News Desk

കുനൂർ ഹെലികോപ്​ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്കാൻ സർക്കാർ തീരുമാനം;ഭാര്യയ്‌ക്ക് സർക്കാർ ജോലി

keralanews govt decides to give 5 lakh rupees to family of malayalee soldier pradeep killed in coonoor helicopter crash govt job for wife

തിരുവനന്തപുരം: കുനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നല്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്‌ക്ക് ജോലി നൽകും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടര്‍ തകര്‍ന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അടക്കം 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് പ്രദീപ് അപകടത്തില്‍പ്പെട്ടത്.2018ൽ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപ് എയർ ക്രൂ ആയി സ്വമേധയാ സേവനം നടത്തിയിരുന്നു.

കുനൂർ ഹെലികോപ്​ടര്‍ അപകടം;ചികിത്സയിലിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്​ അന്തരിച്ചു

keralanews coonoor helicopter crash group captain varun singh who was under treatment dies

ബെംഗളൂരു: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മരണത്തിന് കീഴടങ്ങി. വ്യോമ സേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുളള 13 പേർ  കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായിട്ടാണ് ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുണ്‍സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വരുണ്‍ സിങ്ങിന് ചര്‍മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചര്‍മം ബംഗളുരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചര്‍മ ബാങ്ക് കമാന്‍ഡ് ആശുപത്രിക്ക് കൈമാറിയിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അപകടമുണ്ടായത്.  ധീരതയ്‌ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര് ചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്. വ്യോമ സേനയിൽ വിങ് കമാൻഡറായ വരുൺ സിംഗ് 2020 ഒക്ടോബർ 12 തേജസ് യുദ്ധ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് അദ്ദേഹം ശൗര്യചക്രയ്‌ക്ക് അർഹനായത്.

കണ്ണൂർ സർവകലാശാല വി.സി നിയമന വിവാദം; ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

keralanews kannur university vc appointment controversy high court verdict on petition today

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഗവ‍ര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂ‍ര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിലപാട്.വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ. പി. ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയില്‍ ഉളളത്.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അയച്ച കത്തുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ വിധി മന്ത്രിയ്‌ക്കും, സർക്കാരിനും നിർണ്ണായകമാണ്.യൂണിവേഴ്‌സിറ്റി നേട്ടങ്ങൾ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസർച്ച് ഡയറക്ട്രേറ്റ് തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. ഗോപിനാഥിന്റെ കാലാവധി നീട്ടി നൽകുന്നത് സർവ്വകലാശാലയ്‌ക്ക് ഗുണകരമാകും. കണ്ണൂർ സർവ്വകലാശാലയെ സംബന്ധിച്ച് പ്രായം ഒരും നിയന്ത്രണമല്ലെന്നും കത്തിൽ പറയുന്നു. ഗവർണർക്ക് കത്തയച്ചതിന്റെ പേരിൽ മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ഉത്തരവിൽ ഒപ്പുവച്ച ഗവർണർക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നാണ് സിപിഎം നിലപാട്.

സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക്; ചർച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ്

keralanews strike of p g doctors in the state entered to sixth day health department ready for talk

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. എമർജൻസി ഡ്യൂട്ടി അടക്കം ബഹിഷ്‌കരിച്ചാണ് സമരം.സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മന്ത്രി വീണാ ജോർജ്ജ് സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും.ഇന്നലെയും ആരോഗ്യമന്ത്രിയുമായി പിജി വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. അനൗദ്യോഗിക ചർച്ചയാണ് ഇന്നലെയുണ്ടായതെന്നും ഔദ്യോഗിക ചർച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിജി ഡോക്ടർമാർ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളും മന്ത്രിയെ ധരിപ്പിച്ചതായും പിജി ഡോക്ടർമാർ അറിയിച്ചു.സര്‍ക്കാര്‍ ഇന്നലെ ഉന്നതതല ഔദ്യോഗിക ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ സമയമോ തീയതിയോ അറിയിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സമരക്കാരുടെ നിലപാട്.അതേസമയം ഡോക്ടർമാർ സമരത്തിലായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ എത്തുന്ന രോഗികൾ കടുത്ത ദുരിതത്തിലായി. ശസ്ത്രക്രിയകൾ മുടങ്ങി. ഒപി മുടങ്ങാതിരിക്കാൻ ആരോഗ്യവകുപ്പ് ബദൽ സംവിധാനം ഒരുക്കിയെങ്കിലും പൂർണമായും ഫലംകണ്ടില്ല. സ്റ്റൈപ്പന്റ് വർദ്ധിപ്പിക്കണം, പി.ജി. പ്രവേശനം വേഗം നടത്തുകയോ, പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെയ്‌ക്കുന്നത്.

വൈക്കത്ത് അയല്‍വാസി എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ച വളര്‍ത്തുപൂച്ച ചത്തു

keralanews pet cat shot by air gun by the neighbour in vaikom died

കോട്ടയം: വൈക്കത്ത് അയല്‍വാസി എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ച വളര്‍ത്തുപൂച്ച ചത്തു.വൈക്കം തലയാഴം സ്വദേശികളായ പാരണത്ര വീട്ടില്‍ രാജു സുജാത എന്നിവരുടെ എട്ടുമാസം പ്രായമുള്ള ചിന്നുവെന്ന് വിളിപ്പേരുള്ള വളര്‍ത്തു പൂച്ചയാണ് ചൊവ്വാഴ്ച രാത്രിയോടെ ചത്തത്.തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് അയല്‍വാസി രമേശന്‍ പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. പിന്നാലെ പൂച്ചയെ കോട്ടയം വെറ്റിനറി  കേന്ദ്രത്തിലെത്തിച്ച്‌ അടിയന്തര ചികിത്സ നല്‍കിയിരുന്നു. വെടിവെപ്പില്‍ പൂച്ചയുടെ കരളില്‍ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നു.വെറ്റിനറി ഡോക്ടറുടെ അടിയന്തര ഇടപെടലില്‍ പൂച്ചയുടെ ജീവന്‍ രക്ഷിക്കാനാവുകയും ആരോഗ്യ നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്നലെ പൂച്ച ചത്തത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം;ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

keralanews gender neutral uniforms in government schools in the state official inauguration today

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും.സര്‍ക്കാര്‍ സ്കൂളിൽ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇത് ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒരേ വേഷം ഒരേ സമീപനം എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.  കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലി വിവാദം കനക്കുന്നതിനിടെയാണ് ഉദ്ഘാടനം. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍സെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്‌.എസ്.എസ്. എന്നാല്‍ ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തു. രക്ഷിതാക്കളുമായും വിദ്യാര്‍ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

മാരക ലഹരിമരുന്നായ എം.​ഡി.​എം.​എയുമായി ഇരിക്കൂറിൽ ഓ​ട്ടോ​ഡ്രൈ​വ​ര്‍ പിടിയില്‍

keralanews auto driver arrested in irikkur with deadly drug mdma

കണ്ണൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഇരിക്കൂറിൽ ഓട്ടോഡ്രൈവര്‍ പിടിയില്‍.പെരുവളത്തുപറമ്പിലെ എം. റിയാസിനെയാണ് (29) ഇരിക്കൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 300 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ്  സിദ്ദീഖ് നഗറില്‍ ഇയാളുടെ ബൈക്ക് തടയുകയും പേഴ്സിൽ സൂക്ഷിച്ച ലഹരി മരുന്ന് പിടികൂടുകയുമായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;28 മരണം;4073 പേർ രോഗമുക്തി നേടി

keralanews 3377 corona cases confirmed in the state today 28 deaths 4073 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂർ 306, കണ്ണൂർ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസർഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 146 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,344 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 663, കൊല്ലം 166, പത്തനംതിട്ട 169, ആലപ്പുഴ 191, കോട്ടയം 302, ഇടുക്കി 141, എറണാകുളം 788, തൃശൂർ 384, പാലക്കാട് 24, മലപ്പുറം 188, കോഴിക്കോട് 513, വയനാട് 148, കണ്ണൂർ 246, കാസർഗോഡ് 150 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

രാജ്യത്ത് ആദ്യമായി യുണീക്ക് തണ്ടപ്പേര് നടപ്പാക്കാനൊരുങ്ങി കേരളം;അനുമതി നൽകി കേന്ദ്രസർക്കാർ;ഭൂമി വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കണം

keralanews kerala ready to implement unique thandapperu for first time in the country central govt give permission land information should be linked to the owners aadhaar

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി യുണീക്ക് തണ്ടപ്പേര് നടപ്പാക്കാനൊരുങ്ങി കേരളം. ഇതോടെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കും. ഭൂമി വിവരങ്ങളും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത് ഓഗസ്റ്റ് 23ന് കേന്ദ്രസർക്കാർ കേരളത്തിന് അനുമതി നൽകിയിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് അനുമതി നൽകിയത്. തുടർന്ന് സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. സംവിധാനം നടപ്പിലാക്കുന്നതോടെ ഭൂമിക്ക് 13 അക്കങ്ങളുള്ള തണ്ടപ്പേരുണ്ടാകും.പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ തണ്ടപ്പേര് എന്ന് പറയുന്നത്. ഭൂരേഖയുമായി ബന്ധപ്പെട്ട സുപ്രധാന നടപടിയാണ് യുണീക്ക് തണ്ടപ്പേര്. പദ്ധതി നടപ്പാക്കുന്നതിലൂടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിയ്‌ക്കും 13 അക്കമുള്ള ഒരു തണ്ടപ്പേരാകും ഉണ്ടാവുക. ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇത് പരിശോധിച്ചാൽ മനസിലാകും. ഭൂമി ഉടമയിൽ നിന്നും സമ്മതപത്രം വാങ്ങിയ ശേഷമാകും ആധാറുമായി വിവരങ്ങൾ ബന്ധിപ്പിക്കുക.സംവിധാനം നിലവിൽ വരുന്നതോടെ ഒരാളുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച കൃത്യമായ വിവരം സർക്കാരിന് ലഭിക്കും. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഇതുവഴി കണ്ടെത്താനാകും. അതേസമയം വിവിധയിടങ്ങളിലുള്ള ഭൂമിയ്‌ക്ക് ഒറ്റതണ്ടപ്പേരാകുമ്പോൾ ബാങ്ക് വായ്പ്പ എടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെയ്‌ക്കുന്നുണ്ട്.

വി സി നിയമന വിവാദം; കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു

keralanews vc appointment controversy youth congress protests at kannur university headquarters

കണ്ണൂർ: വി സി നിയമന വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വൈസ് ചാന്‍സലറെ പുറത്താക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്‌ സര്‍വകലാശാലയുടെ പ്രധാന കവാടത്തിനുമുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ‘പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല’ എന്നെഴുതിയ ബാനര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കവാടത്തിന് മുന്നില്‍ സ്ഥാപിച്ചു.തന്റെ നിയമനം നിയമപരമല്ലെങ്കില്‍ എന്തിന് ഗവര്‍ണര്‍ ഒപ്പിട്ടുവെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വി സി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ മുന്‍പ് ചോദിച്ചിരുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സെര്‍ച്ച്‌ കമ്മിറ്റി പിരിച്ചുവിടാനും ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.