തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം(1), കൊല്ലം(1), എറണാകുളം(2), തൃശ്ശൂർ(2), ആലപ്പുഴ(2) എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 37ആയി. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. തൃശ്ശൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.യുകെയിൽ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയ മൂന്ന് വയസുള്ള പെൺകുട്ടിക്കുൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.എയർപോർട്ടിലെ കൊറോണ പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.റഷ്യയിൽ നിന്നും ഡിസംബർ 22ന് തിരുവനന്തപുരത്തെത്തിയ ആൾക്കും, ഡിസംബർ 16ന് നമീബിയയിൽ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബർ 17ന് ഖത്തറിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനിക്കും, 11ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിക്കും ഒമിക്രോൺ ആണെന്ന് പരിശോധനയിൽ കണ്ടെത്തി.കെനിയയിൽ നിന്നും 13ന് എറണാകുളത്തെത്തിയ തൃശ്ശൂർ സ്വദേശി, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശ്ശൂർ സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥീരികരിച്ച വ്യക്തി രോഗമുക്തി നേടി.യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയായ 39 കാരനാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ നെഗറ്റീവായെന്ന് കണ്ടെത്തിയിരുന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഈ മാസം 30 ന് മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക്
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഈ മാസം 30 ന് മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക്.ഭാരതീയ മസ്ദൂര്‍ സംഘ് നേതൃത്വം നല്‍കുന്ന മോട്ടോര്‍ ഫെഡറേഷനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുക, , മോട്ടോര്‍ തൊഴിലാല്‍കള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കുക, സിഎന്‍ജി വാഹനങ്ങളുടെ കാലിബ്രേഷന്‍ പരിശോധന കേരളത്തില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.കേരളാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുരാജ്, കേരളാ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്ബി, കേരളാ പ്രദേശ് ഓട്ടോറിക്ഷാ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎന്‍ മോഹനന്‍ എന്നിവരാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കി; മാതാപിതാക്കള്‍ അറസ്റ്റിൽ
കോഴിക്കോട്: മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിൽ മാതാപിതാക്കള്‍ അറസ്റ്റിൽ.കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവ് അജിത, പിതാവ് അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് ഇവരുടെ സുഹൃത്ത് റിനീഷ് നേരത്തേ അക്രമത്തിന് ഇരയായിരുന്നു.ഡിസംബര്‍ 12 നാണ് ക്വട്ടേഷന്‍ സംഘം റിനീഷിനെ ആക്രമിച്ചത്. തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.അക്രമ സമയത്ത് കാരണം വ്യക്തമായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാരണം പുറത്തുവന്നത്.
വഡോദരയിൽ രാസവസ്തു നിർമ്മാണ ശാലയിൽ സ്‌ഫോടനം; നാല് മരണം
ഗുജറാത്ത്: വഡോദരയിലെ രാസവസ്തു നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.മകർപുരയിലെ കാന്റൺ ലബോറട്ടറിയിലായിരുന്നു സ്‌ഫോടനമുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗ്ലാദേശില്‍ കപ്പലിന് തീപിടിച്ച് 37 പേര്‍ മരിച്ചു
ധാക്ക:ബംഗ്ലാദേശില്‍ കപ്പലിന് തീപിടിച്ച് 37 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പൊള്ളലേറ്റു.ധാക്കയില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് ജാലകത്തിക്ക് സമീപമാണ് ദുരന്തം നടന്നത്.ഇതുവരെ 37 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ കടലിലേക്ക് ചാടിയവരും മുങ്ങിമരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.എഞ്ചിന്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. 310 പേരെ വഹിക്കാന്‍ കഴിയുന്ന കപ്പലില്‍ 500 പേരോളം ഉണ്ടായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ 100 പേരെ ബാരിസലിലെ ആശുപത്രികളിലേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി.ഒബിജാൻ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിൽ നിന്നും ബർഗുണയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
കണ്ണൂരിൽ 45 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതായി പരാതി; ആശുപത്രിക്കെതിരെ കേസെടുത്തു
കണ്ണൂർ:45 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതായി പരാതി.സംഭവത്തിൽ ആശുപത്രിക്കെതിരെ കേസെടുത്തു.മട്ടന്നൂരിലെ ആശ്രയ ആശുപത്രിക്കെതിരെയാണ് കേസ്.ഡിസംബർ പതിനെട്ടിനാണ് മട്ടന്നൂർ സ്വദേശിയായ യുവാവ് കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാൻ ആശുപത്രിയിൽ എത്തിയത്. നവംബറിൽ കാലാവധി കഴിഞ്ഞ പോളിയോ മരുന്നാണ് കുഞ്ഞിന് ആശുപത്രിയിൽ നിന്നും നൽകിയത്. കുഞ്ഞിന് ആശുപത്രിയിൽ നിന്ന് നൽകുന്ന കാർഡിലെ സ്റ്റിക്കറിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ എത്തി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് വീട്ടുകാരും അറിയുന്നത്. സംഭവത്തിൽ ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇവർ പരാതി നൽകിയിരുന്നു. ആശുപത്രി അധികൃതരോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അവർ മോശമായാണ് സംസാരിച്ചതെന്നും, അതിന് ശേഷമാണ് പരാതി നൽകിയതെന്നും കുട്ടിയുടെ രക്ഷിതാവ് വ്യക്തമാക്കി.പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് പോലീസ് കേസെടുത്തത്.
രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച; വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി; പ്രോട്ടോകോൾ ലംഘനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യാ രാജേന്ദ്രന്റെ കാർ കയറ്റിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനും ജനറൽ ആശുപത്രിയ്‌ക്കും ഇടിയിൽവെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്.രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേര്‍സ് മുതല്‍ മേയറുടെ വാഹനം സഞ്ചരിച്ചിരുന്നു.വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു. ഇതോടെ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല. ഇതോടെ, മേയറുടെ വാഹനം കയറ്റിയ പ്രവൃത്തി വിവാദമായി മാറിയിരിക്കുകയാണ്. അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി.
ആലുവയിൽ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി:ആലുവയിൽ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്.കോട്ടപ്പുറം കെഇഎംഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന. ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്കടവിനു സമീപത്തുനിന്നാണ് വിദ്യാര്‍ഥിനിയെ കാണാതായത്. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് തടിക്ക കടവിനു സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച സ്‌കൂളില്‍ പോയ നന്ദനയെ വൈകിട്ട് മൂന്നു മണിയോടെയാണു കാണാതായത്. കുട്ടിയുടെ സ്‌കൂള്‍ ബാഗ് പെരിയാര്‍ തീരത്തു നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കുട്ടി പെരിയാര്‍ തീരത്തേക്കു പോകുന്നതു കണ്ടെത്തിയിരുന്നു.പെരിയാറിന്റെ തീരത്ത് ഉച്ചയ്ക്ക് കുട്ടിയെ കണ്ടതായി ചില പ്രദേശവാസികളും മൊഴി നല്‍കിയിരുന്നു.നന്ദനയുടേത് ആത്മഹത്യ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ(94) അന്തരിച്ചു.ചെന്നൈയിലെ വസതിയിൽ അർദ്ധരാത്രിയോടെയായിരുന്നു മരണം. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, പണി തീരാത്ത വീട്, മിണ്ടാപ്പെണ്ണ് എന്നിവയാണ് പ്രധാന മലയാള സിനിമകൾ.മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സിനിമ മേഖലയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2009 ൽ ജെ.സി ഡാനിയേൽ പുരസ്‌കാരം നൽകിയാണ് സേതുമാധവനെ ആദരിച്ചത്.നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.1931 ൽ സുബ്രഹ്മണ്യം- ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട് ജില്ലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വിക്ടോറിയ കോളേജിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സിനിമയെന്ന മോഹവുമായി ചെന്നൈയിലേക്ക് തിരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ കെ രാമനാഥിന്റെ അസിസ്റ്റന്റ് ആയായിരുന്നു തുടക്കം. പിന്നീട് എൽ എസ് പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു തുടങ്ങിയവരുടെ അസിസ്റ്റന്റായും പ്രവർത്തിച്ചു.1960 ലാണ് സ്വന്തമായി ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നത്. ജ്‌ഞാനസുന്ദരിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍.
കണ്ണൂർ മാട്ടൂലിൽ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂർ: മാട്ടൂൽ സൗത്ത് ഫിഷര്‍മെന്‍ കോളനിക്കടുത്ത് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍.മാട്ടൂല്‍ സൗത്തിലെ തൈവളപ്പില്‍ സാജിദ് (30), തൈവളപ്പില്‍ റംഷിദ് (30) എന്നിവരെയാണ് പഴയങ്ങാടി സി.ഐ എം.ഇ. രാജഗോപാല്‍, എസ്.ഐ കെ. ഷാജു എന്നിവര്‍ ചേർന്ന് കസ്റ്റഡിയിലെടുത്തത്.മാട്ടൂല്‍ സൗത്തിലെ പരേതനായ കെ.ഇ. കുഞ്ഞഹമ്മദ്-ഹലീമ ദമ്പതികളുടെ മകന്‍ കടപ്പുറത്ത് ഹിഷാം അഹമ്മദാണ് (31) ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ കുത്തേറ്റുമരിച്ചത്. ഒന്നാം പ്രതിയായ സാജിദിന്റെ ബന്ധുവായ പെണ്‍കുട്ടിയെ, കൊല്ലപ്പെട്ട ഹിഷാമിന്റെ ബന്ധു ശല്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.ഹിഷാമിെന്‍റ സുഹൃത്ത് ഷക്കീബിനും പരിക്കേറ്റിരുന്നു. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹിഷാമിെന്‍റ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപതിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാട്ടൂല്‍ സൗത്ത് മുഹിയദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.