മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ വെണ്‍മണി തിടങ്ങഴിയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.തോപ്പില്‍ വിനോദ് ,ഭാര്യ മിനി, മക്കളായ അഭിനവ്, അനുശ്രീ എന്നിവരെയാണ് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സംശയിക്കുന്നു.ആറ് പശുക്കളുമായി ഫാം നടത്തുന്നയാളാണ് വിനോദ്. കര്‍ണാടകയില്‍ വാഴകൃഷിയും ഉണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഡിസംബർ 9 ന് ഉൽഘാടനം ചെയ്യും. വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ലൈസൻസ് ലഭിച്ചതിനു പിന്നാലെയാണ് ഉൽഘാടന തീയതി പ്രഖ്യാപിച്ചത്.ലൈസസ് ലഭിച്ചതോടെ 3050 മീറ്റർ റൺവേ 4000 ആക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു.ഒരേസമയം 20 വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമാണ് വിമാനത്താവളത്തിനുള്ളത്.വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി കിയാൽ അധികൃതർ അറിയിച്ചു.കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ 11 രാജ്യാന്തര കമ്പനികളും 6 ആഭ്യന്തര കമ്പനികളും തയ്യാറായിട്ടുണ്ട്. എമിറേറ്റ്സ്,ഇത്തിഹാദ്,ഫ്ലൈ ദുബായ്,എയർ അറേബ്യ,ഒമാൻ എയർ,ഖത്തർ ഐർവേസ്,ഗൾഫ് എയർ,സൗദി എയർവേയ്‌സ്,സിൽക്ക് എയർ,എയർ ഏഷ്യ,മലിൻഡോ എയർ എന്നീ രാജ്യാന്തര കമ്പനികളും ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ജെറ്റ് എയർവേയ്‌സ്,ഇൻഡിഗോ,സ്‌പൈസ് ജെറ്റ്,ഗോ എയർ എന്നിവയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്താൻ സമ്മതം അറിയിച്ചിട്ടുള്ളത്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കഴിഞ്ഞ ദിവസം മുതൽ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.ഇന്ന് മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.
കനത്ത മഴയ്ക്ക് സാധ്യത;ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു ടീം കേരളത്തിലെത്തി
തിരുവനന്തപുരം:കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ അഞ്ച് ടീം കേരളത്തിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വയനാട്, പാലക്കാട്,ഇടുക്കി,പത്തനംതിട്ട,കോഴിക്കോട് എന്നീ ജില്ലകളിലാണ് എന്‍ ഡി ആര്‍ എഫ് സംഘത്തെ വിന്ന്യസിക്കുന്നത്.നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ തുടരുന്നുണ്ട്. ആവശ്യമെങ്കില്‍ കേരളത്തിലേക്ക് അയക്കാന്‍ പത്ത് ടീമിനെ കൂടി സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയിട്ടുണ്ടോ എന്ന് പ്രവേശന മേല്‍നോട്ട സമിതി അന്വേഷിക്കണം.അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നിരീക്ഷണം കഴിഞ്ഞ തവണ സുപ്രീംകോടതി നടത്തിയിരുന്നു.എന്നാല്‍ പ്രവേശന മേല്‍നോട്ടസമിതി അന്വേഷണം നടത്തട്ടേയെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 2016- 2017 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട 150 വിദ്യാര്‍ഥികളില്‍ നിന്ന് തലവരിപണം വാങ്ങിയിട്ടുണ്ടോ വാങ്ങിയ തുക എത്രയാണ് അത് ഇരട്ടിയായി തിരികെ നല്‍കിയോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പ്രവേശന മേല്‍നോട്ടസമിതി അന്വേഷിക്കേണ്ടത്. 2016-17 വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളെ പുറത്താക്കിയ സുപ്രീംകോടതി തന്നെ ഈ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് കോളേജ് ഇരട്ടിയായി തിരിച്ചുനല്‍കണമെന്ന ഉത്തരവും പുറപ്പെടുവിച്ചിരുന്നു.വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയത് പത്ത് ലക്ഷം രൂപയാണെന്നും 20 ലക്ഷം രൂപ തിരികെ നല്‍കിയെന്നും കോളേജുകള്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടസമിതി അറിയിച്ചത് വിദ്യാര്‍ഥികളില്‍ നിന്ന് 30ലക്ഷം മുതല്‍ 40 ലക്ഷം വരെ വാങ്ങിയിട്ടുണ്ട് എന്നായിരുന്നു.ഈ ആശയക്കുഴപ്പം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കാസർകോട്ട് കനത്ത മഴയും ചുഴലിക്കാറ്റും;വൻ നാശനഷ്ടം;മൊബൈൽ ടവറടക്കം നിലംപൊത്തി
കാസർഗോഡ്:കാസർകോഡ് ഇന്ന് ഉച്ചയോടെയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം.വ്യാഴാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. കനത്ത ഇടിമിന്നലും മഴയ്‌ക്കൊപ്പമുണ്ടായിരുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നു പോയി.കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. ഈ കെട്ടിടത്തിന് തൊട്ടടുത്ത പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിനും ഷീറ്റ് വന്നു പതിച്ച നാശനഷ്ടമുണ്ടായി.ഇവിടെ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്നോളം കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. കാസർകോഡ് പുതിയ ബസ്സ്റ്റാൻഡിന് സമീപം കോട്ടക്കണ്ണിയിൽ മരം വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു.
ശബരിമലയിൽ വീണ്ടും ശക്തമായ മഴ;പമ്പ നദി കരകവിഞ്ഞു;അന്നദാന മണ്ഡപത്തിൽ വെള്ളം കയറി
പമ്പ:ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് പമ്പ നദി വീണ്ടും കരകവിഞ്ഞൊഴുകി. അന്നദാനമണ്ഡപത്തിലേക്ക് വെളളം കയറുകയും ചെയ്തു. കേരളം നേരിട്ട മഹാപ്രളയത്തില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞിരുന്നു. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചിരിക്കുകയാണ്. മഴ വീണ്ടും തുടര്‍ന്നതോടെ മണല്‍ തിട്ട വീണ്ടും വെള്ളം കയറി അടിയിലായി. പമ്പ ഗണപതി ക്ഷേത്രത്തിന്റെ പടിക്കെട്ട് വരെമെത്തുകയും നടപ്പന്തല്‍ മുങ്ങിയ അവസ്ഥയിലുമാണ്. പ്രളയാന്തരം മണല്‍ ചാക്കടുക്കിയാണ് പുഴയുടെ ഒഴുക്കിനെ തിരിച്ചുവിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മണല്‍ചാക്കുകള്‍ ഒഴുകിപ്പോകുന്ന അസ്ഥയുണ്ടായിരുന്നു. തുടര്‍ച്ചയായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസപ്പെടുന്നതിനാല്‍ അടുത്ത മണ്ഡലകാലത്തിന് മുന്‍പായി പണികള്‍ തീര്‍ക്കാനാവുമെന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്.
കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം
മട്ടന്നൂർ:നിർമാണം പൂർത്തിയായ കണ്ണൂർ വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് അവസരം.നാളെ മുതൽ പന്ത്രണ്ടാം തീയതി വരെ ദിവസവും രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് പ്രവേശനം അനുവദിക്കുക.സന്ദർശകർ തങ്ങളുടെ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.സന്ദർശകരുടെ വാഹനങ്ങൾ വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിടണം.ടെർമിനൽ കെട്ടിടത്തിനുള്ളിൽ ഭക്ഷണ സാധനങ്ങൾ അനുവദിക്കുകയില്ല.പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കാൻ പാടില്ല.സുരക്ഷാ സേനയുടെയും ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കണം.
ആശങ്കയുണർത്തി വീണ്ടും ന്യൂനമർദം;സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം:ആശങ്കയുണർത്തി വീണ്ടും ന്യൂനമർദം രൂപപ്പെടുന്നതായി റിപ്പോർട്ട്. അറബിക്കടലിന് തെക്കുകിഴക്കായി ശ്രീലങ്കയ്ക്കടുത്ത് പ്രത്യക്ഷപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയേറുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വ്യാഴാഴ്ചമുതല്‍ ശനിയാഴ്ചവരെ പലയിടങ്ങളിലും അതിശക്തവും ഞായറാഴ്ച തീവ്രവുമായ മഴപെയ്യാന്‍ സാധ്യതയുണ്ട്.ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ഞായറാഴ്ച ശക്തമാവും. തിങ്കളാഴ്ച കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാല്‍, കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഞായറാഴ്ച ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ അതിജാഗ്രതാ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 21 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് കളക്ടര്‍മാരോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഈ ദിവസങ്ങളിൽ അതിശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതിനാലും കടൽ പ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.കടലിൽ പോയിരിക്കുന്ന മൽസ്യത്തൊഴിലാളികൾ വെള്ളിയാഴ്ചയ്ക്ക് മുൻപായി സുരക്ഷിതമായ ഏതെങ്കിലും തീരത്ത് എത്തണമെന്നും നിർദേശിക്കുന്നുണ്ട്.മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.അതിനാൽ ഇത്തരം സ്ഥലങ്ങളിൽ വെള്ളിയാഴ്ചയോടെ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.വെള്ളിയാഴ്ചയ്ക്ക് ശേഷം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്നാർ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും ഇറങ്ങരുത്.മുൻപ് പ്രളയം ബാധിച്ച സ്ഥലങ്ങളിൽ പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും. ഭിന്നശേഷിക്കാരെ സാമൂഹിക സുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിച്ച് ദുരന്ത സാധ്യത മേഖലകളിൽ നിന്നും മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിൽ മദ്യം കഴിച്ച യുവാക്കൾ കുഴഞ്ഞുവീണു മരിച്ചു;വിഷമദ്യമെന്ന് സംശയം
വയനാട്:വയനാട് വെള്ളമുണ്ടയിൽ മദ്യം കഴിച്ച രണ്ടു യുവാക്കൾ കുഴഞ്ഞുവീണു മരിച്ചു.വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പ്രമോദ്(32), ബന്ധുവായ പ്രസാദ്(36) എന്നിവരാണ് മരിച്ചത്. രാത്രി മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.ഇവർ കഴിച്ച മദ്യത്തിൽ വിഷാംശം ഉള്ളതായി സംശയിക്കുന്നുണ്ട്.ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു.പ്രമോദിന്റെ പിതാവ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതും മദ്യം കഴിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. മന്ത്രവാദ ക്രിയകള്‍ നടത്തി വരുന്ന ആളാണ് പ്രസാദിന്റെ പിതാവ് തിഗന്നായി. ഇന്നലെ രാവിലെ 11 മണിക്ക് പൂജക്ക് വന്ന യുവാവ് കൊടുത്ത മദ്യം കഴിച്ച തിഗന്നായി ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് മരിക്കുകയായിരുന്നു.രാത്രി 10 മണിയോടൊയാണ് പ്രസാദ് ബാക്കിയുണ്ടായിരുന്ന മദ്യം സുഹൃത്തുമൊത്ത് കഴിച്ചത്. ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു. പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.
ചാലക്കുടിയിൽ ട്രാക്കിൽ മണ്ണിടിഞ്ഞു;സംസ്ഥാനത്ത് ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകിയോടുന്നു
തൃശൂർ:ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വെ പാലത്തോട് ചേര്‍ന്ന് ട്രാക്കിൽ മണ്ണിടിഞ്ഞു.ഇതേ തുടർന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.മണിക്കൂറില്‍ 10 കിലോമീറ്റര്‍ മാത്രം വേഗത്തിലാണു ട്രെയിനുകള്‍ കടത്തിവിടുന്നത്. ഒറ്റട്രാക്കില്‍ മാത്രമാക്കി നിയന്ത്രിച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ രണ്ടു ട്രാക്കിലും പുനഃസ്ഥാപിച്ചു.എന്നാൽ ട്രെയിനുകൾ പലതും മൂന്നു മണിക്കൂറോളം വൈകിയോടുകയാണ്.ജനശതാബ്ദി, ആലപ്പി എക്സ്പ്രസുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയവ ഏറെനേരം പിടിച്ചട്ടതിനെതുടര്‍ന്നു നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. അങ്കമാലിയില്‍നിന്ന് തൃശ്ശൂര്‍ക്കു പോകുന്ന ട്രാക്കിനു സമീപമാണ് പുഴയരിക് ഇടിഞ്ഞത്. പ്രളയത്തെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഈ ഭാഗത്ത് മെറ്റല്‍ച്ചാക്കുകള്‍ അടുക്കിവെച്ച് ശക്തിപ്പെടുത്തിയാണ് തീവണ്ടികള്‍ കടത്തിവിട്ടിരുന്നത്.