News Desk

റെഡ് അലർട്ട് പ്രഖ്യാപിച്ചു;ഇടമലയാർ ഡാം നാളെ തുറക്കും

keralanews red alert announced idamalayar dam will open tomorrow

ഇടമലയാർ:ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അണക്കെട്ട് നാളെ തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചു. രാവിലെ എട്ടുമണിയോടെയാകും അണക്കെട്ട് തുറക്കുക.ഒരുമണിക്കൂറോളം സമയം ഷട്ടര്‍ തുറക്കുമെന്നാണ് വിവരം. 164 ഘനനീറ്റര്‍ വെള്ളമാണ് ഇങ്ങനെ അണക്കെട്ടില്‍ പെരിയാറിലേക്ക് ഒഴുക്കുക. 168.2 മീറ്ററാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ്‌ പരമാവധി സംഭരണ ശേഷി. ഇതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അഞ്ചു മുതല്‍ ആറു മണിക്കൂറുകൊണ്ട് അണക്കെട്ടിലെ വെള്ളം ആലുവയിലെത്താന്‍ സാധ്യതയുണ്ട്.മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടമലയാര്‍ അണക്കെട്ടിന്റെ താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമുള്ള പക്ഷം ക്യാമ്ബുകള്‍ സജ്ജമാണെന്നും കളക്ടര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. വസ്തുതകള്‍ അറിയുന്നതിന് ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണം.

കരുണാനിധിയുടെ സംസ്ക്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് മറീന ബീച്ചിൽ;വിലാപയാത്ര ആരംഭിച്ചു

keralanews karunanidhis funeral will held at chennai mareena beach at six o clock today final journey begins

ചെന്നൈ:അന്തരിച്ച ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ സംസ്ക്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് ചെന്നൈ മറീന ബീച്ചിൽ നടക്കും.പൊതുദര്‍ശനത്തിന് വച്ചിരുന്ന ഗോപാലപുരത്തെ രാജാജി ഹാളില്‍ നിന്നും സംസ്കാരം നടക്കുന്ന മറീന ബീച്ചിലേക്ക് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേക അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം രാജാജി ഹാളില്‍ നിന്നും മറീന ബീച്ചിലേക്ക് കൊണ്ടുപോകുന്നത്. വന്‍ സുരക്ഷ സന്നാഹവും പോലീസ് ഒരുക്കിയിട്ടുണ്ട്. പ്രിയ നേതാവിനെ അവസാനമായി കാണാന്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണ ജനങ്ങളും ചെന്നൈ നഗരത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്.മറീന ബീച്ചില്‍ അണ്ണാ സമാധിയുടെ സമീപത്തായി സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൊതുദര്‍ശനം നടന്ന രാജാജി ഹാളില്‍ ജനങ്ങള്‍ തള്ളിക്കയറിയ സാഹചര്യത്തിൽ സംസ്ക്കാര ചടങ്ങുകള്‍ നടക്കുന്ന മറീന ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. സിആര്‍പിഎഫും കമാന്‍ഡോ വിഭാഗവും തമിഴ്നാട് പോലീസും ചേര്‍ന്നാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്.

അട്ടപ്പാടി വനത്തിൽ കഞ്ചാവ്‌ വേട്ടയ്ക്ക് പോയ ആറു വനപാലകരെ കാണാതായി

keralanews six forest officials who went for ganja hunting missing in the forest

പാലക്കാട്: അട്ടപ്പാടിയിലെ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറംഗ വനപാലക സംഘത്തെ കാണാതായി. തിങ്കളാഴ്ചയാണ് ഗലസി-തുടുക്കി വനമേഖലയിലേക്ക് മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം യാത്ര തിരിച്ചത്. മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ വരകാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതേതുടര്‍ന്ന് ഇവര്‍ വനത്തില്‍ കുടുങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍. കാണാതായ ആറംഗ സംഘത്തിന് വേണ്ടി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയര്‍ലെസ് സംവിധാനങ്ങളും മൊബൈല്‍ ഫോണുകളും ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ആറംഗ സംഘത്തിന്‍റെ കൈവശമുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അഗളിയിലെ പോലീസ് സംഘം തിങ്കളാഴ്ച ആറംഗ സംഘത്തെ കണ്ടിരുന്നുവെന്ന് മനസിലായിട്ടുണ്ട്. ഇതാണ് സംഘത്തെ കുറിച്ചുള്ള അവസാന വിവരവും. മേഖലയില്‍ കഞ്ചാവ് കൃഷി വ്യാപകമായതോടെ പോലീസും എക്സൈസും പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വനംവകുപ്പ് ഉള്‍ക്കാടുകളില്‍ തെരച്ചിലിന് പോകാന്‍ തുടങ്ങിയത്.

നാലുദിവസം തുടർച്ചയായി ഗാർഡ് ഡ്യൂട്ടി; പോലീസുകാരൻ കുഴഞ്ഞു വീണു

keralanews four days continuous guard duty policaman fall down of fatigue

കണ്ണൂർ:നാലുദിവസം തുടർച്ചയായി എ ആർ ക്യാമ്പിൽ ഗാർഡ് ഡ്യൂട്ടി ചെയ്ത പോലീസുകാരൻ കുഴഞ്ഞു വീണു.ഇരിട്ടി സ്വദേശി ഷെഫീറാണ് കുഴഞ്ഞു വീണത്.സാധാരണ ഗതിയിൽ 24 മണിക്കൂറാണ് ഗാർഡ് ഡ്യൂട്ടി ഉണ്ടാകുന്നതു.എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിന് ഷഫ്‌റിനു ശിക്ഷയായാണ് ഷഫീറിനു അധിക ഡ്യൂട്ടി നൽകിയത്.നാലാം ദിവസം ബുധനാഴ്ചയോടെയാണ് പൂർത്തിയാക്കുക.എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ ഇദ്ദേഹത്തിന് തളർച്ച അനുഭവപ്പെടുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സാ നൽകി. ഇവിടെ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദം കൂടിയതായി കണ്ടെത്തി.നേരിയ നെഞ്ചുവേദന ഉള്ളതായും ഷെഫീർ ഡോക്റ്ററോട് പറഞ്ഞു.കുറച്ചു നേരത്തെ നിരീക്ഷണത്തിനു ശേഷം ഡോക്റ്റർ വിശ്രമം നിർദേശിച്ചതിനാൽ രാത്രി പതിനൊന്നു മണിയോടെ അദ്ദേഹം ആശുപത്രി വിട്ടു.സാധാര ശിക്ഷയായി രണ്ടു ദിവസത്തേക്കാണ് ഗാർഡ് ഡ്യൂട്ടി നൽകാറുള്ളത്. എന്നാൽ ഷെഫീറിന്‌ നാല് ദിവസമാണ് നൽകിയത്.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡ്യൂട്ടി മാറ്റണമെന്ന് ഇദ്ദേഹം അപേക്ഷിച്ചിരുന്നതായി കൂടെയുള്ള പോലീസുകാർ പറഞ്ഞു.ജില്ലാ പോലീസ് മേധാവി സ്ഥലത്തില്ലാത്തതിനാൽ പരാതി അറിയിക്കാനും കഴിഞ്ഞില്ല.ഇതിനു ശേഷവും ഡ്യൂട്ടി തുടർന്നതിനാലാണ് തളർന്നു വീണത്.അതെ സമയം ഡ്യൂട്ടി ഭാരം കൊണ്ടല്ല തളർന്നു വീണതെന്ന് എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡ് അറിയിച്ചു.ഗാർഡ് ഡ്യൂട്ടി എടുക്കുന്നത് വലിയ പ്രശ്നമുള്ളകാര്യമല്ല.അഞ്ചു ദിവസം തുടർച്ചയായി ഇതേ ജോലി ചെയ്യുന്നവരുണ്ട്.പകൽ കൃത്യമായി ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് ഷെഫീർ തളർന്നുവീണത്.ഷെഫീറിനു രണ്ടു ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് കമാൻഡ് പറഞ്ഞു.

കണ്ണിപ്പൊയിൽ ബാബു വധം;രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ

keralanews kannippoyil babu murder case two more r s s workers arrested

മാഹി:പള്ളൂരിലെ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ.പള്ളൂർ നാലുതറ പെർമെന്റവിടെ എം.ശ്രീജിത്ത്(38),ഈസ്റ്റ് പള്ളൂരിലെ കുന്നത്ത് വീട്ടിൽ പ്രണവ്(22) എന്നിവരാണ് അറസ്റ്റിലായത്.മാഹി സർക്കിൾ ഇൻസ്പക്റ്റർ ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.ഇതോടെ കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകരുടെ എണ്ണം പത്തായി.ബാബുവിനെ കൊല്ലാൻ തയ്യാറായി നിൽക്കുന്നവർക്ക് അദ്ദേഹം വരുന്ന വിവരവും സമയവും ഫോണിലൂടെ കൈമാറിയതും കൊലയ്ക്ക് ശേഷം ആയുധങ്ങൾ ഒളിപ്പിച്ചതും ഇവരാണെന്ന് പോലീസ് പറഞ്ഞു.കേസിൽ ആദ്യം അറസ്റ്റിലായ നിജേഷ് കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. മുൻ കൗൺസിലർ കൂടിയായ ബാബുവിനെ മെയ് ഏഴിന് രാത്രിയാണ് ഇരട്ട പിലാക്കൂൽ-നടവയൽ റോഡിൽ ബാബുവിന്റെ വീടിനു സമീപത്തുവെച്ചു തന്നെ വെട്ടിക്കൊലപ്പെടുത്തിയത്.

ജില്ലയിൽ വാഹനപണിമുടക്ക് പൂർണ്ണം

keralanews motor vehicle strike complete in kannur district

കണ്ണൂർ:മോട്ടോർവാഹന നിയമ ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യ തലത്തിൽ ഇന്നലെ നടന്ന മോട്ടോർ വാഹന പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണ്ണം.സ്വകാര്യ വാഹങ്ങളും ചില ചരക്കുലോറികളും മാത്രമാണ് സർവീസ് നടത്തിയത്.കെഎസ്ആർടിസി ബസ്സുകളും സർവീസ് നടത്തിയില്ല.ഇതിനിടെ പണിമുടക്ക് ദിനത്തിൽ ഓടിയ ലോറികൾ പിലാത്തറയിൽ സമരാനുകൂലികൾ തടഞ്ഞു.തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തി.കണ്ണൂരിലും സർവീസ് നടത്തിയ ഗുഡ്സ് ഓട്ടോ സമരാനുകൂലികൾ തടഞ്ഞു.മിക്ക പെട്രോൾ പമ്പുകളും അടഞ്ഞു കിടന്നു. ഹോട്ടലുകളും അടഞ്ഞു കിടന്നു.രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങൾ പലതുൽ ആളില്ലാത്തതിനാൽ ഉച്ചയോടെ അടച്ചു.സ്കൂൾ ബസ്സുകളും അർവീസ് നടത്താത്തതിനാൽ വിദ്യാർത്ഥികൾക്കും സ്കൂളിലെത്താനായില്ല.മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി.

കനത്ത മഴയിൽ കണ്ണൂരിൽ അഞ്ചിടത്ത് ഉരുൾപൊട്ടി

keralanews land slide in five places in kannur due to heavy rain

കണ്ണൂർ:കനത്ത മഴയിൽ കണ്ണൂരിൽ അഞ്ചിടത്ത് ഉരുൾപൊട്ടി.വഞ്ചിയം മൂന്നാം പാലം, കാഞ്ഞിരക്കൊല്ലി,ആറളം,പേരട്ട,മുടിക്കയം,മാട്ടറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടൽ ഉണ്ടായത്.വഞ്ചിയം ആടാംപാറ റോഡ് തകര്‍ന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞു. ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി.ഉളിക്കല്‍ അറബിക്കുളത്ത് ഉരുള്‍പൊട്ടി കനത്ത നാശം വിതച്ചിട്ടുണ്ട്. കൃഷിഭൂമി നെടുകെ പിളര്‍ന്നാണ് ഉരുള്‍പൊട്ടി വലിയ ഒഴുക്ക് രൂപപ്പെട്ടത്. കനത്ത നിലയില്‍ രൂപപ്പെട്ട തോട് പറമ്പുകളിലൂടെ കുത്തിയൊലിച്ച്‌ ഒഴുകുകയാണ്.മാട്ടറ,വട്യാംതോട്,മണിക്കടവ് പാലങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. വയത്തൂര്‍ പാലവും വെള്ളത്തിനടിയിലായി. സമീപപ്രദേശങ്ങളിലെ നിരവധി വീടുകളും കടകളും സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി.  മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം കടപുഴകി വീണ് അന്തര്‍സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.

അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സംസ്ക്കാരം മെറീന ബീച്ചിൽ നടത്താൻ അനുമതി

keralanews court granted permission to bury the deadbody of karunanidhi in mareena beach

ചെന്നൈ:അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ സംസ്ക്കാരം മെറീന ബീച്ചിൽ നടത്താൻ അനുമതി.ഇത് സംബന്ധിച്ച് വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ഇതോടെ കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു.സംസ്കാരം മെറീന ബീച്ചില്‍ നടത്തുന്നതു സംബന്ധിച്ച്‌ സര്‍ക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയില്‍ വാദം കേട്ട കോടതി ഇതില്‍ വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു.കരുണാനിധിയെ സംസ്കരിക്കാന്‍ മറീന ബീച്ചിനു പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാട് പുറത്തു വന്നതിനു പിന്നാലെ കാവേരി ആശുപത്രിക്കു മുന്നില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍‌ത്തകര്‍ പ്രതിഷേധമുയര്‍ത്തിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഡിഎംകെ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കു സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്നായിരുന്നു കരുണാനിധിയുടെ മക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനായി ചെന്നൈ രാജാജി ഹാളിൽ; അന്ത്യവിശ്രമ സ്ഥലത്തിൽ അനിശ്ചിതത്വം തുടരുന്നു

keralanews kaunanidhis deadbody kept at chennai rajaji hall for homage

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. പുലര്‍ച്ചെ 5.30 ഓടെയാണ് കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളില്‍ എത്തിച്ചത്. അവസാനമായി അദ്ദേഹത്തിനെ ഒരുനോക്ക് കാണുവാന്‍ രാജാജി ഹാളിലേക്ക് അണികളുടെയും പ്രമുഖരുടെയും ഒഴുക്കാണ്.മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഒ പനീര്‍ സെല്‍വം, നടന്‍ രജനികാന്ത് തുടങ്ങിയവര്‍ പുലര്‍ച്ചെ തന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി മുതല്‍ ആയിരക്കണക്കിന് ആളുകള്‍ രാജാജി ഹാളിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. വൈകിട്ടോടെ കരുണാനിധിയുടെ സംസ്കാരം നടക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അന്ത്യവിശ്രാസ്ഥലത്തെ  ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. മറീന ബീച്ചില്‍ അണ്ണാ സമാധിയോട് ചേര്‍ന്ന് അന്ത്യവിശ്രം ഒരുക്കണമെന്ന ആവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ രാത്രി 11 മണിക്ക് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബുധനാഴ്ച രാവിലെ 8 മണിക്ക് വീണ്ടും വാദം തുടങ്ങും.

കൊച്ചി മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

keralanews search continues for those who were missing when the ship hits the fishing boat in munambam

കൊച്ചി:മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ടിൽ കപ്പലിടിച്ചതിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.9 പേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടും. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ രാത്രി മുഴുവന്‍ നടത്തിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ കടലിലേയ്ക്ക് പുറപ്പെട്ട മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.കാണാതായവരുടെ ബന്ധുക്കളെ ഒപ്പം ചേര്‍ത്താണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തുന്നത്. കടലിലെ നീരൊഴുക്കിനനുസരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.അതേ സമയം അപകടത്തില്‍ മരിച്ച മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഇന്നലെ പുലര്‍ച്ചെയാണ് മുനമ്പത്തു നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിനു പോയ ഓഷ്യാനിക്ക് എന്ന ബോട്ടില്‍ ദേശ ശക്തി എന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഇടിച്ചത്.അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ 3 പേര്‍ മരിച്ചു. ബോട്ടിന്റെ ഡ്രൈവര്‍ എഡ്വിന്‍ ഉള്‍പ്പടെ 2 പേരെ ഇന്നലെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇവര്‍ സുഖം പ്രാപിച്ച്‌ വരികയാണ്.