News Desk

നിരോധിത കൃത്രിമ നിറം ചേർത്ത 1500 കിലോ ശർക്കര പിടികൂടി

keralanews seized 1500kg of jaggery mixed with prohibited artificial color

ഇരിട്ടി:നിരോധിത കൃത്രിമ നിറം ചേർത്ത 1500 കിലോ ശർക്കര പിടികൂടി.ഇരിട്ടിയിൽ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണറുടെ നേതൃത്വത്തിൽ ശേഖരിച്ച സാമ്പിളിലാണ് കൃത്രിമ നിറം ചേർത്തതായി കണ്ടെത്തിയത്.ഇതേ തുടർന്ന് വിൽപ്പനയ്ക്കായി വെച്ചിരുന്ന 1500 കിലോ ശർക്കര പിടിച്ചെടുത്ത് നശിപ്പിച്ചു.ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി നിയമപ്രകാരം നിരോധിച്ച കൃത്രിമനിറമായ റോഡൊമിൻ ബി അടങ്ങിയ ശർക്കരയാണ് നശിപ്പിച്ചത്.ഇവ ഉള്ളിലെത്തിയാൽ കുട്ടികളിൽ ജനിതകമാറ്റം,ക്യാൻസർ എന്നിവയ്ക്ക് കാരണമാകും.ശർക്കര സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി നിയമാനുസരണം സാമ്പിൾ എടുക്കുകയും ഇത് കോഴിക്കോട്ടെ ഫുഡ് അനലിസ്റ്റ് പരിശോധിച്ച്‌ റിപ്പോർട്ട് നൽകുകയുമായിരുന്നു.ഈ കൃത്രിമ നിറം ചേർക്കുന്നത് ഒരുകൊല്ലം വരെ ജയിൽ ശിക്ഷയും മൂന്നുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.അധികം നിറം,കൂടുതൽ ചുവപ്പ്‌നിറം, പെട്ടെന്ന് പൊടിഞ്ഞു പോകുന്നത്,വെള്ളത്തിൽ അലിയുമ്പോൾ നിറം ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള ശർക്കര ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം

keralanews the government will have to merge ration shops with fewer number of cards

തിരുവനന്തപുരം:കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം.ഇത്തരം റേഷൻ കടകൾ പൂട്ടി ഇവിടുത്തെ കാർഡുകൾ തൊട്ടടുത്ത റേഷൻ കടകളിൽ ലയിപ്പിക്കാനാണ് തീരുമാനം.നവംബർ പത്തിനകം ഇത്തരം കടകളുടെ കണക്കെടുത്ത് റിപ്പോർട്ട് നല്കാൻ സർക്കാർ സിവിൽ സപ്പ്ളൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആറു ജില്ലകളിലെ കണക്കെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു.ഇ പോസ് മെഷീൻ നിലവിൽ വന്നതോടെ ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നായതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ചിലയിടങ്ങളിൽ 400 കാർഡുകൾ വരെ ഉണ്ടായിരുന്ന കടകളിൽ ഇപ്പോൾ നൂറും നൂറ്റമ്പതും മാത്രമായി ചുരുങ്ങിയിട്ടുണ്ട്.ഇവരോട് കടകൾ ഒഴിവാക്കി കാർഡുകൾ തൊട്ടടുത്ത കടകളിലേക്ക് ലയിപ്പിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. ഒരുതാലൂക്കിൽ ഇത്തരത്തിൽ നൂറിലധികം കടകൾ വരെ ഒഴിവാക്കപ്പെട്ടേക്കാം.നിലവിൽ 16000 രൂപയാണ് സർക്കാർ കടയുടമകൾക്ക് മാസവേതനം നൽകുന്നത്.കടകൾ കുറയുന്നതോടെ ഈ തുകയിനത്തിലും സർക്കാരിന് നേട്ടമുണ്ടാകും.ലയനം വഴി കൂടുതൽ കാർഡുകൾ ലഭിക്കുന്ന കടക്കാർക്ക് മാസവേതനത്തോടൊപ്പം കമ്മീഷനും നൽകും.പൂട്ടുന്നതിൽ എതിർപ്പുള്ള കടയുടമകളോട് കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.

പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

keralanews prime minister dedicated the patel statue to the nation

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്മരണാര്‍ഥം നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രതിമയ്ക്ക് സമീപം നിര്‍മ്മിച്ചിട്ടുള്ള ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനച്ചടങ്ങുകളുടെ സമയത്ത് വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണ പതാകയുടെ ചിത്രം വരച്ചതും കൗതുകമുണര്‍ത്തി. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റര്‍, പൂക്കളുടെ താഴ്‌വര തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് പ്രതിമ സമുച്ചയം.ഏകതാ പ്രതിമ എന്ന പേരിട്ടിട്ടുള്ള പ്രതിമ പട്ടേലിന്‍റെ 143 മത് ജന്മദിനത്തിലാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.33 മാസമെടുത്താണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാം വി. സുത്തര്‍ രൂപകല്പനയും എല്‍ ആന്‍ഡ് ടി നിര്‍മാണവും നിര്‍വഹിച്ച പ്രതിമയ്ക്ക് 2,989 കോടി രൂപയാണ് ചെലവ്.ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെക്കാളും ബ്രസീലിലെ ക്രിസ്തുപ്രതിമയെക്കാളും അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയേക്കാളുമൊക്കെ ഉയരമുള്ളതാണ് പട്ടേല്‍ പ്രതിമ.അതായത് ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഇനി ഏകതാ പ്രതിമയ്ക്ക് സ്വന്തം.

ശബരിമല ദർശനത്തിന് ഡിജിറ്റൽ ക്യൂ;ബുക്കിംഗ് ആരംഭിച്ചു

keralanews digital queue for sabrimala visit booking started

പത്തനംതിട്ട:മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്തിക്കുന്നതിനും ദര്‍ശനം സുഗമമാക്കുന്നതിനുമുള്ള ഡിജിറ്റൽ ക്യൂ സംവിധാനത്തിന് തുടക്കമായി.ഈ സംവിധാനം വഴി പമ്ബയിലേയ്ക്ക് പോകാനും തിരിച്ചുവരാനും കെഎസ്‌ആര്‍ടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദര്‍ശനസമയവും മുന്‍കൂട്ടി ബുക്ക് ചെയ്യാം.ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും അവരെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്ന വെബ്സൈറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്താല്‍ നിലയ്ക്കലില്‍ ബസ് ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാമെന്നതാണ് പ്രത്യേകത.https://www.sabarimalaq.com എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യാം.

കണ്ണൂർ കൂട്ടുപുഴയിൽ റോഡ് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി

keralanews the cave was found during road construction at koottupuzha in kannur

ഇരിട്ടി:കൂട്ടുപുഴയിൽ റോഡ് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി.ഒരാള്‍ക്ക് കടന്നുപോകാന്‍ തരത്തിലുള്ള വീതിയുണ്ട് ഗുഹയ്ക്ക്. പുതിയ പാലം നിര്‍മിക്കുന്നതിനു സമീപം റോഡിന് മറുവശത്ത് 10 മീറ്ററോളം ഉയരമുള്ള തിണ്ടിന് താഴെയായിട്ടാണ് ഗുഹ കണ്ടെത്തിയത്.കെഎസ്ടിപി പദ്ധതി പ്രകാരം തലശ്ശേരി-വളവുപാറ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വീതി കൂട്ടുന്നതിനായി തിണ്ട് ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്ത് എത്തി. കെഎസ്ടിപി റോഡിലാണ് ഗുഹയുടെ തുടക്കമെങ്കിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് നീളുന്നത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് പരിശോധനയ്ക്കായി ഈ മേഖലയിലെ പ്രവൃത്തി നിര്‍ത്തിവച്ചു. എന്നാല്‍ ആകാംഷയോടെ നാട്ടുകാര്‍ ഗുഹയ്ക്കുള്ളിലേക്ക് കയറുന്നത് തുടര്‍ന്നതോടെ താല്‍കാലികമായി ഗുഹ അടച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത;നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

keralanews chance for heavy rain in the state from tomorrow and yellow alert announced in four district

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്ക് മുന്നറിയിപ്പുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബറില്‍ എത്തേണ്ടിയിരുന്ന തുലാവര്‍ഷം ഇത്തവണ ഏറെ വൈകിയാണ് എത്തുന്നത്.ഏറെ വൈകിയാണ് ഇത്തവണ തുലാവര്‍ഷം കേരളത്തിലെത്തുന്നത്.തുലാമഴ ഒക്ടോബറില്‍ ലഭിക്കും എന്നായിരുന്നു ആദ്യത്തെ കണക്ക് കൂട്ടല്‍. എന്നാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും എന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.നവംബര്‍ ആദ്യ വാരത്തിന് ശേഷവും സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തന്നെ തുടരും.ബംഗാള്‍ ഉള്‍ക്കടലില്‍ പതിവിന് വിപരീതമായി രൂപം കൊളളുന്ന ചെറു ന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തില്‍ തുലാമഴ വൈകുന്നതിനുളള പ്രധാന കാരണം.

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

keralanews gunman of minister mathew t thomas found dead

കൊല്ലം:മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്ബ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആണ്.ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റും. ആദ്യം ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. സുജിത്തിന്റെ കിടപ്പു മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയില്‍ നിന്നും ലീവ് എടുത്ത് വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ സുജിത്തിനെ വെടികൊണ്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ സുജിത്തിനെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ തലയ്ക്കാണ് വെടിവെച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു.വ്യക്തിപരമായ പ്രശ്‌നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി. ഔദ്യോഗികമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

ലോഡ്ജിൽ മുറിയെടുത്ത ശേഷം ടിവിയടക്കമുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു കടത്തുന്നയാൾ പിടിയിൽ

keralanews man who steal electronic equipments from lodge rooms were arrested

ഇരിട്ടി:ലോഡ്ജിൽ മുറിയെടുത്ത ശേഷം റൂമിൽ നിന്നും ടിവിയടക്കമുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു കടത്തുന്നയാൾ പിടിയിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശിവകുമാറിനെ (38) യാണ് ഇരിട്ടി എസ് ഐ പി എ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.കോയമ്ബത്തൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് മോഷണം നടത്തി മുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നു ടിവി മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തിരൂര്‍, പൊന്നാനി, പുല്‍പള്ളി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കണ്ണൂർ സ്വദേശിയായ യുവാവിനെ ദുബായിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

keralanews kannur native found dead in the bedroom in dubai

കണ്ണൂർ:കണ്ണൂർ സ്വദേശിയായ യുവാവിനെ ദുബായിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേന്‍ റോഡ് ചിത്തിര നിവാസില്‍ പരേതനായ ഹരിദാസിന്റെ മകന്‍ ലിജു മാണിക്കോത്തിനെ (42)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിജുവിന്റേതെന്ന് സംശയിക്കുന്ന കുറിപ്പും മുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ദുബൈയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.മാതാവ്: പരേതയായ മാണിക്കോത്ത് ലീല. ഭാര്യ: അശ്വതി, ഏക മകന്‍ യയോഗ്.സഹോദരി ലീന.

തൃശ്ശൂരിലെ എടിഎം മോഷണശ്രമം;പ്രതി പിടിയിൽ

keralanews atm robbery attempt in thrissur accused arrested

തൃശൂര്‍:ചാവക്കാട് എസ്ബിഐയുടെ എടിഎം തകര്‍ത്ത പ്രതിയെ പൊലീസ് പിടികൂടി.ബിഹാര്‍ സ്വദേശി ശ്രാവണാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന ശ്രാവണ്‍ മദ്യം വാങ്ങാന്‍ പണത്തിനാണ് എടിഎം തകര്‍ത്തത്.എടിഎമ്മില്‍നിന്നും പണമെടുക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല. തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ന്നിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ ശ്രാവണിന്റെ ചിത്രം പതിഞ്ഞിരുന്നു.ദൃശ്യങ്ങള്‍ കണ്ട നാട്ടുകാരാണ് ഇയാളേക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് ചാവക്കാട് സിഐ സുരേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.17 വര്‍ഷമായി ചാവക്കാട് കൂലിപണിചെയ്യുന്ന ആളാണ്. ബ്ലാങ്ങാട് കള്ളുഷാപ്പില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.രാത്രി 11.30നും 11.45നുമിടയിലാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു താനെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി.