വടകര: കോഴിക്കോട് വടകരയില്‍ വീണ്ടും വീടിനുനേരെ ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്‍റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.അക്രമത്തില്‍ വീടിന്‍റെ ചുമരിനും വാതിലിനും ജനല്‍പാളികള്‍ക്കും കോടുപാടുകള്‍ സംഭവിച്ചു.ആര്‍ക്കും പരിക്കില്ല.ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തുമ്ബോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി ഐ (എം) വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പയ്യോളിയിൽ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.
മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്തുന്നു; മുൻസീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തും
തിരുവനന്തപുരം:മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുളള നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കുന്നത്.വാഹനാപകടത്തില്‍ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടിക്ക് മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നതെന്നാണ് സൂചന. കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണ് നടപടിയുടെ മുഖ്യലക്ഷ്യം.തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തില്‍ ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരുടെ സംരക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന എയര്‍ബാഗ് തുറന്നുവന്നിരുന്നു. ഇതില്‍ ഞെരുങ്ങി ശ്വാസംമുട്ടിയാണ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്നത്.13 വയസില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യണം എന്നത് ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങളാണ് മോട്ടോര്‍വാഹനവകുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ പരിക്കേല്‍ക്കാനുളള സാധ്യത 33 ശതമാനം കുറയ്ക്കാന്‍ സാധിക്കും. നാലുവയസുമുതല്‍ എട്ടുവയസുവരെയുളള കുട്ടികള്‍ക്കായി വാഹനത്തില്‍ ബൂസ്റ്റര്‍ സീറ്റ് ഘടിപ്പിക്കണം. ഇത് പരിക്കേല്‍ക്കാനുളള സാധ്യത 59 ശതമാനം കുറയ്ക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീം കോടതി വിധിക്കൊപ്പം;പുനഃപരിശോധനാ ഹർജി നൽകില്ല
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിധിയക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്. വിധി അനുസരിച്ചു നടപടി സ്വീകരിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിനു കഴിയൂ. വിധിയുടെ ഭാഗമായി ഉല്‍സവകാലത്ത് സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സൗകര്യം ചെയ്യേണ്ടതുണ്ട്. മറ്റൊരു നിയമം വരുന്നതുവരെ ഇതാണു രാജ്യത്തെ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകൾ വന്നാൽ അവർക്ക് സംരക്ഷണം നൽകും.കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പത്മകുമാർ നടത്തിയ പരാമര്‍ശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കൂടാതെ, ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പത്മകുമാർ പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കലാഭവൻ മണിയുടെ മരണം;സിബിഐ സംവിധായകൻ വിനയന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം:കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകൻ വിനയന്റെ മൊഴി രേഖപ്പടുത്തി.സിബിഐയുടെ തിരുവനന്തപുരം യുണിറ്റിലെത്തിയാണ് അദ്ദേഹം മൊഴി നൽകിയത്.വിനയൻ സംവിധാനം ചെയ്ത കഴിഞ്ഞ ദിവസം റിലീസായ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയി കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് വിനയന്റെ മൊഴി രേഖപ്പെടുത്താൻ സിബിഐ തീരുമാനിച്ചത്.
ഡീസൽ വിലവർധന;മത്സ്യത്തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം:ദിനംപ്രതി കുതിച്ചുയരുന്ന ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു.വില കൂടിയത് കാരണം ആഴ്ചയില്‍ ഒരു യന്ത്രവല്‍കൃത ബോട്ടിന് ഒരു ലക്ഷം രൂപയാണ് അധികമായ ചെലവാകുന്നത്.ഡീസലിന് സബ്‌സിഡി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സംസ്ഥാനത്ത് ആകെ 3800 അംഗീകൃത യന്ത്രവല്‍കൃത ബോട്ടുകളാണ് ഉള്ളത്. 700 ഇന്‍ബോര്‍ഡ് വള്ളങ്ങളിലും 35000ത്തിലധികം ഔട്ട്‌ബോര്‍ഡ് വള്ളങ്ങളിലും ഡീസല്‍ ഉപയോഗിക്കുന്നു. ചെറിയ ബോട്ടില്‍ പ്രതിദിനം 300 ലിറ്ററും വലിയ ബോട്ടില്‍ 700 ലിറ്റര്‍ ഡീസലുമാണ് വേണ്ടത്.ഐസും തൊഴിലാളികളുടെ ഭക്ഷണവും ഡീസലും ചേരുമ്പോൾ മത്സ്യബന്ധനം കനത്ത നഷ്ടത്തിലേക്കാണ് പോകുന്നത്. ഡീസല്‍ വില വര്‍ദ്ധനക്കെതിരെ മറ്റ് സംസ്ഥാനങ്ങളുമൊന്നിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം.കേന്ദ്ര സര്‍ക്കാരിന് സബ്‌സിഡി ആവശ്യപ്പെട്ട് നിവേദനവും ഉടന്‍ സമര്‍പ്പിക്കും.
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു
തിരുവനന്തപുരം:അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന് നാട് കണ്ണീരോടെ വിട നൽകി.സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു.കഴിഞ്ഞദിവസം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും പൊതു ദര്‍ശനത്തിന് വച്ച ബാലഭാസ്ക്കറിനെ അവസാനമായി ഒന്നു കാണാന്‍ ശാന്തികവാദത്തിലും വിവിധമേഘലകളില്‍ നിന്നും നിരവധിപേരാണ് എത്തിയത്.കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് വിടവാങ്ങിയത്. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ അര്‍ദ്ധരാത്രിയോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്.അപകടത്തില്‍ ബാലഭാസ്ക്കറിന്‍റെ മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
രഞ്ജൻ ഗോഗോയ് ഇന്ത്യയുടെ നാല്പത്തിയാറാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ന്യൂഡൽഹി:രഞ്ജൻ ഗോഗോയ് ഇന്ത്യയുടെ നാല്പത്തിയാറാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായി പദവിയിലെത്തുന്നയാളാണ് അസം സ്വദേശിയായ ഗോഗോയി. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിച്ച സാഹചര്യത്തിലാണ് ഗോഗോയിയുടെ നിയമനം.നിലവില്‍ ദീപക് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്‌ജിയാണ് ഗോഗോയ്. സെപ്തംബറില്‍ ഗോഗോയിയുടെ പേര് ചീഫ് ജസ്‌റ്റിസ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച് ദീപക് മിശ്ര കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.കേസുകളുടെ വിഭജനത്തില്‍ പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നാലു ജഡ്ജിമാരിലൊരാളാണ് ഗോഗോയി.1954 നവംബര്‍ 18നാണ് രഞ്ജന്‍ ഗോഗിയുടെ ജനനം. 1978ല്‍ അഭിഭാഷകനായി. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്‌ജിയായി. 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23ന് സുപ്രീംകോടതി ജഡ്‌ജിയായി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കന്യാസ്ത്രീക്കെതിരെ ഉയര്‍ന്ന പരാതിയില്‍ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കുവാനുള്ള കാരണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ബിഷപ്പിന്‍റെ വാദം. കേസ് ഡയറി ഉള്‍പ്പെടെ പരിശോധിച്ചാണ് ജാമ്യം കോടതി തള്ളിയത്.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് ദിവസത്തോളം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോള്‍ പാല സബ്ജയിലിലാണുള്ളത്.
കോഴിക്കോട് പയ്യോളിയിൽ സിപിഎം-ആർഎസ്എസ് സംഘർഷം
കോഴിക്കോട്:കോഴിക്കോട് പയ്യോളിയില്‍ ആര്‍.എസ്.എസ് – സി.പി.എം സംഘര്‍ഷം. സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. ഇരുപതോളംപേർ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആര്‍.എസ്.എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.ആക്രമണത്തില്‍ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞിക്കുന്ന് എന്നിവിടങ്ങളില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇതേസമയം, വടകരയില്‍ യുവമോര്‍ച്ച നേതാവിന്‍റെ വീടിന് നേരെ ബോംബാക്രമണമുണ്ടായി. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ നിതിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.
കാറിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് കരിക്കോട്ടക്കരി സ്വദേശി രാജസ്ഥാനിൽ മരിച്ചു
കണ്ണൂർ:കാറിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി രാജസ്ഥാനിൽ മരിച്ചു.രാജസ്ഥാനിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനായ കരിക്കോട്ടക്കരി കുടുക്കാംതടത്തിൽ ആന്റണി-ലിസി ദമ്പതിമാരുടെ മകൻ ജിൻസ്(28) ആണ് മരിച്ചത്.ജിൻസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിക്കുകയും തുടർന്ന് കാറിനു മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേൽക്കുകയുമായിരുന്നു.മൃതദേഹം പരിശോധയ്ക്ക് ശേഷം നാട്ടിലെത്തിച്ച് കരിക്കോട്ടക്കരി സെന്റ് തോമസ് ദേവാലയത്തിൽ സംസ്‌കരിക്കും.