കണ്ണൂർ:കണ്ണൂരിൽ ഇന്നലെ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.കൂർക്കഞ്ചേരി പുന്നവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി(75) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മാവതി.പത്മാവതിയുടെ മകൻ ബിന്ദുലാലും മൂന്നു പേരക്കുട്ടികളും ഇന്നലെ നടന്ന അപകടത്തിൽ മരിച്ചിരുന്നു.വിദേശത്തുള്ള ബന്ധുക്കൾ എത്തി ഇവരുടെ സംസ്ക്കാരം ഞായറാഴ്ച നടത്താനിരിക്കെയാണ് പത്മാവതിയുടെയും മരണം.വിദേശത്ത് ജോലി ചെയ്യുന്ന ബിന്ദുലാൽ ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്.അന്ന് വൈകുനേരം ബന്ധുക്കളുമൊന്നിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ദിലീപിനെ ‘അമ്മ’യിൽ നിന്നും പുറത്താക്കി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്നും പുറത്താക്കി.’അമ്മ പ്രസിഡന്റ് മോഹൻലാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.തൻ ദിലീപിനോട് രാജിക്കത്ത് ആവശ്യപ്പെട്ടതായും ദിലീപ് അത് നൽകിയെന്നും സംഘടനാ രാജിക്കത്ത് സ്വീകരിച്ചതായും മോഹൻലാൽ പറഞ്ഞു.ഇന്നലെ കൊച്ചിയിൽ ചേർന്ന ‘അമ്മ അവൈലബിൾ യോഗത്തിനു ശേഷമാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.ഇതോടെ അമ്മയിലെ പ്രധാനപ്രശ്നത്തിന് പരിഹാരമായെന്നും ഉടന്‍ ജനറല്‍ ബോഡി വിളിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് സംഘടനയില്‍ തുടരുന്നതിനെതിരെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവും അമ്മയിലെ വനിതാഅംഗങ്ങളായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരും വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നത്.രാജിവച്ചവര്‍ക്ക് തിരികെ വരണമെങ്കില്‍ അപേക്ഷിക്കണം. അത് ജനറല്‍ ബോഡിയില്‍ വച്ചിട്ടേ തീരുമാനമെടുക്കൂ. നടിമാര്‍ മാപ്പ് പറയേണ്ടതില്ലെന്നും മോഹൻലാൽ പറഞ്ഞു.എല്ലാ പ്രശ്നങ്ങള്‍ക്കും താനാണ് കാരണക്കാരന്‍ എന്ന് പറയുന്നതില്‍ അതൃപ്തിയുണ്ട്. തന്നെ വേണമെന്നുണ്ടെങ്കിലേ പ്രസിഡന്റായി തുടരുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.ദിലീപ് വിഷയത്തിൽ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെയും സിദ്ധിക്ക് നടത്തിയ വാർത്താസമ്മേളനത്തെയും മോഹൻലാൽ ന്യായീകരിച്ചു.രണ്ടുപേരും തന്നോട് ആലോചിച്ച ശേഷമാണ് മാധ്യമങ്ങളെ കണ്ടതെന്നും മോഹൻലാൽ വിശദീകരിച്ചു.
തളിപ്പറമ്പിൽ എടിഎം കവർച്ച ശ്രമം
തളിപ്പറമ്പ്:തളിപ്പറമ്പിൽ എടിഎം കവർച്ച ശ്രമം.ഏഴാംമൈലില്‍ വടക്കാഞ്ചേരി റോഡിന് എതിര്‍വശത്തുള്ള ബേങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.വളരെ ആസൂത്രിതമായാണ് ഇവിടെ കവർച്ച ശ്രമം നടന്നത്.വ്യാഴാഴ്ച്ച അര്‍ധരാത്രി 12 ന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് കരുതുന്നത്. എടിഎമ്മിന് മുന്നിലെ 2 ലൈറ്റുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്ത് കടന്ന് ക്യാമറക്ക് പെയിന്റടിച്ചു. തുടര്‍ന്ന് എടിഎമ്മിന്റെ ബോഡി കവര്‍ തകര്‍ക്കാനും ശ്രമിച്ചു.എന്നാല്‍ പിന്നീട് മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നാണ് കരുതുന്നത്.എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ തടസമുണ്ടെന്ന് ബേങ്ക് അധിക്യതര്‍ക്ക് മനസിലായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആറോടെ നടത്തിയ പരിശോധനനയിലാണ് കവര്‍ച്ചാ ശ്രമം ബോധ്യമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണശ്രമം നടക്കുമ്ബോള്‍ ഏഴ് ലക്ഷത്തിലേറെ രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നതായി ബേങ്ക് അധികൃതര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ഐഎസ്എൽ;കൊച്ചിയിൽ ഇന്ന് കേരള-ഡൽഹി ഡൈനാമോസ് മത്സരം
കൊച്ചി:കൊച്ചിയിൽ ഇന്ന് നടക്കുന്ന ഐഎസ്എൽ പതിമൂന്നാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും.കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് നാലാംസ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്.ഡല്‍ഹി ഡൈനാമോസ് കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും ഒത്തിണക്കം ഉള്ള ടീം വര്‍ക്കും ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിക്കും എന്നാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.എന്നാല്‍ മുംബൈയ്ക്ക് എതിരായ മത്സരത്തില്‍ പ്രതിരോധത്തില്‍ അവസാന മിനിറ്റുകളില്‍ വന്ന വീഴ്ച ഇക്കുറിയും ആവര്‍ത്തിച്ചാല്‍ വിജയമെന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം തകരും. ഹോംഗ്രൗണ്ടില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ വരുന്ന മഞ്ഞപ്പടയ്ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാനാവില്ല. കൊച്ചിയില്‍ ഇന്നലെ അവസാനവട്ട പരിശീലനവും കഴിഞ്ഞാണ് ഇരുടീമുകളും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നത്.
ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോർഡ് അംഗം
പത്തനംതിട്ട:സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ്.യുവതികള്‍ വന്നാല്‍ നട അടയ്ക്കുമെന്ന സമീപനത്തോട് ദേവസ്വം ബോര്‍ഡിന് യോജിപ്പില്ല. പരികര്‍മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കംവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ലെന്നും ശങ്കരദാസ് കൂട്ടിച്ചേര്‍ത്തു.സന്നിധാനത്ത് പരികര്‍മികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ മേല്‍ശാന്തിമാര്‍ക്ക് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത പരികര്‍മികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യുവതി പ്രവേശനത്തിനെതിരെ വെള്ളിയാഴ്ച രാവിലെയാണ് പരികര്‍മികള്‍ പൂജകള്‍ നിര്‍ത്തിവച്ച് പതിനെട്ടാം പടിക്കുതാഴെ പ്രതിഷേധം സംഘടിപ്പിച്ചത്.
മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു
കാസർഗോഡ്:മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016ല്‍ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്.1967ല്‍ മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിച്ച പി.ബി. അബ്ദുല്‍ റസാഖ് നിലവില്‍ മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. ഏഴുവര്‍ഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കേരള റൂറല്‍ വെല്‍ഫയര്‍ ഡവലപ്‌മെന്റ് സൊസൈറ്റി (ക്രൂസ്) ഡയറക്ടര്‍, ജില്ലാ വികസനസമിതിയംഗം, ജില്ലാ കടവ് സമതിയംഗം, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്ക്കാരം ഇന്ന് വൈകുന്നേരം ആലമ്പാടി ജുമാമസ്ജിദിൽ .
അമൃതസറിൽ ട്രെയിൻ അപകടത്തിൽ 60 പേർ മരിച്ചു
പഞ്ചാബ്:അമൃത്‌സറിൽ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതുകാണാന്‍ ട്രാക്കില്‍ നിന്നവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെ പേര്‍ മരിച്ചു.ദസറ ആഘോഷത്തിന്റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തില്‍ നിന്നവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ ഇടിച്ചു കയറിയത്.അമൃത്സറിലെ ഛൗറാ ബസാറില്‍ വെള്ളിയാഴ്ച വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേക്കു വരികയായിരുന്ന ജലന്ധര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്.അമൃത്സറിലെ റെയില്‍വേ ട്രാക്കിന് 200 അടി അകലെയായിരുന്നു `രാവണ്‍ ദഹന്‍’ എന്ന ചടങ്ങിനായ് വേദിയൊരുക്കിയിരുന്നത്. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങാണത്. ചടങ്ങ് വ്യക്തമായി കാണാനായി നിരവധിയാളുകള്‍ റെയില്‍ ട്രാക്കില്‍ തടിച്ച്‌കൂടിനില്‍ക്കുന്നതിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു.രാവണന്‍റെ രൂപത്തില്‍ തീ പടര്‍ന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന പടക്കങ്ങള്‍ പൊട്ടിത്തുടങ്ങി. ഇതോടെ ട്രെയിന്‍ വരുന്ന ശബ്ദം ആളുകള്‍ കേട്ടില്ല. ഇത് താഴേയ്ക്ക് വീണ് അപകടം ഒഴിവാക്കാനായും ആളുകള്‍ ട്രാക്കിലേക്ക് മാറി നിന്നിരുന്നു. ഇതിനിടെ വേഗത്തിലെത്തിയ ട്രെയിന്‍ ആളുകള്‍ക്കിടയിലൂടെ പാഞ്ഞുകയറുകയായിരുന്നു.ചടങ്ങ് സംഘടിപ്പിച്ചതില്‍ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. ട്രെയിന്‍ വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുകയോ ലെവല്‍ ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ സംഭവസ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം കനത്തു;യുവതികൾ പോലീസ് സംരക്ഷണയിൽ മലയിറങ്ങുന്നു;തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമ
ശബരിമല:കനത്ത പ്രതിഷേധത്തിനൊടുവിൽ യുവതിൽ പോലീസ് കാവലിൽ മലയിറങ്ങുന്നു.അവിശ്വാസികൾ മലകയറിയാൽ നട അടച്ചിടുമെന്ന് തന്ത്രി വ്യക്തമാക്കിയതിനെതുടര്‍ന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും മലയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്.യുവതികളുമായി സന്നിധാനത്തുനിന്നും തിരിച്ചിറങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. എത്തിയത് ഭക്തര്‍ അല്ലെന്നും അതിനാല്‍ അവരെ തിരിച്ചിറക്കണം എന്നുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് യുവതികളുമായി പൊലീസ് തിരിച്ച് പമ്ബയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. കൂകി വിളിച്ചാണ് തിരിച്ചിറങ്ങുന്ന യുവതികളെ സമരക്കാര്‍ വരവേല്‍ക്കുന്നത്. യുവതികള്‍ക്ക് നേരെ അക്രമം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ഇവര്‍ക്ക് വീട് വരെ സുരക്ഷ ഒരുക്കും എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.യുവതികൾ പ്രവേശിക്കുന്നത് തടയാനായി പരികര്‍മികളും പതിനെട്ടാം പടിക്ക് താഴെ നിന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ മന്ത്രങ്ങളുമായി പതിനെട്ടാം പടിയില്‍ കയറാൻ കഴിയാത്ത വിധമാണ് പരികര്‍മിമാര്‍ പ്രതിഷേധം നടത്തിയത്.അതേസമയം, തിരിച്ചുപോകാതെ നിവൃത്തിയില്ലെന്നാണ് രഹന ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞത്. മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട് എങ്കിലും സാധിക്കുന്നില്ല എന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹന ഫാത്തിമ പറഞ്ഞു.
ശബരിമലയിൽ പൂജ നിർത്തിവെച്ച് പരികർമികളുടെ പ്രതിഷേധം;അവിശ്വാസികൾ മലചവിട്ടിയാൽ നടയടച്ചിടുമെന്ന് തന്ത്രി

ശബരിമല ദർശനത്തിനെത്തിയത് കിസ് ഓഫ് ലവ് പ്രവർത്തക രഹ്ന ഫാത്തിമ;ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വംമന്ത്രി
പത്തനംതിട്ട:കനത്ത പോലീസ് കാവലിൽ ഇന്ന് മലചവിട്ടാനെത്തിയത് തെലുങ്ക് ടിവി ചാനൽ റിപ്പോർട്ടർ കവിതയും കൊച്ചി സ്വദേശിനിയായ രഹ്ന ഫാത്തിമയും.മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടറാണ് കവിത.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് കവിത സന്നിധാനത്തേക്ക് പോകാന്‍ തീരുമാനിച്ചത്.വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പൊലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ രഹ്നാ ഫാത്തിമയും എത്തി. ഇരുവരേയും കൊണ്ടു പോകാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതിയും നല്‍കി.ഇതേത്തുടര്‍ന്ന് രാവിലെ പമ്ബയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു രാവിലെ ഐജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. പമ്ബയില്‍ നിന്ന് കാനന പാതയില്‍ എത്തുമ്ബോഴേക്കും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് പൊലീസും പ്രതീക്ഷിച്ചത്. എന്നാൽ പിന്നീടാണ് മാദ്ധ്യമപ്രവർത്തകയുടെ കൂടെയുള്ള യുവതി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയാണെന്ന് പ്രതിഷേധക്കാർ മനസ്സിലാക്കിയത്.രഹ്നാ ഫാത്തിയമാണ് എത്തുന്നതെന്ന് അറിഞ്ഞതോടെ വിശ്വാസികള്‍ സന്നിധാനത്ത് ഒത്തുകൂടി.ഇവരെ തടയാന്‍ പൊലീസിനായില്ല. ഇതോടെ നടപന്തലില്‍ വിശ്വാസികള്‍ കിടന്നു. അയ്യപ്പ മന്ത്രങ്ങള്‍ ഉയര്‍ന്നു. ആരും തെറി വിളിച്ചില്ല. ഇതോടെ പൊലീസ് വെട്ടിലായി. നടപന്തലില്‍ എത്തിയതോടെ ശ്രീജിത്തിനും കാര്യങ്ങള്‍ മനസ്സിലായി. അയ്യപ്പഭക്തരെ അനുനയിപ്പിച്ച ശേഷം മുമ്ബോട്ട് പോകാന്‍ ശ്രമിച്ചു. എന്നാല്‍ എതിര്‍പ്പ് ശക്തമാണെന്ന് വന്നതോടെ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. രഹ്നാ ഫാത്തിമയെ പതിനെട്ടാംപടി കയറ്റിക്കുന്നത് കേരളത്തില്‍ കലാപമായി മാറുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും തിരിച്ചറിഞ്ഞു. സംസ്ഥാനത്തുടനീളം പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും വ്യക്തമായി. ഇതോടെ രഹ്നയെ മുൻപോട്ട് കൊണ്ടു പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിവരം ഐജിക്ക് കൈമാറുകയും ചെയ്തു.അതേസമയം യുവതികള്‍ പതിനെട്ടാം പടി ചവുട്ടിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി എന്‍ നാരായണ വര്‍മ തന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്ബ് അവരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി.