News Desk

ഭക്ഷ്യസാധനകൾക്ക് അമിത വില ഈടാക്കി തട്ടിപ്പ് നടത്തിയ സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു

keralanews food items seized from super market which sold goods for excess money and supplied it to relief camps

തൃശൂര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കി തട്ടിപ്പ് നടത്തുന്നത് പതിവായതോടെ തൃശുരില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന നടത്തി.പരിശോധനയിൽ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും അമിതവില ഈടാക്കി തട്ടിപ്പ് നടത്തിയ തൃശൂര്‍ പെരിങ്ങോട്ടുകരയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഭഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തത്.കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് അപ്പോള്‍ തന്നെ വിതരണവും ചെയ്തു. അമിതവില ഈടാക്കുന്നതിനെതിരെ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.ഓഗസ്റ്റ് 16 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നായിരുന്നു പരിശോധന നടത്തിവന്നത്. പ്രളയക്കെടുതിക്ക് പിന്നാലെ കൊച്ചിയിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു.പ്രളയക്കെടുതി മുതലെടുത്ത് ആവശ്യസാധനങ്ങള്‍ക്ക് വില കൂട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു പ്രളയ ബാധിത പ്രദേശങ്ങളില്‍ നിരന്തരം തട്ടിപ്പ് അരങ്ങേറിയത്.എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ മാത്രം സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഇപ്പോള്‍ തന്നെ പലവിലയാണ് ഈടാക്കുന്നത്. അരിയുടെ ചില പാക്കറ്റുകളിലെ വില തിരുത്തിയും വില്‍പ്പന നടത്തുന്നുണ്ട്. ലോഡുകളുമായി ലോറികള്‍ എത്തുന്നില്ലെന്നാണ് പലവ്യാപാരികളും അവകാശപ്പെടുന്നത്.

തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

keralanews higher secondary improvement exams postponed

തിരുവനന്തപുരം: സെപ്റ്റംബര്‍ മൂന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള ബോര്‍ഡ് ഓഫ് ഹയര്‍സെക്കണ്ടറി എക്സാമിനേഷന്‍ സെക്രട്ടറി അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ വ്യാജ പിരിവ് നടത്തി;കണ്ണൂരിൽ നാലുപേർ പിടിയിൽ

keralanews money collected on the name of relief fund four arrested in kannur

കണ്ണൂർ:മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ വ്യാജ ബക്കറ്റ് പിരിവ് നടത്തിയ നാലുപേർ കണ്ണൂരിൽ പിടിയിൽ.കണ്ണൂർ ടൌൺ പൊലീസാണ് ഇവരെ പിടികൂടിയത്. കക്കാട് സ്വദേശികളായ സഫ്‌വാന്‍, മുഹമ്മദ് ഇര്‍ഫാന്‍, പെരളശേരി സ്വദേശി റിഷഭ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അടിപിടി കേസുകളില്‍ പ്രതികളാണ്.ബുധനാഴ്ച വൈകിട്ടാണ് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ പ്രതികള്‍ ബക്കറ്റുമായി പിരിവ് നടത്തിയത്. പെരുന്നാള്‍ദിനത്തില്‍ സായാഹ്‌നം ആസ്വദിക്കാനെത്തിയവരും സമീപത്ത് നടക്കുന്ന മേളകളില്‍ എത്തിയവരുമടക്കം നിരവധിപേർ ഇവർക്ക് സംഭാവന നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റരീതിയില്‍ സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ഇതോടെ ടൗണ്‍ എസ്‌ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലായിരത്തോളം രൂപയാണ് ഇവര്‍ക്ക് പിരിവായി കിട്ടിയത്.

ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന പാലങ്ങൾ പുനർനിർമ്മിക്കാൻ കോടികളുടെ പദ്ധതികൾ വേണ്ടിവരും

keralanews plans of crores needed to rebuild broken bridges in the district

കണ്ണൂർ:ജില്ലയിലെ ഉരുൾപൊട്ടലിനെയും പ്രളയത്തെയും തുടർന്ന് തകർന്ന പാലങ്ങൾ ശരിയാക്കാൻ കോടികളുടെ പദ്ധതികൾ വേണ്ടിവരും.മലവെള്ളപ്പാച്ചിലിൽ പത്തോളം ചെറുപാലങ്ങളും മുപ്പതോളം കലുങ്കുകളുമാണ് നിലംപൊത്തിയത്.ഗ്രാമീണ റോഡുകൾക്ക് കുറുകെ നിർമിച്ച പാലങ്ങളും കലുങ്കുകളുമാണ് തകർന്നവയിൽ എല്ലാം.ഇതിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും മാസങ്ങളെടുക്കും.മാക്കൂട്ടം-വീരാജ്പേട്ട അന്തഃസംസ്ഥാന പാതയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മാക്കൂട്ടം ചെറിയ പാലം അപകടാവസ്ഥയിലായതിന് ശേഷം ഇതിലൂടെ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മുഴക്കുന്ന്-ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബാവലിപ്പുഴയ്ക്ക് കുറുകെയുള്ള പാലപ്പുഴ പാലം അപകട ഭീഷണിയിലാണ്.മലവെള്ളപിച്ചിലിൽ കൂറ്റൻ മരങ്ങൾ പാലത്തിന്റെ തൂണുകളിൽ വന്നിടിച്ചതാണ് പാലത്തിനു ബലക്ഷയമുണ്ടാകാൻ കാരണം.ആറളം-അയ്യങ്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം,വിയറ്റ്നാമിനെയും കീഴ്പ്പള്ളിയെയും ബന്ധിപ്പിക്കുന്ന വിയറ്റ്നാം പാലം,ആറളം ഫാമിനെ കീഴ്പ്പള്ളിയുമായി ബന്ധിപ്പിക്കുന്ന കാക്കുവാ പാലം,കൊട്ടിയൂർ പഞ്ചായത്തിലെ കണ്ടപ്പന-നെല്ലിയോടി ചെറിയ പാലം,പയ്യാവൂർ-പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാണിയക്കടവ് പാലം തുടങ്ങിയവയാണ് അപകടാവസ്ഥയിലായിരിക്കുന്നത്.കുടിയേറ്റ മേഖലയായ ഉളിക്കലിനെയും മണക്കടവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടയാംതോട് പാലവും തകർച്ച ഭീഷണിയിലാണ്.

കേരളത്തിന് വിദേശസഹായം വേണ്ടെന്ന് കേന്ദ്രം

keralanews center says no foreign aid for kerala

ന്യൂഡൽഹി:പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ കേരത്തിന് യു എ ഇ ഭരണകൂടം പ്രഖ്യാപിച്ച 700 കോടി രൂപ ഉൾപ്പെടെയുള്ള വിദേശ സഹായം സ്വീകരിക്കേണ്ടെന്ന് നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ.2004ലെ സുനാമി ദുരന്തത്തെ തുടർന്ന് അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ വിദേശ സഹായങ്ങൾ സ്വീകരിക്കേണ്ടെന്ന് നിലപാടെടുത്തിരുന്നു. ഇതേ നയമാണ് തങ്ങൾ തുടരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.പ്രളയം പോലുള്ള ദുരന്തങ്ങൾ നേരിടാൻ വിദേശ സഹായം കൈപ്പറ്റേണ്ടെന്ന കീഴ്വഴക്കം മാറ്റില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തെ സഹായിക്കാനുള്ള വിദേശരാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നു.എന്നാൽ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ സ്വയം നിർവഹിക്കുമെന്ന് നയം തുടരും.പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസികളുടെയും വിദേശ ഇന്ത്യക്കാരുടെയും ഫൗണ്ടേഷനുകളടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സംഭാവന സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ വെള്ളപ്പൊക്ക കെടുതി നേരിടാൻ ആഭ്യന്തര ശ്രമങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നെതെന്ന് വിദേശരാജ്യ പ്രതിനിധികളോട് വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു.2004ൽ സുനാമിയുണ്ടായപ്പോൾ‌ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് നിലവിലെ സാഹചര്യം നേരിടാൻ രാജ്യം പ്രാപ്തമാണ്, ആവശ്യമെങ്കിൽ വിദേശ സഹായം സ്വീകരിക്കാമെന്നായിരുന്നു. എന്നാൽ ഈ നിലപാട് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. തുടർന്ന് ഈ നിലപാട് തിരുത്താൻ യുപിഎ സർക്കാർ തീരുമാനിക്കുകയായിരുന്നു. ബഹുരാഷ്ട്ര സാമ്പത്തിക എജൻസികളിൽ നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളുടെ സഹായവും സ്വീകരിക്കാമെന്ന് നയം തിരുത്തി. പക്ഷെ മൻമോഹൻ സിംഗിന്റെ മുൻനിലപാടിന്റെ ചുവടുപിടിച്ചാണ് മോദി സർക്കാർ കേരളത്തിനുള്ള വിദേശ സഹായം നിരസിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം ഇരുപത്തൊൻപതിനേ തുറക്കുകയുള്ളൂ

keralanews nedumbasseri airport will open on 29th of this month

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി. വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 29ന് മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുകയൊള്ളു എന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. 29ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശനഷ്ടമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ  അവലോകന യോഗത്തിലാണ് വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടിയത്. പ്രളയക്കെടുതിയില്‍ നിന്ന് മോചിതരായിട്ടില്ലാത്ത സാഹചര്യമായതിനാല്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

പ്രശസ്ത മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു

keralaneews famous journalist kuldeep nayyar passes away

ന്യൂഡല്‍ഹി:പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ്‌ നയ്യാര്‍(95) അന്തരിച്ചു.അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഉച്ചക്ക്‌ ഒരുമണിക്ക്‌ ഡല്‍ഹിയില്‍ നടക്കും. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, രാജ്യസഭാംഗം, ഇന്ത്യന്‍ ഹൈക്കമീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ബിറ്റ്‌വീന്‍ ദി ലൈന്‍സ്‌(വരികള്‍ക്കിടയില്‍ )എന്ന പ്രതിവാര പക്‌തി ഏറെ വായിക്കപ്പെട്ടിട്ടുള്ളതാണ്‌.നിരവധി ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുമുണ്ട്‌.ഡിസ്‌റ്റന്‍റ്‌ നൈബേഴ്‌സ്‌, എ ടെയില്‍ ഓഫ്‌ സബ്‌ കോണ്ടിനെന്റ്‌, ഇന്ത്യാ ആഫ്‌റ്റര്‍ നെഹ്‌റു, വാള്‍ അറ്റ്‌ വാഗാ: ഇന്ത്യാ പാകിസ്‌ഥാന്‍ റിലേഷന്‍ ഷിപ്പ്‌ എന്നിവ പ്രധാന കൃതികളാണ്‌. അടിയന്തരാവസ്‌ഥ കാലത്ത്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തില്‍ എഴുതിയിരുന്ന കോളങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും

keralanews pinarayi vijayan will visit flood affected areas today

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും.ആലപ്പുഴ, ചാലക്കുടി, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ പ്രദേശങ്ങളാണ് അദ്ദേഹം ഇന്ന് സന്ദർശിക്കുക. ഇതിന്റെ ഭാഗമായി രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട അദ്ദേഹം ആദ്യം ചെങ്ങന്നൂര്‍ ആയിരിക്കും സന്ദർശിക്കുക.ഇവിടെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും.പിന്നീട് കോഴഞ്ചേരിക്ക് പുറപ്പെടും.അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും.ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക.ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയം കേരളത്തിന് സമര്‍പ്പിച്ച്‌ വിരാട് കോലി;മാച്ച്‌ ഫീസായ 2 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

keralanews virat kohli dedicated the victory against england to kerala and donated the match fee to relief fund

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലെ വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമര്‍പ്പിച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.’കേരളത്തിലെ കാര്യങ്ങള്‍ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിത്’ കോഹ്‌ലി പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‌ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്. നേരത്തെ തന്നെ കേരളത്തെ എല്ലാവരും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെണ്ടുൽക്കർ,യുവ്‌രാജ് സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ, കേരള പരിശീലകന്‍ ഡവ് വാട്‌മോര്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.ഇന്നത്തെ മത്സരം വിജിച്ചതിലെ മാച്ച്‌ ഫീസായ രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ബിസിസിഐ അറിയിച്ചു.ഇംഗ്ലണ്ടിൽ ഇന്ത്യ 80 വര്‍ഷത്തെ ചരിത്രത്തില്‍ നേടുന്ന വെറും ഏഴാമത്തെ വിജയം സ്‌പെഷ്യല്‍ ആയിരിക്കുമല്ലോ എന്ന് സമ്മാനദാനചടങ്ങില്‍ മുന്‍ ഇംഗ്ലണ്ട താരം മൈക്കിള്‍ ആതര്‍ട്ടണ്‍ ചോദിച്ചപ്പോഴാണ് നാട്ടില്‍ കേരളത്തിലെ സ്ഥിതിയെക്കുറിച്ച്‌ കോലി പറഞ്ഞത്.

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് നാലുപേർ മരിച്ചു

keralanews four died in a fire broke out in a multi storied building in mumbai

മുംബൈ:മഹാരാഷ്ട്രയിലെ മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച്‌ നാലുപേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ നഗരത്തിലെ 16 നില പാര്‍പ്പിട സമുച്ചയമായ ക്രിസ്റ്റല്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേരാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നത്.പുക ശ്വസിച്ച്‌ ശാരീരികാസ്വാസ്യമുണ്ടായ 20 ഓളം പേരെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. പരേലിലുള്ള ക്രിസ്റ്റല്‍ ടവറിലെ പന്ത്രണ്ടാം  നിലയിലാണ് തീപിടിത്തമുണ്ടായത്. തീ പെട്ടന്ന് അടുത്ത ഫ്‌ളാറ്റുകളിലേക്ക് പടരുകയായിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവല്‍-2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്‌നിശമനസേന അധികൃതര്‍ പറഞ്ഞു