കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഇലക്ട്രോണിക്സ് കടയിൽ നിന്നും രണ്ടരലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു.കോട്ടച്ചേരിയിലെ നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് കമ്പനിയുടെ ഷോറൂമിലാണ് കവർച്ച നടന്നത്.ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് ഷോറൂമിന്റെ ഷട്ടര്‍ പകുതി തുറന്നുകിടക്കുന്നതായി കണ്ടത്. ഇവര്‍ ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി കട ഉടമകളെ വിവരമറിയിച്ച ശേഷം ഷോറൂമിനകത്ത് കടന്നപ്പോഴാണ് രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഷോറൂമിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ കവര്‍ച്ചാ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.കടയുടെ ഉടമ ഷാജിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഷോറൂമിനകത്ത് വിലപിടിപ്പുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മൊബൈല്‍ ഫോണുകള്‍ മാത്രമാണ് മോഷണം പോയത്.കാസര്‍കോട്ടു നിന്നും വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ആശങ്കയുണർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
തൊടുപുഴ:ആശങ്കയുണർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.ഞായറാഴ്ച രാവിലെ ജലനിരപ്പ് 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയില്‍ പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടര്‍ന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത് . മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താല്‍ ഒരാഴ്ചയ്ക്കകം ഡാം തുറക്കാന്‍ സാധ്യതയുണ്ട്.ശനിയാഴ്ച വൈകുന്നേരം വരെ 2,393.32 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാന്‍ കാക്കാതെ 2,397 അടിയിലെത്തുമ്പോൾ നിയന്ത്രിത അളവില്‍ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.ഡാം തുറക്കേണ്ടി വന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍, സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ചെറുതോണി ഡാമിന്‍റെ താഴെ മുതല്‍ കരിമണല്‍ വരെയുള്ള 30 കിലോ മീറ്ററോളം റവന്യൂ സംഘം സര്‍വ്വെ നടത്തി. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
താരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് താരസംഘടനയായ ‘അമ്മ’ വിലക്കേർപ്പെടുത്തി
കൊച്ചി:ദിലീപ് വിഷയം അടക്കമുള്ള കാര്യങ്ങളിൽ താരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് താരസംഘടനയായ ‘അമ്മ’ സർക്കുലർ പുറത്തിറക്കി. സംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ളവര്‍ക്ക് ‘അമ്മ’യുടെ യോഗത്തില്‍ അത് ഉന്നയിക്കാം. പൊതുവേദിയില്‍ പറഞ്ഞ് സംഘടനയെ ഇകഴ്‌ത്തിക്കാട്ടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം പ്രസ്താവനകൾ സംഘടനയ്ക്കും അതിലുള്ളവര്‍ക്കുമാണ് ദോഷം ചെയ്യുക എന്നത് മറക്കരുതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.രാജിവച്ച നടിമാരുടെ രാജിക്കത്ത് കിട്ടിയതായും അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. രമ്യ നമ്പീശൻ,ഗീതുമോഹന്‍ദാസ്,റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു രാജിവച്ചത്. എന്നാല്‍, ഭാവനയുടെ രാജിക്കത്ത് മാത്രമാണ് കിട്ടിയതെന്നായിരുന്നു നേരത്തെ അമ്മ പ്രസിഡന്റ് കൂടിയായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞത്.അതേസമയം തിലകനെതിരായ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മകനും നടനുമായ ഷമ്മി തിലകനേയും ദിലീപിനെ തിരിച്ചെടുത്തതിനെതിരെ അമ്മയ്ക്ക് കത്ത് നല്‍കിയ സംവിധായകനും നടനുമായ ജോയ് മാത്യുവിനേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അടുത്ത മാസം ഏഴിന നടിമാരായ പദ്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ക്കൊപ്പമുള്ള ചര്‍ച്ചയിലേക്കാണ് ഇരുവരേയും ക്ഷണിച്ചത്.
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ചെന്നൈ:ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.രക്ത സമ്മര്‍ദ്ധം കൂടിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാനിധിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കരുണാനിധിയുടെ ആരോഗ്യനില മോശമായത് അറിഞ്ഞ് ആയിരക്കണക്കിന് അണികളാണ് അദ്ദേഹത്തിന്റെ ഗോപാലപുരത്തെ വസതിയിലേക്കും ആശുപത്രി പരിസരത്തേക്കും ഒഴുകിയെത്തിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങളുമായാണ് നിരവധി പേര്‍ എത്തിയിരിക്കുന്നത്. കരുണാനിധിയുടെ ആരോഗ്യനില പൂര്‍ണസ്ഥിതിയിലായതിന് ശേഷമെ മടങ്ങിപ്പോകുവെന്ന വാശിയിലാണ് പലരും. ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി പൂജയും വഴിപാടുകളും നടത്താന്‍ നിരവധി പേരാണ് എത്തിച്ചേരുന്നത്.
പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം:പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് സംഭവം. രാവിലെ മണലുമായി പോയ വാഹനം തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞിരുന്നു. പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയിലേക്ക് ചാടുകയായിരുന്നു.പുഴയില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്തെ എല്ലാ ബീവറേജ്‌സ് ഔട്‍ലെറ്റുകൾക്കും ഒരേ നിറം നല്കാൻ സർക്കാർ നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ബീവറേജ്‌സ് ഔട്‍ലെറ്റുകൾക്കും ഒരേ നിറം നല്കാൻ സർക്കാർ നിർദേശം.ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ എവിടെ നിന്നാലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാനാകും. ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം.രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഇതിനായി ചെലവഴിക്കുക.
മുംബൈയിൽ വിനോദയാത്രയ്ക്ക് പോയ കോളേജ് ജീവനക്കാരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു
മുംബൈ:മുംബൈയിൽ വിനോദയാത്രയ്ക്ക് പോയ കോളേജ് ജീവനക്കാരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു.ദാപൊലീ കാര്‍ഷിക കോളേജിലെ ജീവനക്കാര്‍ സഞ്ചരിച്ച് വാനാണ് റായ്ഗഡ് ജില്ലയിലെ മഹാബലേശ്വറിന് സമീപം മറിഞ്ഞത്. ബസിലുണ്ടായിരുന്ന ജീവനക്കാരില്‍ 32 പേരും മരിച്ചതായിട്ടാണ് സ്ഥിരീകരിക്കാത്ത വിവരം. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി പൂനയില്‍ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഏകദേശം 600 അടിയോളം താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസ്സില്‍ 35ഓളം ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളാണ് അപകട വിവരം മറ്റുള്ളവരെ അറിയിച്ചത്.
തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി പരിക്കേറ്റയാൾ മരിച്ചു.കേരളാദിത്യപുരം മുക്കോലയ്ക്കൽ ശിവശക്തിയിൽ സുകുമാരൻ നായർ(50) ആണ് മരിച്ചത്.തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്.നാലാഞ്ചിറ സെന്റ് ജോണ്‍സ് സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.സ്‌കൂട്ടര്‍ യാത്രക്കാരായ സുകുമാരന്‍ നായരെയും മകള്‍ രേവതിയേയും ഇടിച്ച് തെറിപ്പിച്ച ശേഷം ജംഗ്ഷനിലെ കടയിലേക്ക് ബസ്സ് ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കട തകര്‍ന്നു. കടയ്ക്ക് മുന്നില്‍ നിന്നിരുന്ന തോമസ്, കടയുടമ ഋഷികേശന്‍ നായര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്ന സര്‍വ്വോദയ വിദ്യാലയത്തിന്റെ പതിനേഴാം നമ്പർ ബസ് ബ്രേക്ക് തകറായതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.
ഡോക്റ്റർമാർ ഇന്ന് ഒപി ബഹിഷ്‌ക്കരിക്കും
തിരുവനന്തപുരം:ഐ.എം.എ യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ (എന്‍.എം.സി) നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ചാണ് ഒ.പി ബഹിഷ്‌കരണം. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവയെ ബഹിഷ്ക്കരണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ – സ്വകാര്യ ഡോക്ടര്‍മാര്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ‘നോ എന്‍.എം.സി ഡേ’ ആചരണമായി ഒപി ബഹിഷ്‌കരണം നടത്തുന്നത്.കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. എന്നാല്‍ ബിൽ വീണ്ടും ലോക്സഭയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ രണ്ടാംഘട്ട സമരവുമായി രംഗത്തുവന്നത്.
കണ്ണൂർ വിമാനത്താവള ജോലിക്കിടയിൽ റൺവേയിൽ നിന്നും കുഴിയിലേക്ക് തെന്നി വീണ് തൊഴിലാളി മരിച്ചു
മട്ടന്നൂർ:കണ്ണൂർ വിമാനത്താവള ജോലിക്കിടയിൽ റൺവേയിൽ നിന്നും കുഴിയിലേക്ക് തെന്നി വീണ് തൊഴിലാളി മരിച്ചു.യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രെട്ടറി പരിയാരം പെരുവയൽക്കരിയിലെ വെള്ളുവവീട്ടിൽ രാജേഷ്(37) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോട് കൂടിയാണ് അപകടം നടന്നത്.ആറുമാസമായി വിമാനത്താവള പദ്ധതി പ്രദേശത്ത് പുൽത്തകിടി നിർമാണവുമായി ബന്ധപ്പെട്ട കരാർ ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.റൺവെ അനുബന്ധസ്ഥലത്തു നിന്നും കാൽ വഴുതി താഴെ കുഴിയിൽ വീണാണ് അപകടം സംഭവച്ചതെന്ന് അധികൃതർ പറഞ്ഞു.പരിക്കേറ്റ രാജേഷിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ വെള്ളുവ ബാലൻ നമ്പ്യാർ-കാർത്യായനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.