മുംബൈ:ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മുംബൈ സ്വദേശി.താനെ സ്വദേശി അവിനാശ് നിമോൻകറിനാണ് ഇക്കഴിഞ്ഞ ദസറ ഉത്സവകാലത്ത് താൻ സ്വന്തമാക്കിയ മഹിന്ദ്ര ആൻഡ് മഹിന്ദ്ര കമ്പനിയുടെ ഇലക്ട്രിക്ക് കാറായ ഇ വെരിറ്റോയ്ക്ക് ഗ്രീൻ നമ്പർ പ്ലേറ്റ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്നോവേഷൻ ഫോർ മാൻകൈൻഡ്’എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടറും സി ഇ ഒയുമാണ് നിമോൻകാർ.വായുമലിനീകരണം ഇല്ലാതെ പരിസ്ഥിതി സൗഹാർദമായ ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ് ഗ്രീൻ നമ്പർ പ്ലേറ്റ് നൽകുന്നത്.സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് പച്ച നിറമുള്ള പ്രതലത്തിൽ വെള്ള നിറത്തിലുള്ള അക്കങ്ങളിലും മറ്റു വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള അക്കങ്ങളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിമോൻകറിന്റെ അഭിപ്രായത്തിൽ 8-10 മണിക്കൂർ വരെ ചാർജ് ചെയ്യുമ്പോൾ ഏകദേശം 150 കിലോമീറ്റർ വരെ കാറിന് മൈലേജ് ലഭിക്കും.മാത്രമല്ല ഇതിനായി 49 രൂപ മാത്രമേ ചിലവും വരുന്നുള്ളൂ.അന്തരീക്ഷ മലിനീകരണം വളരെ കുറവാണെന്നുള്ളതാണ് കാറിന്റെ മറ്റൊരു പ്രത്യേകത.ഡിസി ചാർജിങ് സ്റ്റേഷനുകളിൽ കാർ ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 45 മിനിറ്റ് എടുക്കും.ഗിയർ ഇല്ല,എൻജിൻ ഇല്ല,ഓയിൽ ചെയ്യേണ്ട ആവശ്യകതയില്ല എന്നിവയും ഇത്തരം ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതയാണ്.ഇന്ധന വിലവർദ്ധനവ് ഇത്തരം കാറുകളെ ബാധിക്കുകയില്ല. ഇത്തരം കാറുകളെ റോഡ് ടാക്സിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഇവയ്ക്ക് രെജിസ്ട്രേഷൻ ഫീസും ആവശ്യമില്ല.മുംബൈ താനെ രജിസ്റ്റർ ഓഫീസിലാണ് വാഹനം രെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം പത്തരലക്ഷം രൂപയാണ് ഇത്തരം കാറുകളുടെ വില.കാറിനായി മഹാരാഷ്ട്ര സർക്കാരിന്റെ ഒരുലക്ഷം രൂപയുടെ സബ്‌സിഡിക്ക് പുറമെ കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള സബ്‌സിഡി സ്കീമായ ഫെയിം(FAME-Faster Adoption and Manufacturing of Hybrid and Electric Vehicle scheme)) ന്റെ 1.38 ലക്ഷം രൂപ സബ്‌സിഡിയും നിമോൻകറിനു ലഭിച്ചു.
സർക്കാരിന്റെ സാലറി ചലഞ്ച്;വിസമ്മതപത്രം വേണ്ടെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു
ന്യൂഡൽഹി:നവകേരള നിര്‍മ്മാണത്തിനായുളള സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. സാലറി ചലഞ്ചില്‍ പങ്കെടുത്ത് പണം നല്‍കാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണം എന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് സുപ്രീം കോടതി ശരിവെച്ചു. ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.വിസമ്മത പത്രത്തിന് വേണ്ടി സര്‍ക്കാര്‍ എന്തിനാണ് വാശി പിടിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. വിസമ്മതപത്രമെന്നത് വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ തങ്ങളും പണം നല്‍കിയിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. പല കാരണങ്ങള്‍ കൊണ്ടും പണം നല്‍കാന്‍ സാധിക്കാത്ത ആളുകളുണ്ടാവും. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല. എന്നാല്‍ അതിന്റെ പേരില്‍ വിസമ്മത പത്രം നല്‍കി അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ പണം ആ ആവശ്യങ്ങള്‍ക്ക് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പില്ല. ആ വിശ്വാസം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.അതേസമയം സാലറി ചലഞ്ചിലെ സുപ്രീം കോടതി വിധി തിരിച്ചടിയാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് സമ്മതിച്ചു. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം പണം ഈടാക്കൂ എന്നും തോമസ് ഐസക് പറഞ്ഞു.അതിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. വടി കൊടുത്ത് അടി വാങ്ങുന്നത് പോലെ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
ആശ്രമത്തിനെതിരായ ആക്രമണം; സന്ദീപാനന്ദഗിരിക്ക് പോലീസ് ഗൺമാനെ ഏർപ്പെടുത്തി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനെതിരെ നടന്ന ആക്രമണത്തിൽ അന്വേഷണം പുരോഗമിച്ചു.ആശ്രമവും വാഹനവും കത്തിച്ചത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായി.അതിനിടെ, ആക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്‍റെ സുരക്ഷയ്ക്കായി ഒരു ഗണ്‍മാനെയാണ് നിയമിച്ചിരിക്കുന്നത്.ഒക്ടോബര്‍ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്.ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അഗ്‌നിക്കിരയാക്കിയ അക്രമികള്‍ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
മീ ടൂവിൽ കുടുങ്ങി രാഹുൽ ഈശ്വറും; ആരോപണവുമായി പെൺകുട്ടി രംഗത്ത്
തിരുവനന്തപുരം:മീ ടൂ ആരോപണത്തിൽ കുടുങ്ങി രാഹുൽ ഈശ്വറും. രാഹുല്‍ ഈശ്വറിനെതിരെ ആരോപണവുമായി പെണ്‍കുട്ടി രംഗത്ത്. പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ രാഹുല്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറിയെന്നാണ് ആരോപണം. നടിയായ പെണ്‍കുട്ടി ഇതിനെപ്പറ്റി വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണാണ് പുറത്ത് വിട്ടിരിക്കുന്നത്.രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്‌ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവം. സുഹൃത്തായിരുന്ന രാഹുല്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇവിടെവെച്ചാണ് രാഹുൽ മോശമായി പെരുമാറിയത്.ആ വീട്ടില്‍ കുടുങ്ങിപ്പോയെന്ന് കരുതി.എന്നാല്‍ കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നു. ഇതോടെ താന്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു
കണ്ണൂർ:കുന്നോത്ത് പറമ്പിൽ കോൺഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വായനാശാല ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്.ഓഫീസിലെ ഉപകരണങ്ങളും കത്തി നശിച്ചു. ഇരുനില കെട്ടിടത്തിന്‍റെ മുകളിലെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല ചാമ്പ്യന്മാർ
തിരുവനന്തപുരം:അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ എതിരാളികളെ ബഹുദൂരം പിന്നലാക്കി എറണാകുളം ജില്ലാ ചാമ്പ്യന്മാരായി.253 പോയിന്റോടെയാണ‌് അവര്‍ പതിമൂന്നാം കിരീടം നേടിയത‌്. 196 പോയിന്റുമായി പാലക്കാടാണ‌് രണ്ടാമത‌്. 101 പോയിന്റുമായി തിരുവനന്തപുരമാണ‌് മൂന്നാമത‌്. ഒരു പോയിന്റ‌് വ്യത്യാസത്തില്‍ കോഴിക്കോട‌് ജില്ല നാലാമതെത്തി.സ്കൂൾ തലത്തിൽ കോതമംഗലം സെന്റ‌് ജോര്‍ജ‌് സ‌്കൂള്‍ ചാമ്ബ്യന്‍ സ‌്കൂളായി.സെന്റ‌് ജോര്‍ജ‌് എച്ച‌്‌എസ‌്‌എസ‌്, മാര്‍ ബേസില്‍ എച്ച‌്‌എസ‌്‌എസ‌് എന്നീ ചാമ്ബ്യന്‍ സ‌്കൂളുകളാണ‌് എറണാകുളത്തിന്റെ മേധാവിത്വത്തിനുപിന്നില്‍. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേര്‍ന്ന‌് 131 പോയിന്റ‌് ജില്ലയ‌്ക്ക‌് നേടിക്കൊടുത്തു.ഏഴ‌് സ്വര്‍ണം നേടിയ മേഴ‌്സി കുട്ടന്‍ അക്കാദമി താരങ്ങള്‍ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതല്‍ക്കൂട്ടായി. സബ‌്ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗങ്ങളിലാണ‌് എറണാകുളം കൂടുതല്‍ മികവ‌് കാട്ടിയത‌്. സബ‌് ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ 59 പോയിന്റും സീനിയര്‍ ആണ്‍വിഭാഗത്തില്‍ 58 പോയിന്റും നേടി. സബ‌്ജൂനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോള്‍, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. കല്ലടി എച്ച‌്‌എസ‌്‌എസ‌് സ‌്കൂളിന്റെ മികവാണ‌് പാലക്കാടിന‌് തുണയായത‌്. 62 പോയിന്റുമായി സ‌്കൂളുകളില്‍ രണ്ടാമതാണ‌് കല്ലടി. പറളി, മുണ്ടൂര്‍ സ‌്കൂളുകള്‍ പിന്നോട്ടുപോയത‌് പാലക്കാടിന്റെ കുതിപ്പിന‌് തടസ്സമായി. കഴിഞ്ഞതവണ മികച്ച രണ്ടാമത്തെ സ‌്കൂളായ സെന്റ‌് ജോസഫ‌്സ‌് എച്ച‌്‌എസ‌്‌എസ‌് പുല്ലൂരാമ്പാറ മങ്ങിയതാണ‌് കോഴിക്കോടിന‌് തിരിച്ചടിയായത‌്. 28 പോയിന്റുമായി ആറാമതാണ‌് ഇത്തവണ പുല്ലൂരാമ്പാറ.
വീട്ടുമുറ്റത്ത് സ്വന്തമായി ഉണ്ടാക്കിയ ചിതയിൽ ചാടി വീട്ടമ്മ ജീവനൊടുക്കി
തുറവൂർ:വീട്ടുമുറ്റത്ത് സ്വന്തമായി ഉണ്ടാക്കിയ ചിതയിൽ ചാടി വീട്ടമ്മ ജീവനൊടുക്കി. വീട്ടുമുറ്റത്ത് വീട്ടുമുറ്റത്ത് ഇഷ്ടിക ചതുരത്തില്‍ അടുക്കി അതിനു മുകളില്‍ മൂന്ന് പാളിയുള്ള തെങ്ങിന്‍ നിര്‍മ്മിത ജനല്‍ വച്ച് ഉള്ളില്‍ വിറകും മറ്റും ഇട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചാടുകയായിരുന്നു.കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.മകനുമായി അകന്ന് രണ്ട് വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുയായിരുന്നു ലീല. തീ ഉയരുന്നതു കണ്ട് ഓടിയെത്തിയെത്തിയ അയല്‍വാസികള്‍ ആദ്യം അന്വേഷിച്ചത് ലീലയെയാണ്.വീട്ടിലില്ലെന്ന് തോന്നിയതോടെ തീ കെടുത്തിയപ്പോഴാണ് ലീലയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.മുറ്റത്തിന് സമീപത്തു നിന്നും മണ്ണെണ്ണയുടെ രണ്ട് ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തു.പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ മെഡി. ആശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: സാലി, സദു.
188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യൻ വിമാനം കടലില്‍ തകര്‍ന്നുവീണു
ജക്കാര്‍ത്ത:188 യാത്രക്കാരുമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പുറപ്പെട്ട വിമാനം കടലില്‍ തകര്‍ന്നുവീണു. പ്രദേശിക സമയം രാവിലെ 6.20 ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 6.33 നാണ് വിമാനവുമായി അവസാനം ആശയ വിനിമയം നടത്തിയത്. വിമാനം തകര്‍ന്നു വീണതായി റസ്‌ക്യൂ ഏജന്‍ജി വക്താവ് യൂസുഫ് ലത്തീഫാണ് സ്ഥിരീകരിച്ചത്.ലയണ്‍ എയര്‍ കമ്ബനിയുടെ ബോയിംഗ് 737 മാക്‌സ് 8 മോഡല്‍ വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കാല്‍ പിനാങ്കിലേക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ ജാവ കടലിന് സമീപത്ത് വച്ചാണ് വിമാനം കാണാതാവുകയായിരുന്നു.വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പറന്നുയരുമ്ബോള്‍ വിമാനത്തില്‍ 188 പേര്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.
ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ‘മാരാർജി ഭവൻ’ അമിത് ഷാ ഉൽഘാടനം ചെയ്തു
കണ്ണൂർ:ഉത്സവാന്തരീക്ഷത്തിൽ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ‘മാരാർജി ഭവൻ’ ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൽഘാടനം ചെയ്തു.രാവിലെ 11 മണിയോടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ അമിത് ഷാ അവിടെ നിന്നും കാർ മാർഗം 12.25 ന് തളിക്കാവിലെ മാരാർജി ഭവനിലെത്തി.ഇവിടെ സംസ്ഥാന നേതാക്കൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ അണ്ടല്ലൂരിലെ സന്തോഷിന്റെ മകൾ വിസ്മയയും പയ്യന്നൂരിലെ രാമചന്ദ്രന്റെ മകൾ ദേവാംഗനയും ചേർന്ന് അമിത് ഷായ്ക്ക് തിലകം ചാർത്തി.തുടർന്ന് പഞ്ചവാദ്യത്തിന്റെയും തായമ്പകയുടെയും അകമ്പടിയോടെ മാരാർജി ഭവാനിലെത്തിയ അദ്ദേഹം വരാന്തയിൽ തയ്യാറാക്കിയ കൂറ്റൻ നിലവിളക്കിൽ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു.പിന്നീട് അടച്ചിട്ട ഓഫീസ് മുറിയിൽ പ്രധാന നേതാക്കളുമായി 15 മിനിറ്റ് ചർച്ച നടത്തി.തുടർന്ന് ഓഫീസിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഓഫീസിന്റെ വലതുഭാഗത്തായി വെങ്കലത്തിൽ നിർമിച്ച ബലിദാനി സ്‌മൃതികുടീരം അനാച്ഛാദനം ചെയ്തു.സ്‌മൃതിമണ്ഡപത്തോടു ചേർന്നുള്ള കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തുകയും ചെയ്തു.തുടർന്ന് ബുള്ളറ്റ് പ്രൂഫ് കാറിൽ സമ്മേളനം നടക്കുന്ന താളിക്കാവ് മൈതാനത്തേക്ക് പോയി.പൊതുയോഗത്തിനു ശേഷം വേദിവിട്ടിറങ്ങിയ അമിത് ഷാ ബലിദാനികളുടെ കുടുംബത്തോടും ബിജെപി നേതാക്കളോടും സംസാരിച്ചു.ഇതിനിടെ കണ്ണൂരിലെ കൃഷ്ണ ജ്വൽസ് ഡയറക്ടർ സി.വി രവീന്ദ്രനാഥ് ശ്രീചക്രയുടെ മൊമെന്റോ അമിത് ഷായ്ക്ക് സമ്മാനിച്ചു.സ്‌മൃതി മണ്ഡപം രൂപകൽപ്പന ചെയ്ത ശില്പി പ്രശാന്ത് ചെറുതാഴം കതിവന്നൂർ വീരന്റെ മാതൃകയിലുള്ള വെങ്കല പ്രതിമ അമിത ഷായ്ക്ക് കൈമാറി.ബിജെപി ജില്ലാ കമ്മിറ്റിയും അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എ ശ്രീധരൻ പിള്ള,സി.കെ പദ്മനാഭൻ ,എ.എൻ രാധാകൃഷ്ണൻ,ശോഭ സുരേന്ദ്രൻ,കെ.സുരേന്ദൻ,എം.സി രമേശ്,പി.സി മോഹനൻ,കെ.പി ശ്രീശൻ,വി.കെ സജീവൻ,ആർഎസ്എസ് നേതാക്കളായ കെ.കെ ബൽറാം,വത്സൻ തില്ലങ്കേരി,വി.കെ ശശിധരൻ,എ.വി ശ്രീധരൻ എന്നിവർ ജില്ലാ കമ്മിറ്റി ഓഫീസിൽ അമിത്ഷായെ സ്വീകരിച്ചു.
സംസ്ഥാന സ്കൂൾ കായികമേള ഇന്ന് അവസാനിക്കും; എറണാകുളം ജില്ല കിരീടത്തിലേക്ക്
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേള ഇന്ന് അവസാനിക്കും.രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 22 സ്വര്‍ണമടക്കം 210 പോയിന്റോടെ കിരീടം ഉറപ്പിച്ചിരിക്കുകയാണ് എറണാകുളം.രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണ്. 77 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുകയാണ്. 69 ഇനങ്ങളിലാണ് ഇന്നലെ മത്സരങ്ങള്‍ നടന്നത്. കായികമേളയുടെ അവസാനദിനമായ ഇന്ന് 27 ഫൈനലുകളാണുള്ളത്.തിരുവനന്തപുരം (67), തൃശൂര്‍ (54), എന്നീ ജില്ലകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.കോട്ടയം (36), ആലപ്പുഴ (26), കൊല്ലം (24), മലപ്പുറം (19), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍ഗോഡ് (8), പത്തനംതിട്ട (6) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.സ്‌കൂളുകളില്‍ എഴ് സ്വര്‍ണവും, ആറു വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 55 പോയിന്റുമായി സെന്റ് ജോര്‍ജ് കോതമംഗലം ഒന്നാമതായി തുടരുകയാണ്. നിലവിലെ ചാമ്ബ്യന്മാരായ മാര്‍ ബേസിലിനെ പിന്തള്ളിയാണ് സെന്റ് ജോര്‍ജ് ഒന്നാമതായത്. 44 പോയിന്‌റുമായി ഇവര്‍ രണ്ടാമതാണ്.