിരുന്നു ഉണ്ടായിരുന്നത്.കിറ്റ് സ്വന്തമായി ലഭിച്ചതോടെ ഇതുപയോഗിച്ച് കഴിഞ്ഞ ദിവസം ജില്ലയിലെ മീൻ മാർക്കറ്റുകളിൽ പരിശോധന നടത്തി.എന്നാൽ പ്രാഥമിക പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇവിടെ നിന്നുള്ള സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ഓഫീസിലേക്ക് അയച്ചു.ആന്ധ്രായിൽ നിന്നെത്തുന്ന മീനുകളുടെ സാമ്പിളുകൾ ഉൾപ്പെടെയാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.പരിശോധനാഫലം അടുത്ത ദിവസം ലഭ്യമാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മീഷണർ ടി.അജിത് കുമാർ പറഞ്ഞു.

ഫ്രാൻസ് ഫൈനലിൽ

kerlanews france entered into finals

മോസ്‌കോ:ലോകകപ്പ് ഫുട്ബോളിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ബെൽജിയത്തെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ കടന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. അന്‍പത്തിയൊന്നാം മിനിറ്റില്‍ ഗ്രീസ്മാന്‍ നല്‍കിയ കോര്‍ണര്‍ കിക്കിലൂടെ സാമുവല്‍ ലുങ്റ്റിറ്റിയാണ് ഗോള്‍ നേടിയത്.ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ രണ്ടാം സെമി ഫൈനല്‍ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.ഇത് മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.അവസാന നിമിഷം വരെ ആവേശം അലയടിച്ച മത്സരത്തില്‍ ഇരു ടീമുകളുടേയും ഇഞ്ചോടിഞ്ച് മത്സരത്തിനാണ് സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് ഇന്നലെ സാക്ഷിയായത്.നിര്‍ണായക മത്സരത്തില്‍ പ്രതിരോധത്തിന് മുതിരാതെ ഇരുടീമും ആക്രമണഫുട്ബാള്‍ തന്നെ തുടക്കം മുതല്‍ പുറത്തെടുത്തപ്പോള്‍ മത്സരം ആവേശത്തിര ഉയര്‍ത്തി. ഇരു ഗോള്‍മുഖത്തേക്കും അപകട ഭീഷണി ഉയര്‍ത്തി തുടരെ പന്തുകള്‍ എത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ഫ്രാന്‍സായിരുന്നു ആക്രമണത്തില്‍ അല്‍പം മുന്നില്‍. ബെല്‍ജിയവും വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.എന്നാൽ  രണ്ടാം പകുതിയുടെ തുടക്കത്തില്‍ 51 ആം മിനിറ്റില്‍ ബെല്‍ജിയത്തെ ഞെട്ടിച്ചു കൊണ്ട് ഉംറ്റിറ്രിയുടെ ഗോളില്‍ ഫ്രാന്‍സ് ഫൈനല്‍ ഉറപ്പിച്ച ഗോള്‍ നേടി. പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്റെ തകര്‍പ്പന്‍ ക്രോസ് അതിമനോഹരമായൊരു ഹെഡ്ഡറിലൂടെ ഉംറ്റിറ്രി വലയിലാക്കുകയായിരുന്നു.തുടര്‍ന്ന് സമനില്ക്കായി ബെല്‍ജിയം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും  ഫ്രഞ്ച് ഗോള്‍ മുഖത്ത് ഹ്യൂഗോ ലോറിസ് വന്‍മതില്‍ തീര്‍ത്തു. മറുവശത്ത് ഫ്രാന്‍സിന്റെ തുടര്‍ ആക്രമണങ്ങള്‍ കൗര്‍ട്ടോയിസും തടുത്തു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം

keralanews central govt plan to ban popular front

തിരുവനന്തപുരം:ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം.നേരത്തെയും കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പ് കാരണം നടപടി മന്ദഗതിയില്‍ ആവുകയായിരുന്നു.എന്നാൽ അഭിമന്യുവിന്റെ കൊലപാതകമടക്കം അടുത്തിടെ നടന്ന സംഭവങ്ങളുടെ കേന്ദ്രസർക്കാർ നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു.നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിശദ വിവരങ്ങൾ തേടിയിരുന്നു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇവർ നൽകിയ  റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ കൊലപാതകം കൂടാതെ ഗോരക്ഷാ പ്രവര്‍ത്തനം ആരോപിച്ച്‌ പുത്തൂരില്‍ സൈനികന്റെ  വീടാക്രമിച്ച സംഭവം, ആര്‍.എസ്.എസ്- സി.പി.എം അക്രമം ലക്ഷ്യമിട്ട് ചവറയില്‍ സി.പി.എം കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബി.ജെ.പി കൊടി കെട്ടിയ സംഭവം എന്നിവ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മത തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങൾ പങ്കുവെയ്ക്കാനും കേരളത്തിൽ തുടങ്ങിയ ഇരുനൂറിലേറെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളെ കുറിച്ചും റിപ്പോർട്ടിൽ ഉണ്ട്.കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. രാജ്യത്താകമാനം നിരോധിക്കുന്നതിന്റെ ഭാഗമായാണ് ജാര്‍ഖണ്ഡിലെ നിരോധനമെന്ന് അന്ന് തന്നെ വിലയിരുത്തിയിരുന്നു.

അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടിയില്ലെങ്കിൽ താനും ഭാര്യയും മരിക്കുമെന്ന് പിതാവ്

keralanews abhimanyus father said he and his wife will commit suicide if did not catch the accused in abhimanyu murder case

ഇടുക്കി:മകനെ കൊന്നവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിന്റെ പിതാവ്. അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളജില്‍ നിന്നും അപമന്യുവിന്റെ വീട്ടിലെത്തിയ അധ്യാപകരോടാണ് പിതാവ് മനോഹരന്‍ ഇങ്ങനെ പറഞ്ഞത്. ‘അവനെ കൊല്ലാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു, പാവങ്ങള്‍ക്കൊപ്പമായിരുന്നു അവന്‍, അവനെ കൊന്നവരോട് ക്ഷമിക്കില്ലെന്നും കരഞ്ഞുകൊണ്ട് മനോഹരന്‍ പറഞ്ഞു.ഇന്നലെയാണ് മഹാരാജാസിലെ അധ്യാപക സംഘം അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തിയത്.കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍. കൃഷ്ണകുമാര്‍, എം.എസ്. മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോര്‍ജ്, ജോര്‍ജ് എന്നിവരാണ് വട്ടവടയിലെ എത്തിയത്. മഹാരാജാസിലെ അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും അവര്‍ മനോഹരന് കൈമാറി.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കരുതെന്ന് ഹൈക്കോടതി

keralanews do not charge bank guarantee for medical admission in self financing medical colleges

കൊച്ചി:സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശം.കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.എൻട്രൻസ് കമ്മീഷണർ നൽകിയ അലോട്ട്മെന്റ് ഉത്തരവിലും സർക്കാർ ഉത്തരവിലും മെഡിക്കൽ പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി നല്കണമെന്നില്ല.അതുകൊണ്ടു തന്നെ ഒന്നാം വർഷ മെഡിക്കൽ പ്രവേശനത്തിന് നാലുവർഷത്തെ ബാങ്ക് ഗ്യാരന്റി നൽകണമെന്ന സ്വാശ്രയ മെഡിക്കൽ കോളേജിന്റെ ആവശ്യം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത മഴ;അഞ്ചു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

keralanews heavy rain in the state leave for schools in five districts

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. കനത്ത മഴയെതുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, എറണാകുളം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്.കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ ജലനിരപ്പ് 122 അടിയായി. ഇടുക്കി മലങ്കര ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. വയനാട് ജില്ലിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു

keralanews rescued all trapped in thailand cave

ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു. മനുഷ്യശക്‌തിയും ദൃഢനിശ്‌ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും കൊച്ചിനെയും ഇന്നലെ പുറത്തെത്തിച്ചു.കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയ പതിനെട്ടാം ദിവസമാണു രക്ഷാദൗത്യം പൂര്‍ത്തിയായത്‌. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു.ഗുഹയിലെ വെള്ളംനിറഞ്ഞ ഇടുക്കുകളിലൂടെ ഓക്‌സിജന്‍ മാസ്‌ക്‌ അടക്കമുള്ളവ ധരിപ്പിച്ചാണു കുട്ടികളെ പുറത്തെത്തിച്ചത്‌.പരിശീലകനെയാണ്‌ ഒടുവില്‍ പുറത്തെത്തിച്ചത്‌. അതിനു പിന്നാലെ, ഗുഹയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന ഡോക്‌ടറും മൂന്നു തായ്‌ സീലുകളും സുരക്ഷിതരായി പുറത്തെത്തി. ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്‌ക്കും ശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന്‌ തായ്‌ലന്‍ഡ്‌ പൊതുഭരണമന്ത്രി അറിയിച്ചു. രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക്‌ മരുന്നുകള്‍ നല്‍കിയിരുന്നു.കുട്ടികള്‍ ഒരാഴ്‌ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്‌താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്‌. അണുബാധയാണതു സൂചിപ്പിക്കുന്നത്‌. രണ്ടാഴ്‌ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്‍ക്കും ആന്റിബയോട്ടിക്‌ നല്‍കിയിട്ടുണ്ട്‌.കുട്ടികളുടെ മാതാപിതാക്കളെ നിരീക്ഷണമുറിയുടെ ജനലിലൂടെയാണ്‌ കാണാന്‍ അനുവദിച്ചത്‌. ഞായറാഴ്‌ച റഷ്യയിൽ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ കാണാൻ കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്‌ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്‌ച നടക്കാനിടയില്ല.