News Desk

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസം

keralanews tomorrow working day for schools in the state

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു.പ്രാദേശികമായി അവധി നൽകിയിട്ടുണ്ടെങ്കിൽ അത് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടിരുന്നു.ഇതേതുടർന്ന് ശനിയാഴ്ചകളിൽ പ്രവൃത്തിദിവസമാക്കി ഇതിനു പരിഹാരം കാണുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ പ്രവൃത്തിദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം;ആദ്യ സ്വർണ്ണം തിരുവനന്തപുരത്തിന്

keralanews 62nd state school sports festival started today first gold medal to thiruvananthapuram

തിരുവനന്തപുരം:അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം.വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെയാണ് മേളയ്ക്ക് തുടക്കമായത്.2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മേളയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി.ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫാറൂക്കിലൂടെ മേളയിലെ ആദ്യ സ്വർണ്ണം തിരുവനന്തപുരം കരസ്ഥമാക്കി.കോതമംഗലം മാർ ബസേലിയോസിലെ എം.വി അമിത്തിനാണ് രണ്ടാം സ്ഥാനം.3000 സീനിയര്‍ ആണ്കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. (സി എം ടി മാത്തൂര്‍ പാലക്കാട്). ജൂനിയര്‍ പെൺകുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വര്‍ണ്ണം നേടി.തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്ബ്യന്‍മാര്‍.

ഈ അധ്യയനവർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ ആലോചന

keralanews plan to conduct s s l c and plus two exam together in this academic year

തിരുവനന്തപുരം:ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ ആലോചന.മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന എസ്എസ്എൽസി പരീക്ഷ ഇത്തവണ രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് ആലോചന. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച്‌ നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ രാവിലെയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.എസ്‌എസ്‌എല്‍സി പരീക്ഷ രാവിലെയാക്കണമെന്ന ശുപാര്‍ശ നേരത്തെ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് ഗുണനിലവാര സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വൈകുകയായിരുന്നു. പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ നേരത്തെ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടിയപ്പോള്‍, ചോദ്യപേപ്പര്‍ രാവിലെ സ്‌കൂളുകളില്‍ എത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചത്.നിലവില്‍ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷദിവസം രാവിലെ പുറത്തെടുത്താണ് സ്കൂളുകളിൽ എത്തിക്കുന്നത്.പരീക്ഷ രാവിലെയാക്കിയാല്‍ ചോദ്യപേപ്പര്‍ ട്രഷറികളില്‍നിന്ന് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ചോദ്യപേപ്പര്‍ ട്രഷറികളിലും പിന്നീട് സ്‌കൂളുകളിലും എത്തിക്കുന്നതിനായി ഒരുകോടി രൂപയോളമാണ് സര്‍ക്കാരിന് ചെലവ് വരുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

keralanews the kerala high court has dismissed the plea seeking to extend the entry of women in sabarimala

കൊച്ചി:ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ട് പി.ഡി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. ആ നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നബ്യാരുമുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിക്കാരനോട് കോടതി സൂചിപ്പിച്ചു. മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ സ്‌ത്രീ പ്രവേശനം  നടപ്പാക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.അതിനാൽ മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ഉറപ്പാക്കും വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശിച്ചാണ് ഹർജി സമർപ്പിക്കപ്പെട്ടത്.

ശബരിമല സംഘർഷം;ഇതുവരെ 1407 പേർ അറസ്റ്റിൽ;നാളെ ബിജെപിയുടെ സ്റ്റേഷൻ മാർച്ച്

keralanews sabarimala conflict 1407persons arrested bjp station march tomorrow

പത്തനംതിട്ട:ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 1407 പേർ അറസ്റ്റിലായി.ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 258 കേസുകളും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍  പലരും അറസ്റ്റിലായി.ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ പട്ടിക പൊലീസ് ഉടൻ പുറത്തുവിടും.കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയില്‍വെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.  അതേസമയം കൂട്ടഅറസ്റ്റിൽ പ്രതിഷേധിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാളെ മാര്‍ച്ച്‌ നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. കൂടാതെ പോലീസിന്റെ നടപടിക്കെതിരായി കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചു.ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആകെ 146 കേസുകളിലായി കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദ്ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങാൻ അമിത് ഷാ

keralanews amith sha will be the first person to land in kannur airport

കണ്ണൂര്‍: ഉദ്ഘാടനത്തിന് മുൻപ് തന്നെ  കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തുന്ന അമിത് ഷാ 27ന് പ്രത്യേക വിമാനത്തില്‍ കണ്ണൂരിലിറങ്ങും. വിമാനയാത്ര സംബന്ധിച്ച്‌ എയര്‍പോര്‍ട്ട് അതോറിട്ടിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അനുമതി ലഭിച്ചുവെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സൂചന.ഉദ്ഘാടന ചടങ്ങിനു ശേഷം പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീട് അമിത് ഷാ  സന്ദര്‍ശിക്കും.തിരിച്ച്‌ 2 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിട്ടിക്ക് അപേക്ഷ നല്‍കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

നായാട്ടുപാറയ്ക്കടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിസിറ്റി സ്ഥാപിക്കാൻ നിർദേശം

keralanews plan to establish international level mediciti near nayattupara

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന് അനുബന്ധമായി പത്തു വ്യവസായ നഗരങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂടാളി,പട്ടാന്നൂർ വില്ലേജുകളിലായി നായാട്ടുപാറയ്ക്കടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിസിറ്റി സ്ഥാപിക്കാൻ നിദേശം.ഈ മേഖലയിൽ 1029 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിർദേശം കിൻഫ്ര സർക്കാരിന് സമർപ്പിച്ചു.വ്യവസായ വകുപ്പിന്റെ പ്രാഥമിക അനുമതി ലഭിച്ചുകഴിഞ്ഞ ഈ സ്ഥലമെടുപ്പിന് ഇനി റെവന്യൂ വകുപ്പിന്റെ അനുമതി വേണം.വിദേശത്തുനിന്നെത്തുന്നവരെ കൂടി ലക്ഷ്യമിട്ട് ആശുപത്രി ശൃംഖല,ആയുർവേദ റിസോർട്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിപുലമായ പദ്ധതിയാണ് ഇവിടെ ലക്ഷ്യമിടുന്നത്.നേരത്തെ അഞ്ചരക്കണ്ടി,പടുവിലായി വില്ലേജുകളിൽ ഇതിനായി 500 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അതിൽ മാറ്റം വരുത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.വിമാനത്താവളത്തിന്റെ റൺവേയുടെ നീളം 4000 മീറ്ററായി വർധിപ്പിക്കാൻ 270 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടത്.ഇതിൽ വ്യവസായ ആവശ്യത്തിനായി ഏറ്റെടുത്ത 500 ഏക്കർ കൂടി ഉൾപ്പെടും.അതിനാൽ വിജ്ഞാപനത്തിൽ മാറ്റം വരുത്തി പുതിയ സ്ഥലം കൂടി ഉൾപ്പെടുത്തി 500 ഏക്കർ ഏറ്റെടുക്കാനും കിൻഫ്ര റെവന്യൂ വകുപ്പിന് അപേക്ഷ നൽകി.പട്ടാന്നൂർ,കീഴല്ലൂർ വില്ലേജുകളിൽ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രദേശത്തിന്റെ സാമൂഹിക,സാമ്പത്തിക പഠനം ആരംഭിച്ചു.കൊളാരി വില്ലേജിൽ 53 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പഠനം പൂർത്തിയായി.കൊളാരി വില്ലേജിൽ മെറ്റടി ഭാഗത്ത് 168 ഏക്കർ ഏറ്റെടുക്കാൻ വ്യവസായ വകുപ്പിന്റെ തീരുമാനം വന്നെങ്കിലും റെവന്യൂ  വകുപ്പിന്റെ ഉത്തരവ് ഇനിയും ലഭിച്ചില്ല.കൊളാരി വില്ലേജിൽ നിലവിലുള്ള കിൻഫ്ര പാർക്കിനോട് ചേർന്നുള്ള 876 ഏക്കർ സ്ഥലവും ഏറ്റെടുക്കും. കുന്നോത്ത്,കൊടോളിപ്രം എന്നിവിടങ്ങളിൽ 313 ഏക്കർ,പടിയൂരിൽ 708 ഏക്കർ എന്നിങ്ങനെയും ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

കോഴിയിറച്ചി വില 170 ലേക്ക്

keralanews chicken price reaches to 170 rupees

കണ്ണൂർ:സംസ്ഥാനത്ത് കോഴിയിറച്ചി വില 170 ലേക്ക് കടക്കുന്നു.തലശ്ശേരിൽ ബുധനാഴ്ച 170 രൂപയാണ് ഒരുകിലോ കോഴിയിറച്ചിയുടെ വില.കണ്ണൂരിൽ 160 രൂപയായും ഉയർന്നു.പ്രളയത്തെ തുടർന്ന് ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിൽ നിന്നുമുള്ള കോഴിവരവ് കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. ഫാമുകളിലും അപൂർവം ചില സ്ഥലങ്ങളിലും മാത്രം 150 രൂപയ്ക്ക് വിൽപ്പന നടക്കുന്നുണ്ട്.വിലവർദ്ധനവിനോടൊപ്പം ചിലയിടങ്ങളിൽ കോഴിക്ക് ക്ഷാമവും നേരിട്ട് തുടങ്ങിയിട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നും കൂടുതലായി കോഴി എത്തിയില്ലെങ്കിൽ വില ഇനിയും വർധിക്കാനാണ് സാധ്യത.മാഹിയിൽ നേരത്തെ കോഴിക്ക് വിലക്കുറവുണ്ടായിരുന്നു.എന്നാൽ ജിഎസ്ടി നിലവിൽ വന്നതോടെ മാഹിയിലും കേരളത്തിലും വിലയിൽ വ്യത്യാസമില്ലാതെയായി.മാഹിയിൽ 160 രൂപയാണ് വില.

ശബരിമലയിലെ അക്രമ സംഭവങ്ങളിൽ വ്യാപക അറസ്റ്റ്

keralanews widespread arrest in sabarimala protest

പത്തനംതിട്ട:സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളിൽ വ്യാപക അറസ്റ്റ്.126 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്ത്. എറണാകുളം റൂറലില്‍ 75 പേരെയും,തൃപ്പൂണിത്തുറയില്‍ 51 പേരുമാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് കൂടുതല്‍ അറസ്റ്റുകളുണ്ടായത്. സംസ്ഥാന ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ശബരിമലയിലെ അക്രമ സംഭവങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്ന 210 പേരുടെ ചിത്രങ്ങള്‍ പത്തനംതിട്ട ജില്ലാ പോലീസ് പുറത്തുവിട്ടിരുന്നു. എല്ലാ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്കു ചിത്രങ്ങള്‍ കൈമാറി. മുഴുവന്‍ പ്രതികളെയും പിടികൂടാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണു നടപടിയെന്നു പോലീസ് അറിയിച്ചു.സംഘം ചേര്‍ന്നുളള അക്രമം, നിരോധനാജ്ഞ ലംഘിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിന്മേലാണ് പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

നോക്കിയ 4ജി 8110 ബനാന ഫോണ്‍ ഇന്ത്യൻ വിപണിയിൽ

keralanews nokia 4g 8110 banana phone launched in indian market

മുംബൈ:നോക്കിയ 4ജി 8110 ബനാന ഫോണ്‍ ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിച്ചു. റീടെയില്‍ ഷോപ്പുകളിലും നോക്കിയ സ്‌റ്റോറുകളിലും ആണ് ഫോണ്‍ ലഭ്യമാകുന്നത്. 5,999 രൂപയാണ് ഫോണിന് വില വരുന്നത്. ബനാന യെല്ലോ,ട്രഡീഷണല്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.45 ഇഞ്ച് ഡിസ്പ്ലേ,512 ജിബി റാം 4ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവയാണ് ഫോണിനുള്ളത്. ഫേസ്ബുക്ക്, വാട്സ്‌ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്റ്, സ്നേക്ക് ഗെയിം എന്നിവയെല്ലാം ഫോണില്‍ ലഭ്യമാണ്. 1,500 എംഎഎച്ചാണ് ബാറ്ററി.എല്‍ഇഡി ഫ്ളാഷ് ലൈറ്റോടുകൂടിയ 2 എംപി റിയര്‍ ക്യാമറയും ഉണ്ട്.