ഇരിട്ടി:ഇരിട്ടിയിൽ സ്കൂൾ അധ്യാപികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂൾ അദ്ധ്യാപിക എം.പി. മേരി (ലാലി 42) യെയാണ് ചരലിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ ഇരിട്ടി അഗ്നിശമനസേന പ്രവർത്തകരും കരിക്കോട്ടക്കരി പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ലോറി ഡ്രൈവർ കരിക്കോട്ടക്കരി സ്വദേശി പാംപ്ലാനിൽ സാബുവിന്റെ ഭാര്യയാണ്.മക്കൾ:എബിലി സാബു,ഹെൽസ സാബു, ഏയ്ഞ്ചൽ സാബു ( മൂവരും അങ്ങാടിക്കടവ് സ്‌കൂൾ വിദ്യാർത്ഥികൾ)
പ്രധാനമന്ത്രിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി;യുവാവ് പിടിയിൽ
മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡല്‍ (22) എന്ന യുവാവാണ് പിടിയിലായത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വെള്ളിയാഴ്ചയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് എന്‍എസ്ജി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുംബൈ ഡിബി മാര്‍ഗ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കാശിനാഥിന്‍റെ മൊബൈല്‍ നമ്പർ പിന്തുടര്‍ന്നു നടത്തിയ അന്വേണഷത്തിലാണ് ഇയാള്‍ പിടിയിലായത്. അടുത്തിടെ ജാര്‍ഖണ്ഡില്‍ നടന്ന നക്സല്‍ ആക്രമണത്തില്‍ തന്‍റെ സുഹൃത്ത് കൊല്ലപ്പെട്ടിരുന്നുവെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനു വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നും കാശിനാഥ് പോലീസിനു മൊഴി നല്‍കി. ഇയാൾക്കെതിരെ ഐപിസി 505 പ്രകാരം പോലീസ് കേസെടുത്തു.
പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു
പെരുമ്പാവൂർ:പെരുമ്പാവൂരിന് സമീപം ഇടത്തികാടില്‍ കോളേജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും രണ്ടു അയല്‍വാസികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അയല്‍വാസികള്‍ക്ക് കുത്തേറ്റത്.രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. കഴുത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് കിടന്ന നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു.സിഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല.അതേസമയം മോഷണശ്രമമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ കഴുത്ത് അറുക്കുകയായിരുന്നുവെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ഓണക്കാലം;ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു
കണ്ണൂർ:ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു. ഭക്ഷ്യോൽപ്പന്നങ്ങളിൽ ചായപ്പൊടി,പാൽ,ചെറുപയർപരിപ്പ് എന്നിവ പ്രത്യേകമായി പരിശോധിക്കും.ഓണക്കാലത്ത് പ്രയാസത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഉല്പന്നങ്ങളെന്ന നിലയിലാണ് പാലും ചെറുപയർ പരിപ്പും പരിശോധിക്കുന്നത്.ചായപ്പൊടിയുടെ പരിശോധന ജില്ലയിൽ നേരത്തെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് യോഗത്തിലെ നിർദേശങ്ങൾ അനുസരിച്ചാണ് പരിശോധന നടത്തുന്നത്.നിറം ലഭിക്കുന്നതിനായി ചായപ്പൊടിയിൽ വ്യാജപ്പൊടികൾ കലർത്തുന്നുണ്ടെന്ന പരാതി ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു.അതുപോലെ തന്നെ നിർമാതാക്കളുടെ പേര് രേഖപ്പെടുത്താതെ ടിന്നുകളിൽ നെയ്യ് വ്യാപകമായി എത്തുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇവ കണ്ടെത്തിയ കടയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമാതാക്കളെ കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്. ആരാധനാലയങ്ങളിലേക്കാണ് ഇവ എത്തിക്കുന്നതെന്നാണ് കടയുടമകൾ പറയുന്നതെങ്കിലും ഇത്തരം നെയ്യ് കല്യാണവീടുകളിലേക്കും മറ്റും എത്തിക്കുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. അതുപോലെ തന്നെ സസ്യഎണ്ണയുടെ പായ്‌ക്കറ്റിനു മുകളിൽ തേങ്ങയുടെ ചിത്രം പതിപ്പിച്ച് വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തളിപ്പറമ്പ് കാര്യാമ്പലത്ത് നിർമാണത്തിലിരുന്ന വീട് ഭൂമിക്കടിലേക്ക് ഇടിഞ്ഞുതാഴ്ന്നു
കണ്ണൂർ:തളിപ്പറമ്പ് കാര്യാമ്പലത്ത് നിർമാണത്തിലിരുന്ന വീട് മുപ്പതടിയോളം ഭൂമിക്കടിലേക്ക് ഇടിഞ്ഞുതാഴ്ന്നു.രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം കാര്യാമ്പലത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം.തമിഴ്‌നാട് കിള്ളികുറിച്ചി സ്വദേശികളായ മുരുകൻ,ശ്രീനി,സെൽവം എന്നിവരുടെ വീടാണ് തകർന്നത്.ഒരു വർഷമായി ഇവിടെ വീടിന്റെ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.ഒരേവലുപ്പത്തിലുള്ള രണ്ടുവീടുകളാണ് ഇവിടെ നിർമിച്ചുകൊണ്ടിരുന്നത്. താഴ്ന്നുപോയ വീടിന്റെ താഴത്തെ നില ഗോഡൗണായി ഉപയോഗിക്കുന്നതിനായുള്ള മുറികൾ നിർമിച്ചിരുന്നു.ഈ വീടിന്റെ നിലം പണിയും പെയിന്റിങ്ങും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.കോണ്‍ക്രീറ്റ് ബീമുകളും മറ്റും ഇളകി വീഴുന്ന ശബ്ദം കേട്ട് ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു.ഞായറാഴ്ച ആയതിനാൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല.ഇതിനാൽ വൻദുരന്തമാണ് ഒഴിവായത്. മുരുകന്റെ വീടിന്റെ സമീപമുള്ള സഹോദരന്‍ ശ്രീനിവാസന്റെ വീടും തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഒരേ മാതൃകയിലാണ് രണ്ട് വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭിത്തികള്‍ക്കും വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ചിറവക്ക് കപ്പാലത്ത് മുരുകന്‍ സ്റ്റീല്‍സ് എന്ന പേരില്‍ ആക്രിക്കച്ചവടം നടത്തുന്ന മുരുകനും സഹോദരനും ഒരുവര്‍ഷം മുന്‍പാണ് ഇവിടെ വീട് നിര്‍മാണം ആരംഭിച്ചത്.വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേന സ്റ്റേഷന്‍ ഓഫിസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയെത്തി സമീപത്തുള്ള മറ്റ് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും
കണ്ണൂർ:സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി ഏർപ്പെടുത്തിയിരുന്ന ട്രോളിങ് നിരോധനം നാളെ അർധരാത്രിയോടെ അവസാനിക്കും.ഇതോടെ വറുതിയുടെ കാലം അവസാനിപ്പിച്ച് ചാകരയുടെ പ്രതീക്ഷയിലാണ് തീരം.ജൂൺ പതിനായിരുന്നു സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നത്.കഴിഞ്ഞ വർഷം വരെ 45 ദിവസമായിരുന്നു ട്രോളിങ് നിരോധനം.എന്നാൽ ഈ വർഷം 5 ദിവസം കൂടി കൂട്ടി ഇത് 52 ദിവസമാക്കിയിരുന്നു. നിരോധനം അവസാനിക്കുന്നതോടെ യന്ത്രം ഘടിപ്പിച്ച ബോട്ടുകൾക്ക് ഇനി മുതൽ കടലിൽ പോകാം.തൊഴിലാളികൾ വള്ളങ്ങളുടെയും വലകളുടെയും അവസാനഘട്ട മിനുക്കുപണിയിലാണ്.അതേസമയം ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവ് മൽസ്യ തൊഴിലാളികൾക്ക് തികച്ചും ദുരിതകാലമായിരുന്നു.കനത്ത മഴയും കടലേറ്റവും ഇവരെ കൂടുതൽ ദുരിതത്തിലാഴ്ത്തി.കനത്ത മഴയെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇവർക്ക് ട്രോളിങ് നിരോധനത്തിന് മുൻപ് തന്നെ വള്ളങ്ങൾ കരയ്ക്ക് കയറേണ്ടി വന്നിരുന്നു.ഇക്കാലയളവിൽ പത്തിൽത്താഴെ ദിവസന്തങ്ങളിൽ മാത്രമാണ് പരമ്പരാഗത തൊഴിലാളികൾക്ക് പോലും കടലിൽ പോകാൻ കഴിഞ്ഞത്.മത്സ്യത്തിന്റെ ലഭ്യതയും കുറവായിരുന്നു.ഇത് വില കൂടാനും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഫോർമാലിൻ കലർന്ന മൽസ്യം വിപണിയിൽ എത്തുന്നതിനും ഇടയാക്കി.ട്രോളിങ് നിരോധനം നീങ്ങുന്നതോടെ കടൽ കനിയുമെന്ന പ്രതീക്ഷയിലാണ് മൽസ്യത്തൊഴിലാളികൾ.
പയ്യന്നൂരിൽ കോൺഗ്രസ് കൗൺസിലറുടെ വീടിനു നേരെ ആക്രമണം
കണ്ണൂർ:പയ്യന്നൂരിൽ കോൺഗ്രസ് കൗൺസിലറുടെ വീടിനു നേരെ ആക്രമണം.പതിനെട്ടാം വാർഡ് കൗൺസിലർ എ.കെ ശ്രീജയുടെ വീടിനുനേരെയാണ് ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരമണിയോട് കൂടി ആക്രമണം നടന്നത്.വീടിനു മുൻവശത്തെ മുറിയുടെ ജനാലയാണ് കല്ലെറിഞ്ഞ് തകർത്തത്.ശ്രീജയുടെയും ഭർത്താവ് ശ്രീനിവാസന്റെയും ഇരുചക്ര വാഹനങ്ങളുടെ സീറ്റുകളും ബ്ലേഡ് ഉപയോഗിച്ച് കീറിയ നിലയിലായിരുന്നു.ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.വീടിന്റെ ഗേറ്റ് തുറക്കാതെ മതിൽ ചാടികടന്നാണ് അക്രമികൾ എത്തിയതെന്നാണ് കരുതുന്നത്.വിവരമറിഞ്ഞെത്തിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു;ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചേക്കും
ഇടുക്കി:ഇടുക്കു ഡാമിലെ ജലനിരപ്പ് ഉയരുന്നു. 2394.58 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. 2,395 അടിയാകുന്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇന്നു പുറപ്പെടുവിച്ചേക്കും. ജലനിരപ്പ് 2,397 ഇൽ എത്തുമ്പോൾ റെഡ് അലര്‍ട്ട് നൽകും.റെഡ് അലര്‍ട്ട് നല്‍കി 15 മിനിറ്റിനു ശേഷം ഡാം തുറക്കും. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ഞായറാഴ്ച 135.90 അടിയായിരുന്നു ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 135.80 അടിയായി കുറഞ്ഞിട്ടുണ്ട്.മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയരുന്നതുകൂടി കണക്കിലെടുത്താണ് ഇടുക്കി ഡാം തുറക്കുന്നത്. പകല്‍ മാത്രമേ അണക്കെട്ടു തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന അടിയന്തര നടപടികള്‍ നേരിടാന്‍ ആവശ്യമെങ്കില്‍ സൈന്യവും രംഗത്തിറങ്ങും. ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികള്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്. പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ സെല്‍ഫി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്നങ്ങളും നേരിടാന്‍ കര നാവിക വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായി തീരസംരക്ഷണസേനയുടെ ചെറുബോട്ടുകളും തയാറാണ്.
സംസ്ഥാനത്ത് ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു;ജനജീവിതത്തെ ബാധിച്ചില്ല;ബസ്സുകൾ സർവീസ് നടത്തുന്നു
തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു സംഘടനകൾ ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.എന്നാൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടില്ല.ബസ്സുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.അയ്യപ്പ ധർമസേന,ഹനുമാൻ സേന തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ബസ്സുകൾ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ്സുടമകളും കെഎസ്ആർടിസിയും നേരത്തെ അറിയിച്ചിരുന്നു.കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിനു ഓർഡിനൻസ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താൽ.ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിക്കുന്നതില്‍ നിന്നും വാഹനങ്ങൾ തടയുന്നതിൽ നിന്നും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.