തിരുവനന്തപുരം:ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന ശക്തമായി മഴയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി.ഇതോടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ അനിശ്ചിതമായി വൈകുകയാണ്.തിരുവനന്തപുരത്തുനിന്ന് രാവിലെ 11.15ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് പന്ത്രണ്ടു മണിയായിട്ടും പുറപ്പെട്ടിട്ടില്ല. മറ്റു ട്രെയിനുകളും വൈകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു;സുരക്ഷ ശക്തമാക്കി സർക്കാർ;അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു
ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.2395.38 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.ഇന്നലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്‌ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിരുന്നു. രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ ഇടുക്കിയില്‍ സുരക്ഷ ശക്‌തമാക്കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി മൂന്നു ജില്ലകളിൽ നിന്നും അവധിയിൽ പോയ റെവന്യൂ ഉദ്യോഗസ്ഥരെ സർക്കാർ തിരികെ വിളിച്ചു. ഇടുക്കി,എറണാകുളം,കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധികൃതർക്ക് നിർദേശം നൽകി.ഏത‌് അടിയന്തര സാഹചര്യവും നേരിടാനുമുള്ള സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലുകളുമെല്ലാം പൂര്‍ത്തിയാക്കി. ദുരന്ത നിവാരണസേനയേയും വിന്യസിച്ചു. സംഭരണിയുടെ പൂര്‍ണതോതിലുള്ള ശേഷി 2403 അടിയാണെങ്കിലും 2400നു മുൻപേ തുറക്കും. ഇടുക്കി കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പില്‍ അവലോകന യോഗം ചേര്‍ന്നു.അണക്കെട്ട്- തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി പരന്നൊഴുകുന്നതിന‌് പെരിയാര്‍ തീരങ്ങള്‍ ജെസിബി ഉപയോഗിച്ച‌് വൃത്തിയാക്കി. ദേശീയ ദുരന്തസേനയുടെ 46 അംഗ സംഘം ചെന്നൈ ആരക്കോണത്തുനിന്നാണ‌് ഇടുക്കിയിലെത്തിയത‌്. ക്യാപ്റ്റൻ പി കെ മീനയുടെ നേതൃത്വത്തില്‍ ഏഴു മലയാളികളടങ്ങുന്ന സംഘം ഏത‌് സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ചവരാണ‌്. സുരക്ഷയ്ക്കുള്ള ഉപകരണങ്ങളുമായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത‌്.
തിരക്കേറിയ റോഡിൽ കൂടി അഞ്ചുവയസ്സുകാരിയെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു;അച്ഛന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
കൊച്ചി:മട്ടാഞ്ചേരി ദേശീയപാതയിൽ അഞ്ചുവയസ്സുള്ള മകളെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച പിതാവിന്റെ ലൈസൻസ് ആർ ടി ഓ റദ്ദാക്കി.പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാൻസിസ് ഞായറാഴ്ച രാവിലെ ഇടപ്പള്ളിയിലൂടെ തന്റെ ഭാര്യയേയും രണ്ട് മക്കളെയും കൊണ്ട് സ്കൂട്ടറിലൂടെ യാത്ര ചെയ്യവേ ഇടയ്ക്ക് ഇയാൾ മുന്നിലിരിക്കുന്ന അഞ്ച് വയസുകാരി മകളെകൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു. ഷിബുവിന്റെ സ്കൂട്ടറിന് പിന്നാലെയെത്തിയ വാഹനത്തിലുള്ളവർ ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് ഇടപെട്ടു.നിങ്ങളെന്ത് പോക്രിത്തരമാണ് കാണിക്കുന്നതെന്ന് എന്ന് കാറിലെ യാത്രക്കാർ പിതാവിനോട് ചോദിക്കുന്നുണ്ട്. എന്നാൽ ഇത് അവഗണിച്ച് ഇവർ വാഹനം ഓടിച്ച് പോകുകയായിരുന്നു.ദൃശൃങ്ങൾ വൈറലായതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയിയൽ ഉയർന്നത്.മറ്റു യാത്രക്കാരുടെ കൂടി ജീവൻ പന്താടുകയാണ് അയാൾ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ വിമർശിച്ചു.ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി മട്ടാഞ്ചേരിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ഷിബുവിന്റെ ലൈസൻസ് റദ്ദാക്കാൻ ആർ ടി ഒയ്ക്ക് ശുപാർശ ചെയ്യുകയായിരുന്നു. ഒരു വർഷത്തേയ്ക്ക് ഷിബു ഫ്രാൻസിസിന്റെ ലൈസൻസ് റദ്ദാക്കിയതായി ജോയിന്റ്. ആർ ടി ഒ ഷാജി മാധവൻ പറഞ്ഞു.ഷിബുവിനെതിരെ ഇടപ്പള്ളി പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ തയ്യിൽ കടപ്പുറത്ത് കടലേറ്റം രൂക്ഷം; തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറി
കണ്ണൂർ:തയ്യിൽ കടപ്പുറത്ത് കലേറ്റം രൂക്ഷം.തിങ്കളാഴ്ച ഉച്ചയോടെ കൂറ്റൻ തിരമാലകൾ കടൽഭിത്തി ഭേദിച്ച് തീരത്തേക്ക് കയറി.സമീപത്തുള്ള വീടുകളിലേക്കും വെള്ളമെത്തി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ കടലേറ്റമാണിതെന്ന് നാട്ടുകാർ പറഞ്ഞു.കടൽഭിത്തി ഭേദിച്ച് സമീപത്തെ റോഡിലേക്ക് വരെ എത്തിയ വെള്ളത്തോടൊപ്പം നിരവധി പ്ലാസ്റ്റിക് മാലിന്യവും തീരത്തടിഞ്ഞു.കടുത്ത ഭീതിയിലാണ് ഇവിടുത്തെ സ്ഥലവാസികൾ കഴിയുന്നത്. കടൽഭിത്തിക്ക് പകരം കടലിലേക്ക് ചെരിച്ച് കരിങ്കല്ലുകളിട്ടുള്ള കാൽനാട്ടൽ നടത്തിയാലേ ഇവിടുത്തെ കടലേറ്റ ഭീഷണി ഒഴിവാക്കാനാകൂ എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.അധികൃതർ ഇടപെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും ഇവർ അഭിപ്രായപ്പെട്ടു.
പെരുമ്പാവൂരിൽ വിദ്യാർത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചത് മോഷണശ്രമം തടയുന്നതിനിടെ
എറണാകുളം:പെരുമ്പാവൂരിൽ വിദ്യാർത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചത് മോഷണശ്രമം തടയുന്നതിനിടെയെന്ന് പോലീസ്.വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി അന്തിനാട്ട് വീട്ടില്‍ തമ്ബിയുടെ മകള്‍ നിമിഷ (21) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പ്രതി പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു പോലീസ് പിടിയിലായിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. മോഷണത്തിന് വേണ്ടിയാണ് ബിജു വീട്ടിലേക്ക് അക്രമിച്ച് കയറിയത്. നിമിഷയുടെ വല്യമ്മച്ചിയുടെ മാല മോഷ്ടിക്കാനായിരുന്നു ശ്രമം. ഇത് നടക്കുകയും ചെയ്തു. മാലയുമായി ഓടുന്ന ബിജുവിനെ നിമിഷ തടഞ്ഞു. ഇതിനിടെ നിമിഷയ്ക്ക് കുത്തേറ്റു. പരിക്കുമായി വീടിന് മുന്നിലെത്തിയ യുവതി അപ്പോഴും നിലവിളിച്ചു. ഈ നിലവളി കേട്ടാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരന്‍ ഓടിയെത്തിയത്. അപ്പോഴേക്കും അക്രമകാരിയായ ബിജു യുവതിയെ വീണ്ടും ആക്രമിക്കാന്‍ മുതിര്‍ന്നു. ഇത് തടയാന്‍ വലിയച്ഛന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും കുത്തേറ്റു. അയല്‍വാസികളും ഓടിയെത്തി. എന്നാല്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരെ എല്ലാം കുത്തി മലര്‍ത്താനായിരുന്നു ബിജുവിന്റെ ശ്രമം.അപ്രതീക്ഷിത നീക്കത്തില്‍ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ ഏവരും പകച്ചു. അപ്പോഴേക്കും നിമിഷ രക്തം വാര്‍ന്ന് കുഴഞ്ഞു വീണു. വരാന്തയില്‍ തന്നെ മരണം സംഭവിച്ചുവെന്നാണ് നിഗമനം. ജീവൻ ഉണ്ടെന്ന പ്രതീക്ഷയിൽ നിമിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിതീകരിച്ചു.
കൃത്യത്തിന് ശേഷം ഓടി രക്ഷപെട്ട മുര്‍ഷിതാബാദ് സ്വദേശി ബിജുമുള്ളയെ 150 മീറ്ററോളം അകലെ അളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.രോക്ഷാകൂലരായ ആള്‍ക്കുട്ടം ഇയാളെ മര്‍ദ്ദിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് എസ് ഐ യും ഒരു പൊലീസുകാരനും സ്ഥലത്തെത്തുന്നത്. ബിജുമുള്ളയെ പൊലീസിന് വിട്ടുനല്‍കില്ലന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ നിലപാട്. പരിസരവാസികളായ 150 -ലേറെപ്പേര്‍ ഈ സമയം ഇവിടെ സംഘടിച്ചിരുന്നു. വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് സംഘത്തെ ബന്ധിച്ച് നിര്‍ത്തിയിരുന്ന ബിജുവിന്റെ അടുത്തേക്ക് അടുക്കാന്‍ പോലും ഇവര്‍ സമ്മതിച്ചില്ല.ജനക്കൂട്ടത്തെ സാന്ത്വനിപ്പിച്ച് ബിജുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ബിജുവിനെ തടഞ്ഞുവച്ചിരുന്നവരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്താണ് എസ് ഐ യും പൊലീസുകാരനും ബിജുവിനെ കസ്റ്റഡിയില്‍ എടുത്തത്.പൊട്ടിച്ചെടുത്ത മാലയുടെ ഒരു ഭാഗം ബിജുവിന്റെ പക്കല്‍ നിന്നും പൊലീസിന് ലഭിച്ചു. ബാക്കി ഭാഗം മുറിയില്‍ നിന്നും കിട്ടി. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഐ ജി വിജയ്സാക്കറെ ,റൂറല്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ബിജു കുറ്റം സമ്മതിച്ചതും കൊലനടത്തിയ രീതി വിവരിച്ചതും. നിമിഷ കൊല്ലപ്പെട്ടതോടെ ഇതരസംസ്ഥാനതൊഴിലാളികള്‍ക്കെതിരെ തദ്ദേശവാസികളുടെ രോഷം ശക്തമായിട്ടുണ്ട്. പ്രദേശത്തുനിന്നും ഇന്നലെ തന്നെ ഇതരസംസ്ഥാനക്കാരില്‍ ഒരു വിഭാഗം താമസംമാറ്റിയിട്ടുണ്ട്. പരിസരത്തെ അന്യസംസംസ്ഥാന തൊഴിലാളി ക്യാമ്ബുകള്‍ക്കു നേരെ ആക്രമണത്തിന് സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ താണയിൽ വാഹനാപകടത്തിൽ സുന്നി നേതാവ് മരിച്ചു
കണ്ണൂർ:കണ്ണൂർ താണയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ സുന്നി നേതാവ് മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി പി അബ്ദുര്‍ റഊഫ് മുസ്‌ലിയാര്‍ (60) ആണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെടെ കണ്ണൂര്‍ ക്യാപ്പിറ്റൽ മാളിന് സമീപത്താണ് അപകടം നടന്നത്.ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്.സാരമായ പരിക്കേറ്റ റഊഫ് മുസ്‌ലിയാരെ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായ മറ്റുളളവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സുന്നി സംഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായിരുന്ന റഊഫ് മുസ്‌ലിയാര്‍ തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ടായിരുന്നു. 1987-88 കാലഘട്ടത്തില്‍ കാസര്‍കോട് സഅദിയ്യ ബോഡിംഗ് മദ്രസ മാനേജറായിരുന്നു. പാനൂര്‍ മോന്താല്‍ ജുമുഅ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമുഅ മസ്ജിദ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്ബ് ബാഫഖി മദ്‌റസ, ബെംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തിരുന്നു.ഭാര്യ:സഫിയ.മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്‌നോക്, അബുദാബി),സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ എം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).
ഫോർമാലിൻ പരിശോധന ശക്തമാക്കിയതോടെ മീനിൽ പുതിയ രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:മീനിൽ ചേർക്കുന്ന ഫോർമാലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതോടെ മീൻ എളുപ്പത്തിൽ കേടാകാതിരിക്കാൻ പുതിയ തരം രാസവസ്തു ചേർക്കുന്നതായി റിപ്പോർട്ട്. മീന്‍ കേടാകാതിരിക്കാന്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധന തുടങ്ങി.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് എളുപ്പത്തില്‍ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഠനം. എറണാകുളത്തെ ചില രാസവസ്തു വില്‍പ്പനശാലകളില്‍ നിന്നും സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി ബോട്ടുകാര്‍ കൂടിയ അളവില്‍ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയത്തിനു കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് മീനില്‍ ഉപയോഗിച്ചാല്‍ കേടാകാതിരിക്കുമോ എന്നതിലും വ്യക്തതയില്ല. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. 20 ലിറ്റര്‍ കന്നാസുകളിലാണ് എറണാകുളത്തെ കടകളില്‍നിന്ന് ബോട്ടുകാര്‍ ഇത് വാങ്ങിപ്പോകുന്നത്.വായു, വെള്ളം, മണ്ണ് എന്നിവയിലുള്‍പ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്. നിറമോ മണമോ ഇല്ല. നേര്‍പ്പിക്കാതെ ഉപയോഗിച്ചാല്‍ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേര്‍ത്ത് നേരിയ അളവില്‍ മീനില്‍ തളിക്കുന്നതായി സംശയിക്കുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മീനില്‍ ഫോര്‍മലിന്‍, അമോണിയ എന്നിവ ചേര്‍ക്കുന്നത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) തയ്യാറാക്കിയ പേപ്പര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാകും. ഇതോടെ കേരളത്തിലേക്ക് അയക്കുന്ന മീനില്‍ ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് കുറഞ്ഞിരുന്നു.സില്‍വര്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇതിന്റെ സാന്നിധ്യം എങ്ങനെ കണ്ടെത്താമെന്നതും പരിശോധിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എംജി രാജമാണിക്യം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ രാസവസ്തു ഉപയോഗിച്ചാല്‍ മീന്‍ കേടാകാതിരിക്കുമോ, ശരീരത്തിനുള്ളില്‍ ചെന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങളാണുണ്ടാകുക എന്നിവയും പരിശോധിക്കുന്നുണ്ട്.
കനത്ത മഴ;കണ്ണൂരിലെ ഏഴു പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്നു, കോളയാട്,ചിറ്റാരിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പിഎസ് ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷനായി പിഎസ് ശ്രീധരന്‍പിള്ളയെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള അധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഗ്രൂപ്പ് പോര് മുറുകിയ സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ളയുടെ നിയമനം.ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിയമനം. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ശ്രീധരന്‍ പിള്ളയെ ആകാനാണ് തീരുമാനം. എന്‍ഡിഎ കണ്‍വീനറായി കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരാനും നീക്കമുണ്ട്. കേരളത്തിലേക്കെത്തിക്കണമെന്ന ആര്‍എസ്‌എസ് ആവശ്യം ബിജെപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് ലോകസഭയിലേക്ക് മത്സരിപ്പിക്കാനും സാധ്യതയുണ്ട്.കുമ്മനം രാജശേഖരനെ മാറ്റിയതിനെ തുടര്‍ന്ന് മൂന്നു മാസത്തോളം അദ്ധ്യക്ഷനില്ലാതെയിരുന്ന ബിജെപിയില്‍ വിഭാഗിയത രൂക്ഷമായിരുന്നു. അതേസമയം കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാകണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി.ആര്‍എസ്‌എസിന്റെ പിന്തുണയും ശ്രീധരന്‍ പിള്ളയ്ക്കായിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം മുരളീധര വിഭാഗത്തിനും കൃഷ്ണദാസ വിഭാഗത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കൊട്ടിയൂരിൽ 23 രാജവെമ്പാല കുഞ്ഞുങ്ങൾ പിറന്നു
കണ്ണൂർ:കൊട്ടിയൂര്‍ വെങ്ങലോടിയില്‍ 23 രാജവെമ്പാല കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയ 26 മുട്ടകള്‍ വിരിയാനായി കൃഷിയിടത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിൽ 23 എണ്ണവും വിരിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വനംവകുപ്പ് സംഘം മുട്ട വിരിയാന്‍ സൂക്ഷിച്ച കൊട്ടിയൂര്‍ വെങ്ങലോടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെത്തിയത്. തനത് ആവാസ വ്യവസ്ഥ ഒരുക്കിയാണ് മുട്ടകള്‍ വിരിയാന്‍ വച്ചത്. പ്രത്യേകമായി സജ്ജീകരിച്ച കൂടു തുറന്നപ്പോള്‍ തന്നെ അഞ്ചോളം പാമ്പിൻ കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം കാത്തിരുന്നാണ് ഓരോ മുട്ടയും വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നത്.ഒരു മുട്ട കേടായി.ബാക്കി രണ്ടെണ്ണം നിരീക്ഷണത്തിലാണ്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗം റിയാസ് മാങ്ങാട്, വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്ക് അംഗങ്ങളായ അനില്‍ തൃച്ചംബരം, എം സി സന്ദീപ്, ഹാര്‍വസ്റ്റ് ശ്രീജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി ആര്‍ ഷാജി, ബീറ്റ് ഫോറസ്റ്റ്മാരായ എം കെ ജിജേഷ്, കെപി നീതു, മിന്നു ടോമി തുടങ്ങിവരടങ്ങിയ സംഘമാണ് പാമ്പിൻ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.