കണ്ണൂർ:വാരത്ത് പതിമൂന്ന് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.വാരം തക്കാളിപ്പീടിക സ്വദേശി ബാസിത്ത് (13) ആണ് മുങ്ങി മരിച്ചത്.വാരം ശാസ്‌താംകോട്ട അമ്പല കുളത്തിലാണ് മുങ്ങി മരിച്ചത്. എളയാവൂർ സി എച് എം സ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിയായാണ് മരിച്ച ബാസിത്ത്.ബാസിത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് സ്കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് പ്രധാന അധ്യാപകൻ പി.പി.സുബൈർ അറിയിച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ശുപാർശ
കണ്ണൂര്‍: മെഡിക്കല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ജസ്റ്റിസ‌് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍നിന്ന‌് അനധികൃത ഫീസിനത്തില്‍ വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്‍കാന്‍ മാനേജ‌്മെന്റ‌് വിസമ്മതിക്കുകയും കമ്മിറ്റി നിശ്ചയിച്ച ഹിയറിങ്ങുകള്‍ക്ക‌് വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ‌് ഫീസ‌് നിര്‍ണയ കമ്മിറ്റിയുടെ ഉത്തരവ‌്. നടപടിക്രമം പാലിക്കാത്തതിനാല്‍ 2016﹣17ല്‍ 150 വിദ്യാര്‍ഥികളുടെ പ്രവേശനം കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത‌് മാനേജ‌്മെന്റ‌് ഹൈക്കോടതിയെയും പിന്നീട‌് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കമ്മിറ്റി തീരുമാനം അംഗീകരിക്കുന്ന ഉത്തരവാണ‌് കോടതിയിൽ നിന്നും ഉണ്ടായത‌്. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രവേശനം സാധൂകരിക്കുന്ന ഓര്‍ഡിനന്‍സും പിന്നീട‌് സുപ്രീംകോടതി സ‌്റ്റേ ചെയ്തു. ഈ സാഹചര്യത്തില്‍, മാനേജ‌്മെന്റ‌് വാങ്ങിയ ഫീസ‌് തിരികെ നല്‍കണമെന്ന‌് ആവശ്യപ്പെട്ട‌് ഒൻപത് വിദ്യാര്‍ഥികള്‍ കമ്മിറ്റിക്ക‌് പരാതി നല്‍കിയിരുന്നു. വാര്‍ഷിക ഫീസ‌് പത്തുലക്ഷം ആയിരിക്കെ, മാനേജ‌്മെന്റ‌് 22 മുതല്‍ 41.17 ലക്ഷംവരെ ഈടാക്കിയതായി കമ്മിറ്റി കണ്ടെത്തി. ഇത്രയും ഭീമമായ തുക തലവരിപ്പണമായി മാത്രമേ കണക്കാക്കാന്‍ കഴിയൂയെന്ന‌് നിരീക്ഷിച്ച കമ്മിറ്റി തുക തിരികെ നല്‍കാന്‍ നിര്‍ദേശിച്ചു. തലവരിക്ക‌് പുറമേ ചില വിദ്യാര്‍ഥികളില്‍നിന്ന‌് മാനേജ‌്മെന്റ‌് ബാങ്ക‌് ഗ്യാരന്റിയും വാങ്ങിയതായി കമ്മിറ്റി കണ്ടെത്തി. വിദ്യാര്‍ഥികളില്‍നിന്ന‌് ഈടാക്കിയ തുകയ്ക്ക‌് സമാനമായ ഡിഡി നല്‍കാന്‍ മാനേജ‌്മെന്റിന‌് നിര്‍ദേശം നല്‍കിയ കമ്മിറ്റി, തുടര്‍ ഹിയറിങ്ങുകള്‍ക്ക‌് ഹാജരാകാനും നിര്‍ദേശിച്ചു.കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ പലര്‍ക്കും മറ്റ‌് കോളേജുകളില്‍ മെഡിക്കല്‍ പ്രവേശനം ലഭിച്ചതായും ഫീസ‌് അടയ്ക്കുന്നതിന‌് തുക എത്രയുംവേഗം തിരികെനല്‍കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഫീസ‌് തുകയുടെ ഒരുഭാഗമെങ്കിലും തിരികെനല്‍കാന്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടും മാനേജ‌്മെന്റ‌് കൂട്ടാക്കിയില്ല. തുടര്‍ന്ന‌്, പകുതി തുക 27ന‌് തിരികെ നല്‍കണമെന്നും ഇതുസംബന്ധിച്ച സ‌്റ്റേറ്റ‌്മെന്റ‌് സമര്‍പ്പിക്കണമെന്നും കമ്മിറ്റി ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ‌് മാനേജ‌്മെന്റ‌് സ‌്റ്റേറ്റ‌്മെന്റ‌് നല്‍കിയില്ലെന്ന‌് മാത്രമല്ല, 27ന‌്നടത്താനിരുന്ന ഹിയറിങ‌് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ‌് അഫിലിയേഷന്‍ ഒരുവര്‍ഷത്തേക്ക‌് റദ്ദാക്കാന്‍ കമ്മിറ്റി ആരോഗ്യ സര്‍വകലാശാലയോട‌് ഉത്തരവിട്ടത‌്.
കണ്ണൂർ മാങ്ങാട്ട് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കണ്ണൂർ:കണ്ണൂർ മാങ്ങാട്ട് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ഇന്ന് രാവിലെ 8.30 ന് മാങ്ങാട്ട് ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ അബ്ദുള്‍ നാസര്‍ (39) ആണ് മരിച്ചത്. പെയ്ന്റിംഗ് തൊഴിലാളിയായ നാസർ ജോലിക്കായി തളിപ്പറമ്പിലേക്ക് പോകവേ മാങ്ങാട് ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണശാലക്ക് മുന്നില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. നാസര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിനിടയാക്കിയ ബസും സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
അഭിമന്യു കൊലക്കേസ്;ഒരാൾ കൂടി പിടിയിലായി
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ.കൊച്ചി സെന്‍ട്രല്‍ പോലീസാണ് പള്ളുരുത്തി സ്വദേശിയായ സനീഷ് എന്നയാളെ പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ് സനീഷ് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ചോദ്യംചെയ്തു വരികയാണ്.
കണ്ണൂർ ചക്കരക്കല്ലിൽ മദ്രസ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ ചക്കരക്കല്ലിൽ മദ്രസ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്യോട് പള്ളിയോട് ചേർന്ന മദ്രസയിൽ താമസിച്ച് പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി പാതിരിയാട് സ്വദേശി സാജിദിന്‍റെ മകൻ മുഹമ്മദി(11)ന്‍റെ മൃതദേഹമാണ് പള്ളിയുടെ ചേർന്നുള്ള കുളത്തിൽ കണ്ടെത്തിയത്.മുഹമ്മദ് പതിവായി മദ്രസ്സയില്‍ എത്തുന്ന സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇവിടത്തെ കുളത്തിൽ കുട്ടി നീന്തൽ അഭ്യസിച്ച് വരുന്നതായും ഉമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നതായും സൂചനയുണ്ട്. ഇതേ തുടർന്ന് രാത്രി കൗതുകത്തിന് കുളത്തിൽ ഇറങ്ങിയതായാണ് സംശയിക്കുന്നത്.ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സൗദ-സിറാജ് ദമ്പതികളുടെ മകനാണ് മുഹമ്മദ്. സഹല, സംഹ എന്നിവര്‍ സഹോദരങ്ങളാണ്.
ഇരിട്ടി കീഴൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു;നിരവധിപേർക്ക് പരിക്ക്
ഇരിട്ടി:ഇരിട്ടി കീഴൂരിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.തില്ലങ്കേരി കാവുമ്പാടിയിലെ മുംതാസ് മൻസിലിൽ കെ.അബ്ദുല്ല -പാത്തുമ്മ ദമ്പതികളുടെ മകൻ എൻ.എൻ മുനീർ(27)ആണ് മരിച്ചത്.കാർ യാത്രക്കാരായ തില്ലങ്കേരി കാവുമ്പടി സ്വദേശികളായ മുഹസിൻ,മുനീർ,ഫായിസ് എന്നിവർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ മൂവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക്2.30യോടെ കൂളിചെമ്പ്ര പെട്രോൾ പമ്പിന് മുൻവശത്തായിരുന്നുഅപകടം.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഇന്നോവ പൂർണ്ണമായും ബസിന്റെ മുൻഭാഗവും തകർന്നു.ബസ് റോഡിന് കുറുകെ ആണ് ഉള്ളത്. ഇതിനെ തുടർന്ന് ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ആഷിക്ക് ബസും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
ഇരിട്ടി:കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.ഇരിട്ടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പേരട്ടയിലെ ഷംസീറി (35)നെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ചെറിയ പൊതികളാക്കി വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു.കൂട്ടുപുഴ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ണാടകത്തിലെ വീരാജ്‌പേട്ടയില്‍ നിന്നാണ് കഞ്ചാവ് ഇവിടേക്ക് എത്തിക്കുന്നതെന്ന് പ്രതി മൊഴി നല്‍കി.റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി പി ദിനേശന്‍,പ്രിവന്റീവ് ഓഫീസര്‍ ടി കെ വിനോദന്‍, അബ്ദുള്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു ഫ്രാന്‍സിസ്, വി കെ അനില്‍കുമാര്‍, പി കെ സജേഷ്, കെ എന്‍ രവി, കെ കെബിജു, ശ്രീനിവാസന്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം;ഈ മാസം മുപ്പതിന് ഹിന്ദു സംഘടനകളുടെ ഹർത്താൽ
തൃശൂര്‍: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍.ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.ശബരിമല ആചാര അനുഷ്ടാനം അട്ടിമറിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ തിരുത്തുക. ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരിക. ശബരിമല ദേവത അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.യുവതികള്‍ക്ക് ശബരിമലയില്‍ കോടതി പ്രവേശനം അനുവദിച്ചാല്‍ പമ്ബയില്‍ അവരെ തടയുമെന്നും സംഘടനകള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണു പത്രസമ്മേളനം നടത്തിയത്.
പാക്കിസ്ഥാനിൽ വോട്ടെടുപ്പിനിടെ സംഘർഷം; സ്‌ഫോടനത്തിൽ 25 ഓളം പേർ കൊല്ലപ്പെട്ടു
ക്വറ്റ:പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരക്കെ അക്രമം അരങ്ങേറുന്നതായി റിപ്പോര്‍ട്ട്.ബലൂചിസ്ഥാനിലെ ക്വറ്റയിൽ വാൻ സ്ഫോടനം ഉണ്ടായി.ഇതിൽ 25 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കറാച്ചിയിലെ ലര്‍ക്കാന മേഖലയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാമ്ബിനു നേരെയും ബോംബേറുണ്ടായി. മിര്‍പൂര്‍ക്കാസ് ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ക്കു നേരെയും ബോംബേറുണ്ടായിട്ടുണ്ട്. ആക്രമണത്തില്‍ നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നിരവധി അക്രമണങ്ങളാണ് ഭീകരര്‍ നടത്തിയിരിക്കുന്നത്. രാജ്യത്ത് 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 3,71,388 സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിന് ഇത്രയും വലിയ സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തുന്നത്.
കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി
ന്യൂഡൽഹി:കാറുകൾക്ക് മൂന്നു വർഷത്തെയും ബൈക്കുകൾക്ക് അഞ്ചുവർഷത്തെയും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്.സെപ്റ്റംബർ ഒന്ന് മുതൽ വിൽക്കുന്ന വാഹനങ്ങൾക്കാണ് ഉത്തരവ് ബാധകം.രാജ്യത്തെ അറുപത്തിയാറു ശതമാനം വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെന്ന് സമിതി കണ്ടെത്തിയിരുന്നു. റോഡപകട മരണങ്ങള്‍ വര്‍ധിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ സമിതിയുടെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു.റോഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്‌റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്‌റ്റിസ് ദീപക് ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ജസ്‌റ്റിസ് കെ.എസ്. രാധാകൃഷ്‌ണന്‍ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.വലിയ അപകടങ്ങളില്‍പ്പെട്ടവര്‍ക്കു പോലും നഷ്‌ടപരിഹാരം കിട്ടുന്നില്ലെന്ന വ്യാപക പരാതി കണക്കിലെടുത്ത് സമിതി ഇക്കാര്യത്തില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ), ജനറല്‍ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍, ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ധനമന്ത്രാലയം എന്നിവയുമായും ചര്‍ച്ച നടത്തി.ഇതിനുശേഷമാണ് മൂന്നും അഞ്ചും വര്‍ഷം തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. വാഹന വിവരങ്ങളില്‍ ചേര്‍ക്കാനായി ഇന്‍ഷൂറന്‍സ് വിവരങ്ങള്‍ പങ്കുവയ്‌ക്കണമെന്നും ഐ.ആര്‍.ഡി.എയോടു സമിതി നിര്‍ദേശിച്ചിരുന്നു. ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ് അടയ്‌ക്കാനുള്ള അവസരമൊരുക്കണമെന്നും ഇന്‍ഷൂറന്‍സ് പുതുക്കല്‍ ഉറപ്പാക്കാന്‍ പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു മറ്റു നിര്‍ദേശങ്ങള്‍. ഇവ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.