ഇടുക്കി:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മുഖ്യപ്രതി പോലീസ് പിടിയിലായി. നേര്യമംഗലത്തു നിന്നാണ് കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷിനെ അറസ്റ്റ് ചെയ്തത് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ കൂട്ടുപ്രതി ലിബീഷില്‍ നിന്ന് ഇന്ന് തെളിവെടുക്കും. കൊല്ലപ്പെട്ട കൃഷ്‌ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്.ഇത് തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്‌ണന്റെ കമ്പക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാണിച്ച് കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.മന്ത്രവാദത്തിന്‍റെ പേരില്‍ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് മന്ത്രവിദ്യകള്‍ സ്വായത്തമാക്കിയിരുന്ന അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പണവും സ്വര്‍ണവും അപഹരിക്കുന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നു.തൊടുപുഴ വണ്ണപ്പുറം കമ്പകാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്.
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി അന്തരിച്ചു
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ മുത്തുവേല്‍ കരുണാനിധി(94) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജൂലൈ ഇരുപത്തിയൊമ്പതാം തീയതിയാണ് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകീട്ടോടെയാണ് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നും ചികിത്സകള്‍ ഫലം കാണുന്നില്ലെന്നുമുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. തുടര്‍ന്ന് വൈകീട്ട് 6.30 നാണ് അന്ത്യം സംഭവിച്ചത്.
1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുക്കുവളൈയിലാണ് കരുണാനിധി ജനിച്ചത്. 80 വര്‍ഷത്തോളം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. രജതി അമ്മാള്‍, ദയാലു അമ്മാള്‍ എന്നിവരാണ് ഭാര്യമാര്‍. എം കെ സ്റ്റാലിന്‍, കനിമൊഴി, എം കെ അളഗിരി, എം കെ മുത്തു, എം കെ തമിഴരസു, എം കെ സെല്‍വി എന്നിവരാണ് മക്കള്‍.1969 മുതല്‍ 2011 വരെയായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന പദവിയും കരുണാനിധിക്ക് സ്വന്തമാണ്.എംജിആറിന്‍റെ മരണശേഷം 1989 ലാണ് കരുണാനിധി ആദ്യമായി മുഖ്യമന്ത്രി ആകുന്നത്. പിന്നീട് 1996-2001, 2006-2011 എന്നീ കാലഘട്ടങ്ങളിലും അദ്ദേഹം തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം മികച്ച പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു.
മുനമ്പത്ത് ബോട്ടിലിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ കപ്പലെന്ന് സൂചന
കൊച്ചി:മുനമ്പത്ത് ബോട്ടിലിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ കപ്പലെന്ന് സൂചന.ഇക്കാര്യം നേവിയുടെ ഡ്രോണിയര്‍ വിമാനം പരിശോധിച്ചു വരികയാണ്. അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും നേവിയും തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിനായി നേവിയുടെ മൂന്ന് ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്.പുലര്‍ച്ചെ നാലോടെയാണ് സംഭവമുണ്ടായതെന്നാണ് അപകടത്തില്‍ പെട്ട മത്സ്യബന്ധന ബോട്ടിന്‍റെ സ്രാങ്ക് എഡ്‌വിന്‍ പറയുന്നത്. ബോട്ടിലിടിച്ചതിന് പിന്നാലെ കപ്പല്‍ നിര്‍ത്തിയെന്നും പിന്നീട് കുറച്ചു സമയത്തിനകം മുന്നോട്ടു നീങ്ങുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇടിയുടെ ശക്തിയില്‍ ബോട്ട് രണ്ടായി പിളര്‍ന്നു പോയെന്നും അപകടം നടക്കുന്ന സമയം താനൊഴികെ ബാക്കിയുള്ളവരെല്ലാം ഉറങ്ങുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച മുനമ്പത്തു നിന്നും പോയ മീന്‍പിടിത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഒന്‍പതു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. ആകെ 14 പേരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായവരില്‍ മുനമ്പം മാല്യങ്കര സ്വദേശി ഷിജുവും ഉള്‍പ്പെടുന്നു.
കേരളത്തിൽ ലോലിപോപ് നിരോധിച്ചു
തിരുവനന്തപുരം:അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈ ആസ്ഥാനമായ ‘ടൈംപാസ് ലോലിപോപ്സ്’ എന്ന കമ്പനിയുടെ ലോലിപോപ്പ് കേരളത്തിൽ നിരോധിച്ചു.ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. ഇത് കഴിക്കുന്നത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം ജി രാജമാണിക്യം അറിയിച്ചു. ഇവയുടെ ഉല്‍പ്പാദകരുടെയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടിയെടുക്കും. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദകരും മധുര പലഹാരങ്ങള്‍ വില്‍ക്കുന്നവരും ബേക്കറി ഉടമകളും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവൂ എന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. കുട്ടികളും രക്ഷകര്‍ത്താക്കളും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതുകൂടാതെ ചികിത്സ വേണ്ടത്ര ഫലം കാണുന്നില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറിലാണ് ആരോഗ്യസ്ഥിതി മോശമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് പ്രചരിച്ചതോടെ നിരവധി ഡിഎംകെ പ്രവര്‍ത്തകരാണ് ആശുപത്രി പരിസരത്തേക്ക് എത്തുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍പൊലീസ് സന്നാഹത്തെയാണ് ആശുപത്രി പരിസരത്ത് നിയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ കുറെ ദിവസങ്ങളായി കരുണാനിധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലേക്ക് മാറുകയായിരുന്നു.
തളിപ്പറമ്പിൽ ആംബുലൻസ് ഓട്ടോയുമായി കൂട്ടിയിടിച്ച് രോഗിയായ സ്ത്രീ മരിച്ചു
തളിപ്പറമ്പ്:അത്യാസന്ന നിലയിലുള്ള വയോധികയുമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഓട്ടോറിക്ഷയുമായി കുട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയായ സ്ത്രീ മരിച്ചു.ആലക്കോട് ചന്ദ്ര വിലാസം ഹൗസില്‍ കാര്‍ത്യായനി (90) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടി തളിപ്പറമ്പ്-ആലക്കോട് റോഡില്‍ കാഞ്ഞിരങ്ങാട് കള്ള് ഷാപ്പിന് സമീപത്തായിരുന്നു അപകടം.ആലക്കോട് പി.ആര്‍.രാമവര്‍മ്മ രാജ സഹകരണ ആശുപത്രിയില്‍ നിന്നും രോഗിയുമായി വന്ന ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചു.നിയന്ത്രണംവിട്ട ആംബുലൻസ് തൊട്ടടുത്ത പറമ്പിന്റെ മതിലിടിച്ച് തകര്‍ത്ത ശേഷം റോഡരികിലെ താഴ്ച്ചയിലേക്കിറങ്ങി നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും സേനയുടെ ആംബുലൻസിൽ കാർത്യായനിയെയും മക്കളായ ഉഷ, ഷീല എന്നിവരേയും പരിയാരം മെഡിക്കല്‍ കോളേജിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ അപ്പോഴേക്കും അവശനിലയിലായ കാര്‍ത്യായനി മരിച്ചിരുന്നു.
സീനിയോറിറ്റി വിവാദത്തിനിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു
ഡൽഹി:സീനിയോറിറ്റി വിവാദത്തിനിടെ സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്പേര്‍ സത്യപ്രതിജ്ഞ ചെയ്തു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജഡ്ജുമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.15 മിനിട്ട് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും പങ്കെടുത്തു.ചീഫ് ജസ്റ്റിസിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ചുമതലപ്പെടുത്തിയ രാഷ്ട്രപതിയുടെ അറിയിപ്പ് വായിച്ചതോടെയാണ് സത്യപ്രതിജ്ഞയുടെ നടപടികള്‍ക്ക് തുടക്കമായത്. മുന്‍ നിശ്ചയിച്ച സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍, ജസ്റ്റിസ് കെ എം ജോസഫ് എന്ന ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.7 മാസത്തെ വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതി ജഡ്ജിയായുള്ള കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. 4 വര്‍ഷവും 10 മാസവും സുപ്രീംകോടതി ജഡ്ജിയായി കെ എം ജോസഫിന് സേവനമനുഷ്ഠിക്കാനാകും. 7 മാസം കൊളീജിയം അംഗമായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാം.ജഡ്ജിയായി കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഏറെ ചര്‍ച്ചയായ സീനിയോറിറ്റി പ്രശ്‌നം സത്യപ്രതിജ്ഞയ്ക്ക് ശേഷവും സുപ്രീംകോടതിയില്‍ അവസാനിക്കില്ലെന്ന സൂചനയാണ് നിലവിലുള്ളത്.
വയനാട്ടിൽ ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു
വയനാട്:ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മീനങ്ങാടി സ്വദേശികളായ രാഹുല്‍ (22), അനസ് (18) എന്നിവരാണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഷാഹിലിനാണ് പരിക്കേറ്റത്.പരിക്കേറ്റയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറ്റ-ബത്തേരി റോഡില്‍ താഴെമുട്ടിലിലാണ് അപകടം നടന്നത്.മഴയിൽ നനഞ്ഞ റോഡിൽ ബൈക്ക് തെന്നിവീണാണ് അപകടമുണ്ടായത്.
കാറിൽ കടത്തുകയായിരുന്ന ആറുലക്ഷം രൂപ വിലവരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
ഇരിട്ടി:ആഡംബര കാറിൽ കടത്തുകയായിരുന്ന ആറുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി.കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.വീരാജ്പേട്ടയിൽ നിന്നും ചാക്കുകളിലാക്കിയാണ് ഇവ കടത്തിയത്.കാറിന്റെ ഡിക്കിയിലും പിറകുവശത്തെ സീറ്റ് അഴിച്ചുവെച്ച് അവിടെയുമായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ കെ.കെ ഫൈസൽ,സൈനൂൽ ആബിദ് എന്നിവരെയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.ഓണം,പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് എക്‌സൈസും പോലീസും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.സംസ്ഥാനത്ത് പാൻ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ കർണാടകയിൽ നിന്നാണ് ഇവ വ്യാപകമായി കടത്തിക്കൊണ്ടുവരുന്നത്.എക്‌സൈസ് ഇൻസ്പെക്റ്റർ ഇ.ഐ ടൈറ്റസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പ്രിവന്റീവ് ഓഫീസർമാരായ ഇ.ജിമ്മി,എം.കെ സതീഷ്,വിപിൻ ഐസക്,പി.സുരേഷ്,വി.എൻ സതീഷ് തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
കൊച്ചി മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച് മൂന്നു മൽസ്യത്തൊഴിലാളികൾ മരിച്ചു;12 പേരെ രക്ഷപ്പെടുത്തി
കൊച്ചി:മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു മൽസ്യത്തൊഴിലാളികൾ മരിച്ചു.12 പേരെ രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെയാണ് അപകടം.മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പതിനഞ്ച് മത്സ്യത്തൊഴിലാളികള്‍ അടങ്ങിയ ഓഷ്യാനമിക് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകട വിവരം അറിഞ്ഞ സമീപത്തുള്ള ബോട്ടിലെ മത്സ്യതൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകട വിവരമറിഞ്ഞെത്തിയ നേവിയുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം നടന്നു.അപകടമുണ്ടാക്കിയ കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല.