വയനാട്:വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ തോണി മറിഞ്ഞ് നാലുപേരെ കാണാതായി. വയനാട് ചിത്രമൂലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷാപ്രവർത്തകർ കയറിയ കുട്ടത്തോണി മറിഞ്ഞാണ് അപകടം.ഇതിനിടെ കനത്ത മഴയില്‍ താമരശേരി, കുറ്റ്യാടി, ബേരിയ, ബോയ്‌സ്‌ടോണ്‍ ചുരങ്ങളില്‍ മണ്ണടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടിരിക്കുകയാണ്.വ്യാഴാഴ്ച തുടങ്ങിയ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ബാണാസുര ഡാമിലെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു
ഇടുക്കി:26 വർഷത്തിന് ശേഷം ആദ്യമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.മൂന്നാം നമ്പർ ഷട്ടറാണ് ട്രയൽ റണ്ണിനായി 50 സെന്റീമീറ്റർ ഉയർത്തിയത്.സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഇതിലൂടെ ഒഴുക്കുന്നത്.ഷട്ടർ നാലുമണിക്കൂർ തുറന്നുവെയ്ക്കും.ഇതോടെ ചെറുതൊലി പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.1992 ലാണ് ചെറുതോണി അണക്കെട്ട് അവസാനമായി തുറന്നത്.ചെറുതോണി ഡാമിന്റെ തീരത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഡാം തുറക്കുമ്ബോാള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വെള്ളം ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.
കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിനടിയിലായി
പാലക്കാട്:കനത്ത മഴയിൽ പാലക്കാട് നഗരം വെള്ളത്തിൽ മുങ്ങി.നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.ഗതാഗതവും ഏതാണ്ട് പൂർണ്ണമായും നിലച്ച നിലയിലാണ്.ഇതോടെ പാലക്കാട് നഗരം സ്തംഭിച്ച അവസ്ഥയിലാണ്. ജില്ലയിലെ മലയോര മേഖലകളായ മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേതുടര്‍ന്ന് ചില മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാളയാറില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതവും ഭാഗികമായി തടസപ്പെട്ട നിലയിലാണ്.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നു;ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ തീരുമാനം
ഇടുക്കി:ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്.2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2398.50 പിന്നിട്ട സാഹചര്യത്തിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്.ഇന്ന് രാവിലെ 11 മണിക്ക് ട്രയൽ റൺ നടത്തുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു.ഒരു ഷട്ടർ മാത്രമാണ് തുറക്കുക. ട്രയല്‍ റണ്‍ നടത്തുന്നതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.ഇടമലയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയശേഷം മാത്രമേ ചെറുതോണിയിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറക്കുന്നത്. 50 സെറ്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് പദ്ധതി.
ഇരിട്ടിയിൽ ഉരുൾപൊട്ടൽ;വളയഞ്ചാൽ തൂക്കുമരപാലം വീണ്ടും തകർന്നു
ഇരിട്ടി:ഇരിട്ടിയിൽ ഉരുൾപൊട്ടൽ.മൂന്നാഴ്ച മുൻപുണ്ടായ ഉരുൾ പൊട്ടലിൽ തകർന്നതിനെ തുടർന്ന് പുനര്‍നിര്‍മിച്ച ആറളം ഫാം വളയഞ്ചാല്‍ തൂക്കുമരപ്പാലം വീണ്ടും തകര്‍ന്നു.മലയോരത്തും ആറളം വനത്തിലും അതികഠിനമായി തുടരുന്ന കാലവര്‍ഷത്തില്‍ തുടരെയുള്ള ഉരുള്‍പൊട്ടലിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള പാലം തകർന്നത്. തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗം കരിക്കടിഞ്ഞു. പ്രധാന തൂണുകളും ഉരുള്‍പൊട്ടല്‍ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞു.ഇതോടെ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വീണ്ടും കടുത്ത യാത്രാക്ലേശത്തിലായി.മേഖലയില്‍ നൂറിലധികം വീടുകള്‍ വെള്ളത്തിലായി. ഗതാഗതം സ്തംഭിച്ചു.അയ്യങ്കുന്ന്, ഉളിക്കല്‍, ആറളം പഞ്ചായത്തുകളിലെ മലമടക്കുകളിലെ കുടിയേറ്റ കേന്ദ്രങ്ങളോട് ചേര്‍ന്ന മുപ്പതിടങ്ങളില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മരിച്ച എടപ്പുഴ കീഴങ്ങാനത്തെ ഇമ്മട്ടിയില്‍ ചാക്കോ (80), മരുമകള്‍ ഷൈനി എന്നിവവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എടപ്പുഴയിലെത്തിക്കും.
കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പെരിയാറിന്റെ തീരങ്ങൾ വെള്ളത്തിനടിയിലായി
തൊടുപുഴ:കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു.അണക്കെട്ടിലെ ജലനിരപ്പ് 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഭൂതത്താന്‍ക്കെട്ടില്‍ മൂപ്പത് മീറ്ററോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ 164 ഘനമീറ്റര്‍ (1,64,000 ലിറ്റര്‍) വെള്ളം പെരിയാറിലേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിരൊഴുക്ക് ശക്തമായതോടെയാണ് അണക്കെട്ടിലെ നാല് ഷട്ടറുകളും തുറന്നത്. ഇതുമൂലം പെരിയാറില്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നേക്കും. അഞ്ചുവർഷം കൂടിയാണ് ഷട്ടറുകൾ തുറക്കുന്നത്.
മുനമ്പത്ത് കപ്പലിടിച്ച് തകർന്ന മൽസ്യബന്ധനബോട്ടിൽ നിന്നും കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും
കൊച്ചി:മുനമ്പത്ത് കപ്പലിടിച്ച് തകർന്ന മൽസ്യബന്ധനബോട്ടിൽ നിന്നും കാണാതായ ഒൻപതുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മാല്യങ്കര സ്വദേശി സിജു (45), തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് കാണാതായത്.മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലില്‍നിന്ന് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തു. ഹെലികോപ്റ്ററുകളില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. നാവിക, തീരദേശ സേനകളുടെ കപ്പലുകളും മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്നാണ് കടലില്‍ തിരച്ചില്‍ നടത്തിയത്. നാവികസേനയുടെ ‘ഐ.എന്‍.എസ്. യമുന’ കപ്പലും ഒരു ഡോണിയര്‍ വിമാനവും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. തീരദേശ സേനയുടെ വിക്രം, സാവിത്രിഭായ് ഫുലേ, അഭിനവ് എന്നീ കപ്പലുകളും ഒരു ഡോണിയര്‍ വിമാനവും ഒരു ഹെലികോപ്റ്ററും തിരച്ചില്‍ നടത്തുന്നുണ്ട്. അപകടം നടന്ന സമയത്ത് ഇന്ത്യന്‍ ചരക്കുകപ്പലായ ദേശ് ശക്തിക്കു പുറമേ ലൈബീരിയന്‍ കപ്പലായ ഇയാന്‍ എച്ചും ഗ്രീക്ക് കപ്പലായ ഓക്സിജനും പ്രദേശത്തു കൂടി കടന്നുപോയിരുന്നു. എന്നാല്‍ ദേശ് ശക്തി തന്നെയാണ് അപകടത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബോട്ടില്‍ ഇടിച്ചിട്ടില്ലെന്നാണ് ദേശ് ശക്തി കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയ്ക്ക് ആദ്യം നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. ഇത് നാവികസേന ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ക്ക് കൈമാറിയിരിക്കുകയാണ്.
നാശം വിതച്ച് കനത്ത മഴ;സംസ്ഥാനത്ത് 16 മരണം; വയനാട് ജില്ല ഒറ്റപ്പെട്ടു
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക നാശം വിതച്ച് കനത്ത മഴ തുടരുന്നു.കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 16 പേർ മരിച്ചു. 13 പേരെ കാണാതായി.ചെട്ടിയംപറമ്പില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു , ഒരാളെ കാണാനില്ല. അടിമാലിയിലും ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.കനത്ത മഴയില്‍ ചുരത്തില്‍ മണണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകര്‍ന്നു. പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയയായിരുന്നു റിജിത്തും രണ്ടുസുഹൃത്തുക്കളും . ഇവരുടെ കാര്‍ ഒഴുക്കില്‍പെട്ടു. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും കാറും റിജിത്തും പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 തോളം പേര്‍ കഴിയുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.
കനത്ത മഴ;കണ്ണൂർ ജില്ലയിലെ മലയോരപ്രദേശങ്ങളിൽ അതിജാഗ്രത നിർദേശം
കണ്ണൂർ:കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ റെവന്യൂ വകുപ്പ് അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചു.കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഒരേ സമയത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇരിട്ടി ,അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ കീഴങ്ങാനത്ത് ഉരുള്‍പൊട്ടലില്‍വീടു തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു.ഇമ്മട്ടിയില്‍ തോമസ്, ഷൈനി എന്നിവരാണ് മരിച്ചത്. മലയോരത്തെ റോഡുകളും പാലങ്ങളും വെള്ളത്തിലായതോടെ നൂറിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇരുന്നൂറിലെറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊലീസിനെയും അഗ്‌നിശമനസേനയേയും കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ടെറിട്ടോറിയല്‍ ആര്‍മിയെയും പ്രതിരോധ സുരക്ഷാ സേനയേയും നിയോഗിച്ചിട്ടുണ്ട്. ബാവലി ,ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി,തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.പുഴയോരങ്ങളിലും കുന്നിന്‍ ചെരുവുകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെകെ ദിവാകരന്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ രാത്രിയില്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞിരിക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമുമായും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്.
ഹൃഷികേശ് റോയ് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ ടീച്ചര്‍, മേഴ്‌സിക്കുട്ടിഅമ്മ, മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി,വി.എസ്.സുനില്‍കുമാര്‍, ടി.പി.രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, .കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം. മാണി എം.എല്‍.എ., ചീഫ് സെക്രട്ടറി ടോം ജോസ്, ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, മുഖ്യമന്ത്രിയുടെ പത്‌നി കമല, ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്,ചീഫ് ജസ്റ്റിസിന്റെ പത്‌നി ചന്ദന സിന്‍ഹ റോയ്, മാതാവ് പ്രഭാബതിറോയ്, മറ്റു കുടുംബാംഗങ്ങള്‍, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം,ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്റ്റിസ് പി.ഡി. രാജന്‍, ഗുവാഹട്ടി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ. ഗോസ്വാമി, ജസ്റ്റിസ് മനോജിത്ത് ഭുയാന്‍, ജസ്റ്റിസ് സുമന്‍ശ്യാം,ത്രിപുര ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. തലാപത്ര,മണിപ്പൂര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിംഗ്, പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ സംബന്ധിച്ചു.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആന്റണി ഡൊമനിക് വിരമിച്ചതിനെ തുടര്‍ന്നാണ് ഹൃഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചത്.1982ല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ക്യാംപസ് ലോ സെന്ററില്‍ നിന്നാണ് നിന്നാണ് ഹൃഷികേശ് റോയ് നിയമത്തില്‍ ബിരുദം നേടിയത്. 2004 ഇൽ ഗുവാഹത്തി ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി ജോലി ചെയ്തു.തുടര്‍ന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനായി ജോലി ചെയ്തു. 2006ല്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു. ഗുവാഹത്തി ഹൈക്കോടതിയില്‍ നിന്നുമാണ് ജസ്റ്റിസ് ഹൃഷികേശ് റോയ് കേരള ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസായി നിയമിതനായത്.