News Desk

നടി ആക്രമിക്കപ്പെട്ട കേസ്; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു

keralanews actress attack case dileep withdraws discharge petirion submitted in supreme court

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്.സാക്ഷി വിസ്താരം വിചാരണ കോടതിയില്‍ അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തിലാണ് പിന്മാറ്റം. എറണാകുളത്തെ വിചാരണ കോടിതിയിലാണ് നിലവിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 200 ഓളം സാക്ഷികളെ വിചാരണ ചെയ്തു. ഈ സാഹചര്യത്തിൽ വീണ്ടും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ഹർജി പിൻവലിച്ച് ദിലീപിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട്  ദിലീപ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ താൻ പ്രതിമാത്രമല്ല ഇരകൂടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.അതുകൊണ്ട് തന്നെ കേസ് നിലനിൽക്കില്ലെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയിൽ

keralanews man set himself on fire after pouring petrol and set fire on lady a temporary employee of panchayath both in critical condition

കോഴിക്കോട്: യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച ശേഷം യുവാവ് സ്വയം തീ കൊളുത്തി. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് ആക്രമണത്തിനിരയായത്. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. കൃഷ്ണപ്രിയയുടെ അയല്‍വാസിയാണ് ഇയാള്‍. ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാന്‍ തുടങ്ങുപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. ഇരുവര്‍ക്കും 70 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്. നന്ദുവിനും കൃഷ്ണപ്രിയക്കും ചെറുതായി സംസാരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

keralanews test results of two people in the primary contact list of a person from congo who confirmed omikron is negative

കൊച്ചി:എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയ ആളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരാൾ ഇയാളുടെ സഹോദരനും മറ്റേയാൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. 7 ദിവസം വരെ ഇവർ കർശന നിരീക്ഷണത്തിലായിരിക്കും. ഇവർക്ക് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.അതേസമയം, ഹൈ-റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വീണാ ജോർജ് അറിയിച്ചിരുന്നു. ഒമിക്രോൺ സാഹചര്യത്തിൽ വാക്‌സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്തും. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ പനയത്താംപറമ്പിൽ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അപകടനില തരണം ചെയ്തു;പ്രതിക്കായി തിരച്ചിൽ തുടരുന്നു

keralanews lady who tried to kille by husband by beheading overcome critical condition search for the culprit continues

കണ്ണൂർ: പനയത്താംപറമ്പിൽ ഭര്‍ത്താവ് കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അപകടനില തരണം ചെയ്തു.ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയത്താംപറമ്പിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെയാണ് ഭര്‍ത്താവ് കത്തി കൊണ്ടു കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ഷൈനേഷിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കുറച്ചുകാലമായി ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് പ്രിമ്യ, ചക്കരക്കല്‍ പോലീസിന് മൊഴി നല്‍കി.കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപ് പ്രിമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുപിന്നാലെ ഷൈനേഷും മാതാവും ചേര്‍ന്ന് പ്രിമ്യയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഇതിനുശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇതോടെ പ്രിമ്യ വീണ്ടും സ്വന്തം വീട്ടിലേക്ക് പോന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ഷൈനേഷ് വീട്ടിലെത്തി കത്തി ഉപയോഗിച്ച്‌ പ്രിമ്യയുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ആഴത്തില്‍ മുറിവേല്‍പ്പിച്ചത്.

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

keralanews file an appeal against the high court order stayed the government order raising the price of bottled water to 13 rupees

തിരുവനന്തപുരം: ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നിയമവശം പരിശോധിച്ച് സർക്കാർ അപ്പീൽ നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ.വില നിർണയത്തിനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇതിനെതിരെയാണ് കേരള സർക്കാർ അപ്പീൽ പോകുമെന്ന് വ്യക്തമാക്കിയത്. ഉപഭോക്താക്കളായ സാധാരണ ജനങ്ങളുടെ താത്പര്യമാണ് സർക്കാരിന് മുഖ്യമെന്നും ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കോടതി പ്രശംസിക്കുകയുണ്ടായതെന്നും മന്ത്രി പറഞ്ഞു.ജനതാത്പര്യം മുൻനിർത്തി ഇക്കാര്യത്തിൽ കേരള സർക്കാർ കൈക്കൊണ്ട നടപടിയെ പിന്തുണയ്‌ക്കാൻ കേന്ദ്രം തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ 1955ലെ എസൻഷ്യൽ കമോഡിറ്റീസ് ആക്റ്റിന്റെ പരിധിയിൽ വരുന്ന ഭക്ഷ്യ പദാർത്ഥമെന്ന ഇനത്തിലാണ് കുടിവെള്ളം വരികയെന്നും 1986ലെ കേരള എസൻഷ്യൽ ആർട്ടിക്കിൾ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാൽ കുപ്പിവെള്ളം വേറിട്ട സ്വഭാവമുള്ള ഒരു വാണിജ്യ ഉൽപ്പന്നമാണെന്നാണ് കേരള സർക്കാർ നിലപാട്. രണ്ടു മാസത്തിനുള്ളിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു

keralanews huge fire broke out in vadakara taluk office files burned

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം. വടകര സബ്ബ് ജയില്‍, ട്രഷറി ബില്‍ഡിങ്ങിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ അഞ്ചരയോടെയുണ്ടായ തീപിടുത്തത്തിൽ ഓഫിസിന്റെ മുക്കാൽ ഭാഗവും കത്തിനശിച്ചു. രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം ചാരമായി.മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.കാലപ്പഴക്കമുള്ള കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. പഴക്കമുള്ള കെട്ടിടമായതിനാല്‍ വളരെ വേഗം തീ ആളിപ്പടരുകയായിരുന്നു.തീപിടിത്തത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന ഫയലുകളെല്ലാം കത്തി നശിച്ചു. വലിയതതോതില്‍ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം.ഏതൊക്കെ ഫയലുകളാണ് നശിച്ചുപോയതെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാകൂ. തീപിടുത്തത്തിന്റെ കാരണവും അറിവായിട്ടില്ല.

സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു;ഇന്ന് മുതൽ തിരികെ ജോലിയിൽ പ്രവേശിക്കും

keralanews strike of p g doctors in the state has been called off and will return to work from today

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി ഡോക്ടര്‍മാര്‍ 16 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു.വ്യാഴാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിന്മേലാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെമുതല്‍ എല്ലാവരും ജോലിയില്‍ പ്രവേശിക്കുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ഭാരവാഹികള്‍ അറിയിച്ചു.ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബര്‍ റൂമിലും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങിയത്.നിലവില്‍ നിയമിച്ച ജൂനിയര്‍ റെസിഡന്‍റുമാര്‍ക്ക് പുറമെ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച്ച്‌ എത്തുന്നതുവരെ തുടരാന്‍ നിര്‍ദേശം നല്‍കും.ഒന്നാംവര്‍ഷ ബാച്ച്‌ പ്രവേശനത്തിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും. സ്‌റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയിൽ എത്രയും വേഗം തീരുമാനം ഉണ്ടാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെഎംപിജിഎ അറിയിച്ചു.അതേസമയം കെഎംപിജിഎ അസോസിയേഷൻ പ്രസിഡൻറ് ഡോ.എം.അജിത്രയെ അധിക്ഷേപിച്ച സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

സംസ്ഥാനത്ത് ഇന്ന് 3404 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;36 മരണം;4145 പേർക്ക് രോഗമുക്തി

keralanews 3404 corona cases confirmed in the state today36 deaths 4145 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3404 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂർ 269, കോട്ടയം 262, കണ്ണൂർ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസർഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 36 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 284 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,946 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3170 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 199 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4145 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 711, കൊല്ലം 330, പത്തനംതിട്ട 208, ആലപ്പുഴ 115, കോട്ടയം 374, ഇടുക്കി 139, എറണാകുളം 639, തൃശൂർ 353, പാലക്കാട് 81, മലപ്പുറം 151, കോഴിക്കോട് 581, വയനാട് 75, കണ്ണൂർ 308, കാസർഗോഡ് 80 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപ്പിടിത്തം;രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

keralanews fire broke out in chemical factory in gujrath two workers killed

ഗാന്ധിനഗർ: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. പഞ്ച്മഹൽസ് ജില്ലയിലെ രഞ്ജിത്ത്‌നഗറിൽ സ്ഥിതിചെയ്യുന്ന ഫ്‌ളൂറോ കെമിക്കൽസ് ലിമിറ്റഡിന്റെ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തിൽ 14 ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫാക്ടറിയിൽ നിന്നും ഒരു പൊട്ടിത്തെറി സംഭവിച്ചതായും ഇതിന്റെ ശബ്ദം കിലോമീറ്ററുകൾക്കലെ കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. അഗ്നിബാധയ്‌ക്ക് ഇടയായ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒമിക്രോൺ;കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വിപുലം; മാളിലും റെസ്‌റ്റോറന്റിലും അടക്കം പോയി;ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

keralanews omicron contact list of confirmed case in kochi is extensive visited mall and restaurant

എറണാകുളം:കൊച്ചിയിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.ഇയാൾ കോംഗോയിൽ നിന്നെത്തി സ്വയം നിരീക്ഷണം പാലിച്ചില്ലായെന്നും മാളിലും റെസ്റ്റോറന്റിലും പോയതായും മന്ത്രി അറിയിച്ചു. വിപുലമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും എല്ലാ ജില്ലകളിലും ജാഗ്രതയുണ്ടായിരിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഈ സ്ഥലത്ത് നിന്നും വന്ന ഇയാൾക്ക് ക്വാറന്റൈനല്ല മറിച്ച് സ്വയം നിരീക്ഷണമാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇയാൾ നിർദേശം പാലിച്ചിരുന്നില്ല. റൂട്ട് മാപ്പ് പുറത്തുവിടുന്ന പക്ഷം ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടോയെന്ന വിവരം ശ്രദ്ധിച്ച് ജനങ്ങൾ ജാഗ്രത സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിൽ വരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.