കോട്ടയം:പാമ്പാടിക്ക് സമീപം നെടുങ്കുഴിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 24 പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടുകൂടിയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ യാത്രക്കാരില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം.നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. പാമ്പാടി,മണ്ണാർക്കാട് എന്നിടങ്ങളിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്ത് ഏറെ നേരമുണ്ടായിരുന്ന ഗതാഗത തടസ്സം പൊലീസ് പിന്നീട് പുനസ്ഥാപിച്ചു.
മാരക മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി വയനാട്ടിൽ പിടിയിൽ
സുൽത്താൻബത്തേരി:മാരക മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ പിടിയിലായി.കണ്ണൂർ താണ സലഫി സ്കൂളിന് സമീപം വെസ്റ്റ് ന്യൂക് വീട്ടിൽ മുഹമ്മദ് അസിം(24) ആണ് പിടിയിലായത്.ഇയാളിൽ നിന്നും 2 ഗ്രാം എം.ഡി.എം.എ(മെത്തലിൻ ഡയോക്സി മേത്താഫിത്തലിൻ),20 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ 0.1 ഗ്രാം കൈവശം വെച്ചാൽ പോലും പത്തുവർഷം മുതൽ 20 വർഷം വരെ തടവും ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കും.തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ എക്‌സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്.എക്‌സൈസ് ഇൻസ്പെക്റ്റർ കെ.അബ്ദുൽ അസീസ്,പ്രിവന്റീവ് ഓഫീസർ വി.ആർ ബാബുരാജ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ജോണി,എ.ടി രാമചന്ദ്രൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
തലശ്ശേരി നഗരമധ്യത്തിൽ കടയുടെ സംഭരണശാലയ്ക്ക് തീപിടിച്ചു
തലശ്ശേരി:തലശ്ശേരി നഗരമധ്യത്തിൽ കടയുടെ സംഭരണശാലയ്ക്ക് തീപിടിച്ചു.പഴയ ബസ്റ്റാന്റിന് സമീപം ഓ.വി റോഡ് കവലയിലെ കിടയ്ക്ക,തറപ്പായ,ഉന്നം തുടങ്ങിയവ വിൽക്കുന്ന പരവതാനി എന്ന കടയുടെ സംഭരണശാലയ്ക്കാണ് തീപിടിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടിയാണ് അപകടം നടന്നത്. കടയുടെ മുകളിലെ സംഭരണശാലയിൽ നിന്നും തീയും പുകയും ഉയർന്നതോടെയാണ് തൊഴിലാളികൾ വിവരമറിയുന്നത്.ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിരക്ഷാ സേന വെള്ളം ചീറ്റി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.സമീപത്തെ കടകളിലേക്കും വെള്ളം ചീറ്റി തീപടരുന്നത് ഒഴിവാക്കി.കുറച്ചു സമയങ്ങൾക്കകം പാനൂർ,മാഹി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റുകളെത്തി. അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.തീപിടിത്തത്തെ തുടർന്ന് മൂന്നുമണിക്കൂറോളം ഓ.വി റോഡിൽ ഗതാഗത തടസ്സമുണ്ടായി.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്‌നിരക്ഷസേന അധികൃതർ പറഞ്ഞു.
പാലക്കാട് ലോറി ക്‌ളീനർ കല്ലേറിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത;ഡ്രൈവർ കസ്റ്റഡിയിൽ
പാലക്കാട്:വാളയാർ ചെക്ക് പോസ്റ്റിനു സമീപം ലോറി ക്‌ളീനർ കല്ലേറിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത.സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോയമ്ബത്തൂരില്‍ നിന്നു കേരളത്തിലേക്കു പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്ബത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ വിജയ് (മുബാറക്ക് ബാഷ-21) തിങ്കളാഴ്ച വെളുപ്പിനാണു കൊല്ലപ്പെട്ടത്. ലോറിസമരാനുകൂലികളുടെ കല്ലേറിൽ മരിച്ചുവെന്നാണ് ഡ്രൈവര്‍ മൊഴികൊടുത്തിരുന്നത്. എന്നാല്‍ ആക്രമണം നടന്നുവെന്ന് പറയുന്ന സ്‌ഥലത്തെ കുറിച്ച് മൊഴിമാറ്റിപറഞ്ഞത് പൊലീസ് ശ്രദ്ധിച്ചിരുന്നു.കഞ്ചിക്കോട് ഐടിഐയ്ക്കു സമീപമെത്തിയപ്പോള്‍ കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സര്‍വീസ് റോഡില്‍ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവറുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട്, കോയമ്ബത്തൂരിലാണു സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റി. കോയമ്ബത്തൂരിനും വാളയാറിനും ഇടയില്‍ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണു പൊലീസിന്റെ നിഗമനം.അതേസമയം പ്രണയിച്ച യുവതിയെ വിവാഹം ചെയ്യുന്നതിനായി വിജയ് അടുത്തിടെ മതം മാറിയിരുന്നു. അതിനാൽ ഇത് ദുരഭിമാനക്കൊലയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വൈക്കത്ത് മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
വൈക്കം:വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ വൈക്കത്ത് മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.രണ്ടാമത്തെയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ രക്ഷിച്ചു.തലയോലപ്പറമ്ബിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കിട്ടിയത്.തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രാവിലെ തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി കല്ലറയ്ക്കടുത്ത് കരിയാറിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്.കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി.ശ്രീധരന്‍ (28), തിരുവല്ല ബ്യൂറോയിലെ ക്യാമറാമാന്‍ അഭിലാഷ് എസ്.നായര്‍ (26), വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍ അഭിലാഷ് ഭവന്‍ കെ.പി.അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.എഴുമാന്തുരുത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മൂണ്ടാറിലേക്ക് എന്‍ജിന്‍ പിടിപ്പിച്ച രണ്ടു ചെറുവള്ളങ്ങളിലാണ് ചാനല്‍ സംഘം പോയത്. തിരിച്ചു വരുമ്പോൾ അഞ്ചുപേരും ഒരു വള്ളത്തില്‍ കയറുകയായിരുന്നു. കനാലിന്റെ ആഴമേറിയ ഭാഗത്താണ് വള്ളം മറിഞ്ഞത്.
ലോറി സമരം;സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
പാലക്കാട്:ലോറി സമരം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ഉയരുന്നത്. ഇതിനിടെ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും വ്യാപാരികള്‍ നടത്തുന്നതായാണ് വിവരം. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികള്‍ എത്തുന്നത് കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറി ലോറികള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ല.തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്. പ്രധാനമായും സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല കമ്പോളം,പാളയം മാര്‍ക്കറ്റ്, എറണാകുറം, കലൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത്. ഇവിടെ നിന്നാണ് മറ്റിടങ്ങളിലേക്ക് പച്ചക്കറികള്‍ കൊണ്ടുപോകുന്നത്.
കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല ബാധമൂലമല്ലെന്ന് റിപ്പോർട്ട്
കോഴിക്കോട്:കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല വൈറസ് ബാധമൂലമല്ലെന്ന് റിപ്പോർട്ട്.മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഷിഗല്ലെ ബാധ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദ് ഇന്നലെയാണ് മരിച്ചത്. ഷിഗല്ലെ ബാധിച്ചാണ് കുട്ടി മരിച്ചത് എന്ന റിപ്പോര്‍ട്ടുള്‍ പുറത്തുവന്നിരുന്നു. തുര്‍ന്നാണ് കുട്ടിയുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികത്സയില്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് കുട്ടി മരിച്ചത്.
നടിയെ ആക്രമിച്ച കേസ്;വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് സർക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തിലുള്ള നിലപാടും സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിയായ ദിലീപിന്റെ ആവശ്യത്തിലുള്ള നിലപാടും വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കേസുമായി ബന്ധപ്പെട്ട രേഖകൾ ദിലീപിന് നൽകിയിട്ടും വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ച കേസ് വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്നും സർക്കാർ പറഞ്ഞു.അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.
എബിവിപി കണ്ണൂർ കളക്റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ കല്ലേറും സംഘർഷവും
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വിശീ.തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറും നടത്തി. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എ.ബി.വി.പി. ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ അൻപതോളംപേർ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് 12 മണിയോടെയാണ് കലക്ട്രേറ്റ് പടിക്കലെത്തിയത്. ഇവിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ അല്‍പസമയത്തിനകം ശാന്തരായി. തുടര്‍ന്ന് നേതാക്കള്‍ ചിലര്‍ സംസാരിച്ചു കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറ് ശക്തമായതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ റോഡിലൂടെ ഓടിയതോടെ കാല്‍ടെക്സ് സര്‍ക്കിളില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു.
കാസർകോഡ് അടുക്കത്ത്ബയലിൽ കൂട്ടവാഹനാപകടം;രണ്ടു കുട്ടികൾ മരിച്ചു
കാസർകോഡ്:കാസർകോഡ് അടുക്കത്ത്ബയലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു.ചൗക്കി അൽജർ റോഡിലെ റെജീസ്-മസൂമ ദമ്പതികളുടെ മക്കളായ മിൽഹാജ്(5), ഇബ്രാഹിം ഷാസിൽ(7)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റെജീസ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ്സ് ഇവർ സഞ്ചരിച്ച ബുള്ളറ്റിലും, ബൈക്കിലും രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിൽ നിന്നും ബസ്സിനടിയിലേക്ക് തെറിച്ചു വീണ കുട്ടികളെ നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ബസിടിച്ച കാറിലുണ്ടായിരുന്ന മേല്പറമ്പിലെ അബ്ദുൽ റഹ്മാന്റെ മകൻ റിസ്‌വാൻ(24),ബന്ധു പെർവാഡിലെ ഇസ്മയിലിന്റെ മകൻ റഫീക്ക്(38),റിസ്വാന്റെ സഹോദരി റുക്‌സാന(28),റുക്‌സാനയുടെ മക്കളായ ജുമാന(4),ആഷിഫത്ത് ഷംന(2),എന്നിവർക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാൽ അഹമ്മദിനും പരിക്കേറ്റു.ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.