തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയത്.ഡാം തുറക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ക്കുമായി മന്ത്രി മണിയെ യോഗം ചുമതലപ്പെടുത്തി.അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2,395.88 അടിയാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,395 അടി ആയപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഡാം തുറക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും അധികൃതര്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. കഴിഞ്ഞ തവണ 2,401 അടി ആയപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ഇത്തവണ അത്രയും കാത്തിരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.ഡാമിലേക്കുള്ള നീരൊഴുക്ക് മുമ്പത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ ജലനിരപ്പ് 2400 അടിയിലെത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടിയില്‍ മഴ കുറഞ്ഞാല്‍ ജലനിരപ്പ് കുറയാനും ഇടയുണ്ട്. അങ്ങനെയെങ്കില്‍ ഡാം തുറക്കേണ്ടി വരില്ല.
മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
ശ്രീകണ്ഠാപുരം:മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.കോഴിക്കോട് ഫറോക് കുന്നത്തുവീട്ടിൽ വാസിക്(24),രാമനാട്ടുകര പുതിയപറമ്പത്ത് വീട്ടിൽ ദിൽഷാദ്(24) എന്നിവരാണ് ശ്രീകണ്ഠാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ പക്കൽ നിന്നും മൂന്നു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.ചെറിയ ഗുളികയുടെ രൂപത്തിലാണ് ഇവർ ഇത് സൂക്ഷിച്ചിരുന്നത്. ഇവരുടെ കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങിയ ഇവർ വഴിതെറ്റിയാണ് ശ്രീകണ്ഠപുരത്ത് എത്തിയത്.ഒരു ഗ്രാം കൈവശം വെച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ലഹരി വസ്തുവാണ് എംഡിഎംഎ.പ്രതികളെ വടകര നാർക്കോട്ടിക് പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദനൻ,പ്രിവന്റീവ് ഓഫീസർമാരായ പി.ടി യേശുദാസ്,പി.ആർ സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.വി അഷ്‌റഫ്, പി.വി പ്രകാശൻ,അബ്ദുൽ ലത്തീഫ്,എം.രമേശൻ,ഡ്രൈവർ കേശവൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു
തിരുവനന്തപുരം:തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കിയിലുള്ള ഭൂകമ്ബമാപിനിയില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വെഞ്ഞാറമൂട്, കല്ലറ ഭാഗങ്ങളിലാണ് ഏറെയും അനുഭവപ്പെട്ടത്.വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയില്‍ ചൊവ്വാഴ്‌ച സന്ധ്യയ്ക്ക് 7.45ഓടെയായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ നാട്ടുകാര്‍ വീടുവിട്ട് പലദിക്കിലും പാഞ്ഞു. ചിലര്‍ പുറത്തിറങ്ങിനിന്നു. പരിഭ്രാന്തരായി പൊലീസ് സ്റ്റേഷനുകളിലും ഫയര്‍ഫോഴ്സിലും വിളിച്ചു. ആദ്യം വന്‍ ശബ്ദവും പിന്നീട് നേരിയ വിറയലുമാണ് അനുഭവപ്പെട്ടതെന്ന് പലരും പറഞ്ഞു. ദുരന്തനിവാരണവിഭാഗവും ഫയര്‍ഫോഴ്സും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നു. വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്ബാറ, ശാസ്താംനട, പരപ്പില്‍, ചെറുവാളം, പാലുവള്ളി,മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച ,തണ്ണിയം,മിതൃമ്മല ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കട്ടിലില്‍ നിന്ന് മറിഞ്ഞുവീണതായി ഭൂതമടക്കി സ്വദേശി ബേബിയും കസേരയില്‍ നിന്ന് മറിഞ്ഞുവീണതായി കരിച്ച സ്വദേശി ബൈജുവും അടുക്കളയില്‍ റാക്കില്‍ വച്ചിരുന്ന പാത്രങ്ങള്‍ ശബ്ദത്തോടെ മറിഞ്ഞുവീണതായി കരിച്ച സ്വദേശി തുണ്ട് വിളാകത്തില്‍ പ്രഭാകരനും ഫയര്‍ഫോഴ്സില്‍ വിളിച്ചറിയിച്ചു. അഞ്ച് മിനിട്ട് ഇടവിട്ട് രണ്ട് തവണകളിലായി ഭൂമി വിറച്ചതായി തോന്നിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജലനിരപ്പ് ഉയർന്നു;മലമ്പുഴ ഡാം ഇന്ന് തുറക്കും
പാലക്കാട്:കനത്ത മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെ മലമ്പുഴ ഡാം ഇന്ന് തുറക്കും.രാവിലെ 11മണിക്കും 12 മണിക്കും ഇടയിലായിരിക്കും അണക്കെട്ട് തുറക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ മുക്കൈനപുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. 114.80 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 115.06മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
ആധാര്‍ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുഐഡിഎഐയുടെ കർശന നിർദേശം
ന്യൂഡൽഹി:ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും അടക്കം പൊതു ഇടങ്ങളിൽ ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ( യുഐഡിഎഐ) കർശന നിർദേശം.ആധാർ നമ്പർ പരസ്യപ്പെടുത്തിയത് നിയമനടപടി നേരിടേണ്ടി വരുമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മറ്റൊരാളുടെ ആധാര്‍ നമ്പർ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതു നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. ആധാര്‍ നമ്ബര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് സന്ദേശമെന്ന് യുഐഡിഎഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മയുടെ ‘ആധാര്‍ ചാലഞ്ച്’ ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. സ്വന്തം ആധാര്‍ നമ്പർ ട്വിറ്ററില്‍ പങ്കുവച്ച അദ്ദേഹം, ഈ നമ്പർ ഉപയോഗിച്ചു തനിക്കെന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്താന്‍ സാധിക്കുമോയെന്നാണ് വെല്ലുവിളിച്ചത്. താമസിയാതെ തന്നെ പ്രശസ്ത ഹാക്കര്‍ ഏലിയറ്റ് ആൻഡേഴ്സൺ ഉൾപ്പെടെയുള്ളവർ ശര്‍മയ്ക്കു മറുപടിയുമായെത്തി. ശര്‍മയുടെ സ്വകാര്യ മൊബൈല്‍ നമ്പർ, കുടുംബചിത്രങ്ങള്‍, വീട്ടുവിലാസം, ജനനത്തീയതി, ഓണ്‍ലൈന്‍ ഫോറത്തില്‍ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തി പോസ്റ്റ് ചെയ്തു. ചോര്‍ത്തിയ വിവരങ്ങളൊന്നും അപകടമുണ്ടാക്കുന്നതല്ല എന്നായിരുന്നു ശര്‍മയുടെ മറുപടി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്തിയ വിവരങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ ഉണ്ടെന്നും യുഐഡിഎഐയും പറഞ്ഞു. ഇതിനിടെ, ശര്‍മയെ അനുകരിച്ച് ചില വ്യക്തികളും ആധാര്‍ ചാലഞ്ച് നടത്തിയതോടെയാണു മുന്നറിയിപ്പുമായി യുഐഡിഎഐ രംഗത്തെത്തിയത്.
അതിരപ്പള്ളിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു
തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാനായി നിരവധി പേരാണ് ദിവസവും എത്താറുള്ളത്. എന്നാല്‍ ശക്തമായ മഴയാണ് വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. കൂടാതെ അതിരപ്പള്ളി മലക്കപ്പാറ റോഡില്‍ ഗതാഗതവും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. മഴയുടെ തീവ്രത കുറഞ്ഞാല്‍ മാത്രമേ പ്രവേശനം പുനരാരംഭിക്കുകയുള്ളു.
ഇടുക്കി അണക്കെട്ടിൽ നിലവിലെ സാഹചര്യത്തിൽ ട്രയൽ റൺ നടത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്
ഇടുക്കി:ഇടുക്കി അണക്കെട്ടിൽ നിലവിലെ സാഹചര്യത്തിൽ ട്രയൽ റൺ നടത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്.മണിക്കൂറില്‍ 0.02 അടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നാല്‍ മാത്രം ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നും പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ചു മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 17 മണിക്കൂറിനുള്ളില്‍ 0.44 അടിവെള്ളമാണ് അണക്കെട്ടിലേക്കെത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചെറുതോണിയിലും സമീപപ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. കളക്ടര്‍ ജീവന്‍ ബാബു,റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികൾ, റവന്യു-ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ,ഉന്നത പോലീസ് അധികൃതർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കനത്ത മഴയിൽ ആറളം ഫാമിൽ ഉരുൾപൊട്ടൽ;രണ്ടു തൂക്കുപാലങ്ങൾ ഒലിച്ചുപോയി
ഇരിട്ടി:കനത്ത മഴയിൽ ആറളം ഫാമിൽ ഉരുൾപൊട്ടൽ.ആദിവാസി പുനരധിവാസ മേഖലയ്ക്കും ആറളം ഫാമിനുള്ള യാത്രാമാര്‍ഗമായ വളയഞ്ചാല്‍ തൂക്കുമരപ്പാലം കനത്ത ഒഴുക്കില്‍ പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പൊട്ടിത്തകര്‍ന്ന് ഒലിച്ചുപോയി. പാലത്തില്‍ കയറാനെത്തിയവര്‍ ഇത് കണ്ട് ഓടി രക്ഷപ്പെട്ടു.നിരവധി വിദ്യാര്‍ത്ഥികള്‍ സാധാരണ പാലം വഴി കടന്നു പോകാറുള്ള സമയത്താണ് പാലം തകര്‍ന്നത്.സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ പാലം തകര്‍ച്ചയില്‍ വന്‍ ദുരന്തം ഒഴിവായി. ആദിവാസി മേഖലക്കും ആറളം ഫാമിനും കേളകം, കണിച്ചാര്‍ മേഖലയുമായുള്ള എളുപ്പ യാത്രാ ബന്ധം ഇതോടെ അറ്റു. കേളകത്തിനടുത്ത് ആറളം വന്യജീവി സങ്കേതത്തിലെ രാമച്ചി തൂക്കുമരപ്പാലവും തകര്‍ന്നു. വനപാലകര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി.
കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
ചെന്നൈ:കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കരുണാനിധി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹാമില്ലാതെ അദ്ദേഹം ശ്വസിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രി ഐസിയുവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കരുണാനിധി.മൂത്രാശയ അണുബാധയും രക്തസമ്മര്‍ദം കുറഞ്ഞതും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ആശുപത്രി പരിസരത്തു തടിച്ചുകൂടിയവരോടു പിരിഞ്ഞു പോകണമെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചുവരികയാണ്.
റേഷൻ കാർഡ് അപേക്ഷ ശനിയാഴ്ച മുതൽ ഓൺലൈനിലൂടെ ലഭ്യമാകും
തിരുവനന്തപുരം: പുതിയ റേഷന്‍ഡ് കാര്‍ഡിന് അപേക്ഷിക്കലും നിലവിലെ കാര്‍ഡില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും വരുത്തുന്നതും ശനിയാഴ്ച മുതല്‍ ഓൺലൈൻ വഴി ചെയ്യാം. നേരത്തെ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡില്‍ തിരുത്തല്‍ വരുത്തല്‍, പേരുകള്‍ കൂട്ടിച്ചേര്‍ക്കല്‍, സറണ്ടര്‍ ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. സ്വന്തമായി ഇ്ന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം, പരമാവധി അന്‍പതു രൂപയാണ് ഫീസ്.