തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ അധ്യയന വർഷത്തെ ഓണപരീക്ഷ റദ്ദാക്കാൻ സാധ്യത.നിരവധി അധ്യയന ദിനങ്ങള്‍ പ്രളയ കെടുത്തി കാരണം അവധി നല്‍കിയതിനാല്‍ ആണ് പരീക്ഷകള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നത്.അതുകൊണ്ട് തന്നെ ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ മാത്രമായി നടത്താനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത് . പ്രളയ കെടുതിയില്‍ നിന്ന് നിരവധി പേര്‍ രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആരും അതില്‍ നിന്ന് മുക്തരായിട്ടില്ല.നിരവധി വീടുകള്‍ ,കൃഷിയിടങ്ങള്‍ ,വളര്‍ത്തു മൃഗങ്ങള്‍ എല്ലാം നശിച്ചു.മാനസികമായി കുറെ പേര്‍ തളര്‍ന്നു . അതില്‍ നിരവധി വിദ്യാര്‍ത്ഥികളും അടങ്ങുന്നു .അവര്‍ക്ക് വേണ്ട ബോധവല്‍കരണ പരിപാടികള്‍ നല്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉള്ള തീരുമാനത്തില്‍ ആണ് സർക്കാർ.
സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്; പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും
തിരുവനന്തപുരം:സംസ്ഥാനത്ത് രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടന്നു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.അവസാനത്തെ ആളെ രക്ഷിക്കുന്നതുവരെയും രക്ഷാദൗത്യം തുടരുമെന്നും ഇനി പുനര്‍നിര്‍മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ ലക്ഷ്യമിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലാതല ശുചീകരണ യജ്ഞവും നടക്കും.പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് സര്‍വ്വകക്ഷിയോഗം ചേരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസമായിരിക്കും സർവകക്ഷിയോഗം പ്രധാനമായും ചർച്ച ചെയ്യുക. മന്ത്രിസഭായോഗവും ഇന്നുണ്ടാകും.3214 ക്യാമ്പുകളിലായി 10 ലക്ഷത്തിലേറെ പേരാണ് ഇപ്പോഴുള്ളത്.അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് താറുമാറായ ഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി.ട്രെയിന്‍, ബസ് ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു.പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും സബ്സിഡി നല്‍കുമെന്ന് സപ്ലൈക്കോ വ്യക്തമാക്കിയിട്ടുണ്ട്.
പൂന്തുറയിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു
തിരുവനന്തപുരം: പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരി മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് മരിച്ചു
ചെങ്ങന്നൂര്‍: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന സുനില്‍-അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്. ദുരിതാശ്വാസക്യാംപില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അനവദ്യയ്ക്ക് പനി പിടിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ വിറയല്‍ ആരംഭിക്കുകയും സംസാരശേഷി നഷ്ടമാക്കുകയും ചെയ്തു. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനവദ്യയെ പിന്നീട് കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.പിന്നീട് കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.വിദഗ്ദ്ധ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനപുരം കിംസില്‍ പ്രവേശിപ്പിച്ചത്. തിരുവന്‍വണ്ടൂരിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന അനവദ്യ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി:കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം.പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലെവല്‍ മൂന്ന് ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.നേരത്തെ കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, സിപിഎം ദേശീയ അധ്യക്ഷന്‍ സീതാറാം യച്ചൂരി എന്നിവരും കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജലജന്യ രോഗങ്ങൾക്ക് സാധ്യത;മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി
കൊച്ചി:വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ക്യാമ്പുകളിൽ കഴിയുന്നവരുടെയും വെള്ളം കയറിയ വീടുകളില്‍ കഴിയുന്നവരുടെയും ആരോഗ്യനില പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രളയബാധിത മേഖലകളില്‍ ശുദ്ധജലം ഉറപ്പാക്കുമെന്നും കിണറുകളിലുള്ള വെള്ളം ക്ലോറിനേഷനു ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രളയബാധിത മേഖലകളെ മൂന്നായി തിരിച്ച് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലകളിലെ ചുമതല നോഡല്‍ ഓഫീസര്‍മാര്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യനിരീക്ഷണത്തിന് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നിന് ഇപ്പോള്‍ ക്ഷാമമില്ല. ആവശ്യമുള്ളവര്‍ മെഡിക്കല്‍ സെല്ലുമായി ബന്ധപ്പെടാം. നിലവിൽ ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ ഒരേക്കർ സ്ഥലം സംഭാവന ചെയ്തു
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കര്‍ ഭൂമി സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസുകാരിയും ഒമ്ബതാം ക്ലാസുകാരനും. പയ്യന്നൂർ ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സ്വാഹ അനിയന്‍ ബ്രഹ്മ ഇതേ സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധു ബാലയുടെയും മകള്‍ സ്വാഹയും അനിയന്‍ ബ്രഹ്മയുമാണ് തങ്ങള്‍ക്കായി അച്ഛന്‍ സ്വരുക്കൂട്ടിയ ഒരേക്കര്‍ സ്ഥലം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. കുട്ടികള്‍ അങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നെന്ന് സ്വാഹയുടെ അച്ഛന്‍ ശങ്കരന്‍ പറഞ്ഞു. പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്ബര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലം ദുരിത ബാധിതര്‍ക്കായി വിട്ടുകൊടുക്കും. മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപയോളം കിട്ടുന്ന ഭൂമിയാണത്.’അണ്ണാന്‍ കുഞ്ഞും തന്നാലായത്’ എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്? സ്വാഹായുടെയും ബ്രഹ്മയുടെയും വാക്കുകളാണിത്.ഈ പ്രഖ്യാപനം അല്‍ഭുതത്തോടെയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കേട്ടത്. നാടിനായ് നാടിന്റെ മാറ്റത്തിനായ് ഈ കുട്ടിയെ പോലെ ആയിരം മക്കള്‍ ഉണ്ടായാല്‍ പിന്നെ നമ്മുടെ നാട് പഴയ കേരളമാവും തീര്‍ച്ചയെന്നും ഈ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്ധന ക്ഷാമമെന്ന് വ്യാജ പ്രചാരണം;കണ്ണൂരിലെയും മാഹിയിലെയും പമ്പുകളിൽ വൻതിരക്ക്
കണ്ണൂർ:ഇന്ധന ക്ഷാമമുണ്ടാകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം ഉണ്ടായതിനെത്തുടർന്ന് ജില്ലയിലെയും മാഹിയിലെയും പമ്പുകളിൽ വൻ തിരക്ക് അനുഭപ്പെട്ടു.പമ്പുകളിൽ വാഹങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ ഇത് ഇന്ധന ലഭ്യതയെയും ബാധിച്ചു.ലഭ്യത കൊണ്ടും വിലക്കുറവുകൊണ്ടും വാഹന ഉടമകളും ജീവനക്കാരും കൂടുതലായി ആശ്രയിക്കുന്ന മാഹിയിലെ പെട്രോൾ പമ്പുകളിലും വാൻ തിരക്കാണ് അനുഭവപ്പെട്ടു.ശനിയാഴ്ച രാത്രി പത്തുമണിയോടെ ഇടിവുതെ പമ്പുകളിലെ സ്റ്റോക്ക് തീർന്നു.കണ്ണൂരിലും ഒട്ടുമിക്ക പമ്പുകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനക്ഷാമം അനുഭപ്പെട്ടു.എറണാകുളത്തെ റിഫൈനറിയിൽ നിന്നും ഏലത്തൂരിലെയും ഫറോക്കിലെയും ഡിപ്പോകളിലെത്തിച്ച് അവിടെ നിന്നാണ് ജില്ലയിലെ പമ്പുകളിലേക്ക് ഇന്ധമെത്തിക്കുന്നത്.എന്നാൽ പ്രളയത്തെ തുടർന്ന് ഇവിടങ്ങളിൽ നിന്നും ടാങ്കറുകൾ എതാൻ പ്രയാസമുള്ളതിനാലാണ് നേരിയ തോതിൽ ഇന്ധന ക്ഷാമം അനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.എന്നാൽ മംഗളൂരുവിൽ നിന്നും ആവശ്യമായ ഇന്ധനം എത്തിക്കഴിഞ്ഞതായി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.നിലവിൽ തളിപ്പറമ്പ് ഭാഗത്തുള്ള ചില പമ്പുകളിൽ മാത്രമാണ് മംഗളൂരുവിൽ നിന്നും ഇന്ധനമെത്തിക്കുന്നത്.ഇന്ധനക്ഷാമമുണ്ടെന്ന വ്യാജ പ്രചാരണത്തിൽ വിശ്വസിക്കരുതെന്നും ഇന്ധനവണ്ടികളെത്തുന്നതിനുള്ള കാലതാമസം മാത്രമേ ഉള്ളൂ എന്നും പോലീസ് പറയുന്നു.
കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചു
കൊച്ചി:പ്രളയക്കെടുതിയെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും നിർത്തിവെച്ച വിമാനസർവീസുകൾ നാവികസേനാ വിമാനത്താവളത്തിൽ നിന്നും ഇന്ന് ഭാഗികമായി പുനരാരംഭിക്കും.എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്ബനിയായ അലയന്‍സ് എയര്‍ ആണ് വിമാന സര്‍വിസ് നടത്തുക. മഴക്കെടുതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ മാസം 26 വരെ നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സൈനിക വിമാനത്താവളം സര്‍വീസിനായി തുറന്നുകൊടുത്തത്. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ 6നും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും.ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്ബത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്ബത്തൂര്‍ വഴി 7.30ന് ബംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്ബത്തൂരിലെത്തുന്നത്.
തൃശൂർ ഷോളയാർ ഡാമിൽ എട്ടു കെഎസ്ഇബി ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്നു
തൃശൂര്‍: ഷോളയാര്‍ ഡാമില്‍ എട്ട് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു.കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഉദ്യോഗസ്ഥര്‍ ഇവിടെ കുടുങ്ങിയത്.കഴിഞ്ഞ ദിവസം ഇവരെ നാവികസേന ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.