കോഴിക്കോട്:കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപന ഉടമ കുപ്പായക്കോട് ഒളവങ്ങരയിലെ പി.ടി കുരുവിള എന്ന സജി (52)യെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതിയെ പൊലീസ് അറസ‌്റ്റു ചെയ്തു. ആലപ്പുഴ വള്ളികുന്നം സ്വദേശി സുമേഷ് കുമാറിനെയാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും താമരശേരി സി.ഐ ടി.എ.അഗസ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15നാണ് പുതുപ്പാടി കൈതപ്പൊയിയിൽ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ സജി കുരുവിളയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കുരുവിളയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സജി ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരിച്ചത്. വായ്പ എടുക്കുന്നതിനായി സുമേഷ് രണ്ട് ദിവസം സജിയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നു.എന്നാൽ സുമേഷിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാലും ആവശ്യപ്പെട്ട തുകയ്ക്ക് ഈട് നല്‍കാന്‍ തയ്യാറാവാത്തതിനാലും സജി പണം നല്‍കിയിരുന്നില്ല.ഇതില്‍ പ്രകോപിതനായ സുമേഷ് കൈയിലുണ്ടായിരുന്ന പെട്രോള്‍ കുരുവിളയുടെ ദേഹത്ത് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീയിടുകയായിരുന്നു.
ആഗസ്റ്റ് 7 ന് അഖിലേന്ത്യ മോട്ടോർവാഹന ബന്ദ്
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍വാഹന തൊഴിലാളികളുടെ അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ഉടമാ സംഘടനകളും സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 6ന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രിവരെ ആണ് പണിമുടക്ക്.തിരുവനന്തപുരത്ത് ബി ടി ആര്‍ ഭവനില്‍ ചേര്‍ന്ന അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റേതാണ‌് തീരുമാനം.ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ‌്, ദേശസാല്‍ക്കൃത ട്രാന്‍സ്‌പോര്‍ട്ട‌് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത‌് വാഹനങ്ങള്‍ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സ് വിപണനശാലകള്‍ ഡ്രൈവിങ‌് സ്‌കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കള്‍ ഷോറൂമുകള്‍ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കുചേരും. ജൂലൈ 24ന് പണിമുടക്ക് നോട്ടീസ് നല്‍കും. പണിമുടക്കിന് മുന്നോടിയായി ജില്ലാതലത്തിലും പ്രാദേശിക അടിസ്ഥാനത്തിലും സംയുക്ത കണ്‍വന്‍ഷനുകളും വാഹനജാഥകളും സംഘടിപ്പിക്കും.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു
ലഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷെരീഫിന്‍റെയും മറിയത്തിന്‍റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. മറിയത്തിന്‍റെ ഭര്‍ത്താവ് റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിന് പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴയും പാകിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയത്തിന് ഏഴു വര്‍ഷം തടവും 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം.
അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ മരിച്ചു
കോഴിക്കോട്:കഴിഞ്ഞ ദിവസം അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ മരിച്ചു.കൈതപ്പൊയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സിയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ കുപ്പായക്കോട് ഒളവങ്ങര പി.ടി. കുരുവിള എന്ന സജി(52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.ഉച്ചയ്ക്ക് രണ്ടേ കാലോടെ സ്ഥാപനത്തില്‍ എത്തിയ അജ്ഞാത യുവാവ് കുരുവിളയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുരുവിള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൃത്യം നടത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടെ രക്ഷപ്പെട്ടു. സംഭവം നടക്കുമ്ബോള്‍ ഓഫിസില്‍ കുരുവിള മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍നിന്ന് ദേഹത്തു പടര്‍ന്ന തീയുമായി പുറത്തുവന്ന കുരുവിള താഴേക്കു ചാടി.സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണച്ചു.ആശുപത്രിയില്‍ കഴിയുന്ന കുരുവിളയുടെ മൊഴി മജിസ്ട്രേട്രേറ്റ് ഇന്നലെത്തന്നെ രേഖപ്പെടുത്തിയിരുന്നു.ചുവപ്പു ഷര്‍ട്ടു ധരിച്ചെത്തിയ ചെറുപ്പക്കാരനാണ് അക്രമിയെന്നു കുരുവിള മൊഴി നല്‍കിയിരുന്നു. മതിയായ സ്വര്‍ണം ഈടുവയ്ക്കാനില്ലാതെ സ്ഥാപനത്തില്‍ വായ്പ എടുക്കാനെത്തിയ ഒരു യുവാവിനെ കുരുവിള മടക്കി അയച്ചിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുരുവിള മൊബൈലില്‍ ഇയാളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ യുവാവ് തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. രണ്ടു കുപ്പി പെട്രൊളുമായാണ് ഇയാൾ ആക്രമണത്തിനെത്തിയത്. ബാക്കിവന്ന ഒരു കുപ്പി പെട്രോളും താക്കോലും സംഭവസ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ ബാധ; ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 32000 കോടി രൂപ പിഴ നൽകണം
വാഷിങ്‌ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡര്‍ ഉപയോഗിച്ച സ്‌ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചെന്ന കേസില്‍ കമ്പനിക്ക് 470 കോടി ഡോളര്‍(ഏകദേശം 32,000 കോടി രൂപ) കോടതി പിഴയിട്ടു.ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചതുമൂലം ഓവറിയന്‍ ക്യാന്‍സര്‍ ബാധിച്ചെന്നു ചൂണ്ടിക്കാട്ടി 22 സ്‌ത്രീകള്‍ നല്‍കിയ പരാതിയില്‍ അമേരിക്കയിലെ മിസൗറി കോടതിയാണു ശിക്ഷ വിധിച്ചത്. രോഗം ബാധിച്ച് ആറു സ്‌ത്രീകള്‍ മരിക്കുകയും ചെയ്‌തു. കമ്പനിയുടെ പൗഡറിലെ ആസ്‌ബറ്റോസിന്റെ സാന്നിധ്യമാണു രോഗത്തിനു കാരണമെന്നു പരാതിക്കാര്‍ ആരോപിച്ചു.പൗഡറില്‍ ആസ്‌ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധയിടങ്ങളിലായി ഒന്പതിനായിരത്തോളം കേസുകളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേ നിലവിലുള്ളത്.ആറാഴ്‌ച നീണ്ട വിചാരണയ്‌ക്കുശേഷമാണ് മിസൗറി കോടതി വിധി പ്രസ്‌താവിച്ചത്. യു.എസ്.കോടതിയുടെ വിധി നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനി പ്രതികരിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിഷേധിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നതും കമ്ബനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാന്‍സറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളും ഈ ഉല്‍പ്പന്നം വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ജോണ്‍സ്ണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചിരുന്നു.നവജാതശിശുക്കളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ബേബി പൗഡര്‍.കാന്‍സറിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയില്‍ ഈ ഉല്‍പ്പന്നം യഥേഷ്ടം വില്‍ക്കുന്നുണ്ട്. അതേസമയം വിദേശ രാജ്യങ്ങളില്‍ കാന്‍സറിന് കാരുണമാകുന്നു എന്നു കണ്ട് നിരോധനവും നടപടിയും നേരിടുകുകയാണ് ഈ ആഗോള ബ്രാന്‍ഡ്.
ഡി ഡി എടുക്കുമ്പോൾ ഇനി മുതൽ എടുക്കുന്നയാളിന്റെ പേരും രേഖപ്പെടുത്തണം
ന്യൂഡല്‍ഹി:ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്നയാളുടെ പേരും രേഖപ്പെടുത്തണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. കള്ളപ്പണ വിനിമയം തടയുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. പേ ഓര്‍ഡര്‍, ബാങ്കേഴ്‌സ് ചെക്ക് എന്നിവ നൽകുമ്പോഴും ഈ നടപടിക്രമങ്ങള്‍ പാലിക്കണം.നിലവില്‍ ആര്‍ക്കാണോ ഡിഡി നല്‍കുന്നത് അവരുടെ പേരുവിവരങ്ങള്‍മാത്രമാണ് രേഖപ്പെടുത്താറുള്ളത്.സെപ്റ്റംബര്‍ 15 മുതലാണ് ഇത് ബാധകമെന്നും ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
മോക് ഡ്രില്ലിനിടെ അപകടം;കോയമ്പത്തൂരിൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു
കോയമ്പത്തൂർ:അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാന്‍ നടത്തിയ മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോയമ്ബത്തൂരിലെ ഒരു സ്വകാര്യ കോളേജില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. പത്തൊമ്പതുകാരിയായ ലോഗേശ്വരിയാണ് പരിശീലകന്റെ അനാസ്ഥ മൂലം മരിച്ചത്.കോവൈ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയപ്പോള്‍ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥി ചാടാന്‍ മടിച്ച് നില്‍ക്കുകയും പരിശീലകന്‍ തള്ളിയിടുകയുമായിരുന്നു. കെട്ടിടത്തിന് താഴെ മറ്റു കുട്ടികൾ പിടിച്ചു നിൽക്കുന്ന വലയിലേക്കാണ് ചാടേണ്ടിയിരുന്നത്.താഴേക്ക് ചാടുമ്പോൾ പെൺകുട്ടിയുടെ തല കെട്ടിടത്തിന്റെ സൺഷേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.അപകടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടാൻ മടിക്കുന്നതും പരിശീലകൻ പിന്നിൽ നിന്നും തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മോക് ഡ്രിൽ നടന്നതെന്ന് കോളേജ് അധികൃതർ പറഞ്ഞു.എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട് ദുരന്ത നിവാരണ ഏജൻസി പ്രതികരിച്ചു.
കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമം
കോഴിക്കോട്:കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമം.അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി ഇടവക്കുന്നേല്‍ സജി കുരുവിളയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.60 ശതമാനം പൊള്ളലേറ്റതായാണ് വിവരം.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമി രക്ഷപ്പെട്ടതായും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.
വീട്ടമ്മയെ പീഡിപ്പിച്ച സംഭവം;ഓർത്തഡോക്സ് സഭയിലെ ഒരു വൈദികൻ കൂടി അറസ്റ്റിൽ
തിരുവല്ല:കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി.കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍.വി.മാത്യുവാണ് തിരുവല്ലയില്‍ നിന്നും അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിപറഞ്ഞിരുന്നില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാന്‍ ഇരിക്കെയാണ് അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ജോണ്‍സണെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിലെ നാലാം പ്രതി ജെയ്‌സ്. കെ. ജോര്‍ജ് ഡല്‍ഹിലായതിനാല്‍ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് പുറപ്പെടാന്‍ ആലോചനയുണ്ട്. എന്നാല്‍, ജെയ്‌സ് കെ.ജോര്‍ജ് ഇന്ന് കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു
കണ്ണൂർ വിമാനത്താവളത്തിന് ഡൽഹിയിൽ ഓഫീസ് തുടങ്ങും
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന് ഡൽഹിയിൽ ഓഫീസ് തുടങ്ങും.ഡൽഹി കേരളാ ഹൗസ് കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവർത്തിക്കുക.ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്റ്ററായി വിരമിച്ച എ.കെ വിജയകുമാറിനെ ഓഫീസിൽ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തേണ്ട കാര്യങ്ങൾക്കായി ഡൽഹിയിൽ പ്രതിനിധിയെ നിയമിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം നിർദേശിച്ചിരുന്നു.ഇതിനെ തുടർന്നാണ് ഓഫീസ് സ്ഥാപിക്കാൻ തീരുമാനമായത്.വിമാനത്താവളത്തിന്റെ അനുമതികൾ,വിദേശ എയർ ലൈസൻസുകൾക്ക് സർവീസ് നടത്തുന്നതിനുള്ള അനുമതി തുടങ്ങിയ കാര്യങ്ങളാണ് സ്പെഷ്യൽ ഓഫീസ് കൈകാര്യം ചെയ്യുക.അതിനിടെ കണ്ണൂർ വിമാനത്താവളത്തെ ഉടൻ സർവീസ് സ്‌കീമിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.ഉടൻ സർവീസ് നടത്തുമ്പോൾ വിമാനത്താവളത്തിന് സർവീസ് ചാർജ് ലഭിക്കില്ലെന്നതും ഉടൻ സർവീസ് നടത്തുന്ന റൂട്ടുകളിലേക്ക് മൂന്നു വർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കുകയില്ല എന്നുള്ളതുമാണ് കാരണം.കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒ.എല്‍.എസ്. പരിശോധന പൂര്‍ത്തിയായി. വിമാനം താഴ്ന്നിറങ്ങുകയും ഉയര്‍ന്നുപൊങ്ങുകയും ചെയ്യുമ്ബോള്‍ തടസ്സമായി മരങ്ങള്‍, ടവറുകള്‍, കെട്ടിടങ്ങള്‍, കുന്നുകള്‍ എന്നിവ നില്‍ക്കുന്നുണ്ടോ എന്നതാണ് ഈ പരിശോധന.വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഐ.എല്‍.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കാലിബ്രേഷന്‍ വിമാനം പരീക്ഷണ പറക്കിലിന് അടുത്ത മാസാദ്യം എത്തിയേക്കുമെന്നാണ് പ്രതീക്ഷ. മഞ്ഞോ മഴയോ കാരണം ഇരുട്ടില്‍ റണ്‍വേ ശരിയായി ദൃശ്യമായില്ലെങ്കിലും പ്രയാസംകൂടാതെ ഇറങ്ങുന്നതിനുള്ള യന്ത്ര സംവിധാനമാണ് ഐ.എല്‍.എസ്. ഇതിന്റെ സിഗ്‌നലുകള്‍ വിമാനത്തിലെ ഐ.എല്‍.എസ്. കൃത്യമായി സ്വീകരിക്കുന്നുണ്ടോ എന്നറിയാനാണ് കാലിബ്രേഷന്‍ വിമാനം പറത്തിനോക്കുന്നത്.