ന്യൂഡൽഹി:ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇന്നലെ രാവിലെ തന്നെ കെ എം ജോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമനം രാഷ്ട്രപതി അംഗീകരിച്ചതോടെ കേന്ദ്ര നിയമമന്ത്രാലയം ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തിറക്കുകയായിരുന്നു.കെ എം ജോസഫിനെ കൂടാതെ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജിയേയും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണിനേയും മറ്റ് രണ്ട് പുതിയ ജഡ്ജിമാരായി സുപ്രീംകോടതിയിലേക്ക് നിയമിക്കുന്നുണ്ട്. ഇവരുടെ നിയമന ഉത്തരവുകളും കേന്ദ്ര നിയമമനന്ത്രാലയം ഇറക്കിയിട്ടുണ്ട്. കെ എം ജോസഫിനൊപ്പം തന്നെ കേരള ഹൈക്കോടതിയിലെ നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും നിയമമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യവുമായി അമ്മ സംഘടനയിലെ നടിമാർ;വേണ്ടെന്ന് ആക്രമണത്തിനിരയായ നടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കെ സർക്കാർ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യവുമായി അമ്മ സംഘടനയിലെ രണ്ടു നടിമാർ.അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി ഹർജിയുമായി കോടതിയെ സമീപിച്ചത്.25 വര്‍ഷമെങ്കിലും അനുഭവ പരിചയുമള്ള ആളാകണം കേസില്‍ പ്രോസിക്യൂട്ടര്‍. സഹായിയായി യുവഅഭിഭാഷകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച ഇവർ കോടതിയിൽ കക്ഷി ചേരുകയായിരുന്നു.എന്നാൽ കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി രംഗത്തെത്തി.കേസ് നടത്തിപ്പിന് പുറമെ നിന്നുള്ള സഹായം ആവശ്യമില്ലെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.നടിയോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. പ്രോസിക്യൂട്ടര്‍ കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി.കേസ് നടത്തിപ്പിന്റെ കാര്യങ്ങള്‍ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തനിക്ക് അറിയാം.താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ല. കേസ് നടത്തിപ്പിന് തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് നടി അറിയിച്ചു.
ഓണത്തിന് 1600 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി തിലോത്തമൻ
തിരുവനന്തപുരം:ഓണത്തിന് 1600 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമൻ.ഒപ്പം എല്ലാ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളും മിനി ഓണം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.ആഗസ്റ്റ് 14 മുതല്‍ ആഗസ്റ്റ് 24 വരെ 10 ദിവസം കേരളത്തിന്റെ നഗര ഗ്രാമപ്രദേശങ്ങളില്‍ ഓണചന്തകള്‍ പ്രവര്‍ത്തിക്കും.അതേസമയം ഓണ വിപണി കൊഴുപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു.വിലക്കുറവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ഈ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലാബുകളില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കില്‍ അരി ജയ, അരി കുറുവ, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി തുടങ്ങിയ 13 ഇനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണചന്തകളില്‍ ലഭ്യമാക്കും. സബ്സിഡി ഇനങ്ങള്‍ കൂടാതെ, ഓണം, ബക്രീദ് ഉത്സവക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള 13 ഇനങ്ങള്‍ കൂടി മാര്‍ക്കറ്റ് വിലയേക്കാള്‍ ഗണ്യമായ കുറവില്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണില്‍ നിന്നും എം.ആര്‍.പിയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നതാണ്.സഹകരണ സംഘങ്ങള്‍ക്ക് അവ ഓണ വിപണികളിലൂടെ വില്‍പ്പന നടത്താവുന്നതാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓണവിപണിയുടെ പ്രവര്‍ത്തനം ലഭ്യമാകുന്ന തരത്തിലാണ് സംഘങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈൽ വൈറസ്ബാധ സ്ഥിതീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് പനിബാധ സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെസ്റ്റ്ഹില്‍ സ്വദേശിനിയിലാണ് രോഗം കണ്ടെത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്തപരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.കൊതുകള്‍ പരുത്തുന്ന അപൂര്‍വ്വ വൈറസ് പനിയാണ് വെസ്റ്റ് നൈല്‍. പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണം. തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന വൈറസ് ബാധകൂടിയാണിത്. പക്ഷി മൃഗാദികളില്‍ നിന്ന് കൊതുകളിലേക്ക് വൈറസ് എത്തിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്.അതേസമയം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. ചില അപൂര്‍വ്വം സാഹചര്യങ്ങളില്‍ അവയവ-രക്ത ദാനം വഴിയോ അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞിനോ അല്ലേങ്കില്‍ ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അസുഖം പകരാം. രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും തികഞ്ഞ ജാഗ്രതയിലാണ്.
ഇടുക്കി കൂട്ടക്കൊലപാതകം;ഒരാൾ പിടിയിൽ
ഇടുക്കി : ഇടുക്കി വണ്ണപ്പുറത്തിനും സമീപം കമ്പക്കാനത്ത് കാനാട്ടുവീട്ടില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.ബുധനാഴ്ച രാവിലെയാണ് തൊടുപുഴ വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല, മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ വീടിനു സമീപം കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാതായതോടെ അയല്‍വാസികളും ബന്ധുക്കളും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ ചാണകക്കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.നാല് മൃതദേഹങ്ങളിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു. വീടിന്‍റെ പരിസരങ്ങളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. കേസില്‍ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് ഒരാള്‍ അറസ്റ്റിലായിരിക്കുന്നത്.
കൊക്കെയിനുമായി നൈജീരിയൻ സ്വദേശി കണ്ണൂരിൽ പിടിയിൽ
കണ്ണൂർ:കൊക്കെയിനുമായി നൈജീരിയൻ സ്വദേശി കണ്ണൂരിൽ പിടിയിൽ.നഗരത്തില്‍ കൊക്കൈയിന്‍ വില്‍പന നടത്തിയ സിന്‍ന്തേര ഫ്രാന്‍സിസ് (28) ആണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി ബസില്‍ കണ്ണൂരിലെത്തുകയായിരുന്നു. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് കൊക്കൈന്‍ വില്‍പന നടത്തുന്നതിനും പുതിയ വിപണി കണ്ടെത്തുന്നതിന് ഒരാളെ കാത്ത് നിൽക്കവെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പരിശോധനയില്‍ ഇയാളുടെ പഴ്സില്‍ നിന്നും മൂന്നു ഗ്രാം കൊക്കൈയിന്‍ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 60,000 രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.രാജ്യാന്തര കൊക്കൈയിന്‍ വില്‍പനയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു.ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് സതീശൻ പാച്ചേനി 48 മണിക്കൂർ നിരാഹാര സമരം നടത്തും
കണ്ണൂർ:യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെ യും പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുന്നു.ഇതിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഓഗസ്റ്റ് എട്ടിന് രാവിലെ 10 മണിമുതൽ 48 മണിക്കൂർ നിരാഹാര സമരം നടത്തും.സമരം കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി ഉൽഘാടനം ചെയ്യും.കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും സിപിഎമ്മും പോലീസും ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുകയാണെന്നാരോപിച്ചാണ് കോൺഗ്രസ് വീണ്ടും സമരത്തിനിറങ്ങുന്നത്.കേസിലെ പതിനാറാം പ്രതിയും സിപിഎം മുൻ ലോക്കൽ സെക്രെട്ടറിയുമായ പ്രശാന്തിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ ഈ കേസിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തു വരികയുള്ളൂ.കുറ്റപത്രത്തിൽ പറഞ്ഞ 12 മുതൽ 17 വരെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
വലിയ വാഹനങ്ങൾക്ക് മാക്കൂട്ടം ചുരം റോഡിലൂടെ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മഴ കഴിയും വരെ തുടരും
ഇരിട്ടി:കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് കേരള-കർണാടക അന്ത സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരം റോഡിലൂടെ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിരോധനം മഴ കഴിയും വരെ തുടരും.റോഡിന്റെ നവീകരണ പ്രവർത്തി കാലവർഷം കഴിഞ്ഞാലേ ആരംഭിക്കുകയുള്ളൂ.അതിനു ശേഷം മാത്രമേ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കുകയുള്ളൂ.പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വലിയ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ എന്ന് മടിക്കേരി അസിസ്റ്റന്റ് കമ്മീഷണർ ശ്രീവിദ്യ പറഞ്ഞു.16 കിലോമീറ്ററോളം വരുന്ന ചുരം റോഡിൽ 99 ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.മാക്കൂട്ടം മുതൽ പെരുമ്പാടി വരെ നാലിടങ്ങളിൽ റോഡ് ഇടിഞ്ഞുപോവുകയും ചെയ്തിരുന്നു.ഇവിടങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തി ചെറിയ വാഹനങ്ങൾക്കുള്ള ഗതാഗത നിയന്ത്രം ഒരു മാസം മുൻപ് പിൻവലിച്ചിരുന്നു.ഇടിഞ്ഞ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഒരു സമയത്ത് ഒരു വാഹനം മാത്രം കടന്നു പോകാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ബസ് ഗതാഗതം ഇല്ലാത്തതിനാൽ കൂട്ടുപുഴയിൽ നിന്നും പെരുമ്പാടിയിൽ നിന്നും സമാന്തര സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
കൂത്തുപറമ്പ് കോട്ടയം അങ്ങാടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം
:കൂത്തുപറമ്പ് കോട്ടയം അങ്ങാടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം.ഇത് പ്രദേശവാസികളെ ആശങ്കയിലാക്കി.ബുധനാഴ്ച രാത്രി എട്ടുമണിയോടെ കയറ്റയം അങ്ങാടി ജുമാമസ്ജിദിന് സമീപത്തുള്ള വീടിന്റെ പരിസരത്ത് പുലിയെ കണ്ടെന്നാണ് പറയുന്നത്.വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് പുലി ഓടിമറഞ്ഞതായും പറയുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് രാത്രി തന്നെ സ്ഥലത്തെത്തിയ കതിരൂർ പോലീസ് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.തുടർന്ന് വ്യാഴാഴ്ച രാവിലെ കണ്ണവം ഫോറസ്റ്റ് ഡെപ്യുട്ടി റെയ്‌ഞ്ചർ കെ.വി ആനന്ദിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് റാപിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.വീട്ടുമുറ്റത്ത് കണ്ട കാല്പാടുകൾ സംഘം പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി.സമീപത്തെ കാടുകളിലും വിജനമായ പ്രദേശങ്ങളിലും പരിശോധന നടത്തി.പ്രദേശത്ത് നിരീക്ഷണം തുടരുമെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.അതേസമയം കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പട്ടിയുടെ ജഡം കണ്ടതായി നാട്ടുകാർ പറഞ്ഞു.പുലി ഉണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് ഇവിടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്.
പീഡനക്കേസിൽ തളിപ്പറമ്പിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
തളിപ്പറമ്പ്:പീഡനക്കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.മാണിയൂര്‍ ചെക്കിക്കുളം ‘സാജിദാ’സില്‍ പി.പി.ഹര്‍ഷാദിനെ(33) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.പതിമൂന്ന് വയസ്സ് പ്രായമുള്ള നാലു വിദ്യാര്‍ത്ഥിനികളാണ് മദ്രസയില്‍ പീഡനത്തിനിരയായത്. ഇയാളുടെ പേരില്‍ പൊലീസ് നാല് കേസുകളെടുത്തു. വിദ്യാര്‍ത്ഥിനികളില്‍നിന്ന് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.സ്‌കൂളില്‍വെച്ചുള്ള സംഭാഷണത്തില്‍ പെണ്‍കുട്ടികള്‍ ഇക്കാര്യം സഹപാഠികളോട് പങ്കുവെക്കുകയായിരുന്നു.ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് കേസ്. വിദ്യാര്‍ത്ഥിനികളില്‍നിന്നു പൊലീസ് ബുധനാഴ്ച മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്തു. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്. ഇവര്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപികയുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുത്ത ചൈല്‍ഡ് ലൈന്‍ അധികൃതര്‍, തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഹര്‍ഷാദിനെ അറസ്റ്റ് ചെയ്തത്.