ന്യൂഡല്‍ഹി: കഴിഞ്ഞ 9 ആഴ്ചകളായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ആരോഗ്യ നില വളരെ ഗുരുതരാവസ്ഥയില്‍. എയിംസ് ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നതെന്നും എയിംസ് പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതല്‍ മോശമായത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി,ഉപരാഷ്ട്രപതി തുടങ്ങിയവർ വാജ്‌പേയ്‌യിയെ സന്ദർശിച്ചു.
പെരിയാറിലെ ജലനിരപ്പ് ഉയരുന്നു;ആലുവ ഒറ്റപ്പെട്ടു
ആലുവ:കനത്ത മഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുന്നു.ഇതേ തുടർന്ന് ആലുവ നഗരം ഒറ്റപ്പെട്ട നിലയിലായിരിക്കുകയാണ്. ആലുവയില്‍ മാത്രം ആയിരത്തോളം കുടുംബംങ്ങളാണ് വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ആലുവ മണപ്പുറത്തോട് ചേര്‍ന്നിട്ടുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി പേര്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ടെറസിന് മുകളില്‍ കഴിയുകയാണെങ്കിലും വെള്ളം ക്രമാധീതമായി ഉയരുന്നതിനാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ രക്ഷാസംഘത്തിന് സാധിക്കുന്നില്ല.മുതിരപ്പുഴ,കമ്ബനിപാടം എന്നിവിടങ്ങളിലെല്ലാം വീടുകള്‍ വെള്ളത്തിനടയിലാണ്.സേനാ വിഭാഗങ്ങള്‍ എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും ബോട്ടുകളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇടങ്ങളിലും ഉള്‍പ്രദേശങ്ങളിലും രക്ഷാസംഘത്തിന് എത്താന്‍ സാധിച്ചിട്ടില്ല.ആലുവ ബസ്റ്റാന്‍റ്, എരൂര്‍, കപ്പട്ടിക്കാവ്, കൊപ്പപറമ്പ് , വൈമിതി, കുന്നറ, പെരിയ കാട്, തെക്കുംഭാഗം, ഇരുമ്പനം,പാമ്പാടിത്താഴം എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ പെട്ട് കഷ്ടപ്പെടുകയാണ്. ഭാസ്കരന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, എരൂര്‍ കെഎന്‍യുപി സ്കൂള്‍, ചൂരക്കാട് യുപി സ്കൂള്‍. എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടിുണ്ട്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പത്തനംതിട്ടയിൽ പ്രളയക്കെടുതി രൂക്ഷം; ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നു;സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു
പത്തനംതിട്ട:പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ കനത്ത നാശനഷ്ടം.വിവിധയിടങ്ങളിലായി നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.ഇവരെ രക്ഷപ്പെടുത്താന്‍ നാവികസേന രംഗത്തിറങ്ങി. ഇവര്‍ക്കുപുറമെ പത്തനംതിട്ടയിലേക്ക് കൂടുതല്‍ എന്‍ഡിആര്‍എഫ് സേനയെ വിന്യസിച്ചു. റാന്നി മുതല്‍ ആറന്മുള വരെ വെള്ളപ്പൊക്കം രൂക്ഷമാണ്. വീടുകളുടെ രണ്ടാം നിലയിലേക്കും വെള്ളം കയറി. നീണ്ടകരയില്‍ നിന്നുള്ള മത്സ്യ തൊഴിലാളി ബോട്ടുകളും ഫയര്‍ ഫോഴ്‌സും പുലര്‍ച്ചെ മുതല്‍ രക്ഷ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വെള്ളം കയറിതുടങ്ങിയേതോടെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയവര്‍ അവിടെ കുടുങ്ങികിടക്കുകയാണ്. വൃദ്ധരും കുട്ടികളുമടങ്ങുന്ന നിരവധി പേരാണ് രക്ഷക്കായി സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി പത്തനംതിട്ടയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ചു തുടങ്ങി. പമ്ബ ഡാമിന്‍റെ ഷട്ടര്‍ 60 സെന്‍റിമീറ്റര്‍ താഴ്ത്തി. മൂഴിയാര്‍ ഡാമിന്‍റെ ഷട്ടര്‍ രണ്ടുമീറ്റില്‍ നിന്ന് ഒന്നാക്കി താഴ്ത്തിയിട്ടുണ്ട്.പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് സേനകളുമുണ്ട്. ചെങ്ങന്നൂരില്‍ കോസ്റ്റ് ഗാര്‍ഡ്,എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ് സംഘം , ഇന്‍ഡോ ടിബറ്റന്‍ ഫോഴ്‌സ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ കര്‍മ്മരംഗത്തുണ്ട്.പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി പത്തനംതിട്ടയിലും ചെങ്ങന്നൂരിലും ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു;നിരവധി മരണം;വിവിധയിടങ്ങളിലായി നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു.വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ശക്തമാകുകയാണ്. വീടുകളില്‍ സഹായം ലഭിക്കാതെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടി ഏഴുപേർ മരിച്ചു.ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. മൂന്നുവീടുകൾ ഒലിച്ചുപോയി. കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കൂടരഞ്ഞിയില്‍ പനയ്ക്കാച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ കല്‍പ്പിനി തയ്യില്‍ പ്രകാശിന്റെ മകന്‍ പ്രവീൺ (10) മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തൃശ്ശൂര്‍ വെറ്റിലപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിലിലും ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട് ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. നിഷ(26) ആണ് മരിച്ചത്. കനത്ത മഴ മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നാശം വിതച്ചിട്ടുണ്ട്. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ എറണാകുളം – ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിറുത്തിവച്ചു. തിരുവനന്തപുരത്തേക്കുള്ള പല ട്രെയിനുകളും പാലക്കാട് വരെ മാത്രമെ സര്‍വീസ് നടത്തുന്നുള്ളൂ. കൊച്ചി മെട്രോ സര്‍വീസുകള്‍ നിറുത്തിവച്ചു. കൊച്ചി നഗരപ്രദേശത്ത് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചില്ല. എന്നാലിവിടെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. കൊച്ചിയുടെ ഉള്‍പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. ആലുവ – അങ്കമാലി പാതയില്‍ വെള്ളം കയറി വാഹന ഗതാഗതവും തടസപ്പെട്ടു.
സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കൊച്ചി: കനത്തമഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍,പാലക്കാട് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കോട്ടയം,വയനാട്, മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം ജില്ലയ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും എന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.
മഴ;ഓണപരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് ആഗസ്ത് 31 മുതല്‍ ആരംഭിക്കാനിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. കനത്തമഴ തുടരുന്ന സാഹചര്യവും, സ്‌കൂളുകളില്‍ മിക്കതും ദുരിതാശ്വാസ ക്യാമ്ബ് ആയി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റി വെച്ചത്
കീഴല്ലൂർ അണക്കെട്ടിന്റെ ഷട്ടർ കവിഞ്ഞൊഴുകി വ്യാപക കൃഷിനാശം
കണ്ണൂര്‍:കീഴല്ലൂര്‍ അണക്കെട്ടിന്റെ ഷട്ടര്‍ കവിഞ്ഞൊഴുകി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി വ്യാപക നാശം. അണക്കെട്ടിന്റെ 6 ഷട്ടറുകളില്‍ ഒരു ഷട്ടര്‍ തുറക്കാനാകാതെ വന്നതോടെയാണ് ഷട്ടര്‍ കവിഞ്ഞൊഴുകിയത്.നേരത്തെ 5 ഷട്ടറുകള്‍ തുറന്നിരുന്നുവെങ്കിലും മുഴുവനായും ഉയര്‍ത്താതെ വന്നതോടെയാണ് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറാനിടയായത്. അണക്കെട്ടിനു താഴെയുള്ള പ്രദേശമായ വേങ്ങാട് പഞ്ചായത്തിലെ ചാലിപറമ്ബിലെ ടി.മൂസാന്റെ വീട്ടിലും സമീപത്തെ മദ്രസയിലും വെള്ളം കയറി.വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റി.രണ്ടു മാസം കഴിഞ്ഞിട്ടും തകരാറിലായ ഷട്ടര്‍ അറ്റകുറ്റ പ്രവൃത്തി നടത്താത്തതാണ് ഷട്ടര്‍ നിറഞ്ഞു കവിഞ്ഞു വെള്ളം കയറാന്‍ കാരണമായതെന്നു നാട്ടുകാര്‍ പറഞ്ഞു.തലശേരി, മാഹി നഗരങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനാവശ്യമായ വെളളം കീഴല്ലൂര്‍ അണക്കെട്ടില്‍ നിന്നാണ് ശേഖരിക്കുന്നത്.
ശബരിമലയും പമ്പയും ഒറ്റപ്പെട്ടു;ഭക്തർ യാത്ര ഒഴിവാക്കണമെന്ന് കർശന നിർദേശം
പത്തനംതിട്ട:കനത്ത മഴയെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ ശബരിമയും പമ്പയും പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായി.ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.പമ്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തിനടിയിലായി.പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പും ഉണ്ട്.പത്തനംതിട്ടയിലെ കൊച്ചു പമ്പ,മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പമ്പയിലേക്കുള്ള ബസ്സ് സര്‍വ്വീസ് കെ.എസ് ആര്‍ ടി സി നിറുത്തിവച്ചു. പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്‌ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും പമ്ബയിലെ അപകടകരമായ സാഹചര്യം മാറിയ ശേഷം അയ്യപ്പ ദര്‍ശനത്തിനെത്തുന്നതാകും ഉചിതമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. പമ്ബയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ് .ഇവരുടെ ബന്ധുക്കള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മലപ്പുറം പെരിങ്ങാവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഏഴുപേർ മരിച്ചു;ഒരാളെ കാണാതായി
മലപ്പുറം:മലപ്പുറം പെരിങ്ങാവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഏഴുപേർ മരിച്ചു.ഒരാളെ കാണാതായി.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.വീടിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് കോഴിക്കൂട് മാറ്റാനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.കോഴിക്കൂട് മാറ്റുന്നതിനിടെ കൂടുതൽ മണ്ണ് ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.ദുരന്ത നിവാരണ സേനയും നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.കാണാതായ ആൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണ്.ഇന്ന് പുലർച്ചെ കൊണ്ടോട്ടിയിലെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചിരുന്നു.
വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിട്ടു
കൊച്ചി:വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറി.പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.ഇത് പിന്നീട് നാല് ദിവസത്തേക്ക് നീട്ടി.നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.എയര്‍ഇന്ത്യ ജിദ്ദ മുംബൈക്കും ഇന്‍ഡിഗോ ദുബായ് ബെംഗളൂരുവിലേക്കും ജെറ്റ് ദോഹ ബെംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു.വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.കൊച്ചി -മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസുകളാണ് റദ്ദാക്കിയത്.അബുദാബിയില്‍ നിന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്ബത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയില്‍ നിന്ന് നെടുമ്ബാശ്ശേരിയില്‍ എത്തേണ്ടിയിരുന്ന ഐഎക്സ്-476 വിമാനം തിരുവനന്തപുരത്തും. അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.